Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിപ്പ് റീപ്ലേസ്‌മെന്റ് സർജറിക്ക് ഇടെ ഹൃദയാഘാതം; വിദഗ്ധ ചികിൽസ നൽകാനുള്ള യാത്രയ്ക്കിടെ തലച്ചോറിന്റെ പ്രവർത്തനം താളം തെറ്റി; ഹൈപ്പോക്‌സിക് ബ്രെയിൻ ഡാമേജ് സംഭവിച്ചതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ; തൃശൂർ ജൂബിലി ആശുപത്രിയിൽ നിന്ന് വരുന്നത് ശുഭസൂചകമല്ലാത്ത റിപ്പോർട്ടുകൾ; അത്ഭുതത്തിൽ പ്രതീക്ഷ അർപ്പിച്ച് ചികിൽസ തുടർന്ന് ഡോക്ടർമാർ; പ്രാർത്ഥനകളുമായി സിനിമയിലെ സഹപ്രവർത്തകരും ബന്ധുക്കളും; ഹിറ്റ്‌മേക്കർ സച്ചിയുടെ ആരോഗ്യാവസ്ഥ അതീവ ഗുരുതരം; 12 മണിക്കൂർ നിർണ്ണായകം

ഹിപ്പ് റീപ്ലേസ്‌മെന്റ് സർജറിക്ക് ഇടെ ഹൃദയാഘാതം; വിദഗ്ധ ചികിൽസ നൽകാനുള്ള യാത്രയ്ക്കിടെ തലച്ചോറിന്റെ പ്രവർത്തനം താളം തെറ്റി; ഹൈപ്പോക്‌സിക് ബ്രെയിൻ ഡാമേജ് സംഭവിച്ചതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ; തൃശൂർ ജൂബിലി ആശുപത്രിയിൽ നിന്ന് വരുന്നത് ശുഭസൂചകമല്ലാത്ത റിപ്പോർട്ടുകൾ; അത്ഭുതത്തിൽ പ്രതീക്ഷ അർപ്പിച്ച് ചികിൽസ തുടർന്ന് ഡോക്ടർമാർ; പ്രാർത്ഥനകളുമായി സിനിമയിലെ സഹപ്രവർത്തകരും ബന്ധുക്കളും; ഹിറ്റ്‌മേക്കർ സച്ചിയുടെ ആരോഗ്യാവസ്ഥ അതീവ ഗുരുതരം; 12 മണിക്കൂർ നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഇടുപ്പിന് നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഹൃദയാഘാതത്തിനു പിന്നാലെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (സച്ചിദാനന്ദൻ)യുടെ ആരോഗ്യനില കൂടുതൽ വഷളായതായി സൂചന. വെന്റിലേറ്ററിലുള്ള സിനിമാ പ്രവർത്തകന്റെ ആരോഗ്യത്തിൽ ഇനിയുള്ള മണിക്കൂറുകൾ അതിനിർണ്ണായകമാണ്. ബംഗ്‌ളൂരു നിംഹാൻസിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ചതിന് കാരണവും അതീവ ഗുരുതരാവസ്ഥയിലുള്ള ആരോഗ്യ സ്ഥിതയാണ്. ഇന്ന് ഉച്ചയോടെ വിദഗ്ധ ഡോക്ടർമാർ വീണ്ടും മെഡിക്കൽ കോൺഫറിൻസിൽ എത്തും. സിടി സ്‌കാനും എടുക്കും. അതിന് ശേഷം സച്ചിയുടെ തുടർ ചികിൽസയിൽ തീരുമാനം എടുക്കും.

പൃഥ്വി രാജും ബിജു മേനോനും രഞ്ജിത്തും ആണ് സച്ചിയുടെ സിനിമയിലെ അടുത്ത സുഹൃത്തുക്കൾ. ബിജു മേനോനും രഞ്ജിത്തും അടക്കമുള്ളവർ തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഉണ്ട്. നിംഹാൻസിലെ ഡോക്ടർമാർ ഇന്നലെ വീഡിയോ കോൺഫറൻസിലെത്തിയതും ഇവരുടെ ശ്രമ ഫലമായാണ്. ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനും സജീവമായി തന്നെ ഇടപെടുന്നു. സിനിമാ ലോകം ഒന്നടങ്കം ഇപ്പോൾ സച്ചിയുടെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ്. അതീവ ഗരുതരാവസ്ഥയിലുള്ള സംവിധായകന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ താര നിര തന്നെ തൃശൂരിലെ ആശുപത്രിയിൽ എത്തുന്നുണ്ട്.

സച്ചിയുടെ ചികിൽസയിൽ നിർണ്ണായക തീരുമാനങ്ങൾ ഡോക്ടർമാർ ഇന്ന് കുടുംബത്തെ അറിയിക്കും. വെന്റിലേറ്ററിന്റെ സഹായം ഒഴിവാക്കാൻ കഴിയാത്തതു കൊണ്ടാണ് ബംഗളൂരുവിലേക്കുള്ള യാത്ര വേണ്ടെന്ന് വച്ചത്. ജൂബിലി മിഷനിലെ ഡോക്ടർമാർ സച്ചിയുടെ ആരോഗ്യ നിലയെ കുറിച്ച് പ്രതികരിക്കുന്നത് ശുഭ സൂചനകളോടെ അല്ല. അത്ഭുതത്തിൽ വിശ്വാസം അർപ്പിച്ചാണ് സച്ചിയെ അവർ ചികിൽസിക്കുന്നത്. അത്രയേറെ ഗുരുതരമാണ് കാര്യങ്ങൾ. പ്രവേശിപ്പിച്ച സമയത്ത് ഉള്ളതിൽ നിന്നും നില മെച്ചപ്പെട്ടിട്ടില്ലെന്നും വെന്റിലേറ്റർ നിരീക്ഷണത്തിൽ തുടരുകയാണെന്നും ചികിത്സയിലുള്ള തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ആശുപത്രി അധികൃതരും പറയുന്നു.

മറ്റൊരു ആശുപത്രിയിൽ കഴിഞ്ഞ ദിവസം സച്ചിയെ ഹിപ്പ് റീപ്ലേസ്‌മെന്റ് സർജറിക്ക് വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. അതിന് ശേഷമാണ് ജൂബിലി മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ തലച്ചോർ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ഹൈപ്പോക്‌സിക് ബ്രെയിൻ ഡാമേജ് (എന്തെങ്കിലും കാരണത്താൽ തലച്ചോറിലേക്ക് ഓക്‌സിജൻ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി ആശുപത്രി ഇന്നലെ പുറത്തിറക്കിയ മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഹൃദയാഘാതം ഉണ്ടായ ശേഷം ജൂബിലി ആശുപത്രിയിൽ എത്തിക്കാൻ എടുത്ത സമയം ആതീവ ഗുരുതരാവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചു. വടക്കാഞ്ചേരിയിലെ ആശുപത്രിയിലായിരുന്നു ഹിപ്പ് റീപ്ലേസ്‌മെന്റ് സർജറി എന്നാണ് ലഭിക്കുന്ന സൂചന.

ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്ന 48-72 മണിക്കൂർ നിരീക്ഷണം കഴിഞ്ഞു. എന്നിട്ടും ആരോഗ്യ നിലയിൽ വലിയ മാറ്റമില്ലെന്നതാണ് ഡോക്ടർമാരെ ആശങ്കപ്പെടുത്തുന്നത്. പൃഥ്വി രാജ് അടക്കമുള്ള സുഹൃത്തുക്കളും ഇക്കാര്യം മനസ്സിലാക്കുന്നുണ്ട്. സച്ചി രചനയും സംവിധാനവും നിർവ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം വലിയ ജനപ്രീതിയും ബോക്‌സ് ഓഫീസ് വിജയവും സ്വന്തമാക്കിയിരുന്നു. അനാർക്കലി (2015)ക്കു ശേഷം സച്ചി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്.

സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകൾ ഒരുക്കിയിട്ടുണ്ട് സച്ചി. സംവിധാനം ചെയ്ത സിനിമകളുടേതുൾപ്പെടെ സ്വന്തമായി രചിച്ചത് ഏഴ് തിരക്കഥകളും. ഇതിൽ മിക്കതും സൂപ്പർ ഹിറ്റുകളായിരുന്നു. ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രവും പ്രേക്ഷക പ്രശംസയും കളക്ഷനും നേടി മുന്നേറി. ഇതിനിടെയാണ് കഥാകൃത്തും സംവിധായകനുമായ സച്ചിയെ തേടി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെത്തുന്നത്. സൗമ്യമായ ഇടപെടലുകളിലൂടെ ഉണ്ടാക്കിയെടുത്ത സൗഹൃദകരുത്താണ് വെന്റിലേറ്ററിലും സച്ചിക്ക് താങ്ങായുള്ളത്.

സച്ചിയുടെ ആരോഗ്യനില സംബന്ധിച്ച് ബംഗളൂരു നിംഹാൻസി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ലെ വിദഗ്ദ്ധ ന്യൂറോ ഡോക്ടർമാരും തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർമാരും തമ്മിൽ വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. വീഡിയോ കോൺഫറൻസിൽ നിലവിൽ സച്ചിയുടെ നില തൃപ്തികരമല്ല എന്നാണ് നിംഹാൻസ് ഡോക്ടർമാർ വിലയിരുത്തിയത്. അതിനാൽ എയർ ലിഫ്റ്റിങ് ഏറെ ദുഷ്‌ക്കരമാണ്. മാത്രമല്ല ബാഗ്ലൂരിലേക്ക് എത്തിച്ചാലും മറ്റ് ചികിത്സകളൊന്നും നടത്താനില്ല, തൃശൂരിൽ തന്നെ ചികിത്സ തുടരാനാണ് അഭിപ്രായപ്പെട്ടത്.

പൃഥ്വിരാജ്, ബി ഉണ്ണിക്കൃഷ്ണൻ, രഞ്ജിത്, ബിജു മേനോൻ തുടങ്ങിയ സുഹൃത്തുക്കൾ സജീവമായി ഇടപെട്ടു. അങ്ങനെയാണ് ഇന്ന് ഡോക്ടർമാർ വീഡിയോ കോൺഫറൻസ് വഴി ആശയ വിനിമയം നടത്തിയത്. എയർ ലിഫ്റ്റ് ചെയ്ത് ബാഗ്ലൂരിലേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ അവിടെ എത്തിച്ചാലും മറ്റു ചികിത്സകൾ ഒന്നും തന്നെ നൽകാനില്ലെന്ന് ഡോക്ടർമാർ പറഞ്ഞതോടെ ശ്രമം മാറ്റി വച്ചു. ഹൈക്കോടതിയിലെ പേരെടുത്ത അഭിഭാഷകനായിരുന്നു സച്ചി. പക്ഷേ മനസു നിറയെ സിനിമയായിരുന്നു. ഒരുപിടി പ്രമുഖ കേസുകളിൽ വിജയിച്ച് കരിയറിൽ തിളങ്ങി നിന്ന സമയത്താണ് വക്കീൽ കുപ്പായം ഉപേക്ഷിച്ച് തന്റെ സ്വപ്നമായ സിനിമയിലേക്കു സച്ചി എത്തിയത്. കേസും കാര്യങ്ങളുമെല്ലാം ജൂനിയേഴ്‌സിനെ ഏൽപിച്ചു കൊടുത്ത് തിരക്കഥാകൃത്തായി സിനിമയിൽ രംഗപ്രവേശം ചെയ്തു. ഹൈക്കോടതിയിൽ നിന്നു തന്നെ പരിചയപ്പെട്ട സേതുവുമൊത്ത് ഒരുപറ്റം ഹിറ്റു സിനിമകൾക്ക് തിരക്കഥയൊരുക്കി. പിന്നീട് അനാർക്കലി എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിലും താൻ പിന്നിലല്ല എന്നു തെളിയിച്ചു.

പൃഥ്വിരാജിനെ നായകനാക്കി സച്ചിയും സേതുവും ചേർന്ന് തിരക്കഥയെഴുതിയ 'ചോക്ലേറ്റ്' മുതൽ പൃഥ്വിരാജ്-ബിജു മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ 'അയ്യപ്പനും കോശിയും' വരെ ഹിറ്റുകളുടെ ഒരു വലിയ നിര തന്നെ സ്വന്തമായുണ്ട്. 'അയ്യപ്പനും കോശിയും ' എന്ന ചിത്രത്തിനു തൊട്ടുമുൻപ് പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി രചിച്ച 'ഡ്രൈവിങ് ലൈസൻസ്' എന്ന സിനിമയും സൂപ്പർഹിറ്റായിരുന്നു. കൊടുങ്ങല്ലൂരിലാണ് സച്ചി ജനിച്ച് വളർന്നതെങ്കിലും തൃപ്പൂണിത്തുറയിലാണ് താമസിക്കുന്നത്. 2007ൽ ചോക്ലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായാണ് സച്ചി മലയാളസിനിമയിൽ രംഗപ്രവേശം ചെയ്യുന്നത്.

2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളുടെ തിരക്കഥയെഴുതി സംവിധാനം ചെയ്തു. രാമലീല, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങളുടെ തിരക്കഥകളും സച്ചിയുടേതായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP