Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാഗിയ സോഫിയ മതേതരത്വം, പക്ഷേ രാമക്ഷേത്രം രാഷ്ട്രീയം നേട്ടത്തിന്! തുർക്കിയിലെ കത്തീഡ്രൽ പള്ളിയാക്കിയതിനോട് യോജിച്ച മുസ്ലിം ലീഗ് നേതാവിന് അയോധ്യയിലെ രാമക്ഷേത്രം വന്നപ്പോൾ മനംമറ്റം; 'മതമൈത്രി തകരാതെ തന്നെ നമുക്ക് പള്ളികളും ക്ഷേത്രങ്ങളും പണിയാൻ കഴിയണമെന്ന്' പുതിയ നിലപാട്; ഇരട്ട നിലപാടിൽ സാദിഖലി ശിഹാബ് തങ്ങളെ ട്രോളി സോഷ്യൽ മീഡിയ

ഹാഗിയ സോഫിയ മതേതരത്വം, പക്ഷേ രാമക്ഷേത്രം രാഷ്ട്രീയം നേട്ടത്തിന്! തുർക്കിയിലെ കത്തീഡ്രൽ പള്ളിയാക്കിയതിനോട് യോജിച്ച മുസ്ലിം ലീഗ് നേതാവിന് അയോധ്യയിലെ രാമക്ഷേത്രം വന്നപ്പോൾ മനംമറ്റം; 'മതമൈത്രി തകരാതെ തന്നെ നമുക്ക് പള്ളികളും ക്ഷേത്രങ്ങളും പണിയാൻ കഴിയണമെന്ന്' പുതിയ നിലപാട്; ഇരട്ട നിലപാടിൽ സാദിഖലി ശിഹാബ് തങ്ങളെ ട്രോളി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സോഷ്യൽ മീഡിയിൽ സജീവമായ വ്യക്തിയാണ് മുസ്ലീ ലീഗ് നേതാവും പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റുമായ സാദിഖലി ശിഹാബ് തങ്ങൾ. എന്നാൽ മതേതര നിലപാടുകളിൽ വെള്ളം ചേർത്തുവെന്ന് പറഞ്ഞ് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ നിശിത വിമർശനത്തിന് പാത്രമാവുകയാണ്. തുർക്കിയുടെ തലസ്ഥാനമായ ഇസ്താബൂളിലെ ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ കത്തീഡ്രൽ മോസ്‌ക്ക് ആക്കിയ എർദോഗാൻ സർക്കാറിന്റെ നടപടിയെ, ലീഗ് മുഖപത്രമായ ചന്ദ്രികയിൽ ലേഖനം എഴുതി ന്യായീകരിച്ച സാദിഖലി തങ്ങൾ, അയോധ്യയിലെ രാമക്ഷേത്ത്രിന്റെ കാര്യത്തിൽ തീർത്തും വ്യത്യസ്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. 'മതമൈത്രി തകരാതെ തന്നെ നമുക്ക് പള്ളികളും ക്ഷേത്രങ്ങളും പണിയാൻ കഴിയണമെന്ന്ാണ്' സാദിഖലി തങ്ങൾ ഇപ്പോൾ ഫേസ്‌ബുക്കിൽ കുറിച്ചത്. ബാബരി മസ്ജിദിന്റെ കാര്യത്തിൽ ഭിന്നതക്ക് പ്രാധാന്യം നൽകിയവർ രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യം വെച്ചത് എന്നും തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഇതോടെയാണ് പഴയ ഹാഗിയ സോഫിയ ലേഖനം ചർച്ചയാവുന്നത്. അവനവന്റെ മതത്തിന് കോട്ടം തട്ടുമ്പോൾ മാത്രം ഉയരുന്നു ഈ മതേതരത്വ വാദം കപടമാണെന്നാണ് വിമർശനം ഉയരുന്നത്. മതേതര രാജ്യമായ തുർക്കിയ ഇസ്ലാമിക രാജ്യമാക്കിയ ഭരണാധികാരി എർദോഗാനെ 'മുസ്ലീങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്ന നേതാവ്' എന്നാണ് ചന്ദ്രികയിലെ ലേഖനത്തിൽ സാദിഖലി തങ്ങൾ വിശേഷിപ്പിച്ചത്. മുസ്ലീലീഗ് ഉയർത്തുന്ന മതേതര നിലപാടുകൾ ഇതുപോലെ ശുദ്ധ ഇരട്ടത്താപ്പ് ആണെന്നും വിമർശനം ഉയരുന്നുണ്ട്.

സാദിഖലി ശിഹാബ് തങ്ങളുടെ രാമക്ഷേത്രം സംബന്ധിച്ച പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

രാഷ്ട്രീയ താൽപര്യങ്ങൾക്ക് മതത്തെ ഉപകരണമാക്കരുത്',തർക്കങ്ങളില്ലാത്ത കാലം പുലരട്ടെ.! 'ആകാശത്തു നിന്നൊരു മാലാഖ ഇറങ്ങിവന്ന്, കുതബ്മീനാറിന്റെ മുകളിൽ കയറി നിന്ന് എന്നോട് സ്വാതന്ത്ര്യം വേണോ അതോ ഹിന്ദു-മുസ്ലിം മൈത്രി വേണോ എന്നു ചോദിച്ചാൽ ഈ അബുൽകലാം ആയിരം വട്ടം ആവശ്യപ്പെടുന്നത് ഹിന്ദു-മുസ്ലിം മൈത്രിയായിരിക്കും.'' സ്വതന്ത്ര സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ദേശീയ പ്രസിഡണ്ടുമായിരുന്ന അബുൽകലാം ആസാദിന്റെ പ്രസിദ്ധമായ വചനകളാണിത്.

ബഹുസ്വര സമൂഹത്തിന്റെ നിലനിൽപ്പിന് മൈത്രിയും പരസ്പര വിശ്വാസവും അനിവാര്യതകളിൽ പ്രധാനപ്പെട്ടതാണ്. അഭിപ്രായങ്ങളിലും കാഴ്ചപ്പാടുകളിലും പരസ്പരം യോജിപ്പ് മാത്രമല്ല ഭിന്നതകളും ജൈവിക സ്വാഭാവമാണ്. എന്നാൽ ഭിന്നതയുടെ സ്വരം മാത്രം സംസാരിക്കുമ്പോഴാണ് സാമൂഹികമായ പ്രതിസന്ധികൾ ഉടലെടുക്കുന്നത്. ബാബരി മസ്ജിദിന്റെ കാര്യത്തിൽ ഭിന്നതക്ക് പ്രാധാന്യം നൽകിയവർ രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യം വെച്ചത്. ബാബരി മസ്ജിദ് തകർത്ത സംഭവത്തെ ഗാന്ധി വധത്തിനു ശേഷം നടന്ന ദേശീയ ദുരന്തം എന്ന് വിശേഷിപ്പിച്ചത് രാഷ്ട്രപതിയായിരുന്ന കെ.ആർ നാരായണനായിരുന്നു. ശേഷം ഇരുപത്തി ഏഴ് വർഷത്തെ നിയമപേരാട്ടം നടന്നു. ഇരുകക്ഷികൾ തമ്മിൽ ചർച്ചകളുടെ പരമ്പരകളുമുണ്ടായി.കുറേ നല്ല മനുഷ്യർ മധ്യസ്ഥരായി നിന്നു. അവസാനം കഴിഞ്ഞ വർഷം കോടതി വിധി പറഞ്ഞു.

വിഗ്രഹം സ്ഥാപിച്ചതും, മസ്ജിദ് തകർത്തതും തെറ്റായിരുന്നു എന്ന് കോടതി വിധി പ്രസ്താവനയിൽ രേഖപ്പെടുത്തി. അവിടെ തന്നെ ക്ഷേത്രം നിർമ്മിക്കാം എന്നു കൂടി പറഞ്ഞത് യുക്തി രാഹിത്യമാണെന്ന് ബോധ്യപെട്ടെങ്കിലും വിധിയെ മുസ്ലിം സമൂഹവും,മതേതര ചേരിയും അംഗീകരിച്ചു. പള്ളിയുണ്ടായിരുന്ന സ്ഥലം രാമക്ഷേത്രം പണിയാൻ വിട്ടുകൊടുക്കാനും മുസ്ലിം പള്ളി പണിയാൻ അഞ്ച് ഏക്കർ വേറെ ഭൂമി കണ്ടെത്തി നൽകാനും കോടതി വിധിച്ചു. രാമക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ച് അവരാണ് ക്ഷേത്രം നിർമ്മിക്കേണ്ടത് എന്നും കോടതി വിധിയിൽ പ്രത്യേകം പരാമർശിച്ചു.

മുസ്ലിം പക്ഷത്ത് കേസ് നടത്തിയിരുന്ന ഉത്തരപ്രദേശ് സുന്നി വഖഫ്ബോഡും ഇതംഗീകരിച്ച് തന്നെ മുന്നോട്ട് പോകുന്നു. ഭിന്നത ആഗ്രഹിക്കുന്നവർക്ക് ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം എന്ന കാഴ്ചപ്പാടാണ്. ഭിന്നതയുടേയും പ്രകോപനങ്ങളുടേയും പുതിയ രാഷ്ട്രിയ വാതായനങ്ങൾ അവർ തുറക്കാൻ ശ്രമിക്കുകയാണ്. വളരെ പെട്ടെന്ന് മനുഷ്യ വികാരത്തെ ത്രസിപ്പിക്കുന്ന ഒന്നാണ് മതം.ഇവിടെ രാഷട്രീയ നേട്ടങ്ങൾക്കുള്ള ഉപകരണമാക്കി മതത്തെ മാറ്റുകയാണ്. ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ രാമനും രാമായണവും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നമ്മുടെ രാഷ്ട്രപിതാവ് രാമ ഭക്തനായിരുന്നു.വെടിയേറ്റ് വീഴുമ്പോഴും മഹാത്മാഗാന്ധി വിളിച്ചത് ഹരേ റാം എന്നായിരുന്നു.വിവിധ രചനകളിലായി വിവിധ ദേശങ്ങളിൽ ധാരാളം രാമായണങ്ങളുണ്ട്.മുസ്ലിംങ്ങൾ ഏറെയുള്ള മലബാറിൽ മാപ്പിള രാമായണമുണ്ടായത് സൗഹാർദ്ധത്തിന്റെ സ്വാധീന ഫലമാണ്.

കിളിപ്പാട്ട് രാമായണമെഴുതിയ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ചനും,രാമചരിത മാനസം എഴുതിയ തുളസീദാസിനും അവരുടെ ജീവിതകാലത്ത് മുസ്ലിം സമൂഹം നൽകിയ പിന്തുണ ചരിത്രത്തിലെ നമ്മുടെ മൈത്രിയുടെ പൈതൃകമാണ്. ഹിന്ദു മുസ്ലിം മൈത്രി തകർക്കാതെ തന്നെ ഒരു പാട് ക്ഷേത്രങ്ങളും പള്ളികളും നമുക്ക് നിർമ്മിക്കാൻ കഴിയും. അതിന് വിവിധ മത സമൂഹങ്ങൾക്കിടയിൽ പരസ്പര സാഹോദര്യത്തിന് തടസ്സം നിൽക്കുന്നവരെ ഒറ്റപ്പെടുത്തുക മാത്രമേ വഴിയുള്ളൂ.. 'ആകാശത്തു നിന്നൊരു മാലാഖ ഇറങ്ങിവന്ന്, മത മൈത്രി വേണോ അതോ ആരാധനാലയങ്ങൾ വേണോ എന്നു ചോദിച്ചാൽ ഞങ്ങൾക്ക് ആദ്യം വേണ്ടത് മത മൈത്രിയാണ് എന്ന് ഒറ്റക്കെട്ടായി പറയാൻ നമുക്ക് കഴിയണം'. മതമൈത്രിയുടെ പാഠങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും വളരട്ടെ നമ്മുടെ മക്കൾ. തർക്കങ്ങളില്ലാത്ത കാലം പുലരട്ടെ.! - ഇങ്ങനെയാണ് സാദിഖലി തങ്ങളുടെ പോസ്റ്റ് അവസാനിക്കുന്നത്.

ഹാഗിയ സോഫിയയിൽ സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനത്തിന്റെ പൂർണരൂപം ഇങ്ങനെയാണ്:

ഇസ്താൻബുളിന്റെ പ്രതീകവും മാനവരാശിയുടെ സാംസ്‌കാരിക, രാഷ്ട്രീയ ചരിത്രത്തിലുടനീളം നിറഞ്ഞു നിന്നിരുന്ന അയാസോഫിയ വീണ്ടും പത്രത്താളുകളിൽ ഇടം പിടിച്ചിരിക്കുകയാണ്. തുർക്കി റിപ്പബ്ലിക് സ്ഥാപിക്കപ്പെട്ട സമയത്ത് അയാസോഫിയ ഫാതിഷ് സുൽതാൻ മുഹമ്മദിന്റെ പേരിലുള്ള വഖ്ഫ് ഭൂമിയായി രജിസ്റ്റർ ചെയ്തതെന്ന കാരണത്താൽ, അയാസോഫിയയെ മ്യൂസിയം ആക്കിമാറ്റിയുള്ള 1934 ൽ മന്ത്രി സഭ തീരുമാനം, തുർക്കികോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെ നിലവിലെ ടർക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന്റെ വിജ്ഞാപനത്തിലൂടെ പള്ളിയായി പുനഃസ്ഥാപിക്കപ്പെട്ട അയാസോഫിയയിൽ വീണ്ടും മുസ്ലിംസഹോദരങ്ങൾ ടർക്കിഷ് മതകാര്യ വകുപ്പ് മേധാവി പ്രൊഫസർ ഡോക്ടർ അലി എർബാഷിന്റെ നേതൃത്വത്തിൽ വീണ്ടുമൊരു ജുമുഅ നിസ്‌കാരം കൂടി ഇന്ന് നിർവഹിക്കപ്പെടാനിരിക്കുകയാണ്.

വാസ്തുശില്പ ചാരുതയോടെ ജസ്റ്റിനിയൻ രണ്ടാമൻ 537 ൽ പണി കഴിപ്പിച്ച അയാസോഫിയ 900 വർഷക്കാലം ക്രിസ്തീയ ദേവാലയമായും 500 വർഷക്കാലം മുസ്ലിം മസ്ജിദായും നിലനിന്നു . 1900 വർഷക്കാലം ഓരോ വിശ്വാസിസമൂഹത്തിന്റെയും പ്രധാനപ്പെട്ട ആരാധനാലയമായും അതിനേക്കാളുപരി ലോകം കണ്ട ഏറ്റവും ശക്തമായ ഭരണകൂടങ്ങളായിരുന്ന റോമൻ, ബൈസാന്റിയൻ, ഓട്ടോമൻ എന്നീ സാമ്രാജ്യങ്ങളുടെ ഭരണസിരാകേന്ദ്രമായും നിലകൊണ്ടു എന്നത് തന്നെയാണ് അയാസോഫിയയെ ഇത്രമാത്രം പ്രസിദ്ധമാക്കുന്നത്. 86 വർഷം മ്യൂസിയം ആയി നിലനിന്ന ശേഷം വീണ്ടും പള്ളിയായി പുനഃസ്ഥാപിച്ചതാണ് ലോകത്തിന്റെ വിവിധകോണുകളിൽ നിന്ന് വ്യത്യസ്തമായ പ്രതികരണങ്ങൾക്കും പുതിയ ചർച്ചകൾക്കും വഴിയൊരുക്കിയത്.

സമകാലീന ക്രിസ്ത്യൻ രാഷ്ട്രീയ മത നേതാക്കൾ തീരുമാനത്തോട് വിയോജിക്കുമ്പോഴും അയാസോഫിയയുടെ ഉടമസ്ഥാവകാശം ഉന്നയിക്കാത്തതും ചരിത്രപരമായി അതിന് സാധ്യതയില്ല എന്ന തിരിച്ചറിവ് കൊണ്ടുതന്നെയാകണം. അമേരിക്ക പോലെയുള്ള രാഷ്ട്രങ്ങൾ തീരുമാനത്തെ എതിർത്തെങ്കിലും 25 ശതമാനം ഓർത്തോഡോസ് ക്രിസ്ത്യൻസ് താമസിക്കുന്ന റഷ്യ തീരുമാനത്തിൽ കൈകടത്താതതും പ്രത്യേകം ശ്രദ്ധേയമാണ്. ഈയൊരു തീരുമാനത്തെ എതിർത്ത പല യൂറോപ്പ്യൻ രാജ്യങ്ങളിലും മുസ്ലിംകൾക്കു നിസ്‌കരിക്കാൻ പോലും അനുമതിയില്ല എന്ന് കൂടി മനസിലാക്കമ്പോഴാണ് ഇവരുയർത്തുന്ന മതേതരവാദം എത്ര മാത്രം ഏകപക്ഷീയവും പൊള്ളയുമാണെന്ന് തിരിച്ചറിയുന്നത്.

ഈ ആധുനിക രാഷ്ട്രീയ സാഹചര്യത്തിലും ഓട്ടോമൻ, മുസ്ലിം സ്പെയിൻ കാലത്തു നിർമ്മിക്കപ്പെട്ട 350 ളം പള്ളികൾ ചർച്ചുകളായിട്ടും തീയേറ്ററുകൾ ആയിട്ടും ഉപയോഗിക്കുന്നവർ തന്നെയാണ് ഇതിനെതിരെ ശബ്ദം ഉയർത്തുന്നത് . കൊറോണ യൂറോപ്പിനെ പിടിച്ചുലച്ചസമയത് പല യൂറോപ്യൻ രാജ്യങ്ങൽലും വർഷകങ്ങൾക്കു ശേഷം ബാങ്ക് വിളിക്കപ്പെട്ട വാർത്തകൾ നാം വീക്ഷിച്ചവരാണ്. ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ച ഗ്രീസിൽ മാത്രം 100 ഓളം പള്ളികൾ ചർച്ചുകളയും ജയിലുകളായും മാറ്റിയെന്നതും തലസ്ഥാനമായ ഏതൻസിൽ, മുസ്ലിം വിശ്വാസികൾ വർഷങ്ങളായി മുറവിളികൂട്ടിയതിന്റെ ഫലമെന്നോണം മിനാരങ്ങളില്ലാത്ത ആദ്യത്തെ പള്ളിക്ക് അനുമതി നൽകിയത് കഴിഞ്ഞ വർഷം മാത്രം എന്നതും ഇരട്ടത്താപ്പ് നയമല്ലേ.

തുർകിയിൽ എല്ലാ മതവിശ്വാസികൾക്കും ആരാധനാസ്വാന്ത്ര്യമുണ്ടെന്ന്മാത്രമല്ല ഓർത്തഡോക്സിന്റേതടക്കം മറ്റു ക്രിസ്തീയ ന്യൂനപക്ഷങ്ങളുടെ അർധനയാളാണ് പോലുംഎർദോഗന്റെ നേതൃത്തിലുള്ള ഗവണ്മെന്റ് തന്നെ പുനരുദ്ധാരണം ചെയ്തു കൊടുത്തിട്ടുണ്ട് എന്നുള്ളതും പ്രസ്താവ്യമാണ്. ഇസ്താൻബുളിലെ ഉസ്‌കുന്ദറിൽ ഒരേ കോമ്പൗണ്ടിൽ മുസ്ലിം പള്ളിയും ക്രിസ്ത്യൻ ചർച്ചും തൊട്ടടുത്തു തന്നെ യഹൂദരുടെ സിനഗോഗും ഒരുപോലെ ഒരേ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നുണ്ട്. ഈ വസ്തുതകളൊക്കെ മറച്ചുവെച്ചു കൊണ്ട് പേരിൽ തുർകിയെയും , ലോകത്തിന്റെ വിവിധ കോണുകളിൽ വ്യവസ്ഥാപിതമായി അടിച്ചമർത്തപ്പെടുന്ന മുസ്ലിംകൾക്കു വേണ്ടി അന്തർദേശീയ വേദികളിൽ ശബ്ദമുയർത്തുന്ന എർദോഗനെതിരെയും വ്യാജസെക്കുലറിസത്തിന്റെ മറവിൽ വേട്ടയാടുന്നത് ഇസ്ലാമിനെതിരെയുള്ള കാലങ്ങളായി തുടരുന്ന കുൽസിതശ്രമങ്ങളുടെ തുടർച്ച മാത്രമാണ്.

പ്രതിപക്ഷ ഭരണപക്ഷം എന്ന വ്യത്യാസമില്ലാതെ തുർക്കിയിലെ ജനത ഒന്നടങ്കം ആവശ്യപ്പെട്ട ടർക്കിഷ് റിപ്പബ്ലിക്കിന്റെ രേഖകളിൽ പള്ളിയായി തന്നെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള റിപ്പബൽക്കിന്റെ ആദ്യത്തെ ആറു വർഷം പള്ളിയായിതന്നെ സേവനം നൽകിയ ആരാധനാലയം വിശ്വാസികൾക്കു തുറന്നുകൊടുക്കാതിരിക്കലല്ലേ യാഥാർത്ഥത്തിൽ ജനാധിപത്യ വിരുദ്ധം. ആരാധനാലയങ്ങളും പള്ളികളും താഴിട്ടു പൂട്ടുന്ന വെസ്റ്റേൺ മതേതരത്തിൽ നിന്ന് വിശ്വാസികൾക്കു ആരാധനാലയങ്ങൾ തുറന്നു കൊടുക്കുന്ന കിഴക്കൻ മതേതരത്തിലേക്കുള്ള തിരിഞ്ഞുനടത്തമാണ് അയാസോഫിയയുടെ പള്ളി പുനഃസ്ഥാപനം എന്ന് നിസ്സംശയം പറയാം.- സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനം ഇങ്ങനെയാണ് അവസാനിക്കുന്നത്.

മുസ്ലീലീഗ് മതേതര നിലപാട് കൈവിടുന്നുവോ?

ഹാഗിയ സോഫിയയിലെ സാദിഖലി ശിഹാബ് തങ്ങളുടെ ലേഖനത്തിനെതിരെ വ്യാപകമായ വിമർശനവും ഉയർന്നിരുന്നു. ഇത് മുസ്ലിം ലീഗ് കൈക്കൊണ്ടുവന്ന പരമ്പരാഗത നിലപാടിൽനിന്നുള്ള വ്യതിചലനമാണ് ഇതെന്നായിരുന്നു ആരോപണം. അയോധ്യവിധിയെപ്പോലെ എതിർക്കേണ്ട ഒന്നാണ് തുർക്കിയിലെ ഹാഗിയ സോഫിയ മുസ്ലിംപള്ളിയാക്കി മാറ്റിയതതെന്ന് ഡോ എംഎൻ കാരശ്ശേരി ചൂണ്ടിക്കാട്ടുന്നു. മുസ്ലീലീഗ് മുഖപത്രമായ ചന്ദ്രിക പത്രത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇതിനെ അനുകൂലിച്ച് ലേഖനമെഴുതിയത് അങ്ങേയറ്റം പ്രതിഷേധാത്മകമാണ്. .കേരളത്തിലെ മത സൗഹാർദത്തെ ലേഖനം എങ്ങനെ ബാധിക്കുമെന്ന് ഇവർ ആലോചിക്കണമെന്നും മുസ്ലിംലീഗ് ഒരിക്കലും ആ നടപടിയെ അനുകൂലിക്കാൻ പാടില്ലെന്നും എം എൻ കാരശ്ശേരി ചൂണ്ടിക്കാട്ടി.

'ചരിത്രത്തിന്റെ വലിയ നഷ്ടമാണ് ബാബരി പള്ളി പൊളിച്ചതും. ഗാന്ധി വധത്തിന് ശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണ് അതെന്നതിൽ എനിക്ക് സംശയമില്ല. അത്തരം കാര്യങ്ങൾ ആര് ചെയ്താലും, അത് മുസ്ലീങ്ങൾ ക്രിസ്ത്യാനികളോട് ചെയ്താലും ഹിന്ദുക്കൾ മുസ്ലീങ്ങളോട് ചെയ്താലും മുസ്ലീങ്ങൾ ബുദ്ധമതക്കാരോട് ചെയ്താലും എല്ലാം തെറ്റാണ്.ബാബരി പള്ളിയുടെ കാര്യത്തിൽ എന്താണ് നിലപാടെന്ന് മുസ്ലിംലീഗ് ആലോചിക്കണം. അതിനോട് ചേർന്ന ഒരു നിലപാട് മാത്രമേ ഹാഗിയ സോഫിയയെ കുറിച്ചും അവർ എടുക്കാൻ പാടുള്ളൂ. ഇസ്താംബുളിൽ വേറെ പള്ളിയില്ലാഞ്ഞിട്ടല്ല, എർദോഗാന് അടുത്ത തെരഞ്ഞെടുപ്പിൽ മതമൗലിക വാദികളുടെ വോട്ട് കിട്ടാനുള്ള ഒരു നടപടിയാണ് അദ്ദേഹം സ്വീകരിച്ചത്. അതിനെ എതിർക്കുകയാണ് മുസ്ലീലീഗ് ചെയ്യേണ്ടത്. കേരളത്തിലെ മുസ്ലിം-ക്രിസ്ത്യൻ സൗഹാർദത്തെ ലേഖനം എങ്ങനെ ബാധിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങളും ചന്ദ്രികയും ആലോചിക്കേണ്ടതാണ്. മുസ്ലിംലീഗ് ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാട് പുനഃപരിശോധിക്കണം.പൗരാവകാശങ്ങളിൽ വിശ്വാസമുള്ളവരും മതേതരവാദികളും ജനാധിപത്യവാദികളും, ചരിത്രത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കുന്നവരും ഹാഗിയ സോഫിയ വിഷയത്തിൽ തുർക്കി സ്വീകരിച്ച നടപടിയെ തള്ളിപ്പറയേണ്ടതാണ്.'- കാരശ്ശേരി ചൂണ്ടിക്കാട്ടി.

എന്നാൽ എഴുത്തുകാരനും ബ്ലോഗറുമായ ബഷീർവള്ളിക്കുന്ന് ചൂണ്ടിക്കാട്ടുന്നത് വെൽഫെയർ, എസ്ഡിപിഐ കൂട്ടുകെട്ടിന് ലീഗ് ശ്രമിക്കുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ ഈ രീതിയിലുള്ള ആശങ്ക ഉണ്ടായിരുന്നുവെന്നാണ്. 'പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിയത് സാദിഖലി ശിഹാബ് തങ്ങളുടെ ചന്ദ്രികയിലെ ലേഖനമാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണമായിരുന്നു അത്. ഇത്തരം വിഷയങ്ങളിൽ ലീഗിന്റെ നാളിതുവരെയുള്ള പ്രഖ്യാപിത നിലപാടുകളിൽ നിന്നുള്ള ഒരു തിരിഞ്ഞു നടത്തമായിരുന്നു ആ ലേഖനം. എന്തായിരിക്കും അതിന് കാരണം.. ഒരു രാജ്യത്തെ ഭരണാധികാരി അവിടുത്തെ ഭൂരിപക്ഷ ജനതയുടെ മത വികാരങ്ങളെ ഉണർത്തി വിട്ട് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുമ്പോൾ, അവിടുത്തെ ന്യൂനപക്ഷ ജനതയുടെ വികാരങ്ങളെ വൃണപ്പെടുത്തുമ്പോൾ, തീർച്ചയായും ലീഗിനെപ്പോലൊരു ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനം നിൽക്കേണ്ടത് മത മൗലിക വാദികളുടെയും മതരാഷ്ട്ര വാദികളുടേയും കൂടെയല്ല, മത ന്യൂനപക്ഷങ്ങളുടെ കൂടെയാണ്. അതാണ് നാം പ്രതീക്ഷിച്ചിരുന്നത്, പക്ഷേ സംഭവിച്ചത് മറിച്ചാണ്, എന്തായിരിക്കാം അതിനു കാരണം?

വെൽഫെയർ, എസ് ഡി പി ഐ കൂട്ടുകെട്ടിന് ലീഗ് ശ്രമിക്കുന്നു എന്ന വാർത്ത വന്നപ്പോൾ തന്നെ പലരും ആശങ്കപ്പെട്ടിരുന്ന ഒന്നാണ് ലീഗ് അതിന്റെ പ്രഖ്യാപിത മതേതര നിലപാടുകളിൽ നിന്ന് ഇനി പിറകോട്ട് പോകും എന്നുള്ളത്. ജമാഅത്ത് സാഹിത്യങ്ങളും അവരുടെ നിലപാടുകളും 'മാധ്യമം' പ്രൊപ്പഗണ്ടകളുമൊക്കെ ലീഗുകാർ അറിയാതെ തന്നെ അവരിലേക്ക് എത്തിപ്പെടും എന്നത്. അതാണ് ഇപ്പോൾ സംഭവിക്കുന്നത് എന്നാണ് എന്റെ ബലമായ സംശയം'- ബഷീർ വള്ളിക്കുന്ന് ചൂണ്ടിക്കാട്ടുന്നു.

എറ്റവും വിചിത്രം മതേതര ബുദ്ധിജീവികൾ ഏറെയുള്ള കേരളത്തിൽ ഹാഗിയ സോഫിയക്കെതിരെ കാര്യമായ പ്രതികരണങ്ങൾ ഉണ്ടായില്ല എന്നതാണ്്. യുക്തിവാദി നേതാവ് രാജഗോപാൽ വാകത്താനം ഈ ഇരട്ടത്താപ്പിനെതിരെ ഇങ്ങനെയാണ് എഴുതിയത്. 'ഹൈന്ദവ ഫാസിസത്തിനെതിരെ കണ്ഠക്ഷോഭംചെയ്യുന്ന ഒരു ബുജിയേയും സംഘങ്ങളെയും വഴിയിലും സമൂഹ മാധ്യമത്തിലും കാണുന്നില്ല. ലീഗടക്കമുള്ള മുഴുവൻ ഇസ്ലാം മതവാദികളുംഹാഗിയ സോഫിയയ്ക്കു പിന്നിൽ അണിനിരന്നു കഴിഞ്ഞു. ഇസ്ളാമോഫോബിയ പറഞ്ഞ് യുക്തിവാദികളെ ആക്രമിക്കുന്നവരെ വഴിയോരത്തു പോലും കാണാനില്ല. മതമേതായാലും ഫാസിസമാണെന്ന യുക്തിവാദികളുടെ നിലപാട് ചരിത്രം സാക്ഷ്യപ്പെടുത്തി ക്കൊണ്ടേയിരിക്കുന്നു. ജനാധിപത്യത്തിൽ നിന്ന് മതത്തെ മാറ്റി നിർത്തിയില്ലെങ്കിൽ ഇതല്ല, ഇതിലുമപ്പുറം സംഭവിക്കും. ചെറിയൊരു ഭയമുണ്ട്.വാരിയംകുന്നനെ ചെഗുവേരയാക്കിയ കെ.ഇ.എൻ.എർദോഗാനെ ഫിദൽ കാസ്ട്രോ ആക്കുമോ,ആവോ'- രാജഗോപാൽ വാകത്താനം തന്റെ ഫേസ്‌ബുക്കിൽ കുറിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP