Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂപ്പർ ഡിജിപിയായി ഹേമചന്ദ്രൻ തുടരും! ശബരിമല കേസ് സുപ്രീംകോടതി ഉടൻ പരിഗണിക്കില്ല; സാധാരണ ക്രമത്തിൽ മാത്രമേ ഹർജി പരിഗണിക്കാനാവൂവെന്ന് സുപ്രീംകോടതി; തള്ളുന്നത് സംസ്ഥാന സർക്കാരിന്റെ ആവശ്യം; യുവതി പ്രവേശനത്തിൽ സുപ്രീംകോടതിയുടെ നിലപാട് വിശദീകരണം ജനുവരി 22ന് ശേഷമേ ഉണ്ടാകൂ; ഹൈക്കോടതിയുടെ മേൽനോട്ട സമിതിക്ക് തുടരാം

സൂപ്പർ ഡിജിപിയായി ഹേമചന്ദ്രൻ തുടരും! ശബരിമല കേസ് സുപ്രീംകോടതി ഉടൻ പരിഗണിക്കില്ല; സാധാരണ ക്രമത്തിൽ മാത്രമേ ഹർജി പരിഗണിക്കാനാവൂവെന്ന് സുപ്രീംകോടതി; തള്ളുന്നത് സംസ്ഥാന സർക്കാരിന്റെ ആവശ്യം; യുവതി പ്രവേശനത്തിൽ സുപ്രീംകോടതിയുടെ നിലപാട് വിശദീകരണം ജനുവരി 22ന് ശേഷമേ ഉണ്ടാകൂ; ഹൈക്കോടതിയുടെ മേൽനോട്ട സമിതിക്ക് തുടരാം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല മേൽനോട്ടത്തിന് ഹൈക്കോടതി സമിതിയെ നിയോഗിച്ചത് ഉൾപ്പെടെയുള്ള ഹർജികൾ സുപ്രീംകോടതി ഉടൻ പരഗണിക്കില്ല. ശബരിമല കേസ് ക്രമം അനുസരിച്ച് മാത്രമേ പരിഗണിക്കാനാവൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് തീരുമാനം. ഇതോടെ മേൽനോട്ട സമിതിക്ക് ശബരിമലയിൽ ഇടപെടാനാകും. ഈ സമിതിയിൽ ഡിജിപി ഹേമചന്ദ്രനും അംഗമാണ്. ഇതോടെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് മുകളിൽ ഹേമചന്ദ്രൻ ശബരിമല കാര്യത്തിൽ എത്തിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീംകോടതിയെ സംസ്ഥാന സർക്കാർ അടിയന്തരമായി സമീപിച്ചത്. ഈ നീക്കമാണ് കോടതി തീരുമാനത്തോടെ പൊളിയുന്നത്.

ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി നടപടി പൊലീസിനും എക്സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണെന്നും ശബരിമലയിലെ പൊലീസിന്റെ പ്രവർത്തനത്തെ ഇതു ബാധിക്കുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ഹൈക്കോടതിയല്ല മേൽനോട്ടം വഹിക്കേണ്ടതെന്ന വാദമാണ് സർക്കാർ ഉയർത്തുന്നത്. ആവശ്യമാണെങ്കിൽ സുപ്രീം കോടതിക്ക് മേൽനോട്ട സമിതിയെ നിയോഗിക്കാമെന്നും സർക്കാർ നിലപാടെടുക്കുന്നു. ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നിവരാണ് നിരീക്ഷക സമിതിയിലുള്ളത്. സമിതി കഴിഞ്ഞ ദിവസം ശബരിമല സന്നിധാനം സന്ദർശിച്ചിരുന്നു. എന്നാൽ ഹർജികൾ ഹർജികൾ ഉടൻ പരിഹരിക്കില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തതോടെ സൂപ്പർ ഡിജിപിയായി ഹേമചന്ദ്രൻ ശബരിമലയിൽ വിലസും.

പിണറായി സർക്കാരിന്റെ കണ്ണിലെ കരടായിരുന്നു ഐപിഎസുകാരനായ എ ഹേമചന്ദ്രൻ. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നല്ല പുസ്തകത്തിൽ സ്ഥാനം നേടാൻ ഹേമചന്ദ്രന് കഴിഞ്ഞിരുന്നില്ല. ഇതാണ് പൊലീസിൽ ഹേമചന്ദ്രന് തിരിച്ചടിയായത്. ഇതെല്ലാം തിരിച്ചറിഞ്ഞാണ് ഫയർ ഫോഴ്സ് മേധാവിയായ ഹേമചന്ദ്രനെ ശബരിമലയിലെ സൈനാധിപനാക്കി ഹൈക്കോടതി മാറ്റിയത്. എന്നാൽ പിണറായി സർക്കാർ ഇതിൽ അസ്വസ്ഥരായിരുന്നു. എന്നാൽ സുപ്രീംകോടതി നിലപാടും അനുകൂലമായതോടെ ബെഹ്‌റയ്ക്കും മുകളിൽ സൂപ്പർ ഡിജിപിയായി ശബരിമലയിൽ ഹേമചന്ദ്രന് ഭരണം നടത്താം.

സോളാർ കേസ് അന്വേഷണ റിപ്പോർട്ടിൽ രൂക്ഷ വിമർശനമുള്ള അന്നത്തെ അന്വേഷണ സംഘ തലവനാണ് എ ഹേമചന്ദ്രൻ. സോളാർ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഹേമചന്ദ്രനെ പൊലീസിൽ നിന്ന് മാറ്റുകയായിരുന്നു. സോളാർ അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി ഹേമചന്ദ്രൻ കമ്മിഷൻ നടപടിയെ നിശിതമായി വിമർശിച്ച് കൊണ്ട് കമ്മീഷൻ സിറ്റിങ്ങിൽ സത്യവാങ്മൂലം നൽകിയിരുന്നു. തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളിലൂടെയും പ്രസ്‌ക്തമായ വസ്തുതകൾ മറച്ചുവച്ചും പൊലീസ് നടപടികളിൽ കുറ്റം കണ്ടെത്താൻ കമ്മിഷൻ വ്യഗ്രത കാണിക്കുന്നുവെന്നായിരുന്നു സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ഹേമചന്ദ്രൻ സമർപ്പിച്ച ഈ സത്യവാങ്മൂലമാണ് കമ്മിഷനെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ തിരിയാൻ പ്രേരിപ്പിച്ചതെന്ന വിലയിരുത്തലും സജീവമായിരുന്നു. ഹേമചന്ദ്രനെ സസ്പെന്റ് ചെയ്യാൻ പോലും പിണറായി ആലോചിച്ചിരുന്നു. എന്നാൽ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പിന്തുണയിൽ നടപടി ഒഴിവാക്കിയെടുത്തു. അപ്പോഴും സേനയിൽ തിരിച്ചെത്താൻ കഴിയാതത്തതിന്റെ പ്രതിഷേധം ഹേമചന്ദ്രനുണ്ടായിരുന്നു. വിജിലൻസ് ഡയറ്കടറായി നിയമിക്കുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. ഇങ്ങനെ ഇരിക്കുമ്പോഴാണ് ഹൈക്കോടതിയുടെ അംഗീകാരം ഹേമചന്ദ്രനെ തേടിയെത്തുന്നത്.

പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നല്ല പുസ്തകത്തിൽ സ്ഥാനം നേടാൻ ഹേമചന്ദ്രന് കഴിഞ്ഞിരുന്നില്ല. ഇതാണ് പൊലീസിൽ ഹേമചന്ദ്രന് തിരിച്ചടിയായത്. ഇത് ഹേമചന്ദ്രനും അറിയാം. ഇതു കൊണ്ട് തന്നെ ശബരിമലയിലെ നിയോഗം ഹേമചന്ദ്രന് സുവർണ്ണാവസരമാണ്. സർക്കാരിനോടും പൊലീസ് മേധാവിയോടും താൽപ്പര്യമില്ലാത്ത ഉദ്യോഗസ്ഥനെന്ന തിരിച്ചറിവാണ് ഹേമചന്ദ്രനെ ഹൈക്കോടതിയുടെ നിരീക്ഷകനാക്കുന്നത്. നിലവിൽ സന്നിധാനത്ത് ഹേമചന്ദ്രൻ പൊലീസിനും മുകളിലാണ്. പൊലീസിന്റെ ഇടപെടലുകളിലെ പോരായ്മകൾ ഹൈക്കോടതിയെ അറിയിക്കാനും തെറ്റ് തിരുത്താനും അധികാരമുള്ള ഉദ്യോഗസ്ഥൻ. സംഘത്തിലെ ഹേമചന്ദ്രന്റെ സാന്നിധ്യം കൂടി മനസ്സിലാക്കിയാണ് ഇന്നലെ തന്നെ സന്നിധാനത്തെ നിയന്ത്രണങ്ങൾ പൊലീസ് മാറ്റിയതും. ശരണം വിളിയെ ഇനി നിയന്ത്രിച്ചാൽ ഹൈക്കോടതിയുടെ വിമർശനത്തിന്റെ കാഠിന്യം കൂടുമെന്ന് ലോക്നാഥ് ബെഹ്റയ്ക്ക് അറിയാം.

ഫലത്തിൽ ശബരിമലയിലെ സർവ്വ സൈന്യാധിപനായാണ് ഹേമചന്ദ്രൻ ഹൈക്കോടതി നിരീക്ഷകർക്കൊപ്പം എത്തുക. സുഗമ തീർത്ഥാടനം ഉറപ്പാക്കാൻ മുൻ ജഡ്ജിമാർ ഉൾപ്പെട്ട മൂന്നംഗ നിരീക്ഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചത്. ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.ആർ.രാമൻ, ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്.സിരിജഗൻ എന്നിവരാണ് മറ്റ് രണ്ട് പേർ. ഇവർ വിരമിച്ച ജഡ്ജിമാരാണ്. എന്നാൽ മൂന്നാമൻ സർവ്വീസിലുള്ള പൊലീസുകാരനും. മുതിർന്ന ഐപി എസ് ഉദ്യോഗസ്ഥനെ സംഘത്തിൽ നിയോഗിച്ചത് പൊലീസിന്റെ കടിഞ്ഞാൺ ഹൈക്കോടതിക്ക് ലഭിക്കാൻ കൂടി വേണ്ടിയാണ്. ഇനി സന്നിധാനത്ത് ഹേമചന്ദ്രൻ പറയുന്നതും പൊലീസിന് അനുസരിക്കേണ്ടി വരും. ഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശങ്ങൾ തള്ളിക്കളയാൻ ഐജി റാങ്കിലുള്ള ചുമതലക്കാർക്ക് കഴിയില്ല. ഫലത്തിൽ ശബരിമലയിലെ മുഖ്യമന്ത്രിയുടേയും ആഭ്യന്തര വകുപ്പിന്റേയും അനാവശ്യ ഇടപെടൽ തടയുകയാണ് ഹേമചന്ദ്രനിലൂടെ സുപ്രീംകോടതി.

എൻഎസ് എസ് അടക്കമുള്ള സമൂദായ സംഘടനകളുമായും ഹേമചന്ദ്രന് നല്ല ബന്ധമാണ് ഉള്ളത്. സൗമ്യമായി ഇടപെടൽ നടത്തുന്ന ഹേമചന്ദ്രൻ ഐജിയായിരിക്കെ സന്നിധാനത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. എസ് പിയായിരിക്കുമ്പോൾ മുതൽ ശബരിമല ഡ്യൂട്ടിയിൽ സജീവമാണ്. അതുകൊണ്ട് തന്നെ ശബരിമലയെ അടുത്തറിയാവുന്ന ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രൻ. ഇതെല്ലാം മനസ്സിലാക്കിയാണ് ഹേമചന്ദ്രനെ ഡ്യൂട്ടിക്ക് ഹൈക്കോടതി നിയമിച്ചത്. ഇതോടെ വീണ്ടും മുഖ്യധാരയിലെത്തുകയാണ് ഹേമചന്ദ്രൻ. പൊലീസിന്റെ നീക്കങ്ങളിൽ ഹൈക്കോടതി ഇനി മുഖവിലയ്ക്കെടുക്കുക ഹേമചന്ദ്രന്റെ റിപ്പോർട്ടുകളാകും. അതുകൊണ്ട് തന്നെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും തലവേദന ഏറെയാണ്. വിശ്വാസികളുടെ പക്ഷത്ത് നിന്ന് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ് ഹേമചന്ദ്രനെന്നതും ശ്രദ്ധേയമാണ്.

സോളാറിൽ അന്വേഷണ ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നെങ്കിൽ തന്നെ മാത്രമേ ചെയ്യാവൂ എന്നും സഹപ്രവർത്തകരെ ബലിയാടാക്കരുതെന്നും ഹേമചന്ദ്രൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കേസിൽ തങ്ങളുടെ ഭാഗം കേൾക്കാതെ തികച്ചും ഏകപക്ഷീയമായി റിപ്പോർട്ട് തയ്യാറാക്കിയത്. ഇപ്പോൾ സ്വീകരിച്ച സ്ഥലംമാറ്റം അടക്കമുള്ള നടപടികൾ പിൻവലിക്കണമെന്നും കത്തിൽ പറഞ്ഞിരുന്നു. അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പൂർണ്ണ ഉത്തരവാദിത്വം ഏൽക്കാൻ തയ്യാറാണെന്നും മറ്റുള്ളവരെ ബലിയാടാക്കരുതെന്നും ഹേമചന്ദ്രൻ പറഞ്ഞു. അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന ഹേമചന്ദ്രനെ കെഎസ്ആർടിസി എംഡി സ്ഥാനത്തേക്കാണ് മാറ്റിയത്. റിപ്പോർട്ടിന് പിന്നാലെ മുഖ്യമന്ത്രിയുടെ അന്വേഷണ പ്രഖ്യാപനം പൊലീസ് സേനയിലെ ഒരു വിഭാഗത്തെ അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും കത്ത് സർക്കരിനെ വെട്ടിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഹേമചന്ദ്രനെ ശത്രുപക്ഷത്താണ് മുഖ്യമന്ത്രി കണ്ടിരുന്നത്.

ഇതിന് പുറമേ ഐപിഎസ് അസോസിയേഷനിൽ തച്ചങ്കരിയെ എത്തിക്കാനുള്ള സർക്കാർ നീക്കത്തിനും ഹേമചന്ദ്രന് എതിരു നിന്നിരുന്നു. ഇതും സർക്കാരിന്റെ അതൃപ്തിക്ക് കാരണമായിരുന്നു. ശബരിമലയിൽ സർക്കാർ ഉത്തരവും നിർദ്ദേശവും നടപ്പിലാക്കേണ്ട ബാധ്യത ഹേമചന്ദ്രന് ഇല്ല. അതുകൊണ്ട് തന്നെ ശബരിമലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയും. 2016 മാർച്ചിൽ ഹേമചന്ദ്രനെ ഡി.ജി.പിയായി ഉയർത്തിയിരുന്നു. ഇതിനെ അക്കൗണ്ടന്റ് ജനറലും കേന്ദ്ര പേഴ്‌സനൽ മന്ത്രാലയവും എതിർത്തതിനെ തുടർന്ന്? എ.ഡി.ജി.പിയുടെ തസ്തികയിലുള്ള ശമ്പളമേ ലഭിച്ചിരുന്നുള്ളൂ. ജൂണിലാണ് പദവി സ്ഥിരപ്പെടുത്തിയത്. 1986 ബാച്ചിൽപെട്ട ഹേമചന്ദ്രന് 2020 മെയ് വരെ സർവിസുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP