Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്നാറിൽ പണ്ട് വിഎസിന്റെ 'പുലികൾ പൂച്ചകളായ' സ്ഥാനത്ത് ശ്രീറാം വെങ്കിട്ടറാമൻ എന്ന യുവ ഐഎഎസുകാരൻ 'പുലിമുരുകൻ' ആകുമോ? മൂന്നാറിലെ എല്ലാ തട്ടിപ്പുനിർമ്മാണങ്ങളും പൊളിക്കാൻ നിർദ്ദേശിച്ച് നിയമസഭാ സമിതി; പരിസ്ഥിതി പരിപാലന അഥോറിറ്റി രൂപീകരിക്കാനും അതുവരെ എല്ലാ നിർമ്മാണവും നിർത്താനും ആവശ്യപ്പെട്ട് മുല്ലക്കര അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട്

മൂന്നാറിൽ പണ്ട് വിഎസിന്റെ 'പുലികൾ പൂച്ചകളായ' സ്ഥാനത്ത് ശ്രീറാം വെങ്കിട്ടറാമൻ എന്ന യുവ ഐഎഎസുകാരൻ 'പുലിമുരുകൻ' ആകുമോ? മൂന്നാറിലെ എല്ലാ തട്ടിപ്പുനിർമ്മാണങ്ങളും പൊളിക്കാൻ നിർദ്ദേശിച്ച് നിയമസഭാ സമിതി; പരിസ്ഥിതി പരിപാലന അഥോറിറ്റി രൂപീകരിക്കാനും അതുവരെ എല്ലാ നിർമ്മാണവും നിർത്താനും ആവശ്യപ്പെട്ട് മുല്ലക്കര അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട്

തിരുവനന്തപുരം: മൂന്നാറിൽ ഭരണകക്ഷികൾ ഉൾപ്പെടെയുള്ള പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ അനുഗ്രഹത്തോടെ റിസോർട്ട്, ഭൂമാഫിയകളും ചേർന്ന് നടത്തുന്ന വെട്ടിപ്പുകൾക്കെതിരെ ശക്തമായി നിലകൊള്ളുന്ന് യുവ ഐഎഎസുകാരൻ ശ്രീറാം വെങ്കിട്ടരാമനെ ഇനി ഒതുക്കാനാവില്ല. മൂന്നാറിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് വിശദമായി പഠനം നടത്തിയ നിയമസഭാ ഉപസമിതി അവിടെ നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യണമെന്ന് ശുപാർശ ചെയ്തിരിക്കുകയാണ് ഇപ്പോൾ.

ഇതോടെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ മൂന്നാർ ദൗത്യത്തിന് ചിറകൊടിച്ചതുപോലെ ഇപ്പോൾ ഒരു യുവ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ റിസോർട്ട് മാഫിയകൾക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നിലപാടുകളെ തടയാനാവില്ലെന്ന സ്ഥിതിയാണ് ഉണ്ടാവുന്നത്.

ശ്രീറാമിനെതിരെ പ്രാദേശിക രാഷ്ട്രീയ കക്ഷികളെ കൂട്ടുപിടിച്ച് റിസോർട്ട് മാഫിയ നടത്തുന്ന ശ്രമങ്ങൾ ദിവസങ്ങൾക്ക് മുമ്പ് മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമസഭാ സമിതിയും മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി നിർദ്ദേശിച്ച് റിപ്പോർട്ട് നൽകിയിട്ടുള്ളത്.

മൂന്നാർ മേഖലയിൽ ഇതുവരെ നൽകിയ, വ്യവസ്ഥകൾക്ക് വിരുദ്ധമായ എല്ലാ പട്ടയങ്ങളും റദ്ദ് ചെയ്യണമെന്നും അനുവദനീയമല്ലാത്ത ഉയരുള്ള റഇസോർട്ടുകൾ ഉൾപ്പെടെയുള്ള വാണിജ്യസ്ഥാപനങ്ങളുടെ നിർമ്മാണം നിർത്തണമെന്നും ഉപസമിതിയുടെ വ്യക്തമായി പറയുന്ന റിപ്പോർട്ടാണ് നിയമസഭാ ഉപസമിതി നൽകിയിട്ടുള്ളത്. മൂന്നാറിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച പഠനം നടത്താൻ നിയോഗിച്ച സമിതി ഇന്ന് നിയമസഭയിൽ വെച്ച ഒന്നാമത്തെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

മുല്ലക്കര രത്നാകരനാണ് നിയമസഭാ ഉപസമിതിയുടെ അധ്യക്ഷൻ. ഇത് കൂടാതെ പാരിസ്ഥിതിക പരിപാലന വികസന അഥോറിറ്റി രൂപീകരിക്കണമെന്നും അഥോറിറ്റി രൂപീകരിക്കുന്നത് വരെ കെട്ടിട നിർമ്മാണം നിർത്തിവെക്കണമെന്നും ഉപസമിതി ശുപാർശ ചെയ്തിട്ടുണ്ട്.

സമിതിയുടെ ശക്തമായ നിലപാട് മൂന്നാറിനെ രക്ഷിക്കുമോ?

മൂന്നാറിലെ കയ്യേറ്റങ്ങളും പാരിസ്ഥിതിക ആഘാതങ്ങളും പഠിച്ച സമിതി തന്നെ ഇത്തരത്തിൽ ഒരു ശക്തമായ നടപടി ശുപാർശ ചെയ്ത സാഹചര്യത്തിൽ സർക്കാരും ഇതിനൊപ്പം നി്ൽക്കുമെന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കും നിർമ്മാണങ്ങൾക്കുമെതിരെ ശക്തമായ നടപടിയെടുത്ത ശ്രീറാം വെങ്കിട്ടരാമന്റെ പ്രവർത്തനങ്ങൾക്ക് അത് അംഗീകാരവുമായി മാറുന്നു.

പാരിസ്ഥിതിക പരിപാലന വികസന അഥോറിറ്റി ആറു മാസത്തിനകം രൂപീകരിക്കണമെന്നാണ് നിയമസഭാ സമിതി ശുപാർശചെയ്തിട്ടുള്ളത്. മൂന്നാറിന് ബാധകമായ രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള മാർഗനിർദ്ദേശ രേഖയുണ്ടാക്കണം. റവന്യൂ വകുപ്പ് ഇക്കാര്യത്തിൽ കൃത്യമായ നടപടികളെടുക്കണമെന്നും സമിതി ശുപാർശ ചെയ്തു. പട്ടയപ്രശ്ങ്ങളും നിർമ്മാണ പ്രശ്നങ്ങളും നിരവധിതവണ കോളിളക്കമുണ്ടാക്കിയ മൂന്നാറിലെ വിഷയത്തിൽ സിപിഐയുടെ ശക്തനായ നേതാവായ മുല്ലക്കര രത്‌നാകരന്റെ നേതൃത്വത്തിലുള്ള സമിതി തന്നെ അവിടെയുള്ള അനധികൃത നിർമ്മാണങ്ങൾക്കും കയ്യേറ്റങ്ങൾക്കുമെതിരെ കടുപ്പിച്ച നിലപാട് സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചതോടെ ഇത് മൂന്നാറിന്റെ മനോഹാരിതയും പരിസ്ഥിതിയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവർക്കെല്ലാം ആവേശമായി മാറുകയാണ്.

എന്നാൽ സഭയിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് അതേപടി അംഗീകരിക്കുമോ എന്ന സംശയവും ഇതോടെ ഉയർന്ന്ിട്ടുണ്ട്. റിപ്പോർട്ട് അതേപടി അംഗീകരിച്ചാൽ കേരള രാഷ്ട്രീയത്തിൽ വീണ്ടും മൂന്നാർ വലിയ ചർച്ചാ വിഷയമായി മാറും. മൂന്നാറിനെ രക്ഷിക്കാൻ അവസാന ശ്രമം എന്ന നിലയിലാണ് മാസങ്ങൾക്കു മുമ്പ് ദേവികുളം സബ്കളക്ടറായി അധികാരമേറ്റ ശ്രീറാം വെങ്കിട്ടരാമൻ കടുത്ത നടപടികൾ കൈക്കൊണ്ടത്.

രാഷ്ട്രീയക്കാരെല്ലാം എതിർത്തിട്ടും വഴങ്ങാതെ സബ്കളക്ടർ 

മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തന്നെ മൂന്നാർ ദൗത്യവുമായി രംഗത്തിറങ്ങിയെങ്കിലും അതിനെ മൂന്നാറിലെ തന്നെ എല്ലാ ലോബികളും ചേർന്ന് തകർത്തു. ദൗത്യവുമായി വി എസ് അയച്ച മൂന്നു പുലികൾ പിന്നീട് പൂച്ചകളായി വിശേഷിപ്പിക്കപ്പെട്ടതും ചരിത്രം.

അന്ന് മൂന്നാറിലെ കയ്യേറ്റങ്ങൾ പൊളിച്ചടുക്കി തുടങ്ങിയത് വാർത്തകളിൽ നിറയുകയും പ്രദേശത്തെ പാർട്ടി ഉന്നതരുടെ സ്ഥാപനങ്ങളിലേക്കും പാർട്ടി ഓഫീസുകളിലേക്കും വരെ ജെസിബി കയ്യുകൾ നീളുകയും ചെയ്തപ്പോഴാണ് വിഎസിന്റെ ദൗത്യം പാർട്ടിതന്നെ ഇടപെട്ട് പൊളിച്ചത്. പിന്നീട് ഇടയ്ക്കിടെ ജീവൻവയ്ക്കുകയും അതേവേഗത്തിൽ ഇല്ലാതാവുകയും ചെയ്ത കയ്യേറ്റമൊഴിപ്പിക്കലിന് ഇപ്പോൾ കഴിഞ്ഞവർഷം പകുതിയോടെ ശ്രീറാം വെങ്കട്ടരാമൻ ദേവീകുളം ആർഡിഒ ആയി എത്തിയതോടെ വേഗം കൂടി.

ഇതിൽ പല നടപടികളും ഉന്നത രാഷ്ട്രീയ ബന്ധമുള്ള ചിലരുടെ റിസോർട്ടുകളിലേക്കും എസ്റ്റേറ്റുകളിലേക്കും എത്തിയതോടെയാണ് ജില്ലയിലെ സി.പി.എം നേതൃത്വവും ഇപ്പോൾ സിപിഐ നേതൃത്വവും ഉൾപ്പെടെ ശ്രീറാമിനെതിരെ തിരിഞ്ഞത്. ഇക്കാര്യം മറുനാടൻ റിപ്പോർട്ടുചെയ്തതോടെ വിഷയം വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു.

പുതിയ എൽഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് കഴിഞ്ഞവർഷം ജൂലായ് 22ന് ശ്രീറാം മൂന്നാറിലെത്തുന്നത്. ഇപ്പോഴത്തെ സാഹചര്യം മുമ്പ് വി എസ് മൂന്നാർ ദൗത്യം നടത്തിയതിൽ നിന്നും അൽപം ഭിന്നമായിരുന്നു. 2007-08 കാലത്തെ കെട്ടിടം പൊളിക്കലിനും കോലാഹലങ്ങൾക്കുംശേഷം വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന ഫയൽ ചെയ്ത കേസിൽ, മൂന്നാർ പ്രദേശത്തെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ജില്ലാകളക്ടറുടെ എൻഓസി ലഭിച്ചതിന് ശേഷമേ നടത്താവൂ എന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരുന്നു.

എന്നാൽ മൂന്നാർ ടൗൺ ഉൾപ്പെടുന്ന കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ മാത്രമേ ഈ ഉത്തരവ് ഭാഗികമായി പോലും പാലിക്കപ്പെട്ടുള്ളൂ. കണ്ണൻ ദേവൻ കമ്പനി ആദ്യകാലത്ത് തൊഴിലാളികൾക്കായി സ്ഥാപിച്ച പരിമിതമായ സൗകര്യങ്ങളുള്ള ടൗൺഷിപ്പായിരുന്നു മൂന്നാർ.

മൂന്നാറിന്റെ വിനോദസഞ്ചാര സാധ്യതകൾ തിരിച്ചറിയപ്പെടുകയും, ഇതു മുന്നിൽക്കണ്ട് 1995 മുതലിങ്ങോട്ട് നിരവധി വ്യാപാര സ്ഥാപനങ്ങളും, ലോഡ്ജുകളും റിസോർട്ടുകളും മുതിരപ്പുഴയാറിന്റെ ഇരുകരകളിലുമായി നിർമ്മിക്കപ്പെടുകയും ക്രമേണ പുഴയുടെതീരം കൂടുതൽകൂടുതൽ കൈയേറപ്പെടുകയും ചെയ്തു. 2015 അവസാനത്തോടെ മുതിരപ്പുഴയുടെ സ്വാഭാവിക ഒഴുക്കിനെവരെ തടസ്സപ്പെടുത്തുന്ന വിധത്തിൽ നിർമ്മാണങ്ങളും കൈയേറ്റങ്ങളും വർദ്ധിച്ച ദയനീയമായ അവസ്ഥ സംജാതമായി.

കോടതി ഉത്തരവ് വന്ന 2010 ജനുവരി മുതൽ 2015 വരെ നിരവധി സബ്കളക്ടർമാരും, ജില്ലാകളക്ടർമാരും വന്നുപോയി. പക്ഷേ, ഇവരിലാരും കോടതി ഉത്തരവ് പാലിക്കാൻ ധൈര്യം കാണിച്ചില്ല; അല്ലെങ്കിൽ അവരെക്കൊണ്ട് ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും ചെയ്യിച്ചില്ല. 2015 ൽ ദേവികുളം ആർ.ഡി.ഒ ആയി ചുമതലയേറ്റ സബിൻ സമീദ് 2010ലെ കോടതി ഉത്തരവ് നടപ്പാക്കുവാൻ ധൈര്യംകാണിച്ചു. അങ്ങനെ മൂന്നാറിലെ 8 വില്ലേജുകളിലെ എല്ലാ നിർമ്മാണങ്ങൾക്കും ജില്ലാകളക്ടറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

കൃഷിക്കും വീടുവച്ചു താമസിക്കുന്നതിനും മാത്രമായി നൽകുന്ന പട്ടയ ഭൂമിയിലും, ഏലംകൃഷിക്ക് മാത്രമായി നല്കിയ ഏലപ്പട്ടയ ഭൂമിയിലും വ്യവസ്ഥകൾ ലംഘിച്ച് പണിതുകൊണ്ടിരുന്ന നൂറോളം റിസോർട്ടുകളുടെ നിർമ്മാണം ഇതോടെ പാതിവഴിയിൽ നിലച്ചു. എൻഓസി ഇല്ലാത്ത എല്ലാ നിർമ്മാണങ്ങൾക്കും നിരോധന ഉത്തരവ് നൽകിത്തുടങ്ങി. വീടുകൾ നിർമ്മിക്കുന്നതിന് മാത്രം അനുമതി നൽകിവന്നു. ഈ സാഹചര്യത്തിലേക്കാണ് പുതിയ എൽഡിഎഫ് സർക്കാർ വന്നതിന് പിന്നാലെ 2016 ജൂലായ്മാസത്തോടെ ശ്രീറാം വെങ്കിട്ടരാമൻ ദേവീകുളം സബ് കളക്ടറായി ചുമതലേയൽക്കുന്നത്.

അതേസമയം തന്നെ പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഇടുക്കിയിൽ സിപിഎമ്മും റവന്യൂ വകുപ്പ് കയ്യാളുന്ന സിപിഐയും തമ്മിൽ വൻ വാക്കുപോര് പരസ്യമായി നടന്നിരുന്നു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടു പോകുന്നതിനെ ചൊല്ലിയായിരുന്നു ഈ തർക്കം രൂപപ്പെട്ടത്. ജില്ലയിലെ പ്രബല നേതാവുകൂടിയായ ഇപ്പോഴത്തെ മന്ത്രി എംഎം മണി അന്ന് സിപിഐ മന്ത്രിമാർക്കെതിരെ പരസ്യമായി രംഗത്തുവരികയും ഇതിന് മറുപടിയുമായി സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ രംഗത്തെത്തുകയും ചെയ്തത് വലിയ വാർത്തയുമായി.

എന്നാൽ ഇപ്പോൾ മണി മന്ത്രിയായതോടെ സിപിഎമ്മിന്റെ വാദങ്ങൾക്ക് ജില്ലയിൽ പ്രാബല്യമേറിയ സ്ഥിതിയാണ് ഉണ്ടായത്. സമ്മർദ്ദമേറിയതോടെ കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കുന്ന സബ്കളക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ രംഗത്തെത്തിയത് ഇപ്പോൾ വലിയ ചർച്ചയാണ് ഇടുക്കിയിൽ.

നിയമസഭാ സമിതി റിപ്പോർട്ട് സർക്കാർ അംഗീകരിക്കുമോ?

ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ദേവികുളം സബ്കളക്ടർക്കെതിരെ സിപിഐ പ്രത്യക്ഷമായി രംഗത്തെത്തിയതും ചർച്ചയായി. സിപിഐ റവന്യൂ വകുപ്പ് ഭരിക്കുമ്പോൾ ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥനെതിരെ പാർട്ടി ജില്ലാ സെക്രട്ടറി ശിവരാമൻ തന്നെ രംഗത്തെത്തുകയായിരുന്നു. ദേവികുളത്ത് ചുമതലയേറ്റ നാൾ മുതൽ ഈ ഉദ്യോഗസ്ഥൻ പല വിധത്തിൽ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടുമായി മുന്നോട്ടു പോവുകയാണെന്നായിരുന്നു ശിവരാമൻ ഉന്നയിച്ച ആരോപണം. കാന്തല്ലൂർ, മറയൂർ, വട്ടവട ഉൾപ്പെട്ട അഞ്ച് വില്ലേജുകളിൽ കൈവശാവകാശ സർട്ടിഫിക്കറ്റിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സബ്കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് ഉടൻ പിൻവലിക്കണമെന്നായിരുന്നു ആവശ്യം.

പക്ഷേ, ഇപ്പോൾ സിപിഐയുടെ മുതിർന്ന നേതാവായ മുല്ലക്കര തന്നെ അധ്യക്ഷനായ നിയമസഭാ സമിതിയും മൂന്നാറിനെ രക്ഷിക്കാൻ അടിയന്തിര നടപടി വേണമെന്ന് ശുപാർശ ചെയ്ത് റിപ്പോർട്ടു നൽകിയ സാഹചര്യത്തി്ൽ റിസോർട്ട് മാഫിയകളെയും കയ്യേറ്റക്കാരെയും സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കാൻ സർക്കാരിനും കഴിയില്ലെന്ന നിലയാണ് ഉണ്ടാവുന്നത്. ഇതിന് പിണറായി സർക്കാർ എത്രത്തോളം ആർജവം കാട്ടുമെന്നും റിപ്പോർട്ട് അതേപടി അംഗീകരിക്കുമോ എന്നുമാണ് ഇനി കണ്ടറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP