Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202002Friday

ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകൾ; ശബരിമല നട ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും; പുനഃപരിശോധനാ ഹർജികൾ വിശാല ബഞ്ചിന് വിട്ടതോടെ സംഘർഷസാധ്യത കുറവെന്ന് വിലയിരുത്തി ജില്ലാ ഭരണകൂടം; യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് നിയമോപദേശം കിട്ടിയതോടെ ആശ്വസിച്ച് സർക്കാരും സിപിഎമ്മും; ഞങ്ങളിതാ ശബരിമലയിലേക്ക് വരാൻ പോകുന്നുവെന്ന് വാർത്താ സമ്മേളനം നടത്തുന്ന ചിലർക്ക് ഭക്തിയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ഞായറാഴ്ച സന്നിധാനത്ത് അവലോകനയോഗം

ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകൾ; ശബരിമല നട ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തുറക്കും; പുനഃപരിശോധനാ ഹർജികൾ വിശാല ബഞ്ചിന് വിട്ടതോടെ സംഘർഷസാധ്യത കുറവെന്ന് വിലയിരുത്തി ജില്ലാ ഭരണകൂടം; യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് നിയമോപദേശം കിട്ടിയതോടെ ആശ്വസിച്ച് സർക്കാരും സിപിഎമ്മും; ഞങ്ങളിതാ ശബരിമലയിലേക്ക് വരാൻ പോകുന്നുവെന്ന് വാർത്താ സമ്മേളനം നടത്തുന്ന ചിലർക്ക് ഭക്തിയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ഞായറാഴ്ച സന്നിധാനത്ത് അവലോകനയോഗം

മറുനാടൻ മലയാളി ബ്യൂറോ

 പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധനാ ഹർജികൾ വിശാല ബഞ്ചിന് വിട്ട പശ്ചാത്തലത്തിൽ സംഘർഷത്തിന് സാധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. എന്നാൽ, 36 ഓളം യുവതികൾ ഓൺലൈനായി ദർശനത്തിന് രജിസ്റ്റർ ചെയ്തതും, തൃപ്തി ദേശായിയും, മനീതി സംഘവും പോലെയുള്ള ആക്്റ്റിവിസ്റ്റുകൾ മല കയറുമെന്ന് പ്രഖ്യാപിച്ചതും, അത് തടയുമെന്ന് സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ചതും ആശങ്കയ്ക്കിടയാക്കി. സംഘർഷ സാഹചര്യം ഉണ്ടായാൽ കഴിഞ്ഞ വർഷത്തെ പോലെ ഇലവുങ്കൽ മുതൽ സന്നിധാനം വരെ നിരോധനാജ്ഞ ഏർപ്പെടുത്തിയേക്കും.

മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് നിലയ്ക്കലിൽ ബസ് തടഞ്ഞുള്ള പരിശോധന ഇക്കുറി ഉണ്ടാകില്ല. സന്നിധാനത്ത് തങ്ങുന്നതിൽ നിന്ന് ആരെയും തടയില്ല. നാമം ജപിക്കുന്നതിനും തടസമുണ്ടാകില്ല. ശബരിമല മുന്നൊരുക്കം സംബന്ധിച്ച് വിശദീകരിക്കുന്നതിനായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ജില്ലാ കലക്ടർ പിബി നൂഹ്, ജില്ലാ പൊലീസ് മേധാവി ജി ജയദേവ് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കലക്ടർ പറഞ്ഞു.

Stories you may Like

ദർശനം നടത്തേണ്ടവർക്ക് ദർശനം നടത്തി മടങ്ങാം. അതിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങേണ്ട കാര്യമില്ല. ശബരിമല ദർശനത്തിന് വരുന്ന യുവതികൾ സംരക്ഷണം തേടിയാൽ നൽകുമോ എന്ന ചോദ്യത്തിന് ജില്ലാ പൊലീസ് മേധാവി വ്യക്തമായ മറുപടി നൽകിയില്ല. സന്നിധാനത്ത് പരമാവധി ആളുകൾക്ക് തങ്ങാം. വിരിവയ്ക്കുന്നതിന് നിയന്ത്രണമില്ല. നാമജപവും തടയില്ല. സംഘർഷ സാധ്യത ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറ്റം വരാമെന്നും ഇരുവരും വ്യക്തമാക്കി. സ്വകാര്യ വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമേ അനുവദിക്കൂ. കെഎസ്ആർടിസിക്ക് പമ്പ വരെ പോകുന്നതിന് കഴിയും.

കുപ്പികളിലുള്ള കുടിവെള്ള വിൽപ്പന ഇതു വരെ നിരോധിച്ചിട്ടില്ല. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടു വരരുതെന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ അറിയിച്ചിട്ടുണ്ട്. വനപാതകളിലൂടെയുള്ള രാത്രികാല യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത് തീർത്ഥാടകരുടെ സുരക്ഷയെ കരുതിയാണ്. കുട്ടികൾ കൂട്ടം തെറ്റുന്നത് തടയാൻ ടാഗ് സംവിധാനം ഏർപ്പെടുത്തുമെന്നും ഇരുവരും അറിയിച്ചു.ഞായറാഴ്‌ച്ച രാവിലെ 10 മണിക്ക് ശബരിമല സന്നിധാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും

യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് നിയമോപദേശം

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് സർക്കാറിന് നിയമോപദേശം ലഭിച്ചിരുന്നു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയാണ് നിയമോപദേശം നൽകിയത്. ഏഴംഗ ബെഞ്ച് ഭരണഘടനാപ്രശ്നങ്ങൾ തീർപ്പ് കൽപിക്കുംവരെ നിലപാട് തുടരണമെന്നും സർക്കാറിന് നിയമോപദേശത്തിൽ പറയുന്നു. പുനഃപരിശോധനാ ഹരജി സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ വിധിയിൽ നിരവധി അവ്യക്തതകൾ ഉണ്ടെന്നായിരുന്നു സർക്കാർ വിലയിരുത്തൽ. ഇതേതുടർന്നാണ് വിധിയിൽ വ്യക്തത ആവശ്യപ്പെട്ട് സർക്കാർ നിയമോപദേശം തേടിയത്.

ആക്റ്റിവിസ്റ്റുകൾക്ക് കയറി അവരുടെ ആക്റ്റിവിസം പ്രചരിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചിട്ടുണ്ട്. തൃപ്തി ദേശായിയെപ്പോലെയുള്ള ആക്ടിവിസ്റ്റുകൾക്ക് അവരുടെ ശക്തി തെളിയിക്കുവാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ല. ഞങ്ങളിതാ ശബരിമലയിലേക്ക് വരാൻ പോകുന്നുവെന്ന് ചിലർ വാർത്താ സമ്മേളനം നടത്തുന്നതാണ് പ്രശ്‌നം. തങ്ങളുടെ വ്യക്തിപ്രഭാവം പ്രദർശിപ്പിക്കുക എന്നതല്ലാതെ ഭക്തിയൊന്നുമല്ല അവരുടെ ലക്ഷ്യം. അത്തരം വ്യക്തിതാത്പര്യങ്ങൾക്കൊന്നും ഗവൺമെന്റ് കൂട്ടുനിൽക്കില്ല. ഇത്തരക്കാരുടെ പ്രസ്താവനകളുടെ പ്രസ്താവനകളും, ഇതിന് എതിർ നിൽക്കുന്നവരുടെ പ്രസ്താവനകളും വാങ്ങി തീർത്ഥാടനത്തെ അലങ്കോലമാക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്.

പുതിയ മേൽശാന്തിമാർ സ്ഥാനമേൽക്കും

ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് യോഗ നിദ്രയിലിരിക്കുന്ന കലിയുഗവരദന്റെ മുന്നിൽ വിളക്ക് തെളിക്കും. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും നടകൾ തുറന്ന് വിളക്കുകൾ കത്തിക്കും.ശരണം വിളികളുമായി കൈകൂപ്പി നിൽക്കുന്ന അയ്യപ്പഭക്തർക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്യും. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ തീ പകർന്ന ശേഷമെ ഇരുമുടി കെട്ടുമായി ദർശനത്തിന് കാത്തു നിൽക്കുന്ന അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കുകയുള്ളൂ.

പ്രസാദ വിതരണം കഴിഞ്ഞാൽ പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും. ശബരിമല മേൽശാന്തിഎ.കെ.സുധീർ നമ്പൂതിരിയെ അയ്യപ്പ ശ്രീകോവിലിനു മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രി അഭിഷേകം നടത്തും. ശേഷം ശ്രീകോവിലിനുള്ളിൽ വച്ച് അയ്യപ്പന്റെ മൂലമന്ത്രവും തന്ത്രി മേൽശാന്തിക്ക് പകർന്ന് നൽകും. മാളികപ്പുറം മേൽശാന്തിയായ എം.എസ്.പരമേശ്വരൻ നമ്പൂതിരിയെ മാളികപ്പുറത്ത് ദേവിയുടെ മുന്നിൽ ഇരുത്തി അഭിഷേക ചടങ്ങുകൾ ചെയ്ത് സ്ഥാനാരോഹണം നടത്തും. ഇത് മുതൽ ഇവർ ഇരുവരും പുറപ്പെടാ ശാന്തിമാർ ആകും. വൃശ്ചികപ്പുലരിയിൽ ഞായറാഴ്ച രാവിലെ അയ്യപ്പ ശ്രീകോവിൽ നട തുറക്കുന്നത് പുതിയ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ആയിരിക്കും. മാളികപ്പുറം ക്ഷേത്രനട എം.എസ്.പരമേശ്വരൻ നമ്പൂതിരിയും തുറന്ന് അയ്യപ്പഭക്തർക്ക് ദർശനപുണ്യത്തിന് വഴിയൊരുക്കും. മണ്ഡലകാലത്ത് അയ്യപ്പദർശനപുണ്യത്തിനായി വൻ ഭക്തജന തിരക്കായിരിക്കും ശബരിമലയിൽ അനുഭവപ്പെടുക. ഡിസംബർ 27 നാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജ.വിശ്ചികം ഒന്നിന് ശബരിമല നട തുറക്കുന്ന ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി ,ദേവസ്വം കമ്മീഷണർ എം ഹർഷൻ തുടങ്ങിയവർ ക്ഷേത്ര ദർശനത്തിനായി എത്തിച്ചേരും.
ഞായറാഴ്‌ച്ച രാവിലെ 10 മണിക്ക് ശബരിമല സന്നിധാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നുണ്ട്.

പുതിയ ദേവസ്വം ബാർഡ് ഭാരവാഹികൾ ചുമതലയേറ്റു

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.എൻ.വാസുവും ബോർഡ് അംഗമായിഅഡ്വ.കെ.എസ്.രവിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.സത്യപ്രതിജ്ഞയ്ക്കായി നന്തൻകോട് ബോർഡ് ആസ്ഥാനത്ത് എത്തിയ നിയുക്ത പ്രസിഡന്റ് എൻ.വാസുവിനെയും ബോർഡ് അംഗം കെ.എസ്.രവിയെയും ബോർഡ് ആസ്ഥാനത്ത മുൻഗേറ്റിൽ വച്ച് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ബോർഡ് അംഗം അഡ്വ.എൻ.വിജയകുമാർ,ദേവസ്വം ബോർഡ് സെക്രട്ടറി എസ്സ്.ജയശ്രീ,ദേവസ്വം കമ്മീഷണർ എം.ഹർഷൻ,ചീഫ് എഞ്ചീനീയർമാർ,ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ച് ആനയിക്കുകയായിരുന്നു.ദേവസ്വം ബോർഡ് ജീവനക്കാരും മുൻ ജീവനക്കാരും പെൻഷനേഴ്‌സ് സംഘടനാ നേതാക്കളും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP