Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ ചിത്തിര ആട്ടവിശേഷ സമയത്തെ അക്രമം: ഗൂഢാലോചനയിൽ ക്രൈംബ്രാഞ്ച് അന്വേഷണം; കെ സുരേന്ദ്രൻ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കുന്നത് തിരുവല്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി; പ്രതിപ്പട്ടികയിൽ ഉള്ളവരുടെ മൊഴി എടുക്കുമ്പോൾ പരസ്പരം അറിയുമോ..മൊബൈൽ നമ്പർ കൈവശമുണ്ടോ എന്ന് ചോദ്യങ്ങൾ; ഗൂഢാലോചന തെളിയിക്കാൻ കഴിയില്ലെന്ന് പൊലീസ്

ശബരിമലയിൽ ചിത്തിര ആട്ടവിശേഷ സമയത്തെ അക്രമം: ഗൂഢാലോചനയിൽ ക്രൈംബ്രാഞ്ച് അന്വേഷണം; കെ സുരേന്ദ്രൻ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കുന്നത് തിരുവല്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി; പ്രതിപ്പട്ടികയിൽ ഉള്ളവരുടെ മൊഴി എടുക്കുമ്പോൾ പരസ്പരം അറിയുമോ..മൊബൈൽ നമ്പർ കൈവശമുണ്ടോ എന്ന് ചോദ്യങ്ങൾ; ഗൂഢാലോചന തെളിയിക്കാൻ കഴിയില്ലെന്ന് പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് ചോറൂണിന് വന്ന തൃശൂരിൽ നിന്നുള്ള കുടുംബത്തെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. കോടതി നിർദ്ദേശ പ്രകാരമാണ് അന്വേഷണം. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ലോയേഴ്സ് യൂണിയൻ നേതാവ് ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരുവല്ല ക്രൈംബ്രാഞ്ച് (ക്രൈം ആൻഡ് ഹൊമിസൈഡ് വിങ്) ഡിവൈഎസ്‌പി മുഹമ്മദ് കബീർ റാവുത്തറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിപ്പട്ടികയിലുള്ളവരെ വിളിച്ചു വരുത്തി, പരസ്പരം അറിയുമോ? മൊബൈൽ നമ്പർ കൈവശമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിയുന്നത്.

2018 നവംബർ ആറിനാണ് ശബരിമല സന്നിധാനത്ത് അക്രമം അരങ്ങേറിയത്. തൃശൂർ ലാലൂർ കണ്ടകക്കുറിശി വീട്ടിൽ വിനീഷ് രവി, സഹോദരൻ മൃദുൽ, പിതാവ് രവി, വിനീഷിന്റെ മാതാവ് ലളിത, ബന്ധുക്കളായ സുരേഷ്, ഗിരിജ, സുജാത എന്നിവരാണ് പിഞ്ചു പെൺകുഞ്ഞുമായി മല ചവിട്ടിയത്. ഇക്കൂട്ടത്തിൽ സ്ത്രീകളുടെ പ്രായത്തിൽ സംശയം ഉണ്ടെന്ന് ആരോപിച്ചാണ് പിഞ്ചു കുഞ്ഞുങ്ങൾ അടക്കമുള്ളവരെ ഭക്തർ സംഘടിച്ച് കൈകാര്യം ചെയ്തത്. കുഞ്ഞിനെ പൊതിഞ്ഞു പിടിച്ച് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വിനീഷിനും അനുജൻ മൃദുലിനും മർദനമേറ്റു.

അക്രമികളുടെ ഇടയിലൂടെ ഒരു വിധത്തിലാണ് മൃദുൽ രക്ഷപ്പെട്ട് സന്നിധാനം പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. ഇതോടെ ഈ സംഘം കൂട്ടം തെറ്റുകയും ചെയ്തു. ഇവർ ആരും തന്നെ കെട്ടുമുറുക്കിയല്ല എത്തിയത്. വടക്കേ നടയിലൂടെ സന്നിധാനത്തേക്ക് കടക്കാൻ എത്തിയപ്പോൾ അവിടെ കൂടി നിന്ന ഭക്തർ ആക്രോശത്തോടെ ഇവരെ പൊതിഞ്ഞു. ലളിതയുടെ പ്രായമാണ് സംശയത്തിന് ഇട നൽകിയത്. ഇവർ ആധാർ കാർഡ് കാണിക്കുകയും 52 വയസുണ്ടെന്ന് പറയുകയും ചെയ്തപ്പോൾ ചിലർക്ക് മനസിലായി. എന്നാൽ, മറ്റുള്ളവർ ആക്രമണം അഴിച്ചു വിട്ടു. മൃദുലിനും വിനീഷിനും ക്രൂരമായി മർദനമേറ്റു. പൊലീസ് ഒരു വിധത്തിൽ മൃദുലിനെ രക്ഷപ്പെടുത്തി. ഇവർ കൂട്ടം തെറ്റുകയും ചെയ്തു. മർദനത്തിനിടെ മൃദുലിന്റെ ഫോണും നഷ്ടമായി.

വിനീഷ് പതിവായി ശബരിമല ദർശനം നടത്തിയിരുന്നയാളാണ്. പൊന്നുപോലെ വളർത്തിയിരുന്ന ഇളയ സഹോദരി പാമ്പു കടിയേറ്റ് മരിച്ചതോടെ വിനീഷ് തീരുമാനിച്ചു. ഇനി ശബരിമലയ്ക്ക് പോകുന്നെങ്കിൽ അത് തനിക്ക് ജനിക്കുന്ന കുട്ടിയുടെ ചോറൂണിന് ആയിരിക്കും. വിവാഹം കഴിഞ്ഞ് നാലുവർഷത്തിന് ശേഷമാണ് വിനീഷിന് കുഞ്ഞ് ജനിച്ചത്. അതിന് ചോറു കൊടുക്കാൻ വേണ്ടിയാണ് ഭാര്യയടക്കം കുടുംബത്തിൽ നിന്നുള്ള 19 പേരുമായി വിനീഷ് പമ്പയിൽ എത്തിയത്. അപ്പോൾ തന്നെ ഇവർക്ക് നേരെ ഭീഷണി ഉയർന്നിരുന്നു. ഭാര്യയടക്കം മൂന്നു യുവതികളെ പമ്പയിൽ തന്നെ താമസിപ്പിച്ചതിന് ശേഷമാണ് മറ്റുള്ളവർ മല കയറിയത്. നടപ്പന്തലിലൊന്നും പ്രശ്നമുണ്ടായില്ല. ദർശനത്തിനായി ശ്രമിക്കുന്നതിനിടെയാണ് ഭക്തർ ആക്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് 200 പേരുടെ പേരിലാണ് കേസെടുത്തിരുന്നത്.

ഈ കേസിൽ 13-ാം പ്രതിയായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ കെ സുരേന്ദ്രൻ. സുരേന്ദ്രനും ബിജെപിയിലെയും യുവമോർച്ചയിലെയും മറ്റു നേതാക്കളും ചേർന്ന് ഗൂഢാലോചന നടത്തിയാണ് അക്രമത്തിന് അരങ്ങൊരുക്കിയത് എന്നാണ് പരാതിക്കാരന്റെ വാദം. ഇതിനായി ഇയാൾ കോടതിയിൽ ഹാജരാക്കിയത് പത്രവാർത്തകൾ മാത്രമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന(120 ബി) അന്വേഷിക്കാൻ കോടതി ഉത്തരവിട്ടത്. എന്നാൽ, ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്ന തെളിവൊന്നും പരാതിക്കാരന്റെ കൈവശമില്ല. മാധ്യമ പ്രചാരണം അടിസ്ഥാനമാക്കി മാത്രമാണ് പരാതി. ഈ കേസ് ഒരു കാരണവശാലും നിലനിൽക്കുന്നതല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. പ്രതിപ്പട്ടികയിലുള്ളവരൂടെ മൊഴി എടുത്തതിൽ നിന്നും ഇവർ തമ്മിലുള്ള ബന്ധമൊന്നും തെളിയിക്കാൻ കഴിഞ്ഞില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന. ഒരു വർഷത്തോളമായി കേസ് അന്വേഷണം തുടങ്ങിയിട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP