Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണി പാളിയെന്നാണ് തോന്നുന്നത്... തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി; ആശുപത്രിയിൽ കാണിച്ചിട്ടും മരുന്നും കുടിച്ചിട്ടും ഒരു കുറവില്ല; സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ച മലപ്പുറത്തുകാരൻ സഫുവാന്റെ കണ്ണീരണിയിക്കുന്ന ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്വാന്റെ ഭാര്യ സന്ദർശന വിസയിൽ എത്തിയതും കഴിഞ്ഞ മാസം; റിയാദ് ചെമ്മാട് അസോസിയേഷന്റെ സജീവ പ്രവർത്തനായ യുവാവിന്റെ വിയോഗത്തിൽ തേങ്ങി മലയാളി സമൂഹം

പണി പാളിയെന്നാണ് തോന്നുന്നത്... തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി; ആശുപത്രിയിൽ കാണിച്ചിട്ടും മരുന്നും കുടിച്ചിട്ടും ഒരു കുറവില്ല; സൗദിയിൽ കോവിഡ് ബാധിച്ചു മരിച്ച മലപ്പുറത്തുകാരൻ സഫുവാന്റെ കണ്ണീരണിയിക്കുന്ന ശബ്ദസന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു; റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്വാന്റെ ഭാര്യ സന്ദർശന വിസയിൽ എത്തിയതും കഴിഞ്ഞ മാസം; റിയാദ് ചെമ്മാട് അസോസിയേഷന്റെ സജീവ പ്രവർത്തനായ യുവാവിന്റെ വിയോഗത്തിൽ തേങ്ങി മലയാളി സമൂഹം

ജംഷാദ് മലപ്പുറം

മലപ്പുറം: പണി പാളിയെന്നാണ് തോന്നുന്നത്. തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി. ആശുപത്രിയിൽ കാണിച്ചിട്ടും മരുന്നും കുടിച്ചിട്ടും ഒരു കുറവില്ല. സൗദിയിൽ കോവിഡ് ബാധിച്ചുമരിച്ച മലപ്പുറത്തുകാരൻ സഫുവാന്റെ (41)കണ്ണീരണിയിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. സോഷ്യൽ മീഡിയയിൽ സഫുവാന്റെ ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ട്. പ്രവാസി സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സഫുവാന്റെ വിയോഗം സുഹൃത്തുക്കൾക്കിടയിലും വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. സൗദി റിയാദിലെ സൗദി ജർമ്മൻ ആശുപത്രിയിൽ വച്ചായിരുന്നു പെരുവള്ളൂർ പറമ്പിൽപീടികയിലെ താമസകാരനായ ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്വാൻ മരിച്ചത്.

മരിക്കുന്നതിന് മുമ്പ് സുഹൃത്തിനയച്ച ശബ്ദ സന്ദേശമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ കറങ്ങുന്നത്. സന്ദേശത്തിൽ പറയുന്നതിങ്ങനെയാണ്...പണി പാളിയെന്നാണ് തോന്നുന്നത്. തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി. ആശുപത്രിയിൽ കാണിച്ച് രക്തവും മൂത്രവും പരിശോധിച്ചു. ഒരാഴ്‌ച്ചത്തെ മരുന്ന് കുടിച്ചു. ശിഫ അൽ ജസീറയിൽ കാണിച്ച് എക്സറേ എടുത്തു. മരുന്നും കുടിച്ചു. എന്നിട്ടുമൊരു കുറവില്ല...രണ്ട് ദിവസമായിട്ട് ശ്വാസം മുട്ടലുമുണ്ട്. എന്ത് ചെയ്യണമെന്നറിയില്ല... എന്നു പറയുന്ന സന്ദേശമാണ് പ്രചരിക്കുന്നത്.

കൊറോണ രോഗ ലക്ഷണങ്ങളുമായി അഞ്ചു ദിവസം മുൻപ് റിയാദിലെ സൗദി ജർമ്മൻ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സഫുവാനാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പറമ്പിൽപീടികയിൽ താമസകാരനായ തിരൂരങ്ങാടി, ചെമ്മാട് സ്വദേശി പരേതരായ കെ.എൻ.പി മുഹമ്മദിന്റെ മകൻ നടമ്മൽ പുതിയകത്ത് സഫ്വാൻ (41) ആണ് ശനിയാഴ്ച രാത്രി 9. 30 മരണപ്പെട്ടത്. പനിയും തൊണ്ടവേദനയുമായി സൗദി ജർമ്മൻ ആശുപത്രിയിൽ എത്തിയ സഫ്വാന് കൊവിഡ് സ്ഥിരീകരിച്ചത് വെള്ളിയാഴ്ച വൈകുന്നേരമാണ്.

റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സഫ്വാന്റെ ഭാര്യ പാണഞ്ചേരി ഖമറുന്നീസ ഇക്കഴിഞ്ഞ മാർച്ച് എട്ടിനാണ് നാട്ടിൽ നിന്നും സന്ദർശക വിസയിൽ റിയാദിലെത്തിയത്. ഭാര്യക്കും സമാനമായ രോഗലക്ഷണങ്ങൾ ഉള്ളതായി അറിഞ്ഞതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ എമർജൻസി സർവീസിൽ അറിയിച്ച് ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സഫ്വാന്റെ മരണം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. റിയാദ് ചെമ്മാട് അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു സഫ്വാൻ.

ഭാര്യ: പാണഞ്ചേരി ഖമറുന്നീസ. മാതാവ് : ഫാത്തിമ. സഹോദരങ്ങൾ : സഫ്വാൻ, അനീസ്, ഷംസുദ്ദീൻ, അബ്ദുൽ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാൻ (ദുബായ്), ലുഖ്മാൻ (ഖുൻഫുദ), സൈഫുന്നിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ. നാട്ടിലും സൗദിയിലും വിശാലമായ സൗഹൃദം ഉള്ള വ്യക്തിയായിരുന്നു സഫ്വാൻ. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ വിയോഗം കടുത്ത ആഘാതമാണ് സുഹൃൃത്തുക്കളിൽ ഉണ്ടാക്കിയിരിക്കുന്നത്. സൗദിയിൽ എത്തിയ ഭാര്യയുടെ തുടർ ചികിത്സയുടെ കാര്യത്തിൽ അടക്കം ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

അതേ സമയം കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഇന്നലെമുതൽ 1,728 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 16,522 ആയതായി ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. 126 പേരാണ് വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 121 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ടു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മൂന്ന് പേരും ഐസൊലേഷൻ വാർഡുകളിലുണ്ട്. 16,375 പേർ വീടുകളിലും 21 പേർ കോവിഡ് കെയർ സെന്ററുകളിലും സ്വയം നിരീക്ഷണത്തിൽ കഴിയുന്നു.

കോവിഡ് 19 ബാധിച്ച് ജില്ലയിൽ ഇപ്പേൾ ചികിത്സയിൽ കഴിയുന്ന 11 പേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഒരാൾക്കാണ് ഇതുവരെ രോഗം ചികിത്സിച്ചു ഭേദമായത്. ജില്ലയിൽ ഇതുവരെ 656 പേർക്ക് വിദഗ്ധ പരിശോധനകൾക്കു ശേഷം രോഗബാധയില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി 140 പേരുടെ സാമ്പിൾ പരിശോധനാ ഫലങ്ങളാണ് ലഭിക്കാനുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP