Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാമശാസ്ത്രം പറഞ്ഞു തോൽപ്പിക്കാനെത്തിയ ദേവേന്ദ്രനെ അടിയറവു പറയിപ്പിച്ചത് അയ്യപ്പനല്ല; കന്യകയിൽ പുത്രനെ ജനിപ്പിച്ചത് ധർമ്മശാസ്താവും; ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റം സ്ത്രീ പ്രവേശനത്തെ തടയാനുള്ള നിയമോപദേശപ്രകാരം; വാദം സുപ്രീംകോടതിയിൽ പൊളിയുമെന്ന് സർക്കാരും സംഘപരിവാറിലെ ഒരുവിഭാഗവും

കാമശാസ്ത്രം പറഞ്ഞു തോൽപ്പിക്കാനെത്തിയ ദേവേന്ദ്രനെ അടിയറവു പറയിപ്പിച്ചത് അയ്യപ്പനല്ല; കന്യകയിൽ പുത്രനെ ജനിപ്പിച്ചത് ധർമ്മശാസ്താവും; ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റം സ്ത്രീ പ്രവേശനത്തെ തടയാനുള്ള നിയമോപദേശപ്രകാരം; വാദം സുപ്രീംകോടതിയിൽ പൊളിയുമെന്ന് സർക്കാരും സംഘപരിവാറിലെ ഒരുവിഭാഗവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം' എന്നാക്കിയത് സർക്കാരിനെ അറിയിക്കാത്ത് സുപ്രീംകോടതിയിലെ വിരുദ്ധ നിലപാട് എടുക്കൽ മൂലമെന്ന് സൂചന. ഹൈന്ദവ സംഘടനകളോട് പോലും ഇക്കാര്യം ദേവസം ബോർഡ് ചർച്ചയാക്കിയില്ല. ആർഎസ്എസ് നേതൃത്വം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരാണ്. ഹൈന്ദവ സംഘടനകളോട് ചർച്ച ചെയ്താൽ ഈ വിവരം ആർഎസ്എസ് അറിയുമെന്നും തിരുവിതാംകൂർ ദേവസം ബോർഡ് വിലയിരുത്തി. അതുകൊണ്ടാണ് ഉത്തരവ് ഇറങ്ങുവരും ഇക്കാര്യം പുറം ലോകത്ത് അറിയിക്കാൻ തയ്യാറാകാത്തത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പോലും പേരുമാറ്റത്തെ സ്വാധിനിക്കുമെന്ന് ദേവസം ബോർഡ് ഭയന്നുവെന്നതാണ് യാഥാർത്ഥ്യം.

ശബരിമലിയിലെ പേരുമാറ്റത്തിന് വിശദീകരണമായി ഒരു ഐതിഹ്യവും ഉത്തരവിൽ പറയുന്നുണ്ട്. നൂറ്റാണ്ടുകൾക്കുമുമ്പ് അയ്യപ്പസ്വാമി തന്റെ ദൗത്യങ്ങൾ പൂർത്തിയാക്കിയശേഷം ശബരിമലയിൽ ചെന്ന് ധർമശാസ്താവിൽ വിലയംപ്രാപിക്കുകയായിരുന്നു. അങ്ങനെ ശബരിമലയിലെ ധർമശാസ്താ ക്ഷേത്രം അയ്യപ്പസ്വാമി ക്ഷേത്രമായി മാറി. വർഷങ്ങൾക്കുമുമ്പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രം തീവച്ച സംഭവത്തിനുശേഷം നടന്ന പുനഃപ്രതിഷ്ഠയിൽ അയ്യപ്പസ്വാമിയെയാണു പ്രതിഷ്ഠിച്ചത്. അയ്യപ്പസ്വാമി കുടികൊള്ളുന്ന, ലോകത്തെ ഏകസ്ഥാനമാണ് ശബരിമല. അതുകൊണ്ടാണ് കോടാനുകോടി ഭക്തർ ഇവിടെ എത്തുന്നത്. ദേവസ്വം ബോർഡിന് ധാരാളം ധർമശാസ്താ ക്ഷേത്രങ്ങളുണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയിൽ മാത്രമായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതിൽ നിന്ന് തന്നെ ദേവസം ബോർഡിന്റെ ഉദ്ദേശം സുപ്രീംകോടതിയിലെ കേസെന്ന് വ്യക്തമാവുകയാണ്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആർഎസ്എസിലെ പ്രബല വിഭാഗം ഉയർത്തുന്ന വാദത്തെ അട്ടിമറിക്കാനാണ് ഇത്. സംസ്ഥാന ബിജെപിയിലെ ചിലരുടെ ഉപദേശവും ദേവസം ബോർഡിന് കിട്ടിയതായി സൂചനയുണ്ട്. നിയമപരമായ ഉപദേശം തേടലിന് ശേഷമാണ് ഈ ഉത്തരവ്.

്ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ ദേവസം ബോർഡിന്റെ വാദങ്ങളെ പൊളിച്ചടുക്കി സംഘപരിവാർ അനുകൂല പ്രസിദ്ധീകരണമെന്ന് വിലയിരുത്തുന്ന മഹസ്സെന്ന മാസികയിൽ ലേഖനം പ്രത്യക്ഷപ്പെട്ടിരുന്നു. ആർഎസ്എസ് ചാനലായ ജനം ടിവിയുടെ പ്രോഗ്രാം വിഭാഗം മേധാവി കൂടിയായ മനോജ് മനയിലായിരുന്നു ഇത് എഴുതിയത്. ആർഎസ്എസ് നേതൃത്വത്തോട് ചേർന്ന് പ്രവർത്തിക്കുകയും തന്റെ രാഷ്ട്രീയം തുറന്നു പറയാൻ മടിക്കുകയും ചെയ്യാത്ത മാദ്ധ്യമ പ്രവർത്തകനായിരുന്നു മനോജ്. അതുകൊണ്ട് തന്നെ ഈ നിലപാട് വിശദീകരണത്തെ ആർഎസ്എസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് വിശദീകരണമായി ദേവസം ബോർഡ് കണ്ടു. ഇതോടെയാണ് ഈ വാദങ്ങളെ പൊളിക്കാൻ വേണ്ട മുൻകരുതൽ ദേവസം ബോർഡ് എടുത്തത്. ശബരിമല ക്ഷേത്രത്തെ ധർമ്മശാസ്താ ക്ഷേത്രമെന്ന് കണ്ടാൽ സ്ത്രീ പ്രവേശനം അനുവദിക്കേണ്ടി വരുമെന്ന നിയമോപദേശവും കിട്ടി.

ശ്രീധർമ്മ ശാസ്താവിന്റെ നൈഷ്ഠിക ബ്രഹ്മചര്യം പ്രമാണമില്ലാത്ത കെട്ടുകഥയാണെന്ന് സ്ഥാപിക്കുകയാണ് മഹസ് എന്ന ലേഖനത്തിലൂടെ മനോജ് മനയിൽ ചെയ്തത്. അയ്യപ്പനുമായുള്ള ദേവപരീക്ഷയിൽ ദേവേന്ദ്രൻ പരാജയപ്പെടുന്നു. ജയിക്കാൻ മറ്റു പോംവഴി കാണാതെ ദേവേന്ദ്രൻ ബ്രഹ്മചാരിക്ക് നിഷിദ്ധമായ കാമശാസ്ത്ര സംബന്ധമായ ചോദ്യം ചോദിക്കുന്നു. ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടിപോയ അയ്യപ്പൻ മൂന്നേ മുക്കാൽ നാഴിക ഇടവേള ചോദിക്കുകയും പ്രഭയെന്ന കന്യകയെ വിവാഹം ചെയ്ത് സുതകൻ എന്ന പുത്രനെ ജനിപ്പിച്ച് കാമശാസ്ത്ര രഹസ്യങ്ങൾ പഠിച്ച് ഇന്ദ്രനുമായി വാദമുഖത്തിൽ ഏർപ്പെട്ടു. ഇതിലും താൻ പരാജയപ്പെടുമെന്ന് മനസ്സിലാക്കിയ ഇന്ദ്രൻ ചതിപ്രയോഗത്തിലൂടെ ജേഷ്ഠാഭഗവതിയെ കരുവാക്കി അയ്യപ്പനെ തോൽപ്പിക്കാൻ ശ്രമിക്കുന്നു. ഇതറിഞ്ഞ അയ്യപ്പൻ സ്വർഗ്ഗം തന്നെ ചുട്ടുപൊള്ളിക്കുന്നു. രക്ഷയില്ലെന്ന് കണ്ട ദേവേന്ദ്രൻ തന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് കൈലാശനാഥനെ ശരണം പ്രാപിച്ചു- പുരാണത്തിന്റേയും ഹൈന്ദവ ഗ്രന്ഥങ്ങളുടേയും പേരുകൾ വെളിപ്പെടുത്തിയായിരുന്നു മനോജ് മനയിൽ കാര്യങ്ങളെഴുതിയത്.

തത്വശാസ്ത്രത്തിൽ അയ്യപ്പനു പൂജാക്രിയകൾ ഇല്ലെന്നിരിക്കെ ശരിമലയിലെ അയ്യപ്പ പ്രതിഷ്ഠ എങ്ങനെയാണ് നൈഷ്ഠിക ബ്രഹ്മചരിയായി മാറുന്നത്? തന്ത്രശാസ്ത്രത്തിൽ ഋതുമതികളുടെ സ്ഥാനം വളരെ വലുതാണെന്ന് നാമറിയണം. തന്ത്രത്തിൽ, മാതംഗീദേവിയെ കുറിച്ചുള്ള ധ്യാനം സ്മരേത് പ്രഥമ പുഷ്പിണീ(പുഷ്പിണി എന്നാൽ രജസ്വല) എന്നാണ്. എന്നിട്ടും ആർത്തവം നിലയ്ക്കാത്തതിന്റെ പേരിൽ മാത്രം വലിയ വിഭാഗത്തെ അകറ്റി നിർത്തുകയാണ് ശബരിമലയിൽ എന്നും മനോജ് മനയിൽ വിശദീകരിക്കുന്നു. നാം കാണുന്ന പുരോഹിതരെങ്കിലും കള്ളനാണയങ്ങളല്ലേ? ആ ചോദ്യത്തിനും ഉത്തരം തരുന്നത് ശബരിമല താഴമൺ തന്ത്ര തന്നെയെന്നതാണ് സങ്കടകരം. ഒരേ സമയം നൗഷ്ഠിക ബ്രഹ്മചര്യക്ക് പൂജ ചെയ്യുകയും ഇടനേരങ്ങളിൽ ഫ്‌ലാറ്റുകളിൽ ദേവദാസിക്ക് വേണ്ടി തന്റെ വിയർപ്പും വിഴുപ്പും കുത്തിവയ്ക്കുകയും ചെയ്ത കഥകൾ മറുന്നുകാണാനിടയില്ലെന്ന് കൂടി ലേഖനത്തിൽ മനോജ് മനയിൽ കുറിച്ചിരുന്നു.

ഇതിലെ കുരുക്ക് മറുനാടൻ മലയാളിയുടെ ചൂണ്ടിക്കാട്ടി. എന്നാൽ ഈ ലേഖനത്തിൽ അയ്യപ്പനെ രേഖപ്പെടുത്തിയത് ധർമ്മ ശാസ്താവിനെയാണെന്നാണ് ദേവസം ബോർഡ് പുതിയ വിശദീകരണത്തിലൂടെ വ്യക്തമാക്കുന്നത്. ധർമ്മ ശാസ്താവും അയ്യപ്പനും രണ്ടാണ്. ധർമ്മ ശാസ്താവിന്റെ അവതാരമാണ് പന്തളത്ത് ജനിച്ച അയ്യപ്പൻ. ഈ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി ആയിരുന്നു. അതുകൊണ്ടാണ് ശബരിമലയിൽ മാത്രം സ്ത്രീ പ്രവേശനം നിഷിധമാകുന്നതെന്നാണ് ദേവസം ബോർഡിന്റേയും സ്ത്രീ പ്രവേശനം എതിർക്കുന്നവരുടേയും പുതു വാദം. സുപ്രീംകോടതിയിൽ ശ്രീ ധർമ്മശാസ്താവുമായുള്ള പുരാണ കഥകൾ ഉദ്ധരിക്കപ്പെട്ടാൽ അതിനെ തടയാനാണ് ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റം. എന്നാൽ കോടതിയിൽ അനുകൂല തീരുമാനം ഉണ്ടാക്കാനുള്ള ഈ തന്ത്രം വിമർശന വിധേയമാക്കുമെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. സുപ്രീംകോടതിയുടെ വലിയ വിമർശനം ദേവസം ബോർഡ് നേരിടേണ്ടി വരുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമാണെന്ന നിലപാട് സുപ്രീംകോടതിയിൽ ഇടത് സർക്കാർ എടുത്തു കഴിഞ്ഞു. ദേവസം ബോർഡിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി നീങ്ങുന്ന സർക്കാരിനെ മുഖവിലയ്‌ക്കെടുത്താൽ ശബരിമലയിലെ പേരുമാറ്റത്തിലെ ഉത്തരവ് പോലും അട്ടിമറിക്കപ്പെടുമെന്ന് ദേവസം ബോർഡ് വിലയിരുത്തി. എന്നാൽ അയ്യപ്പ ക്ഷേത്രമെന്ന് പേരുകൊടുത്താലും സ്ത്രീ വിരുദ്ധ ഉയർത്താൻ കഴിയില്ലെന്ന വാദവും സജീവമാണ്. ആർഎസ്എസുകാരനായ മനോജ് മനയിലിന്റെ വാദം തന്നെയാണ് ഇവിടേയും ഉപയോഗിക്കപ്പെടുന്നത്. പേര് മാറ്റിയാലും ഇത് ഇനിയും പ്രസക്തമാണന്നൊണ് ഉയരുന്ന വാദം. ശബരിമല ക്ഷേത്രം ഏറ്റവും ഒടുവിലായി തീവച്ചു നശിപ്പിച്ചതുകൊല്ലവർഷം 1125ലാണു. വൈക്കത്തിനടുത്തുള്ള ക്രിസ്ത്യാനിയായ 'കോടാലി സ്വാമി' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഒരു മതവെറിയനാണു തീവച്ചത് എന്നാണു നിഗമനം. തീവച്ച് നശിപ്പിച്ച ക്ഷേത്രം പുതുക്കിപ്പണിയാനുള്ള തീവ്രശ്രമങ്ങൾ ഹിന്ദുസമൂഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായെന്നും ഇതിനുടയുണ്ടായ ദേവപ്രശ്‌നത്തേയാണ് മനോജ് തന്റെ വാദം വിശദീകരിക്കാനായി ഉയർത്തിക്കാട്ടിയത്.

അത് ഇങ്ങനെ ആയിരുന്നു- നാനാ ഭാഗത്തുനിന്നുമുള്ള സഹായസഹകരണത്താൽ ക്ഷേത്രം പൂർവാധികം ഭംഗിയായി പുനർനിർമ്മിക്കപ്പെട്ടു. ക്ഷേത്രപുനർനിർമ്മാണം പൂർത്തിയായപ്പോൾ സ്വാഭാവികമായും ക്രിയകൾക്കു മുന്നോടിയായി ദേവഹിതം ആരായുക പതിവാണു. (ഇന്നത്തെപ്പോലെ പെയ്ഡ് ഹിതഭാഷണം അന്നു നടപ്പിൽ വന്നിട്ടില്ല). പ്രശ്‌നചിന്തക്കൊടുവിൽ ജ്യോതിഷി അവിതർക്കിതമായി ഒരു കാര്യം പറഞ്ഞു: ദേവപ്രതിഷ്ഠയിൽ പുരുഷസാന്നിധ്യം (ഭാവം) കാണുന്നില്ല! ശബരിമലയിലെ പ്രതിഷ്ഠാ ഭാവം പുരുഷനല്ല, സ്ത്രീയാണത്രെ! പ്രശ്‌നക്കാരൻ ആകെ പ്രശ്‌നത്തിലായപ്പോൾ അന്നത്തെ താഴമൺ തന്ത്രി പ്രശ്‌നക്കാരന്റെ വാക്കുകളെ ശരിവച്ചു പറഞ്ഞു. 'ശരിയാണു. പ്രതിഷ്ഠയുടെ സ്ഥായീ ഭാവം സ്‌ത്രൈണമാണു. പൂജയ്ക്കു മുൻപ് ഞങ്ങൾ ലളിതാസഹസ്രനാമം ജപിച്ച് സ്ത്രീ ഭാവത്തെ സാന്ത്വനിപ്പിച്ച് മയപ്പെടുത്തിയതിനുശേഷമാണു പുരുഷഭാവം ഉണർത്താറുണ്ട്' അതായത്, ശബരിമല പ്രതിഷ്ഠാ ഭാവം സ്‌ത്രൈണമാണു. പൗരുഷമല്ല. സ്ത്രീഭാവ പ്രതിഷ്ഠ എങ്ങനെ നൈഷ്ഠിക ബ്രഹ്മചാരിയാവും?എന്നായിരുന്നു മനോജ് മനയിൽ ഉയർത്തിയ ചോദ്യം.

ഈ ചോദ്യങ്ങളുടെ പ്രസക്തി നിലനിൽക്കുന്നിടത്തോളം ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതിയിൽ ദേവസം ബോർഡിന്റെ വാദങ്ങൾ നിലനിൽക്കില്ലെന്നും പ്രചരണമുണ്ട്. അതിനിടെ ഏക സിവിൽ കോഡിന് വേണ്ടി വാദിക്കുന്നവരാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന സംഘപരിവാരുകാരെന്ന വാദവും സജീവമാണ്. എന്നാൽ സുപ്രീംകോടതിയിൽ ഈ നിലപാട് വിശദീകരിക്കാൻ പോലും ദേവസം ബോർഡിന് കഴിയില്ല.

തീരുമാനത്തെ എതിർത്ത് മന്ത്രി കടകംപള്ളി, നിയമലംഘനമെങ്കിൽ റദ്ദാക്കട്ടേയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റും

ശബരിമല ക്ഷേത്രത്തിന്റെ പേര് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കി മാറ്റിയ ദേവസ്വം ബോർഡ് തീരുമാനം ഗുരുതരമായ നിയമലംഘനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. അധികാരമില്ലാത്ത കാര്യം രഹസ്യമായി ചെയ്യാൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെയും മെമ്പർ അജയ് തറയലിനേയും പ്രേരിപ്പിച്ച ചോതോവികാരവും പിന്നിലെ നിഗൂഢതയും എന്തെന്നറിയില്ലെന്നും ബോർഡിന്റെ വിശദീകരണം തേടുമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ മന്ത്രി അറിയിച്ചു. എന്നാൽ, ദേവസ്വം ബോർഡിന്റെ സ്വയംഭരണാധികാര പരിധിയിൽപെടുന്ന തീരുമാനത്തിൽ സർക്കാറിന്റെ അനുമതിയുടെ ആവശ്യമില്ലെന്നാണ് ദേവസ്വം ബോർഡിന്റെയും തന്ത്രി കുടുംബത്തിന്റെയും നിലപാട്.

ടമയമൃശക്ഷേത്രത്തിലെ സ്ത്രീപ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയുള്ള പേരുമാറ്റം രാഷ്ട്രീയ തീരുമാനം തന്നെയാണെന്നാണ് സർക്കാർ കരുതുന്നത്. കഴിഞ്ഞ ദിവസം സന്നിധാനത്തു നടന്ന വാർത്താസമ്മേളനത്തിൽ പ്രയാർ ഗോപാലകൃഷ്ണൻ ഇക്കാര്യം പരോക്ഷമായി പറയുകയും ചെയ്തിരുന്നു. ധർമ്മശാസ്താവ് വിവാഹിതനായിരുന്നു എന്ന വിശ്വാസത്തെക്കുറിച്ച് പറഞ്ഞ അദ്ദേഹം പുതിയ പേര് കേസിന്റെ പശ്ചാത്തലത്തിലാണെന്ന് തുറന്നു സമ്മതിച്ചിരുന്നില്ല. പേര് അയ്യപ്പസ്വാമി ക്ഷേത്രം എന്നാകുമ്പോൾ അയ്യപ്പന്റെ ബ്രഹ്മചാരി സങ്കൽപ്പം മുൻനിർത്തി സ്ത്രീപ്രവേശനം അനുവദിക്കരുതെന്ന് വാദിക്കാമെന്നാണ് ബോർഡ് കരുതുന്നത്.

പേരുമാറ്റിയ വിവരം പത്രത്തിലൂടെ അറിഞ്ഞ് നിരവധി പേർ വിളിച്ചെന്നും പത്രത്തിലൂടെയാണ് ഇക്കാര്യം താനറിഞ്ഞതെന്നുമാണ് മന്ത്രി കടകംപള്ളി ഫേസ്‌ബുക്കിൽ കുറിച്ചത്. പേരുമാറ്റം രണ്ടുമാസം മുമ്പ് നടന്നതായാണ് അറിയുന്നത്. പിന്നീട് അവലോകനയോഗത്തിലും മറ്റും കണ്ടിട്ടും സംഭവം ശ്രദ്ധയിൽപ്പെടുത്താനുള്ള സാമാന്യമര്യാദ പ്രയാർ കാട്ടിയില്ലെന്നും മന്ത്രി പറയുന്നു. സ്ത്രീപ്രവേശനം പോലുള്ള വിവിധ വിഷയങ്ങളിൽ സർക്കാറിന് വിരുദ്ധമായ നിലപാട് പുലർത്തുന്നതിൽ പ്രയാറിനോടുള്ള നീരസം നേരത്തെയും മുഖ്യമന്ത്രിയുൾപ്പെടെ പരസ്യമാക്കിയിരുന്നു.

അതേസമയം, പേരുമാറ്റം നിയമലംഘനമാണെങ്കിൽ റദ്ദാക്കട്ടെ എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പ്രതികരിച്ചു. നിയമമാറ്റം നടത്തിയിട്ടില്ലാത്തതിനാൽ സർക്കാറിന്റെ അറിയിക്കേണ്ട ആവശ്യം തൽക്കാലമില്ല. അവലോകയോഗം മുന്നൊരുക്കം വിലയിരുത്താനുള്ളതാണ്. അവിടെ മന്ത്രിയോട് ഇക്കാര്യം ചർച്ച ചെയ്യേണ്ടതില്ല. ഭക്തരുടെ ആവശ്യം ബോർഡ് അംഗീകരിക്കുകയായിരുന്നു. തീരുമാനം സ്ത്രീപ്രവേശന കേസിനെ സഹായിക്കുമെന്ന് പറയുന്നതിൽ കാര്യമൊന്നുമില്ലെന്നും പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ദേവസം ബോർഡ് നിലപാട് ധീരമെന്ന് രാഹുൽ ഈശ്വർ

ഭക്തരുടെ ഏറെക്കാലമായുള്ള ആവശ്യം അംഗീകരിച്ച ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിലപാട് ധീരമാണെന്ന് തന്ത്രി കുടുംബത്തിന്റെ പ്രതിനിധിയായ രാഹുൽ ഈശ്വർ പ്രതികരിച്ചു. ധർമ്മശാസ്താ ക്ഷേത്രങ്ങൾ ഒരുപാടുണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ഒന്നേയുള്ളൂ എന്നത് ബോദ്ധ്യപ്പെടുത്താനുമുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. പേരുമാറ്റം കേസിനെ സഹായിക്കുകയോ സഹായിക്കാതിരിക്കുകയോ ആവാം. തന്ത്രിമാരുടെ ആവശ്യത്തിന് പകരം ഭക്തരുടെ ആവശ്യമായിരുന്നു ഇത്. നേരത്തെ ഈ വിഷയം വന്നപ്പോഴൊക്കെ മുൻ തന്ത്രി കണ്ഠരര് മഹേശ്വരര് അനുകൂല നിലപാടാണ് എടുത്തിട്ടുള്ളതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP