Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിവിൽ സർവ്വീസ് പഠിക്കുന്നതിനിടെയിൽ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി ചരിത്രം കുറിച്ചു; ഒരേ സമയം അദ്ധ്യാപകനായും വിദ്യാർത്ഥിയുമായി യോ..യോ ടീച്ചറെന്ന പേരെടുത്തു; ഐഎഎസ് വേണ്ടെന്ന് വച്ച് ഐപിഎസ് എടുത്തത് സുരേഷ് ഗോപി കഥാപാത്രം കണ്ടെന്ന് നുണ പറഞ്ഞ്; ഐഎഎസ് പരീക്ഷയ്ക്ക് കോപ്പി അടിച്ചു പിടിയിലായ മലയാളി ഐപിഎസുകാരന് പാരയാകുന്നത് രണ്ട് കൊല്ലം മുമ്പ് മനോരമയിൽ പ്രസിദ്ധീകരിച്ച അഭിമുഖം

സിവിൽ സർവ്വീസ് പഠിക്കുന്നതിനിടെയിൽ സിവിൽ സർവ്വീസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി ചരിത്രം കുറിച്ചു; ഒരേ സമയം അദ്ധ്യാപകനായും വിദ്യാർത്ഥിയുമായി യോ..യോ ടീച്ചറെന്ന പേരെടുത്തു; ഐഎഎസ് വേണ്ടെന്ന് വച്ച് ഐപിഎസ് എടുത്തത് സുരേഷ് ഗോപി കഥാപാത്രം കണ്ടെന്ന് നുണ പറഞ്ഞ്; ഐഎഎസ് പരീക്ഷയ്ക്ക് കോപ്പി അടിച്ചു പിടിയിലായ മലയാളി ഐപിഎസുകാരന് പാരയാകുന്നത് രണ്ട് കൊല്ലം മുമ്പ് മനോരമയിൽ പ്രസിദ്ധീകരിച്ച അഭിമുഖം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ആരാണ് സിവിൽ സർവീസസ് (മെയിൻ) പരീക്ഷയിൽ കൃത്രിമം കാട്ടിയ മലയാളി ഐ.പി.എസ്. ട്രെയിനി ഓഫീസർ. കേരളം ആവേശത്തോടെയാണ് സഫീർ കരീമിനെ കണ്ടിരുന്നത്. യുവാക്കൾ പ്രതീക്ഷയോടെ കണ്ട മലയാളി. ചെന്നൈ പ്രസിഡൻസി ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതുന്നതിനിടെ കൃത്രിമം കാട്ടിയതിനാണ് സഫീർ പിടിയിലായത്. ബ്ളൂടൂത്ത് ഉപയോഗിച്ച് പരീക്ഷ എഴുതിയ സഫീറിന് ഹൈദരാബാദിൽനിന്ന് ഭാര്യ മൊബൈൽ ഫോണിലൂടെ ഉത്തരം പറഞ്ഞുകൊടുക്കുകയായിരുന്നുവത്രെ. തിരുനൽവേലി നങ്കുനേരി സബ്ഡിവിഷനിൽ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായി പ്രൊബേഷനിൽ ജോലിചെയ്യുകയായിരുന്നു ഷബീർ.

ഐ.എ.എസ്. നേടണമെന്ന ആഗ്രഹത്തിലാണ് സിവിൽ സർവീസസ് പരീക്ഷ വീണ്ടുമെഴുതിയത്. 2014 ഐ.പി.എസ്. ബാച്ചുകാരനാണ്. സംഭവത്തിൽ ചെന്നൈ എഗ്മൂർ പൊലീസാണ് കേസെടുത്തിട്ടുള്ളത്. സഫീറിന്റെ ഭാര്യയെ ചോദ്യംചെയ്യുന്നതിനായി ചെന്നൈ പൊലീസ് ഹൈദരാബാദ് പൊലീസിന്റെ സഹായംതേടിയിട്ടുണ്ട്. ഇവരെ കുറിച്ച് നിരവധി വാർത്തകൾ നേരത്തേയും നിറഞ്ഞു. ഇതിൽ മനോരമ നൽകിയ അഭിമുഖം തീർത്തും ചർച്ചയായി. ഇതിൽ സബീറിന്റെ കടന്നുവര് കൃത്യമായി തന്നെ വരച്ചു കാട്ടിയിരുന്നു. വിദ്യാഭ്യാസം ഇല്ലാത്ത ആ അച്ഛന്റെ കണ്ണിൽ ഏറ്റവും വലിയ ജോലി പൊലീസുകാരന്റേതായിരുന്നു. മകനോടു പറഞ്ഞു നീയും പഠിച്ചു വളർന്ന് അങ്ങനാകണം. വാപ്പയുടെ ചെറിയ പൊലീസുകാരനെന്ന ആഗ്രഹത്തിന് തോളത്ത് മൂന്ന് നക്ഷത്രങ്ങൾ ചേർത്തു വച്ച് മകനൊരു ബിഗ് സല്യൂട്ട് നൽകി. ഐപിഎസ് എന്ന് പേരിനൊപ്പം എഴുതിചേർത്ത് അച്ഛന്റെ സ്വപ്നത്തിന് പൂർണ്ണത നൽകിയ മകൻ-ഇങ്ങനെയായിരുന്നു മനോരമ നൽകിയ വിശദീകരണം.

ഈ അഭിമുഖമാണ് പിടിക്കപ്പെടുമ്പോൾ സഫീറിന് വിനയാകുന്നത്. സുരേഷ് ഗോപിയുടെ കമ്മീഷണർ സിനിമ കണ്ട് ഐപിഎസുകാരനായ യുവാവ് എന്തിന് ഐഎഎസിന് ശ്രമിക്കുന്നുവെന്നതാണ് ഉയരുന്ന ചോദ്യം. ഇതിൽ തന്നെ എല്ലാ കള്ളത്തരവും ഉണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. മനോരമയിൽ സഫീറിന് ഐപിഎസ് കിട്ടിയപ്പോൾ പ്രസിദ്ധികരിച്ച അഭിമുഖ സമാനമായ ലേഖനം ഇങ്ങനെയാണ്.

സ്വന്തം ചിന്തകളിലൂടെ പഠനം

സാധാരണ ഡൽഹിയിലും ചെന്നൈയിലുമുള്ള വമ്പൻ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിച്ചു വന്ന ശേഷം ഇവിടെ ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടുകളില ചേർന്ന് പഠിക്കുന്നതാണ് സിവിൽ സർവീസ് ലക്ഷ്യമിടുന്നവരെല്ലാം ചെയ്യുന്നത്. പക്ഷേ സഫീർ കരീമെന്ന വിദ്യാർത്ഥി നേരെ മറിച്ചാണ് ചിന്തിച്ചത്. ഡൽഹിയിൽ നിന്നു പഠിച്ചു വന്നശേഷം പഠിപ്പിച്ചുകൊണ്ട് പഠിച്ചു. അതും കേരളത്തിൽ സ്വന്തം പിതാവിന്റെ പേരിൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിക്കൊണ്ട്. അങ്ങനെ വലിയൊരു വിദ്യാർത്ഥി സംഘത്തിനിടയിൽ നിന്ന് പഠിപ്പിച്ചു പഠിച്ച് സിവിൽ സർവീസിലേക്ക് നടന്നു കയറി. പഠനം എങ്ങനൊക്കെ കുറിക്കുകൊള്ളുന്നതാക്കാമെന്ന ചിന്തിച്ചായിരുന്നു സഫീറിന്റെ ഓരോ ചുവടുവയ്‌പ്പും. ക്ലാസിലിരിക്കുന്ന വിദ്യാർത്ഥിയുടെ ചിന്തകൾ പോകാവുന്ന തലങ്ങളിലേക്കാം സ്വന്തം പഠനത്തെ നയിച്ചു.

യോ..യോ...അദ്ധ്യാപകൻ

സിവിൽ സർവീസെന്നാൽ ഒരു വീഡിയോ ഗെയിം പോലെയാണെന്ന് സഫീർ പറയുന്നു. വഴികളും തന്ത്രങ്ങളും മനസിലാക്കിയാൽ ലക്ഷ്യത്തിലെത്താൻ എളുപ്പം. തന്റെ രീതികൾ അങ്ങനെയായിരുന്നു. പഠിപ്പിക്കാൻ ഇറങ്ങിത്തിരിച്ചത് അതൊരു ചെറിയ പോക്കറ്റ് മണി ആകുമല്ലോയെന്നു കരുതി കൂടിയാണ്. പക്ഷേ സഫീറിന്റെ പ്രതീക്ഷകൾക്കപ്പുറത്തേക്ക് ആ വിദ്യാർത്ഥി സംഘവും തന്റെ കുഞ്ഞ് ഇൻസ്റ്റിറ്റ്യൂട്ടും വളർന്നു. സിവിൽ സർവീസെന്ന വലിയ കടമ്പയ്ക്ക് തയ്യാറെടുക്കുന്ന ഒരു കൂട്ടം മിടുക്കർക്കൊപ്പം അവരുടെ ചിന്തകൾപ്പൊപ്പം ഈ അദ്ധ്യാപകനും സഞ്ചരിച്ചു. അവരുടെ സമ്മർദ്ദങ്ങൾക്കും സംശയങ്ങൾക്കും എന്തിന് ഉഴപ്പലുകൾക്കുമൊപ്പം വരെ ഈ അദ്ധ്യാപകൻ നിന്നു. ന്യൂജനറേഷൻ അദ്ധ്യാപകൻ എന്നു പറയുന്നതിൽ തെറ്റില്ല. പഠനം വാട്‌സ് ആപ്പ് വഴിയും ഫേസ്‌ബുക്ക് ഉപയോഗിച്ചുമൊക്കെ പഠനത്തെ പ്രോത്സാഹിപ്പിച്ച ഇദ്ദേഹത്തെ പിന്നെന്തു വിളിക്കണം.

അദ്ധ്യാപകൻ മാത്രമല്ല നിസ്വാർഥനായ സഹപാഠിയും...

മനസിലുള്ള അറിവ് പ്രായോഗികമായി മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ എല്ലാവർക്കും കഴിവുണ്ടാകില്ല. സഫീർ കരീം എന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലകൻ വ്യത്യസ്തനാകുന്നത് ഇവിടെയാണ്. താൻ പഠിച്ചതു മാത്രമല്ല എങ്ങനെയാണ് അത് പഠിച്ചെടുത്തതെന്നും അതിനുപയോഗിച്ച കുറുക്കു വഴികളും വരെ വിദ്യാർത്ഥികളിലേക്കെത്തിച്ചു. ആരിലും അൽപം സ്വാർഥത വന്നു ചേരും സിവിൽ സർവീസ് പഠനത്തിനിടയിൽ പക്ഷേ സഫീർ കരീമിന്റെ ഓരോ വിദ്യാർത്ഥികൾക്കും അദ്ദേഹം ഒരു അദ്ധ്യാപകൻ മാത്രമായിരുന്നില്ല. ഒപ്പമിരുന്ന് പഠിക്കുന്ന തന്റെ വഴികളേതെന്ന് വെളിപ്പെടുത്താൻ മടിയില്ലാത്ത നിസ്വാർഥനായ സഹപാഠിയും കൂടിയായിരുന്നു.

കമ്മീഷണർ സിനിമയും വാപ്പയുടെ സ്വപ്നവും

പ്രിലിമിനറിയും മെയിൻസും കടന്നിട്ടും അഭിമുഖ പരീക്ഷ സഫീറിനെ രണ്ടു പ്രാവശ്യവും അകറ്റി നിർത്തി. മൂന്നാം തവണ വിജയിയായി കുതിക്കുമ്പോഴും തന്നെ സിവിൽ സർവീസെന്ന സ്വപ്നത്തിന് പ്രചോദിപ്പിച്ചത് എന്താണെന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ. കമ്മീഷണർ സിനിമയും വാപ്പയുടെ സ്വപ്നവും. ഒരു ആക്ഷൻ ത്രില്ലർ മൂവി രാജ്യത്തെ ഏറ്റവും വലിയ സർക്കാർ പരീക്ഷയെഴുതാൻ പ്രചോദനം നൽകിയെന്ന് ഇന്റർവ്യൂ ബോർഡിനോട് പറയാൻ ഒരു കൂസലുമില്ലായിരുന്നു ഇദ്ദേഹത്തിന്. ലോകം മാറ്റിമറിക്കാമെന്ന ചിന്തയോടെയല്ല അഭിമുഖത്തിനിരുന്നത്. പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളായിരുന്നു. ഈ സിനിമയില്ലായിരുന്നുവെങ്കിൽ അതിനേക്കാളുപരി വാപ്പയുടെ പ്രചോദനമില്ലായിരുന്നില്ലെങ്കിൽ സഫീർ കരീം ഒരു ഐപിഎസുകാരനാകുമായിരുന്നില്ല. സഫീർ ഉറപ്പിച്ചു പറഞ്ഞു.

എന്തിനാ ഐപിഎസ്

സിവിൽ സർവീസ് ജയിച്ച ശേഷവും അതിനു മുൻപും ഏറ്റവും നേരിട്ട ചോദ്യം എന്തുകൊണ്ട് ഐപിഎസ് എന്തിനാണെന്നായിരുന്നു. ആരും സന്തോഷത്തോടെ പൊലീസ് സ്റ്റേഷനിലേക്ക് വരില്ലല്ലോ. അവർക്കു വേണ്ടി നീക്കിവയ്ക്കണം കഴിയാവുന്നത്ര നേരം. വലിയ വാഗ്ദാനങ്ങളൊന്നും പറയുന്നില്ല. പക്ഷേ സാധാരണക്കാർക്കു വേണ്ടിയേ പ്രവർത്തിക്കൂ എന്ന കാര്യം മനസിൽ കൈവച്ച് പറയാനാകും.

സർക്കാർ സ്‌കൂളിലെ പഠനവും കാറ്റ് പരീക്ഷയും

സർക്കാർ സ്‌കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ച വിദ്യാർത്ഥിയാണ് സഫീർ. പ്ലസ് ടു കഴിഞ്ഞ് സർക്കാർ സീറ്റിൽ എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് എംബിഎയ്ക്കായി കാറ്റ് പരീക്ഷയെഴുതി. രാജ്യത്ത് ഒന്നാമനായി ജയിക്കുമ്പോൾ മോഹം ഐഐഎം പോലുള്ള സ്ഥാപനങ്ങളായിരുന്നു. പക്ഷേ വാപ്പ വേണ്ടെന്നു പറഞ്ഞു. അതാവാം സഫീറിന്റെ ജീവിതത്തിലെ വഴിത്തിരിവ്. നമുക്കൊരു ലക്ഷ്യമുണ്ടെങ്കിൽ അതിൽ മാത്രമായിരിക്കണം ശ്രദ്ധ എന്നു പറഞ്ഞത് വാപ്പയാണ്. ആ വാക്കുകളാണ് സഫീർ കരീമിന്റെ ജീവിതത്തിലെ വഴിത്തിരിവെന്നു പറയാം.

പരീക്ഷ ജയിക്കാൻ കാത്തിരുന്നു പ്രണയം വീട്ടിൽ പറയാൻ

സഹൃദയനായ അദ്ധ്യാപകനും ഗൗരവക്കാരനായ വിദ്യാർത്ഥിയും ആയിരിക്കേ അൽപം പ്രണയവും ഒപ്പമുണ്ടായിരുന്നു. വിദ്യാർത്ഥിനിയായിരുന്നു ജോയ്‌സി. മതം വിവാഹത്തിന് തടസമായാലോ എന്ന പേടിയുണ്ടായിരുന്നു. പക്ഷേ പരീക്ഷ ജയിച്ചാൽ പിന്നെ വീട്ടുകാർ സമ്മതിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതിനു വേണ്ടി കാത്തിരുന്നു. തന്റെ പേടിയെ അസ്ഥാനത്താക്കി ജോയ്‌സിയെ വിവാഹം കഴിക്കാൻ വീണ്ടുകാർ സന്തോഷത്തോടെ സമ്മതം മൂളി. പ്രിലിമിനറി കടന്ന ജോയ്‌സി പഠനത്തിരക്കിലാണ് ഭാര്യയായും വിദ്യാർത്ഥിനിയായും.

ഇവിടെ യഥാർഥത്തിൽ ജയിച്ചത് സഫീറാണോ

സഫീർ കരീമെന്ന യുവാവ് 112ാം റാങ്കുകാരനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷ പാസായി എന്നത് സത്യം തന്നെ. പ്രായോഗിക ബുദ്ധിയും ക്ഷമയും ഉപയോഗിച്ച് കൈപ്പിടിയിലൊതുക്കിയ വിജയം. പക്ഷേ ഈ ജയം ശരിക്കും സഫീറിന്റേതാണോ. ഇഷ്ടികക്കമ്പനിയിൽ ദിവസ വേതനത്തിലുള്ള ജോലിയും അൽപം കൃഷിയുമായിരുന്നു സഫീറിന്റെ വാപ്പയുടെ വരുമാന മാർഗങ്ങൾ. സഫീറിനെ കൂടാതെ ഒരു മകളുമുണ്ട്. നാലു പേരടങ്ങുന്ന കുടുംബം ശരാശരി ജീവിത നിലവാരത്തിലുള്ളതായിരുന്നു. എഞ്ചിനീയറിങ് കഴിഞ്ഞ മകൻ ഏതെങ്കിലും വൻകിട കമ്പനിയിൽ ജോലി ചെയ്യുന്നതിലാകുമല്ലോ ഇതുപോലെ സാധാരണക്കാരനായ ഏതൊരച്ഛനും ആഗ്രഹിക്കുക. പ്രത്യേകിച്ച് കാറ്റ് പരീക്ഷ ഉന്നത റാങ്കിൽ മകൻ പാസാകുക കൂടി ചെയ്താൽ. സിവിൽ സർവീസെന്നാൽ വലിയ കടമ്പകൾ കടക്കേണ്ട ഒന്നാകുമ്പോൾ അതിലേക്ക് മകനെ പറഞ്ഞുവിടാൻ ധൈര്യം കാണിക്കുന്നവർ ചുരുക്കം. നല്ല വിദ്യാഭ്യാസമുള്ള മാതാപിതാക്കൾ പോലും ഇതിനൊന്നും സമ്മതിച്ചെന്നു വരില്ല. സിവിൽ സർവീസ് കിട്ടിയില്ലെങ്കിൽ പിന്നെന്തു ചെയ്യും എന്ന ചിന്തയും എഞ്ചിനീയറിങിലെ നല്ല കരിയർ പാഴാകുമല്ലോ എന്ന പേടിയും എല്ലാം ആ ചിന്തകൾക്ക് ചങ്ങലയിടും. ഇവിടെയാണ് ആദ്യം ചോദിച്ച ചോദ്യത്തിന്റെ പ്രസക്തി. സഫീർ കരീമിന്റെ വാപ്പയും ഈ ചിന്താഗതിക്കാരനായിരുന്നുവെങ്കിൽ സഫീർ ജയിക്കുമായിരുന്നോ. ഒരിക്കലുമില്ല. എസി മുറിയിലിരുന്ന് പണം വാരാവുന്ന കരിയറിനെ നോക്കാതെ നീ പൊലീസുകാരനായാൽ മതിയെടായെന്നു പറഞ്ഞ വാപ്പയുടെ നിഷ്‌കളങ്കതയും ധൈര്യവുമല്ലേ സഫീർ കരീമിനെ സഫീർ കരീം ഐപിഎസ് ആക്കിയത്. അല്ലേ.....

പക്ഷേ വാപ്പ അത് സമ്മതിക്കില്ല. അയാൾ പഠിച്ചു നേടി. അത്രമാത്രം. അതിലൊരുപാട് സന്തോഷം അത്രമാത്രം. കുഞ്ഞുനാളിലവർ ആഗ്രഹിച്ച പലതും എനിക്ക് വാങ്ങി നൽകാനായില്ല. ആ സങ്കടം ഇപ്പോഴുണ്ട്.,അത്രമാത്രം....സന്തോഷത്തിന്റെ നറുമുത്തിൽ കുഞ്ഞു കണ്ണുനീർ തുള്ളി വന്നപ്പോൾ ആ അച്ഛന്റെ വാക്കുകൾ മുറിഞ്ഞു....-ഇങ്ങനെയായിരുന്നു മനോരമ ലേഖനം അവസാനിപ്പിച്ചത്. ഈ നായകനാണ് ഇപ്പോൾ കോപ്പിയടിയിൽ പ്രതിനായകനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP