Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

തലച്ചോറിലേക്ക് ഓക്സിജൻ എത്താതെ കോമാ സ്റ്റേജിൽ തന്നെ; ബെംഗളൂരുവിലേക്ക് എത്തിച്ചാലും മറ്റ് ചികിത്സകളൊന്നും ചെയ്യാനില്ല; വെന്റിലേറ്ററിൽ ചികിത്സ തുടരാനും നിർദ്ദേശം; നിംഹാൻസ് ഡോക്ടർമാരുടെ വീഡിയോ കോൺഫറൻസിലെ തീരുമാനങ്ങളിങ്ങനെ; സച്ചിയുടെ നില അതീവ ഗുരുതരമായി തുടരുമ്പോഴും പ്രാർത്ഥനകളോടെ സിനിമാ ലോകം

തലച്ചോറിലേക്ക് ഓക്സിജൻ എത്താതെ കോമാ സ്റ്റേജിൽ തന്നെ; ബെംഗളൂരുവിലേക്ക് എത്തിച്ചാലും മറ്റ് ചികിത്സകളൊന്നും ചെയ്യാനില്ല; വെന്റിലേറ്ററിൽ ചികിത്സ തുടരാനും നിർദ്ദേശം; നിംഹാൻസ് ഡോക്ടർമാരുടെ വീഡിയോ കോൺഫറൻസിലെ തീരുമാനങ്ങളിങ്ങനെ; സച്ചിയുടെ നില അതീവ ഗുരുതരമായി തുടരുമ്പോഴും പ്രാർത്ഥനകളോടെ സിനിമാ ലോകം

ആർ പീയൂഷ്

തൃശൂർ: പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ആരോഗ്യനില സംബന്ധിച്ച് ബംഗളൂരു നിംഹാൻസി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ലെ വിദഗ്ദ്ധ ന്യൂറോ ഡോക്ടർമാരും തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർമാരും തമ്മിൽ വീഡിയോ കോൺഫറൻസ് നടത്തി. വീഡിയോ കോൺഫറൻസിൽ നിലവിൽ സച്ചിയുടെ നില തൃപ്തികരമല്ല എന്നാണ് നിംഹാൻസ് ഡോക്ടർമാർ വിലയിരുത്തിയത്. അതിനാൽ എയർ ലിഫ്റ്റിങ് ഏറെ ദുഷ്‌ക്കരമാണ്. മാത്രമല്ല ബാഗ്ലൂരിലേക്ക് എത്തിച്ചാലും മറ്റ് ചികിത്സകളൊന്നും നടത്താനില്ല, തൃശൂരിൽ തന്നെ ചികിത്സ തുടരാനാണ് അഭിപ്രായപ്പെട്ടത്. ഇതോടെ സിനിമാ ലോകവും ആരാധകരും സച്ചിക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ്.

സച്ചിയെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇടുപ്പ് മാറ്റിവയ്ക്കാനായി ശസ്ത്രക്രിക്കായി പ്രവേശിപ്പിച്ചിരുന്നു. ആദ്യ ശസ്ത്രക്രിയ വിജയകരമായി. രണ്ടാമത്തെ ശസ്ത്രക്രിക്കായി അനസ്‌തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടായി. ഇതാണ് ആരോഗ്യാവസ്ഥയെ മോശമാക്കിയത്. തുടർന്ന് ഇന്നലെ പുലർച്ചയോടെയാണ് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ വച്ചാണ് തലച്ചോർ പ്രതികരിക്കുന്നില്ലെന്ന് കണ്ടെത്തിയത്. തലച്ചോറിലേക്കുള്ള രക്തയോട്ടത്തിലെ തകരാറാണ് സച്ചിയെ ഗുരുതരാവസ്ഥയിലാക്കിയത്. ഹൈപ്പോക്സിക് ബ്രെയിൻ ഡാമേജ് (എന്തെങ്കിലും കാരണത്താൽ തലച്ചോറിലേക്ക് ഓക്സിജൻ എത്താത്ത അവസ്ഥ) സംഭവിച്ചിരിക്കുകയാണ്.

തുടർന്നാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ന്യൂറോ ആശുപത്രിയായ നിംഹാൻസിലെ ഡോക്ടർമാരുമായി സംസാരിച്ച് വേണ്ട ചികിത്സ നടത്താമെന്ന് തീരുമാനിച്ചത്. ഇതിനായി പൃഥ്വിരാജ്, ബി ഉണ്ണിക്കൃഷ്ണൻ, രഞ്ജിത്, ബിജു മേനോൻ തുടങ്ങിയ സുഹൃത്തുക്കൾ സജീവമായി ഇടപെട്ടു. അങ്ങനെയാണ് ഇന്ന് ഡോക്ടർമാർ വീഡിയോ കോൺഫറൻസ് വഴി ആശയ വിനിമയം നടത്തിയത്. എയർ ലിഫ്റ്റ് ചെയ്ത് ബാഗ്ലൂരിലേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ അവിടെ എത്തിച്ചാലും മറ്റു ചികിത്സകൾ ഒന്നും തന്നെ നൽകാനില്ലെന്ന് ഡോക്ടർമാർ പറഞ്ഞതോടെ ശ്രമം മാറ്റി വച്ചു. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്.

ഹൈക്കോടതിയി ലെ പേരെടുത്ത അഭിഭാഷകനായിരുന്നു സച്ചി. പക്ഷേ മനസു നിറയെ സിനിമയായിരുന്നു. ഒരുപിടി പ്രമുഖ കേസുകളിൽ വിജയിച്ച് കരിയറിൽ തിളങ്ങി നിന്ന സമയത്താണ് വക്കീൽ കുപ്പായം ഉപേക്ഷിച്ച് തന്റെ സ്വപ്നമായ സിനിമയിലേക്കു സച്ചി എത്തിയത്. കേസും കാര്യങ്ങളുമെല്ലാം ജൂനിയേഴ്സിനെ ഏൽപിച്ചു കൊടുത്ത് തിരക്കഥാകൃത്തായി സിനിമയിൽ രംഗപ്രവേശം ചെയ്തു. ഹൈക്കോടതിയിൽ നിന്നു തന്നെ പരിചയപ്പെട്ട സേതുവുമൊത്ത് ഒരുപറ്റം ഹിറ്റു സിനിമകൾക്ക് തിരക്കഥയൊരുക്കി. പിന്നീട് അനാർക്കലി എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിലും താൻ പിന്നിലല്ല എന്നു തെളിയിച്ചു.

പൃഥ്വിരാജിനെ നായകനാക്കി സച്ചിയും സേതുവും ചേർന്ന് തിരക്കഥയെഴുതിയ 'ചോക്ലേറ്റ്' മുതൽ പൃഥ്വിരാജ്-ബിജു മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ 'അയ്യപ്പനും കോശിയും' വരെ ഹിറ്റുകളുടെ ഒരു വലിയ നിര തന്നെ സ്വന്തമായുണ്ട്. 'അയ്യപ്പനും കോശിയും ' എന്ന ചിത്രത്തിനു തൊട്ടുമുൻപ് പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി രചിച്ച 'ഡ്രൈവിങ് ലൈസൻസ്' എന്ന സിനിമയും സൂപ്പർഹിറ്റായിരുന്നു. കൊടുങ്ങല്ലൂരിലാണ് സച്ചി ജനിച്ച് വളർന്നതെങ്കിലും തൃപ്പൂണിത്തുറയിലാണ് താമസിക്കുന്നത്. 2007ൽ ചോക്ലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായാണ് സച്ചി മലയാളസിനിമയിൽ രംഗപ്രവേശം ചെയ്യുന്നത്. 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളുടെ തിരക്കഥയെഴുതി സംവിധാനം ചെയ്തു. രാമലീല, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങളുടെ തിരക്കഥകളും സച്ചിയുടേതായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP