Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

വെയില് കൊണ്ടതും മതില് തീർത്തതും വെറുതെയായി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ സിപിഎം പറഞ്ഞതെല്ലാം വിഴുങ്ങി; നഷ്ടമായ വോട്ടു ബാങ്കിനെ തിരിച്ച് പിടിക്കാൻ സിപിഎം ശ്രമങ്ങൾ നടത്തുമ്പോൾ എതിർപ്പ് പരസ്യമായി പറഞ്ഞ് പുന്നല ശ്രീകുമാർ

വെയില് കൊണ്ടതും മതില് തീർത്തതും വെറുതെയായി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ സിപിഎം പറഞ്ഞതെല്ലാം വിഴുങ്ങി; നഷ്ടമായ വോട്ടു ബാങ്കിനെ തിരിച്ച് പിടിക്കാൻ സിപിഎം ശ്രമങ്ങൾ നടത്തുമ്പോൾ എതിർപ്പ് പരസ്യമായി പറഞ്ഞ് പുന്നല ശ്രീകുമാർ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമർശനവുമായി നവോത്ഥാന സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. യുവതീപ്രവേശന വിഷയത്തിൽ അനുകൂല നിലപാടെടുക്കുന്നത് വോട്ട് ബാങ്കിൽ വിള്ളൽ വീഴ്‌ത്തുമെന്ന തിരിച്ചറിവിൽ പ്രഖ്യാപിത നിലപാടിൽ നിന്നും സർക്കാരും സിപിഎമ്മും പിന്നോട്ട് പോയതോടെയാണ് സർക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് പുന്നല ശ്രീകുമാർ രംഗത്തെത്തിയത്.

മലകയറാൻ യുവതികൾ കോടതി ഉത്തരവുമായി വരട്ടെ എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും പുന്നല ശ്രീകുമാർ ആരോപിച്ചു. ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിന്റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങൾക്ക് തിരിച്ചടിയാണ്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പിണറായി വിജയൻ സർക്കാരിനെന്നും പുന്നല ശ്രീകുമാർ ആരോപിച്ചു.

ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മുൻകൈയിൽ രൂപീകരിച്ച നവോത്ഥാന സമിതിയിൽ അതേ വിഷയവുമായി ബന്ധപ്പെട്ട് തന്നെ വിള്ളൽ വീഴുകയാണ്. യുവതീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. പക്ഷെ പുനപരിശോധന ഹർജികളിൽ തീരുമാനം വരും വരെ യുവതീ പ്രവേശനം വേണ്ടെന്നാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്. ഇത് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിനെതിരാണെന്ന ആക്ഷേപവുമായി നവോത്ഥാന സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ രംഗത്തെത്തിയിരിക്കുന്നത്.

ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടാണ് വെള്ളാപ്പള്ളി നടേശനെ ചെയർമാനും പുന്നലയെ കൺവീനറാക്കിയും നവോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപപ്പെടുന്നത്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കേറ്റ കനത്ത തിരിച്ചടി ശബരിമല വിഷയത്തിൽ സർക്കാരും സിപിഎമ്മും സ്വീകരിച്ച നിലപാട് കാരണമാണ് എന്നായിരുന്നു സിപിഎം വിലയിരുത്തൽ. ഈ വിലയിരുത്തലിനെയും അന്നേ പുന്നല ശ്രീകുമാർ തള്ളിയിരുന്നു. ന്യൂനപക്ഷ ഏകീകരണമാണ് ഇടത് പരാജയത്തിന് കാരണം എന്നായിരുന്നു പുന്നലയുടെ നിലപാട്.

പെണ്ണുങ്ങൾ വെയില് കൊണ്ട് മതില് തീർത്തതും വെറുതെയായി

ശബരിമലയിൽ യുവതീപ്രവേശനമാകാം എന്ന സുപ്രീംകോടതി വിധിയുടെ പിന്നാലെ നവേത്ഥാന പ്രസ്ഥാനത്തിന്റെ തുടർച്ചയാണ് എന്ന പ്രഖ്യാപനമാണ് സിപിഎം നടത്തിയത്. നാമജപവും പ്രതിഷേധവുമായി വിശ്വാസികളായ സ്ത്രീകളെ ബിജെപിയും മറ്റ് സംഘടനകളും രംഗത്തിറക്കിയപ്പോൾ വനിതാമതിൽ തീർത്താണ് സിപിഎം മറുപടി നൽകിയത്. വനിതാ മതിലുമായി ബന്ധപ്പെട്ട് പിണറായി വിജയൻ അക്കാലത്ത ദേശാഭിമാനി പത്രത്തിൽ വിശദമായ ലേഖനം തന്നെ എഴുതിയിരുന്നു. ഡിസംബർ 31ന് മുഖ്യമന്ത്രി പിണറായി വിജയൻ എഴുതിയ ലേഖനം ഇങ്ങനെ..

'ലോകമെമ്പാടുമുള്ള ജനങ്ങൾ പുതുവത്സരത്തെ സ്വാഗതംചെയ്യുന്ന ദിനമാണ് ജനുവരി ഒന്ന്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമുള്ള ശിവഗിരി തീർത്ഥാടനം അവസാനിക്കുന്ന ദിനവും അന്നാണ്. ആ ദിനത്തിലാണ് നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുന്നതിനും സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുകയെന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചും വനിതാമതിൽ ഉയരുന്നത്. കേരളത്തെ ഭ്രാന്താലയമായി മാറ്റരുതെന്ന മുദ്രാവാക്യവും ഇത് മുന്നോട്ടുവയ്ക്കുന്നുണ്ട്. കാസർകോട് മുതൽ തിരുവനന്തപുരംവരെ വനിതാമതിൽ രൂപപ്പെടുമ്പോൾ അതിനോട് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് ജനാധിപത്യകേരളം ഒപ്പമുണ്ടാകുമെന്നും വ്യക്തമായി കഴിഞ്ഞിട്ടുണ്ട്.

സ്ത്രീ- പുരുഷ സമത്വം
വനിതാമതിൽ സൃഷ്ടിക്കുന്നതിന് ഇടയായ സാഹചര്യം സ്ത്രീപുരുഷ തുല്യത എന്ന ഭരണഘടനാതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയാണ്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിൽ എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് കോടതി വിധിച്ചത്.
വിധി വന്നയുടനെ അത് നടപ്പാക്കണമെന്ന് നിർദ്ദേശിച്ചവർതന്നെ പിന്നീട് അതിനെതിരായി രംഗത്തുവന്നു. ഒരു വിഭാഗം സ്ത്രീകളെ തെരുവിലിറക്കി കേരളത്തിലെ സ്ത്രീകൾ വിധിക്കെതിരാണെന്ന പ്രതീതി സൃഷ്ടിക്കാനും ശ്രമമുണ്ടായി. ഒപ്പം ഇതിന്റെ മറവിൽ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകൾ അശുദ്ധരാണെന്ന് പ്രഖ്യാപിക്കുന്ന തരത്തിലുള്ള പ്രചാരവേലകളും ഉയർന്നുവന്നു. ഹിന്ദുമതവിഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള പ്രചാരവേലകൾ ഉയർത്തിക്കൊണ്ടുവന്നത്.

ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഹിന്ദുമതവിഭാഗങ്ങളിൽ നവോത്ഥാന മുദ്രാവാക്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ട് പ്രവർത്തിച്ച പാരമ്പര്യമുള്ള സംഘടനകൾ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചുചേർത്തത്. നവോത്ഥാന ആശയങ്ങൾക്കും സ്ത്രീപുരുഷ സമത്വത്തിനും ഒപ്പമാണ് കേരളത്തിലെ സ്ത്രീകളെന്ന് പ്രഖ്യാപിക്കേണ്ടത് നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമാണെന്ന ആശയം ഈ യോഗത്തിൽ ഉയർന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള ആശയമായിരുന്നു വനിതാമതിലിന്റേത്.

ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരെയും ഇതിൽ അണിനിരത്തേണ്ടതിന്റെ പ്രാധാന്യവും ഇതിനോടൊപ്പം ഉയർന്നുവന്നിരുന്നു. സ്ത്രീപുരുഷ സമത്വം ഉറപ്പുവരുത്തുക എന്നതും സ്ത്രീകളുടെ ശാക്തീകരണം സാധ്യമാക്കുക എന്നതുമാണ് സർക്കാരിന്റെ നയം. അതുകൊണ്ടുതന്നെ സർക്കാരിന് ആ ആശയത്തെ പിന്തുണയ്ക്കുന്നതിൽ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. അതിന്റെയടിസ്ഥാനത്തിൽ യോഗത്തിൽ ഒരു സംഘാടകസമിതി രൂപീകരിച്ചു. പിന്നീട് വനിതാ സബ് കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ ഭാരവാഹികളെയും സംഘാടകസമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. വിവിധ സംഘടനകൾ ഇതിന് പിന്തുണയുമായി രംഗത്തിറങ്ങി. ഇടതുപക്ഷ ജനാധിപത്യ വനിതാമുന്നണിയും ഇതോടൊപ്പം ചേർന്ന് നേതൃത്വപരമായി തന്നെ ഇടപെട്ടു.
സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരും വനിതാമതിലിനായുള്ള തയ്യാറെടുപ്പുകളിലും ഐക്യദാർഢ്യപ്രകടനങ്ങളിലും നിരന്തരം പങ്കെടുത്തുകൊണ്ടിരിക്കുന്നു. സ്ത്രീകളുടെ ഈ മുന്നേറ്റത്തിന് പിന്തുണയറിയിച്ച് നിരവധി ചുവരെഴുത്തുകളും പാട്ടുകളും കഥാപ്രസംഗങ്ങളും വീഡിയോകളും പ്രകടനങ്ങളും തെരുവുനാടകങ്ങളും ഫ്‌ളാഷ് മോബുകളും മറ്റും നാടിന്റെ എല്ലാഭാഗങ്ങളിലും ഉണ്ടായി. അവയിൽ എല്ലാവിഭാഗങ്ങളിലുംപെട്ട സ്ത്രീകൾ പങ്കാളികളായി. നവോത്ഥാനവും സ്ത്രീപുരുഷ സമത്വവും കേളീയ സമൂഹമാകമാനം ചർച്ച ചെയ്യുന്ന സ്ഥിതിയുണ്ടായി.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെക്കുറിച്ച് അജ്ഞരായവർ പലവിധ വിമർശനങ്ങളുമായി ഇപ്പോൾ രംഗത്തുവരികയാണ്. കമ്യൂണിസ്റ്റ് പാർട്ടി ഇത്തരം സംഘടനകളുമായി ചേർന്ന് നവോത്ഥാന മുദ്രാവാക്യത്തിനായി പ്രവർത്തിക്കുന്നത് ശരിയല്ലെന്നതാണ് ഒരു വാദം. എന്നാൽ, കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നേരിട്ടുനടത്തിയ സമരങ്ങളായിരുന്നു പാലിയം സമരവും കുട്ടംകുളം സമരവും. പാലിയം റോഡിലൂടെ എല്ലാവർക്കും പ്രവേശനം വേണമെന്നാവശ്യം പാലിയത്ത് ഉയർന്നപ്പോൾ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ വഴികളിലെ പ്രവേശനത്തിനായിരുന്നു കുട്ടംകുളം സമരം. ഈ സമരം കമ്യൂണിസ്റ്റ് പാർട്ടി നടത്തിയത് എസ്എൻഡിപിയും പുലയ മഹാസഭയും പ്രജാമണ്ഡലവും ഒക്കെയായി ചേർന്നുകൊണ്ടായിരുന്നു എന്ന ചരിത്രയാഥാർഥ്യത്തെ ഇവർ വിസ്മരിക്കുന്നു.

വനിതാമതിൽ സംഘടിപ്പിച്ചതിലൂടെ വർഗരാഷ്ട്രീയം കൈയൊഴിഞ്ഞ് സ്വത്വരാഷ്ട്രീയത്തിന്റെ പാതയിലേക്ക് കമ്യൂണിസ്റ്റ് പാർട്ടി നീങ്ങിയെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. ഒരു വിഭാഗത്തിന്റെ പ്രശ്‌നം മറ്റൊരു വിഭാഗത്തിന് മനസ്സിലാക്കാനാവില്ല എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുവയ്ക്കപ്പെടുന്നതാണ് സ്വത്വരാഷ്ട്രീയം. ഇവിടെ സ്ത്രീകളുടെ പ്രശ്‌നം സജീവമായി ഏറ്റെടുക്കണമെന്ന് പറയുകയും അതിനായി പിന്തുണയുമായി എത്തുകയും ചെയ്തത് സ്ത്രീകൾ മാത്രമല്ലെന്ന് എല്ലാവർക്കുമറിയാം. സംഘാടക സമിതിയുടെ നേതൃത്വത്തിൽ തന്നെ പുരുഷന്മാർ ഉണ്ടായിരുന്നു എന്ന വസ്തുതയും മറച്ചുവയ്ക്കുകയാണ് ഇവർ ചെയ്യുന്നത്.

വനിതാമതിലിനെ പിന്തുണയ്ക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗസമരമെന്ന കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന വാദം തെറ്റാണ്. വർഗസമരത്തിന്റെ ഭാഗമെന്ന നിലയിലാണ് സാമൂഹ്യമായ അവശതകളുടെ പ്രശ്‌നങ്ങളെ കമ്യൂണിസ്റ്റുകാർ കാണുന്നത്. ജാതീയമായ അടിച്ചമർത്തലിനെതിരെ പൊരുതുക എന്നതും ലിംഗസമത്വത്തിനായി നിലക്കൊള്ളുക എന്നതും അതുകൊണ്ടുതന്നെ വർഗസമരത്തിന്റെ ഭാഗം തന്നെയാണ്. സ്ത്രീവിമോചനം സാമൂഹ്യവിമോചനത്തിന്റെ ഭാഗം തന്നെയാണ് എന്നതാണ് കമ്യൂണിസ്റ്റുകാരുടെ നിലപാട്.

ഉണർവിന്റെയും വളർച്ചയുടെയും ചരിത്രം
നവോത്ഥാന മുന്നേറ്റത്തിൽ സ്ത്രീകളുടെ പ്രശ്‌നങ്ങളും സജീവമായി തന്നെ നവോത്ഥാന നായകർ മുന്നോട്ടുവച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അയ്യൻകാളിയും വി ടി ഭട്ടതിരിപ്പാടും മന്നത്ത് പത്മനാഭനും ഇത്തരം ഇടപെടലുകൾ സജീവമായി നടത്തിയിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും നവോത്ഥനം സജീവമായിരുന്നു. മക്തി തങ്ങളെയും ചാലിലകത്ത് കുഞ്ഞമ്മദ് ഹാജിയേയും വക്കം മൗലവിയേയും പോലുള്ളവർ സ്ത്രീവിദ്യാഭ്യാസത്തിന് നൽകിയ പ്രാധാന്യം ശ്രദ്ധേയമായിരുന്നു. ഹലീമ ബീവിയെപോലുള്ള മുസ്ലിം നവോത്ഥാന പ്രവർത്തകരും ഇക്കാര്യത്തിൽ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. അക്കമ്മ ചെറിയാനെ പോലുള്ളവരും ഈ മുദ്രാവാക്യം മുറുകെ പിടിച്ചവരാണ്. ഇങ്ങനെ എല്ലാ ജനവിഭാഗങ്ങളെയും സ്വാധീനിച്ച മഹാപ്രവാഹമായിരുന്നു നവോത്ഥാനം. അത് സംരക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തിക്കണമെന്നു പറയുന്നത് വർഗീയതയാവുന്നു എന്നതാണ് ചിലരുടെ കണ്ടുപിടിത്തം. ഇത് ചരിത്രനിഷേധമാണ്.

നവോത്ഥാനം മുന്നോട്ടുവച്ച ആശയങ്ങളെ ദേശീയപ്രസ്ഥാനവും തുടർന്ന് കർഷകതൊഴിലാളി പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയും ശക്തമായി മുന്നോട്ടുകൊണ്ടുപോയി. സാമൂഹ്യ അവശതകൾക്കെതിരായ പ്രവർത്തനങ്ങളിൽ അവർ വ്യാപൃതരായി. ഇത്തരം അവശതകൾക്ക് അടിസ്ഥാനമായ ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറയെ തകർക്കുന്ന പ്രവർത്തനം 1957ലെ സർക്കാർ നടപ്പാക്കി. ഇത്തരം ഇടപെടലുകളുടെ ഫലമായി കേരളത്തിലെ സ്ത്രീകളുടെ ജീവിതം മുൻകാലങ്ങളിലുള്ളതിനേക്കാൾ മെച്ചപ്പെടുത്താനായിട്ടുമുണ്ട്.

ലോകപ്രസിദ്ധമായ കേരളവികസനമാതൃകയിലൂടെ മാതൃമരണം കുറയ്ക്കാനും സ്ത്രീകളുടെ ആയുർദൈർഘ്യം, സാക്ഷരത, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ കാര്യത്തിൽ മുന്നോട്ടുപോകാനും കഴിഞ്ഞു. എന്നാൽ, കേരളത്തിന്റെ പൊതുവായ വികാസത്തിനൊപ്പം സ്ത്രീകൾ ഇനിയും എത്തിയിട്ടില്ലാ എന്ന പ്രശ്‌നം നിലനിൽക്കുന്നുണ്ട്. നമ്മുടെ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീകളെ പൂർണമായി ഉൾക്കൊള്ളാതെ കേരളത്തിന്റെയാകെ വികസനവും പുരോഗതിയും യാഥാർഥ്യമാവുകയില്ല എന്ന കാഴ്ചപ്പാടോടെയാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നത്.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഇക്കാര്യത്തിൽ തികഞ്ഞ ജാഗ്രത തന്നെയാണ് പുലർത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി ഒരു പ്രത്യേക വകുപ്പുതന്നെ സർക്കാർ രൂപീകരിച്ചു. ജെൻഡർ ബജറ്റിങ് നടപ്പാക്കുകയും അതിലൂടെ സ്ത്രീസൗഹൃദ പദ്ധതികൾക്കായി പ്രത്യേക വകയിരുത്തൽ ഏർപ്പെടുത്തുകയും ചെയ്തു. സ്ത്രീകൾക്കുവേണ്ടി മറ്റനവധി പദ്ധതികളും നടപ്പാക്കി.

സ്ത്രീകൾക്ക് സമൂഹത്തിൽ പുരുഷനോടൊപ്പം തുല്യതയോടെ ജീവിക്കുന്നതിനുള്ള അവകാശമുണ്ട്. എല്ലാ മേഖലയിലും അത് ലഭിക്കാനുള്ള സാഹചര്യമൊരുക്കുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം യാഥാർഥ്യമാകണമെങ്കിൽ നമ്മുടെ ബോധമണ്ഡലത്തിലും ജീവിതവീക്ഷണത്തിലും അതിനു സമാനമായ മാറ്റങ്ങളുണ്ടാകണം. പുരുഷനൊപ്പമാണ് സ്ത്രീ എന്ന ആത്മവിശ്വാസം അവരിൽ രൂപപ്പെടുത്താനുമാകണം. വനിതാമതിലുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടിൽ നടന്ന ആശയസംവാദങ്ങൾ ഇക്കാര്യത്തിൽ കേരളീയസമൂഹത്തെ ഏറെ മുന്നോട്ടുകൊണ്ടുപോയിട്ടുണ്ട് എന്നത് ഏറെ സന്തോഷകരമാണ്.

കേരളീയ സമൂഹത്തിൽ സ്ത്രീയുടെ ജീവിതം കൂടുതൽ ഗുണപരമായ മാറ്റങ്ങളിലേക്ക് നയിക്കാനുതകുന്ന വിധമുള്ള ചലനങ്ങൾ സൃഷ്ടിക്കാൻ വനിതാമതിലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരം മാറ്റം സ്ത്രീകളുടെ സാമൂഹ്യപദവി കൂടുതൽ ഉയർത്തുന്നതിനുവേണ്ടിയുള്ള സർക്കാർ ഇടപെടലുകൾക്ക് കരുത്തായി തീരുമെന്നതിലും തർക്കമില്ല. കേരളീയ സ്ത്രീകളുടെ ഉണർവിന്റെയും വളർച്ചയുടെയും ചരിത്രത്തിൽ മായാതെ നിൽക്കുന്ന ഒന്നായിരിക്കും വനിതാമതിൽ എന്ന കാര്യത്തിൽ തർക്കമില്ല.'

മലക്കം മറിഞ്ഞത് തോൽവിയുടെ പശ്ചാത്തലത്തിൽ

വനിതാ മതിൽ തീർത്ത് ചരിത്രം സൃഷ്ടിച്ച സംസ്ഥാന സർക്കാരും സിപിഎമ്മും പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തോടെ നവോത്ഥാനം ഉൾപ്പെടെ എല്ലാം മറന്നു. 19 സീറ്റിലും തോറ്റതിന് കാരണം ശബരിമല കൂടിയാണെന്ന് കണ്ടെത്തിയ സിപിഎം പക്ഷേ ആലപ്പുഴയിൽ എങ്ങനെ വിജയിച്ചു എന്ന് വിലയിരുത്തിയില്ല എന്നതും അത്ഭുതമായി. ശബരിമലയോട് ഏറ്റവും അടുത്ത് നിൽക്കുന്ന പ്രദേശമാണ് ആലപ്പുഴ. ശബരിമല കേസ് സംബന്ധിച്ച റിവ്യൂ ഹർജികൾ പരിഗണിച്ച സുപ്രീംകോടതി വിശാല ബഞ്ചിന് കേസ് വിടാൻ തീരുമാനിച്ചതോടെ പിണറായിയും മലക്കം മറിഞ്ഞു.

വിധിയിൽ വ്യക്തത വരും വരെ ശബരിമല യുവതീ പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പുനപരിശോധന ഹർജികളിൽ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് തീർപ്പ് ഉണ്ടാക്കിയിട്ടില്ല. നിലവിലെ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തിൽ സുപ്രീംകോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്തിമ തീർപ്പിന് ശേഷം മതി യുവതീ പ്രവേശം എന്ന നിലപാടിലേക്ക് സിപിഎം എത്തുകയായിരുന്നു .

കോടതി വിധിയിൽ അവ്യക്തത നീങ്ങിയിട്ടില്ലെന്ന് നിയമ മന്ത്രി ഏകെ ബാലനും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാർ വിശദമായ നിയമോപദേശം തേടിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മലകയറാൻ യുവതികൾ എത്തിയാൽ പൊലീസ് സംരക്ഷണം നൽകില്ല. അതല്ലെങ്കിൽ ശബരിമലയിലേക്ക് എത്തുന്ന യുവതികൾ കോടതി വിധി കൊണ്ടു വരണമെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു. വിശ്വാസികളെ സർക്കാരിനെതിരെ തിരിക്കാൻ ബോധപൂർവ്വം നടക്കുന്ന ശ്രമം ഇനി വിലപ്പോകില്ലെന്നും മാന്തി പുണ്ണാക്കാൻ ആരെയും അനുവദിക്കില്ലെന്നും എകെ ബാലൻ പറഞ്ഞു. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഉൾപ്പെടെയുള്ളവർ സമാന നിലപാട് സ്വീകരിച്ചതോടെയാണ് പുന്നല ശ്രീകുമാറും നിലപാട് കടുപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP