Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

നാല് ആൺമക്കൾ ജീവിച്ചിരിക്കേ എൺപതുകാരനായ പിതാവിന് നരകജീവിതം; കണ്ണിന് കാഴ്‌ച്ചശേഷി നശിച്ച, ചെവി കേൾക്കാത്ത കൊരട്ടിയിലെ രാമൻ നായർ വീടിന്റെ മൂലയിൽ കഴിയുന്നത് ആരും തിരിഞ്ഞു നോക്കാതെ മല-മൂത്ര വിസർജ്യങ്ങളിൽ മുങ്ങി; ജില്ലാ പഞ്ചായത്ത് അംഗം ദുരവസ്ഥ അറിയിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടപ്പോൾ ഡിലീറ്റ് ചെയ്യാൻ ഭീഷണി; സാമ്പത്തിക ശേഷിയുള്ള രണ്ട് മക്കളെ ഫോണിൽ വിളിച്ചപ്പോൾ ലഭിച്ച മറുപടി 'കൊണ്ടുപോയി പുഴുങ്ങി തിന്നോളൂ..' എന്ന്; കണ്ണിൽ ചോരയില്ലാത്ത പുത്രന്മാർക്കെതിരെ കേസെടുത്ത് പൊലീസ്

നാല് ആൺമക്കൾ ജീവിച്ചിരിക്കേ എൺപതുകാരനായ പിതാവിന് നരകജീവിതം; കണ്ണിന് കാഴ്‌ച്ചശേഷി നശിച്ച, ചെവി കേൾക്കാത്ത കൊരട്ടിയിലെ രാമൻ നായർ വീടിന്റെ മൂലയിൽ കഴിയുന്നത് ആരും തിരിഞ്ഞു നോക്കാതെ മല-മൂത്ര വിസർജ്യങ്ങളിൽ മുങ്ങി; ജില്ലാ പഞ്ചായത്ത് അംഗം ദുരവസ്ഥ അറിയിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടപ്പോൾ ഡിലീറ്റ് ചെയ്യാൻ ഭീഷണി; സാമ്പത്തിക ശേഷിയുള്ള രണ്ട് മക്കളെ ഫോണിൽ വിളിച്ചപ്പോൾ ലഭിച്ച മറുപടി 'കൊണ്ടുപോയി പുഴുങ്ങി തിന്നോളൂ..' എന്ന്; കണ്ണിൽ ചോരയില്ലാത്ത പുത്രന്മാർക്കെതിരെ കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ചാലക്കുടി: അഞ്ചു ആണ്മക്കളിൽ നാലുപേരും ജീവിച്ചിരിക്കെ പരിചരിക്കാൻ ആളില്ലാതെ കൊരട്ടി സ്വദേശിയായ എൺപതുകാരൻ ചാലക്കുടി സർക്കാർ ആശുപത്രിയിൽ മരണവുമായി മല്ലടിക്കുന്നു. വീട് സന്ദർശനത്തിന്റെ ഭാഗമായി കൊരട്ടിയിൽ എത്തിയപ്പോഴാണ് നാലുകെട്ട് സ്വദേശി ആതപ്പള്ളി രാമൻ നായരുടെ കാര്യം നാട്ടുകാർ തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം സുമേഷ് കെ.ആറിനും ഒപ്പമുള്ളവരുടെയും ശ്രദ്ധയിൽ പെടുത്തുന്നത്. കണ്ണ് കാണാൻ കഴിയാതെ, ചെവി കേൾക്കാൻ കഴിയാതെ കൊരട്ടിയിൽ തങ്ങിയിരുന്ന വീട്ടിൽ മല-മൂത്ര വിസർജ്യങ്ങളിൽ മുങ്ങിക്കിടന്ന രാമൻ നായരെ സുമേഷും ഒപ്പമുള്ളവരും വൃത്തിയായി പരിപാലിച്ച് നല്ല വസ്ത്രങ്ങൾ നൽകി ചാലക്കുടി സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സുമേഷും സംഘവും എത്തുമ്പോൾ കഴിഞ്ഞ നാല് ദിവസവും ഭക്ഷണം കഴിക്കാതെ വെറും വയറോടെയാണ് ഈ അച്ഛൻ കഴിഞ്ഞിരുന്നത്. ഇപ്പോൾ വിളിപ്പുറത്ത് നിലയുറപ്പിച്ച മരണത്തിന്റെ വിളിക്ക് കാതോർത്ത് ബോധത്തിനും അബോധത്തിനും ഇടയിൽ കഴിയുകയാണ് രാമൻ നായർ. അപ്പോഴും താൻ ജന്മം കൊടുത്ത മക്കൾ തിരിഞ്ഞു നോക്കാൻ ഇല്ലാത്ത അവസ്ഥ ഈ വൃദ്ധനെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്നു.

Stories you may Like

ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രാമൻ നായരുടെ കൂടെ നിൽക്കാൻ ആളില്ലെന്ന വസ്തുത സുമേഷ് മനസിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം കൂടെയുള്ളതിനാൽ കൂടെ ആളില്ലാതെ തന്നെ ചാലക്കുടി സർക്കാർ ആശുപത്രിയിൽ രാമനെ നായരെ പ്രവേശിപ്പിക്കാൻ ആശുപത്രി അധികൃതർ സന്മനസ് കാട്ടുകയായിരുന്നു. അതോടെ മക്കളെക്കുറിച്ച് അന്വേഷിച്ച ശേഷം മക്കളുടെ വിവരങ്ങളും ഫോൺ നമ്പറും സഹിതം നാരായണൻ കുട്ടി നായർ പയ്യന്നൂർ -തെരു :നമ്പർ - 0498 5201451,, ശങ്കരൻനായർ, പെരുമ്പി-9387760866, മാധവൻനായർ, കറുകുറ്റി, നിറുങ്ങൽ-949550 5125. മരിച്ച മകൻ രാജുവിന്റെ വീട്, എടക്കുന്ന്- 9846489060... ഇങ്ങിനെ രാമൻനായരുടെ മക്കളുടെ ഫോൺ നമ്പർ സഹിതം വിവരങ്ങൾ നൽകി ഇങ്ങിനെ സുമേഷ് തുടർച്ചയായി ഫെയ്സ് ബുക്ക് പോസ്റ്റ് നൽകുകയായിരുന്നു.

ഫെയ്സ് ബുക്ക് പോസ്റ്റ് വൈറൽ ആയപ്പോൾ മക്കൾ വിചിത്രമായ ആവശ്യവുമായി സുമേഷിനെ തേടി എത്തി. അച്ഛനെ പരിചരിക്കാൻ എത്താതെ, ഫേയ്സ് ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യാനാണ് മൂന്നു മക്കളും ആവശ്യപ്പെട്ടത്. കേരളത്തിലെ സാമൂഹ്യ അവസ്ഥയുടെ ഞെട്ടിക്കുന്ന പരിഛേദമായി മാറിയ രാമൻ നായരെ സഹായിക്കാൻ ഇപ്പോഴും മക്കൾ എത്തിയിട്ടില്ല. രാമൻ നായരുടെ ജീവിച്ചിരിക്കുന്ന നാലുമക്കളിൽ വികലാംഗനായ ഒരു മകൻ മോഹനൻ മാത്രമാണ് അച്ഛനു ആലംബമായി ഇടയ്ക്ക് വരുകയും തങ്ങുകയും ചെയ്ത് ചെറുതായെങ്കിലും ആശ്വാസമാകുന്നത്. ഗുരുവായൂർ അമ്പല പരിസരത്ത് നിന്നും ലഭിക്കുന്ന കാശാണ് ഭിന്നശേഷിക്കാരനായ ഈ മകൻ അച്ഛന്റെ ചെലവിനായി നൽകുന്നത്.

രാമൻ നായരുടെ മക്കളുടെ പേരും ഫോൺ നമ്പറും സഹിതം ഉൾപ്പെടുത്തി സുമേഷ് തുടർച്ചയായി ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയപ്പോൾ തങ്ങൾക്ക് അത് നാണക്കേടായി മാറി എന്നാണ് മക്കൾ സുമേഷിനോട് പ്രതികരിച്ചത്. നല്ല സാമ്പത്തിക സ്ഥിതിയിൽ കഴിഞ്ഞ രണ്ടു മക്കളെ ബന്ധപ്പെട്ടപ്പോൾ കൊണ്ടുപോയി പുഴുങ്ങി തിന്നാനാണ് മക്കൾ സുമേഷിനോട് പ്രതികരിച്ചത്. അപ്പോൾ തന്നെ കൊരട്ടി സ്റ്റേഷനിൽ സുമേഷ് പരാതി നൽകുകയായിരുന്നു. കൊരട്ടി എസ്‌ഐ വിളിച്ചപ്പോഴും മര്യാദയില്ലാത്ത ഭാഷയിൽ തട്ടിക്കയറിയായിരുന്നു ഇവരുടെ പെരുമാറ്റം. നിങ്ങൾ എന്തുവേണമെങ്കിലും ചെയ്‌തോ ഞങ്ങൾക്ക് കുഴപ്പമില്ല എന്നാണ് മക്കൾ എസ്‌ഐയോട് പ്രതികരിച്ചത്. എഫ്ബി പോസ്റ്റ് കളയണമെന്നു പറഞ്ഞു മക്കൾ ഇപ്പോഴും സുമേഷിന് പിന്നാലെയാണ്. നിങ്ങൾ ആദ്യം അച്ഛനെ കാണാൻ വരൂ എന്ന് പറഞ്ഞപ്പോൾ ഒരു മകൻ ഭാര്യയെയും കൂട്ടി വന്നു. അച്ഛനെ കണ്ടു ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു മകനും ഭാര്യയും ഉടൻ ഇറങ്ങിപ്പോവുകയായിരുന്നു.

ഇപ്പോഴും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ രാമൻ നായർ മരണവുമായി മല്ലടിക്കുകയാണ്. 'മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്ന പഴമൊഴി എത്ര സത്യമാണ് എന്ന് രാമൻ നായരുടെ അവസ്ഥ കണ്ടപ്പോഴാണ് ഓർക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് അംഗം സുമേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്റെ ഫെയ്സ് ബുക്ക് കുറിപ്പ് വൈറൽ ആയി. ഇത് ആളുകൾ ഷെയർ ചെയ്തു. അപ്പോഴും നാണക്കേട് കൊണ്ട് തലയുരിഞ്ഞു പോകുന്നു എന്നാണ് മക്കൾ പറയുന്നത്. അച്ഛനെ പരിചരിക്കാൻ തയ്യാറാവാതെ ഫെയ്സ് ബുക്ക് പോസ്റ്റ് ഒന്ന് ഡിലീറ്റ് ചെയ്യൂ എന്ന് പറയുന്ന മക്കളെ കേരളത്തിലും കണ്ടു തുടങ്ങി എന്ന് പറയുന്നത് ഞെട്ടിക്കുന്ന അവസ്ഥയാണ്-സുമേഷ് പറയുന്നു.

രണ്ടു വിവാഹം കഴിച്ചയാളാണ് രാമൻ നായർ. ആദ്യ ഭാര്യ മരിച്ചപ്പോൾ വീണ്ടും വിവാഹിതനാവുകയായിരുന്നു. ഈ ഭാര്യയും മരിച്ചപ്പോഴാണ് അനാഥാവസ്ഥയിൽ കഴിഞ്ഞ രാമൻ നായരെ തനിച്ചാക്കി മക്കൾ സ്വന്തം കാര്യം നോക്കി പോയത്. ആറുവർഷം മുൻപാണ് രാമൻ നായരുടെ രണ്ടാം ഭാര്യ മരിക്കുന്നത്. രണ്ടു ഭാര്യമാരിലും രാമൻ നായർക്ക് മക്കളുണ്ട്. പക്ഷെ ഒരു മകൻ മരിച്ചു, ഭിന്നശേഷിക്കാരനായ മകൻ ഒന്നും ചെയ്യാൻ കഴിയാതെ കൂടെയുണ്ട് എന്നല്ലാതെ സാമ്പത്തിക ശേഷിയിൽ കഴിയുന്ന ഒരു മകനും വൃദ്ധനെ തിരിഞ്ഞു നോക്കാനില്ല. അതേസമയം പിതാവിനെ നോക്കാത്ത മക്കൾക്കെതിരെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമത്തിലെ 24ാം വകുപ്പ് പ്രകാരം മക്കൾക്കെതിരെ കൊരട്ടി പൊലീസ് കേസെടുത്തു.

സുമേഷ് പോസ്റ്റ് ചെയ്ത ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ:

രാമൻനായരുടെ സ്ഥിതി ദയനീയമാണ്.. ഇപ്പോഴും ഞാൻ ചാലക്കുടി ഗവ.ആശുപത്രിയിൽ ആണ്.. രാമൻനായർക്കൊപ്പം... മക്കൾ ആരും നോക്കുകയില്ല എന്ന നിലപാടിൽ ആണ്.. ഒരു മകൻ ഈക്കാര്യം എന്നോട് തുറന്ന് പറയുകയും ചെയ്തു.. ഞാനും,പൊലീസും രാമൻ നായരുടെ വികലാംഗനായ മകൻ മോഹനൻ ഒഴികെ നാല് മക്കളുടെ കുടുംബവും ആയി ബന്ധപ്പെട്ടു.. എല്ലാവരും കൈമലർത്തുകയാണ്... ഇവരുടെ പേരും, ഫോൺ നമ്പറും, മേൽവിലാസവും ഇവിടെ നൽകുന്നു.. നല്ല എന്റെ സുഹൃത്തുക്കൾ ഈ നമ്പറിലേക്ക് വിളിക്കുകയും, അവരോട് സ്വന്തം പിതാവിനെ നോക്കണമെന്ന് മാന്യമായി അഭ്യാർത്ഥിക്കണം... ഇത് പരമാവധി ഷെയർ ചെയ്യണം... (1) നാരായണ കുട്ടി നായർ പയ്യന്നൂർ -തെരു :നമ്പർ - 0498 5201451, (2), ശങ്കരൻനായർ, പെരുമ്പി-9387760866, (3) മാധവൻനായർ, കറുകുറ്റി, നിറുങ്ങൽ-949550 5125, (4) മരിച്ച മകൻ രാജുവിന്റെ വീട്, എടക്കുന്ന്- 9846489060... ഇതാണ് രാമൻനായരെ സഹായിക്കാൻ നമ്മുക്ക് കഴിയുന്ന സഹായം.. നന്ദി.. ആരെങ്കിലും വരും എന്ന പ്രതീക്ഷയോടെ....അഡ്വ.കെ.ആർ.സുമേഷ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP