Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതികൾക്ക് ശബരിമലയിൽ കയറാനാകില്ലെന്നത് മതപരമായ ആചാരം; ആചാരത്തെ ബഹുമാനിച്ചു കൊണ്ടാണ് ബിജോയ് ഇമ്മാനുവൽ കേസിൽ യഹോവ സാക്ഷികൾക്ക് അനുകൂലവിധിയുണ്ടായത്; ആചാരങ്ങൾ അത്രയും അസംബന്ധങ്ങളായാൽ മാത്രമേ കോടതി ഇടപെടാവൂ; ആചാരങ്ങളിൽ യുക്തി പരിശോധിക്കരുത്; വിശ്വാസത്തിൽ കോടതിക്ക് എത്രമാത്രം ഇടപെടാം എന്ന വിഷയം വിശാല ബഞ്ചിന് വിടുമ്പോൾ ചർച്ചയാവുന്നത് ' ഇന്ത്യൻ ബാറിന്റെ പിതാമഹൻ' കെ.പരാശരന്റെ വാദങ്ങൾ

യുവതികൾക്ക് ശബരിമലയിൽ കയറാനാകില്ലെന്നത് മതപരമായ ആചാരം; ആചാരത്തെ ബഹുമാനിച്ചു കൊണ്ടാണ് ബിജോയ് ഇമ്മാനുവൽ കേസിൽ യഹോവ സാക്ഷികൾക്ക് അനുകൂലവിധിയുണ്ടായത്; ആചാരങ്ങൾ അത്രയും അസംബന്ധങ്ങളായാൽ മാത്രമേ കോടതി ഇടപെടാവൂ; ആചാരങ്ങളിൽ യുക്തി പരിശോധിക്കരുത്; വിശ്വാസത്തിൽ കോടതിക്ക് എത്രമാത്രം ഇടപെടാം എന്ന വിഷയം വിശാല ബഞ്ചിന് വിടുമ്പോൾ ചർച്ചയാവുന്നത് ' ഇന്ത്യൻ ബാറിന്റെ പിതാമഹൻ' കെ.പരാശരന്റെ വാദങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശബരിമല കേസിൽ വിശാല ബഞ്ച് തീരുമാനിക്കും വരെ പുനഃപരിശോധനാ ഹർജികൾ മാറ്റി വയ്ക്കുമ്പോൾ, സുപ്രീംകോടതി പരിശോധിക്കുന്നത് വിശ്വാസത്തിൽ കോടതിക്ക് എത്രമാത്രം ഇടപെടാം എന്ന സുപ്രധാന പ്രശ്‌നം. ഹർജികളിൽ വാദം കേൾക്കവേ, എൻഎസ്എസിന് വേണ്ടി ഹാജരായ കെ.പരാശരൻ ഉന്നയിച്ച വാദങ്ങൾ ഇക്കാര്യത്തിൽ നിർണായകമായി. ആചാരങ്ങളിൽ കോടതികൾ സാധാരണ ഇടപെടാറില്ലെന്ന് യഹോവ സാക്ഷികളുടെ കേസിൽ നിരീക്ഷിച്ചതാണെന്ന കാര്യമാണ് പരാശരൻ ചൂണ്ടിക്കാട്ടിയത്. ഭരണഘടനയുടെ 15 ാം വകുപ്പിൽ പറയുന്ന പൊതുസ്ഥാപനങ്ങളിൽ ക്ഷേത്രങ്ങൾ ഉൾപ്പെടില്ലെന്നും മതേതരസ്ഥാപനങ്ങൾക്കു മാത്രം ബാധകമാകുന്നതാണ് ആ വകുപ്പെന്നും വാദിച്ചു.

സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകരിലൊരാളാണ് കെ. പരാശരൻ. ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിക്കാൻ സുപ്രീംകോടതി അടിസ്ഥാനമാക്കിയ ഭരണഘടനാ വകുപ്പുകൾ വിശദീകരിച്ചുകൊണ്ടായിരുന്നു പരാശരന്റെ വാദം. പരാതിക്കാരും എതിർകക്ഷികളും ആശ്രയിച്ചിരിക്കുന്നത് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 25-ാം വകുപ്പുതന്നെയാണെന്നത് കൗതുകമാണെന്ന് പറഞ്ഞുകൊണ്ടാണ് പരാശരൻ തുടങ്ങിയത്. ഭരണഘടനയുടെ 15-ാം വകുപ്പുപ്രകാരം പൊതുസ്ഥാപനങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുക്കുന്നതിൽ ക്ഷേത്രങ്ങൾ ഉൾപ്പെടില്ല. മതസ്ഥാപനങ്ങൾ അതിന് കീഴിൽ വരില്ല, മറിച്ച് മതേതരസ്ഥാപനങ്ങൾക്ക് മാത്രം ബാധകമാകുന്നതാണ് പ്രസ്തുത വകുപ്പ്. അങ്ങേയറ്റം അനിഷ്ടകരമല്ലാത്ത ആചാരങ്ങളിൽ കോടതികൾ സാധാരണ ഇടപെടാറില്ലെന്നും പരാശരൻ വാദിച്ചു. തൊട്ടുകൂടായ്മ നിരോധിക്കുന്ന 17-ാം വകുപ്പും ഇവിടെ ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ ജസ്റ്റിസ് നരിമാൻ ഇടപെട്ടു. പത്തിനും അമ്പതിനുമിടയിലുള്ള പട്ടികജാതി സ്ത്രീകളുടെ കാര്യത്തിൽ എന്തുപറയുന്നുവെന്ന് ജസ്റ്റിസ് നരിമാൻ ചോദിച്ചു. എന്നാൽ, ശബരിമലയിലെ നിയന്ത്രണം ജാതിയുടെ അടിസ്ഥാനത്തിലുള്ളതല്ലെന്ന് പരാശരൻ വിശദീകരിച്ചു. തൊട്ടുകൂടായ്മയ്ക്ക് വിശാലമായ വ്യാഖ്യാനമാണ് കോടതി നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യഹോവ സാക്ഷികളുടെ കേസ്

വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പു നൽകുന്ന 25ാം വകുപ്പിനെ ആധാരമാക്കിയായിരുന്നു പരാശരന്റെ വാദങ്ങളിൽ ഭൂരിഭാഗവും. ബിജോയ് ഇമ്മാനുവൽ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള കേസാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ വിശ്വാസ സ്വാതന്ത്ര്യം സംബന്ധിച്ച കേസുകളിൽ ഒരു അടിസ്ഥാന മാനദണ്ഡമായി ഈ കേസിലെ വിധി മാറി. അഭിപ്രായം പ്രകടനത്തിനും സംസാര സ്വാതന്ത്ര്യത്തിനും ഉള്ളതുപോലെ തന്നെ നിശ്ശബ്ദത പാലിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് കേസ് പരിഗണിച്ച ബഞ്ചിലെ ജസ്റ്റിസ് ഒ ചിന്നപ്പ പറഞ്ഞു.

ദേശീയ ഗാനം പാടാൻ വിസമ്മതിച്ച യഹോവ സാക്ഷികളായ മൂന്നുകുട്ടികളെ സ്‌കൂളിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെയാണ് 1986 ൽ സുപ്രീംകോടതി വിധി പറഞ്ഞത്. യഹോവയെ അല്ലാതെ മറ്റൊന്നിനെയും ആരാധിക്കാനാവില്ലെന്ന് വിശ്വസിക്കാൻ അവർക്ക് മൗലികാവകാശമുണ്ടെന്നാണ് കോടതി വിധിച്ചത്. 1985 ജുലൈയിൽ കോട്ടയം ജില്ലയിലെ വിദ്യാലയത്തിൽ ദേശീയഗാനം ആലപിച്ചില്ലെന്നാരോപിച്ച് ഡെപ്യൂട്ടി സ്‌കൂൾ ഇൻസ്പക്റ്റർ യഹോവയുടെ സാക്ഷികളായ മൂന്നു വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് പുറത്താക്കി. പുറത്താക്കപ്പെട്ട ബിനുമോൾ (13), ബിന്ദു (10), ബിജോയ് (15) എന്നീ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി ദേശീയഗാനം ആലപിക്കാത്ത കുട്ടികളെ പഠിപ്പിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഈ കേസ് സുപ്രീംകോടതിയിലെത്തിയപ്പോൾ കോടതി വ്യത്യസ്തമായാണ് കാര്യങ്ങൾ നിരീക്ഷിച്ചത്. വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നതിന് പുറമേ ദേശീയഗാനം പാടാതെ സ്‌കൂളിൽ പഠിക്കാനുള്ള സജ്ജീകരണങ്ങൾ സർക്കാർ നടത്തണമെന്നും, കേസ് നടത്താൻ വിദ്യാർത്ഥികളുടെ രക്ഷകർത്താവിനായ തുക കേരള സർക്കാർ നൽകണമെന്നും വിധിയുണ്ടായി. രാജ്യത്തിന്റെ പാരമ്പര്യവും തത്ത്വങ്ങളും ഭരണഘടനയും മതസഹിഷ്ണത പഠിപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് വിധി അവസാനിപ്പിക്കുകയുണ്ടായത്.

സമാനമായ കേസാണ് ശബരിമലയിലേതെന്ന് സ്ഥാപിക്കാനാണ് എൻഎസ്എസ്സിന്റെ അഭിഭാഷകൻ കെ.പരാശരൻ ശ്രമിച്ചത്. സ്ത്രീകൾ ശബരിമലയിൽ കയറാനാകില്ലെന്നത് മതപരമായ ആചാരമാണ്. ആചാരത്തെ ബഹുമാനിച്ചു കൊണ്ടായിരുന്നു ബിജോയ് ഇമ്മാനുവൽ കേസിൽ യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായി സുപ്രീംകോടതി ഉത്തരവ് നൽകിയെതാണ് പരാശരൻ വാദിച്ച് കയറിയത്. ശബരിമല യുവതീപ്രവേശന വിധിയിൽ തെറ്റുകളുണ്ടെന്ന് പരാശരൻ വാദിച്ചു. മതസ്ഥാപനങ്ങൾ പൊതു ഇടമല്ല. ആർട്ടിക്കിൾ 15 മതസ്ഥാപനങ്ങൾക്ക് ബാധകമല്ലെന്നും പരാശരൻ വാദിച്ചു. ആർട്ടിക്കിൾ 15 പ്രകാരം ആചാരം റദ്ദാക്കിയത് പിഴവാണെന്നും പരാശരൻ വാദിച്ചു.

യഹോവ സാക്ഷികളുടെ കേസിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ആചാരങ്ങൾ അത്രയും അസംബന്ധങ്ങളായാൽ മാത്രമേ കോടതി ഇടപെടാവൂ എന്നും പരാശരൻ വാദിച്ചു. ആചാരങ്ങളിൽ യുക്തി പരിശോധിക്കരുത്. ആചാരം റദ്ദാക്കിയത് വിധിയിലെ പിഴവാണ്. പ്രവേശനം അനുവദിക്കാത്തത് അയിത്തമല്ലെന്നും പരാശൻ വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീപ്രവേശന നിഷേധം ആചാരപരമാണെന്നും, അത് യഹോവ സാക്ഷികളുടെ കേസിലെ പോലെ വിശ്വാസപരമായ പ്രശ്‌നമാണെന്നും സ്ഥാപിക്കാനാണ് പരാശരൻ ശ്രമിച്ചത്. വിശ്വാസം സ്ത്രീകളുടെ പ്രവേശനത്തെ നിരോധിക്കുന്നുവെന്ന വാദം അന്തിമമായി സുപ്രീം കോടതി അംഗീകരിക്കുമോ? വിശാല ബഞ്ചിൽ ഈ വിഷയങ്ങളിൽ വാദം നടക്കുമ്പോൾ കൂടുതൽ സങ്കീർണമായ ഇഴകീറിയുള്ള പരിശോധനകൾ നടന്നേക്കും.

പരാശരൻ അയോധ്യ കേസിലും താരം

അയോധ്യാ കേസിൽ 'റാം ലല്ലാ വിരാജ്മാൻ' എന്ന മൂർത്തീസങ്കല്പത്തിന്റെ വക്കാലത്തേറ്റെടുത്ത് തുടക്കം മുതൽ സുപ്രീം കോടതിയിൽ കേസ് വാദിച്ചു. കേസിലെ അന്തിമവിധി ഹൈന്ദവ സംഘടനകൾക്ക് അനുകൂലമാക്കി മാറ്റുന്നതിൽ നിർണായക സ്വാധീനമാണ് പരാശരൻ ചെലുത്തിയത്. നിയമ പാണ്ഡിത്യത്തിനൊപ്പം ഹിന്ദു മിത്തോളജിയിലും പരന്ന അറിവ്. കെ പരാശരനെ 'ഇന്ത്യൻ ബാറിന്റെ പിതാമഹൻ' എന്ന് വിളിച്ചത് സുപ്രീം കോടതി ജഡ്ജ് ആയിരുന്ന സഞ്ജയ് കിഷൻ കൗൾ ആയിരുന്നു.

1958ലാണ് പരാശരൻ സന്നദെടുക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് തമിഴ്‌നാടിന്റെ അഡ്വക്കേറ്റ് ജനറലാകുന്നു. 1980-ൽ ഇന്ത്യയുടെ സോളിസിറ്റർ ജനറൽ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1983-89 കാലയളവിൽ അറ്റോർണി ജനറലായും സേവനമനുഷ്ഠിച്ചു. അടൽ ബിഹാരി വാജ്‌പേയി ഭരണഘടനാ പരിഷ്‌കാരത്തിനുള്ള ആലോചനാ സമിതിയിൽ അംഗമാക്കി. വാജ്‌പേയി സർക്കാർ തന്നെയാണ് പരാശരനെ പത്മഭൂഷൺ നൽകി ആദരിച്ചതും. മന്മോഹൻ സിങ് സർക്കാർ അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി. പിന്നീട് രാജ്യസഭാംഗം എന്ന നിലയിൽ നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്‌മെന്റ്‌സ് കമ്മീഷനെയും അദ്ദേഹം നിയന്ത്രിച്ചിരുന്നു.

1927 ഒക്ടോബർ 9-ന് തമിഴ്‌നാട്ടിലെ ശ്രീരംഗത്തായിരുന്നു പരാശരന്റെ ജനനം. അച്ഛൻ കേശവ അയ്യങ്കാർ മദ്രാസ് ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും അറിയപ്പെടുന്ന അഭിഭാഷകനും, വേദപണ്ഡിതനുമായിരുന്നു. പരാശരന്റെ മൂന്നുമക്കളും അറിയപ്പെടുന്ന അഭിഭാഷകരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP