Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സലഫികളെപ്പറ്റി ഒന്നും മിണ്ടിപ്പോകരുത്....; മുസ്ലിം സംഘടനകൾക്കു ലീഗിന്റെ പെരുമാറ്റച്ചട്ടം; വഴങ്ങാത്തതിന്റെ പേരിൽ സമസ്ത-ലീഗ് ഉൾപ്പോരു ശക്തം; ഐസിസ് തീവ്രവാദികളുടെ ചിന്താധാരയായ തീവ്ര സലഫിസത്തിന്റെ പേരിൽ കേരളത്തിൽ ആശയസംഘർഷം

സലഫികളെപ്പറ്റി ഒന്നും മിണ്ടിപ്പോകരുത്....; മുസ്ലിം സംഘടനകൾക്കു ലീഗിന്റെ പെരുമാറ്റച്ചട്ടം; വഴങ്ങാത്തതിന്റെ പേരിൽ സമസ്ത-ലീഗ് ഉൾപ്പോരു ശക്തം; ഐസിസ് തീവ്രവാദികളുടെ ചിന്താധാരയായ തീവ്ര സലഫിസത്തിന്റെ പേരിൽ കേരളത്തിൽ ആശയസംഘർഷം

എം പി റാഫി

കോഴിക്കോട്: മലയാളികളുടെ തിരോധാനവും ഐസിസ് (ഇസ്ലാമിക് സ്റ്റേറ്റ്) വാർത്തകളും മാദ്ധ്യമങ്ങളിൽ സജീവമായി ഇടം പിടിച്ചതോടെ ഐസിസിന്റെ പിന്നാമ്പുറങ്ങളിലേക്കും ആശയധാരകളിലേക്കുമുള്ള അന്വേഷണങ്ങളും പഠനങ്ങളും സജീവമായി. മലയാളികൾക്കു കേട്ടു കേൾവിയില്ലാത്ത ആടുജീവിതങ്ങളും ദമ്മാജ് സലഫിസവുമെല്ലാം ചർച്ചകളിൽ ഇടം പിടിച്ചു. ഖിലാഫത്ത് ( ഇസ്ലാമിക രാഷ്ട്രം) പുനഃസ്ഥാപനത്തിനു വേണ്ടി ഐഎസ് അടക്കമുള്ള തീവ്രവാദ സംഘങ്ങൾ പുലർത്തിപ്പോരുന്ന ആശയങ്ങൾ തീവ്ര സലഫി-വഹാബി ധാരകളാണെന്ന് വിവിധ പഠനങ്ങൾ ഇതിനോടകം തെളിയിക്കുകയുണ്ടായി. കാണാതായ മലയാളികളെല്ലാം തന്നെ സലഫി ആശയം വച്ചു പലർത്തുന്നവരായിരുന്നുവെന്ന് അന്വേഷണ ഏജൻസികളെല്ലാം വ്യക്തമാക്കുകയും ചെയ്തു.

എന്നാൽ കേരളത്തിലെ മതസംഘടനകൾക്കാകട്ടെ സലഫിസത്തെ എതിർക്കുന്നതിൽ മുസ്ലിം ലീഗ് വിലങ്ങു സൃഷ്ടിച്ചിരിക്കുകയാണ്. ഐസിസിനെ വേണ്ടുവോളം എതിർത്തോളൂ, പക്ഷേ, സലഫികളെ പറ്റി ഒന്നും മിണ്ടിപ്പോകരുത്.... ഇതാണ് മുസ്ലിം ലീഗ് മുസ്ലിം സംഘടനകൾക്കു മേൽ ഇറക്കിയിരിക്കുന്ന പുതിയ പെരുമാറ്റച്ചട്ടം. കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇകെ സുന്നി) വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ ലീഗ്-സമസ്ത ഉൾപ്പോര് ശക്തമായിരിക്കുകയാണ്.

മുസ്ലിം സംഘടനകൾ പരസ്പരം പോരടിക്കുന്നത് ഒഴിവാക്കി തീവ്രവാദത്തെ ചെറുക്കാൻ ഒറ്റക്കെട്ടാവണമെന്ന ലക്ഷ്യമാണ് പെരുമാറ്റചട്ടത്തിനു പിന്നിലെന്നാണ് ലീഗ് നേതാക്കൾ വ്യക്തമാക്കുന്നത്. എന്നാൽ സലഫിസത്തിനെതിരെ തിരിയുമ്പോൾ ലീഗ് എതിർക്കുന്നതെന്തിനാണെന്നാണ് സമസ്ത നേതാക്കളുടെ ചോദ്യം. തിരോധാന ചർച്ചകൾ ആരംഭിച്ചതു മുതൽ സമസ്തക്കും മറ്റു സംഘടനകൾക്കും ഇൗ വിഷയത്തിൽ ലീഗ് പ്രത്യേക നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. എന്നാൽ ഈ നിർദ്ദേശങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമസ്ത ലംഘിച്ചതോടെ പൊട്ടിത്തെറിക്കും ഉൾപ്പോരിനും വഴിവെക്കുകയായിരുന്നു. ബംഗ്ലാദേശ് ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നിരീക്ഷിക്കണമെന്ന് ആവശ്യമുർന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന് മുസ്ലിംലീഗ് പരസ്യ പിന്തുണ നൽകിയതോടെ ആരംഭിച്ചിരുന്നു ഈ ഉൾപ്പോര്. എന്നാൽ ഇപ്പോൾ അത് മറനീക്കി പുറത്തു വരുന്ന അവസ്ഥയിലെത്തിയെന്നുമാത്രം.

കഴിഞ്ഞ ആറു മാസക്കാലം ഐസിസിനെ കുറിച്ചുള്ള ചർച്ചകൾ കൂടിവരികയുണ്ടായി. ഐസിസ് എന്നത് ഒരു സങ്കൽപ്പമല്ലെന്ന് മലയാളി തിരോധാനങ്ങൾ ഏറെ വിദൂരമല്ലാതെ തന്നെ നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഒന്നര വർഷത്തിനിടെ ഐസിസിലേക്ക് ഡസൻ കണക്കിനു മലയാളികൾ ചേക്കേറിയിട്ടുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ ഒഴുക്കിന് വിധേയരാകുന്നവരെല്ലാം ഒരു പ്രത്യേക ആശയധാര വച്ചു പുലർത്തുന്നവരാണെന്നതാണ് വിഷയത്തെ പ്രശ്‌നസങ്കീർണമാക്കുന്നത്. ഇതു തന്നെയാണ് സമസ്ത-ലീഗ് പോരിന്റെ കാതലായ പ്രശ്‌നവും. പരമ്പരാഗത സൂഫിധാര വച്ചു പുലർത്തുന്ന കേരളത്തിലെ സുന്നികൾ വഹാബിസത്തെയും സലഫിസത്തെയും എക്കാലവും എതിർത്തു പോന്നിരുന്നു. എന്നാൽ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ മുസ്ലിംലീഗ് സുന്നി-സലഫി ആശയക്കാരുടെ സമ്മിശ്രകേന്ദ്രമാണ്. ലിബറലിസത്തിൽ ഊന്നിയ കേരള സലഫിസവും അതിന്റെ പുരോഗമന ചിന്താരീതികളുമായിരുന്നു മുസ്ലിംലീഗ് പാർട്ടിയിൽ സലഫിസം നിലയുറപ്പിക്കപ്പെട്ടത്.

തൊണ്ണൂറ് ശതമാനത്തിലധികം സുന്നി ആശയാദർശങ്ങൾ പുലർത്തുന്ന അണികളുള്ള മുസ്ലിംലീഗിൽ സലഫി ആശയക്കാരുടെ നേതൃനിര കാലക്രമേണ സംഭവിച്ചതും ഇതുകൊണ്ടായിരുന്നു. കേരളത്തിലെ പ്രബല മുസ്ലിം വിഭാഗമായ സുന്നികളും സലഫിധാര പുലർത്തുന്ന മൂജാഹിദുകളും തമ്മിലുള്ള ആശയസംഘട്ടനമായിരുന്നു യഥാർഥത്തിൽ ഇവിടെ മുഴച്ചു നിൽക്കുന്നതും. സൂഫീധാര പുലർത്തുന്ന കേരളത്തിലെ സുന്നികളും സലഫീ ആശയം പിൻപറ്റുന്ന മുജാഹിദുകളും തമ്മിൽ എത്ര ഏച്ചു കെട്ടിയാലും മുഴച്ചിരിക്കുമെന്നതാണ് വസ്തുത. ഈജിപ്തിൽ നിന്നുള്ള മുഹമ്മദ് അബ്ദുവിന്റെയും റഷീദ് രിളായുടെയും പുരോഗമന സലഫിസത്തിന്റെയും സഊദിയിൽ നിന്നുള്ള ഇബ്‌നു അബ്ദുൽ വഹാബിന്റെ യാഥാസ്ഥിതിക തീവ്ര സലഫിസത്തിന്റെയും സമ്മിശ്ര പതിപ്പാണ് യാഥാർത്ഥത്തിൽ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം. ഇസ്ലാമിലെ പുരോഗമന പ്രസ്ഥാനമായി കേരളത്തിലെത്തിയ മുജാഹിദ് സംഘടന ഒരു നൂറ്റാണ്ടോടടുക്കുന്ന സാഹചര്യത്തിൽ ആട് മേക്കലിലേക്കും ജാഹിലിയ്യത്തിലേക്കും കൂപ്പുകുത്തിയത് മറ്റൊരു ചരിത്ര സത്യം.

ജൂലൈ ആദ്യവാരത്തിലായിരുന്നു ബ്ംഗ്ലാദേശിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സാക്കിർ നായിക്കിനു മേൽ സംശയത്തിന്റെ മുനകൾ ഉയർന്നത്. മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ഇത് ചർച്ച ചെയ്യപ്പെട്ടു. സാക്കിർ നായിക്കിനെതിരെ അന്വേഷണം ആരംഭിച്ച ഈ സാഹചര്യത്തിലായിരുന്നു മുസ്ലിംലീഗ് പിന്തുണച്ചും ഐക്യദാർഢ്യം അറിയിച്ചും രംഗത്തെത്തിയത്. വാർത്താ സമ്മേളനങ്ങൾ വിളിച്ചും സാക്കിർ നായിക്കിന്റെ പ്രഭാഷണ ക്ലിപ്പിങ്ങുകൾ പ്രദർശിപ്പിച്ചും ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് എന്നിവർ നിലപാട് ആവർത്തിച്ചു കൊണ്ടിരുന്നു. എന്നാൽ മുസ്ലിംലീഗിന്റേത് എടുത്തു ചാട്ടമായാണ് പല കോണുകളിൽ നിന്നും വിലയിരുത്തപ്പെട്ടത്.

മതപ്രബോധകരുടെ സ്വാതന്ത്ര്യം ഹനിക്കരുതെന്നത് ലീഗിന്റെ ന്യായമായ വാദമാണെങ്കിലും അന്വേഷിക്കും മുമ്പേ ഉത്തരേന്ത്യൻ പ്രഭാഷകന് ക്ലീൻ ചീറ്റ് നൽകി പിന്തുണയർപ്പിച്ചതാണ് സമസ്ത പണ്ഡിതരെയും ചൊടിപ്പിച്ചത്. സാക്കിർ നായിക്കിന്റെ സലഫി ആശയമാണോ ഇതിനു കാരണമെന്നാണ് ഇവരുടെ ചോദ്യം. സലഫി ആശയക്കാരായ ലീഗിലെ ചില നേതാക്കളുടെ താൽപര്യം മാത്രമായിരുന്നു ഇതെന്നായിരുന്നു ഇവരുടെ ആക്ഷേപം. ഇതേ ആക്ഷേപം എ.പി സുന്നികൾ പരസ്യമാക്കി ലീഗിനെ എതിർക്കുകയും ചെയ്തു. കൂടുതൽ പ്രതികരണങ്ങളും വാഗ്വാദങ്ങളും നടക്കും മുമ്പേ ലീഗ് തീവ്രവാദത്തിനെതിരെ അടുത്ത ദിവസം തന്നെ മുസ്ലിം സംഘടനകളുടെ യോഗം കോഴിക്കോട്ട് വിളിച്ചു ചേർക്കുകയുണ്ടായി. വഹാബി സലഫിസ്റ്റുകളും മൗദൂദി ഇഖ് വാനിസ്റ്റുകളുമടക്കമുള്ള കേരള പതിപ്പുകളെ തീവ്രവാദത്തിനെതിരെയുള്ള യോഗത്തിലേക്കു വിളിച്ചിട്ടും എ.പി സുന്നികളെ ക്ഷണിക്കാതിരുന്നത് വൈരുധ്യമായി നിഴലിച്ചുനിന്നു.

സാക്കിർ നായിക്കിനെതിരെയുള്ള ഭരണകൂടനീക്കത്തെ ചെറുക്കുകയും ഐസിസ് മുസ്ലിം വിരുദ്ധമാണെന്ന കാമ്പയിൻ സംഘടിപ്പിക്കുകയുമായിരുന്നു ഈ യോഗത്തിന്റെ മുഖ്യ അജണ്ട. ഇതിനു പുറമെ മുസ്ലിം സംഘടനകൾക്ക് പെരുമാറ്റ ചട്ടം വേണമെന്നു നിഷ്‌കർഷിക്കുകയും ഇതു രൂപീകരിക്കാൻ ഇ.ടി മുഹമ്മദ് ബഷീറിനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ലീഗിന്റെ സമ്മർദത്തിനു വഴങ്ങി സമസ്ത അടക്കമുള്ള എല്ലാ സംഘടനകളും ഇതിനെ അംഗീകിക്കുകയും ചെയ്തു. എന്നാൽ പരസ്യമായ ചില അജണ്ടകൾക്കപ്പുറം ചില രഹസ്യ അജണ്ടകൾ ലീഗിനുണ്ടായിരുന്നെന്നാണ് സമസ്ത നേതാക്കൾ ഇപ്പോൾ ആരോപിക്കുന്നത്. ഈ യോഗത്തിനു ശേഷമായിരുന്നു സാക്കിർ നായിക്കിന്റെ കൂട്ടാളിയെ ഐസിസ് കേസിൽ അറസ്റ്റു ചെയ്യുന്നത്. സാക്കിർ നായിക്കിന്റെ കേരള പതിപ്പും അദ്ദേഹത്തിന്റെ വലംകയ്യുമായ എം.എം അക്‌ബറിന്റെ അടുപ്പക്കാർക്കെതിരെയും യു.എ.പി.എ ചുമത്തി ഐസിസ് കേസ് രജിസ്റ്റർ ചെയ്തതും. കേരളത്തിലെ പീസ് സ്‌കൂളും മഹാരാഷ്ട്രയിലെ ഇസ്ലാമിക്ക് റിസർച്ച് ഫൗണ്ടേഷനുമെല്ലാം നീരീക്ഷണത്തിലായി. മാത്രമല്ല, കാണാതായ സംഘങ്ങൾ പോയത് ഐസിസ് ക്യാമ്പുകളിലേക്കാണെന്ന സ്ഥിരീകരണവും ശബ്ദ സന്ദേശങ്ങളുമെല്ലാം പുറത്തുവരികയും ചെയ്തു.

ഈ സാഹചര്യത്തിൽ കേരളത്തിലെ സലഫികൾ ഐസിസിനെതിരേയാണെന്ന് ആവർത്തിക്കുന്നതിനായി മുജാഹിദ് പ്രസ്ഥാനത്തിന്റെ വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഐസിസ് വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. എന്നാൽ സലഫിസമാണ് തീവ്രവാദത്തിലേക്കു വളംവയ്ക്കുന്നതെന്ന നിലപാടുമായി സമസ്ത കാമ്പയിനിങ് സംഘടിപ്പിക്കാൻ ഒരുങ്ങിയതോടെ മുസ്ലിംലീഗിന്റെ വിലങ്ങു വീഴുകയായിരുന്നു. ഇതിനെതിരെ സമസ്ത വിദ്യാർത്ഥി, യുവജന സംഘടനകൾ ഒന്നായി നിലകൊണ്ടതോടെ നേരത്തെ ലീഗിന് വഴങ്ങിയ നേതാക്കളടക്കം തിരിച്ചടിച്ചു. 'ഐ.എസ് ഫാസിസം, സലഫിസം' എന്ന പ്രമേയത്തിൽ സെമിനാർ സംഘടിപ്പിക്കുകയായിരുന്നു സമസ്തയുടെ ആദ്യ പരിപാടി. എന്നാൽ പരിപാടി സംഘടിപ്പിക്കുന്നതിൽ ലീഗ് എതിരല്ലെന്നും മാറ്ററിൽ നിന്നും സലഫിസത്തെ ഒഴിവാക്കണമെന്നുമായിരുന്നു ലീഗിന്റെ നിർദ്ദേശം. സലഫിസം ഒഴിവാക്കില്ലെന്ന് ഇ.കെ സുന്നികളും ബലംപിടിച്ചതോടെ പൊട്ടിത്തെറി രൂക്ഷമായി. പരിപാടി ആഹ്വാനം ചെയ്തുകൊണ്ടുള്ള പത്രകുറിപ്പ് സമസ്ത ഇറക്കുകയും ചെയ്തു. എന്നാൽ ലീഗ് പത്രമായ ചന്ദ്രികയിൽ വന്നതാകട്ടെ സലഫിസം എന്ന വാക്ക് വെട്ടിക്കളഞ്ഞുമായിരുന്നു. പിന്നീട് തർക്കം രൂക്ഷമായി തന്നെ നിലനിന്നു. ഇതിനിടെ ഈ മാസം 6ന് കോഴിക്കോട് വച്ച് സെമിനാർ നടക്കുകയും സലഫിസത്തെ തൊലിയുരിക്കുകയും ചെയ്തു.

മുസ്ലിംലീഗുമായി എക്കാലവും ചേർന്നു നിന്നിരുന്ന ഇ.കെ സമസ്തയുടെ പിന്തുണ ലീഗിന് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. എ.പി സുന്നികൾ സലഫിസത്തെ കഴിഞ്ഞ കാലങ്ങളിൽ പരസ്യ വിചാരണ ചെയ്യുകയും തുറന്ന സംവാദങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ വഴിയിലേക്ക് ഇ.കെ സുന്നികളും വന്നാൽ സലഫിസം ഒലിച്ചു പോകുമെന്ന ഭീതിയിൽ നിന്നാകാം ധൃതിപിടിച്ച് മുസ്ലിം സംഘടനകൾക്കുള്ള പെരുമാറ്റ ചട്ടം തയ്യാറാക്കിയത്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിൽ മോയിൻ ഹുദവി മലയമ്മ എഴുതിയ ഐഎസിന്റെ അടിവേരുകൾ തേടുമ്പോൾ എന്ന ലേഖന പരമ്പര കേരള സലഫികളെയും ചൊടിപ്പിച്ചിരുന്നു. ലീഗ് നേതാക്കളുടെ മേൽ സമ്മർദം ശക്തമാക്കാൻ മുജാഹിദ് നേതാക്കൾക്ക് ഇതും കാരണമായി. ഐഎസ് ഫാസിസം സലഫിസം എന്ന കോഴിക്കോട്ടെ സെമിനാർ അവസാനിക്കും മുമ്പേ ലീഗ് ഹൗസിൽ നിന്നുള്ള പെരുമാറ്റ ചട്ടം ദൂതൻ മുഖേന എത്തുകയുണ്ടായി. നേരത്തെ ഇ.ടിയെ യോഗം ചുമതലപ്പെടുത്തിയ പെരുമാറ്റചട്ടമാണ് ഈ കത്ത്. കേരളത്തിലെ സലഫി പ്രസ്ഥാനം തീവ്രവാദത്തിനെതിരെയാണെന്നും മുജാഹിദ് പ്രസ്ഥാനത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് കടന്നാക്രമിക്കുകയോ പരസ്പര സംഘടനാ വിദ്വേഷം പരത്തുകയോ ചെയ്യരുത് തുടങ്ങി കേരളത്തിലെ സലഫികളോട് ഒന്നും മിണ്ടരുത് എന്നായിരുന്നു പെരുമാറ്റ ചട്ടത്തിന്റെ ചുരുക്കം.

ഇതോടെ ലീഗ് സലഫിസത്തിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നു എന്ന ചർച്ച സമസ്ത നേതാക്കൾക്കിടയിൽ ശക്തമായി. പെരുമാറ്റ ചട്ടം ഇറക്കിയതിന്റെ പ്രധാന ലക്ഷ്യം സലഫിസത്തിനെതിരെയുള്ള കാമ്പയിനിങിൽ നിന്നും സമസ്തയെയും ഉപ ഘടകങ്ങളെയും വിലക്കുകയെന്നായിരുന്നു. എന്നാൽ ഐഎസിനും ഇവർ ആധാരമാക്കുന്ന സലഫി-വഹാബി ആശയങ്ങൾക്കുമെതിരെ ശക്തമായ കാമ്പയിനിങ് നടത്താനാണ് സമസ്തയുടെയും കീഴ് ഘടകങ്ങളുടെയും തീരുമാനം. ഇതിന്റെ ഭാഗമായി സമസ്ത സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ മഹല്ലുകളിലും മറ്റുമായി കാമ്പയിനിങ് ശക്തമാക്കാൻ സർക്കുലർ ഇറക്കുകയും ചെയ്തിട്ടുണ്ട്. പ്രഭാഷകർക്കുള്ള ശിൽപശാലയും കഴിഞ്ഞ ദിവസം ഇസ്ലമിക് സെന്ററിൽ നടക്കുകയുണ്ടായി. ലീഗിന്റെ ശക്തമായ നിയന്ത്രണവും പെരുമാറ്റചട്ടവും മറികടന്നായിരുന്നു സമസ്തയുടെ കാൽവെപ്പ്. സലഫി മുജാഹിദ് പ്രസ്ഥാനത്തിനു മേൽ ലീഗിനുള്ള അമിതതാൽപര്യം അപകടമാണെന്നാണ് ഈ നേതാക്കളുടെ വാദം. ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ മൗനസമ്മതം ഇൗ വിഷയത്തിൽ ഉണ്ടെന്നതാണ് സമസ്ത നേതാക്കൾക്ക് ധൈര്യം പകരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP