Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അങ്കമാലി-എരുമേലി പാതയ്ക്ക് വേണ്ടി ചരട് വലിച്ച് കെവി തോമസ്; ചെങ്ങന്നൂർ-പമ്പ ആകാശ പാതയ്ക്കായി മെട്രോ മാനും; റെയിൽവേ മന്ത്രിയെ കാണാനെത്തിയ കേരളത്തിന്റെ സ്വന്തം പ്രതിനിധിക്ക് കിട്ടിയത് നിരാശ; കേന്ദ്രത്തിന് താൽപ്പര്യം ശ്രീധരന്റെ നിർദ്ദേശത്തോട്; ശബരിമലയിലേക്കുള്ള തീവണ്ടി പാതയിൽ ആരു ജയിക്കും?

അങ്കമാലി-എരുമേലി പാതയ്ക്ക് വേണ്ടി ചരട് വലിച്ച് കെവി തോമസ്; ചെങ്ങന്നൂർ-പമ്പ ആകാശ പാതയ്ക്കായി മെട്രോ മാനും; റെയിൽവേ മന്ത്രിയെ കാണാനെത്തിയ കേരളത്തിന്റെ സ്വന്തം പ്രതിനിധിക്ക് കിട്ടിയത് നിരാശ; കേന്ദ്രത്തിന് താൽപ്പര്യം ശ്രീധരന്റെ നിർദ്ദേശത്തോട്; ശബരിമലയിലേക്കുള്ള തീവണ്ടി പാതയിൽ ആരു ജയിക്കും?

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: അങ്കമാലി-എരുമേലി ശബരി പാതയിൽ ആശങ്ക വീണ്ടും. ശബരിമല പാത സംബന്ധിച്ചു ബദൽ അലൈന്മെന്റ് കൂടി പരിഗണിച്ച ശേഷം അന്തിമ തീരുമാനമെന്ന റെയിൽവേ മന്ത്രിയുടെ തീരുമാനമാണ് ഇതിന് കാരണം. കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് പുതിയ സാഹചര്യം സൃഷ്ടിക്കുന്നത്. ഹൈക്കോടതിയിൽ റെയിൽവേ സമർപ്പിച്ച ശബരി പാതയുടെ അലൈന്മെന്റ് അന്തിമമാണെന്നിരിക്കെ മന്ത്രി പറയുന്നതു ചെങ്ങന്നൂർ-പമ്പ ആകാശപാതയുടെ സർവേയുടെ കാര്യമാകാമെന്നു റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. ഇ. ശ്രീധരനാണ് ഇത്തരമൊരു ബദൽ നിർദ്ദേശം നൽകിയത്. സ്ഥലം ഏറ്റെടുക്കാതെ ശബരിമലയിലേക്ക് തീവണ്ടി സർവ്വീസ് എന്നതാണ് ശ്രീധരന്റെ ആശയം.

ബദൽ അലൈന്മെന്റ് കൂടി പരിഗണിച്ച ശേഷം ശബരി പാതയുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഇതിനു മുന്നോടിയായി കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണു റെയിൽവേ മന്ത്രി അറിയിച്ചതെന്നു കെ.വി.തോമസ് പറഞ്ഞു. ഏതു ബദൽ പദ്ധതിയാണെന്നു മന്ത്രി വ്യക്തമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരി പദ്ധതിയും ചെങ്ങന്നൂർ-പമ്പ എലിവേറ്റഡ് പാതയും റെയിൽവേ മന്ത്രാലയത്തിൽ പരിഗണനയിലാണ്. നിർദിഷ്ട അങ്കമാലി- എരുമേലി ശബരിപാത പകരമായി ചെങ്ങന്നൂർ- പമ്പ ആകാശപാതയെന്ന പുതിയ പദ്ധതി പരിഗണിക്കുകയാണ് കേന്ദ്രസർക്കാർ.

അതിനിടെ ശബരിപാത വൈകിച്ച് കേരളത്തിന്റെ വികസനപദ്ധതി തകർക്കാനാണ് നീക്കമെന്ന ആരോപണവുമായി സംസ്ഥാന സർക്കാരും രംഗത്തു വന്നിട്ടുണ്ട്. ചെങ്ങന്നൂർ- പമ്പ ആകാശപാതയിൽ അന്തിമ ലൊക്കേഷൻ സർവേ (എഫ്എൽഎസ്) നടത്തുമെന്നാണ് സൂചന. അത് പൂർത്തിയായാൽ അന്തിമ ചെലവ് കണക്കാക്കി, ഡിപിആർ തയ്യാറാക്കും. ഇതെല്ലാം മെട്രോ മാൻ ഇ ശ്രീധരന്റെ നേതൃത്വത്തിലാകും നടക്കുകയെന്നും സൂചനയുണ്ട്. 1997-98ൽ എൽഡിഎഫ് സർക്കാർ സമർപ്പിച്ച ശബരിപാതയ്ക്ക് ആദ്യംമുതലേ എതിര് നിൽക്കുന്ന ഇ ശ്രീധരനാണ് ആകാശപാതയാണ് മെച്ചമെന്ന് റെയിൽവേയെ ധരിപ്പിച്ച്, പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.

എസ്റ്റേറ്റ് ലോബി നേരത്തേ ശബരിപാതയ്ക്ക് എതിരായിരുന്നു. പമ്പാനദിയുടെ തീരത്തും വനാന്തരങ്ങളിലൂടെയുമാണ് ആകാശപാതയുടെ 75 കിലോമീറ്റർ റൂട്ട്. പതിമൂവായിരം കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. പദ്ധതി യാഥാർത്ഥ്യമായാൽ പമ്പ വരെ ആകാശ പാതയിലൂടെ തീർത്ഥാടകർക്ക് എത്താനാകും. ശബരി റെയിൽ പാത എരുമേലിയിൽ അവസാനിക്കും. അതുകൊണ്ട് തന്നെ തീർത്ഥാടകർക്ക് കൂടുതൽ മെച്ചം ആകാശ പാതയാണ്. സ്ഥലം ഏറ്റെടുക്കലിലും വലിയ തടസ്സങ്ങളുണ്ടാകില്ല. ശബരിപാത ഉപേക്ഷിക്കാൻ റെയിൽവേ തീരുമാനിച്ചപ്പോൾ കഴിഞ്ഞ എൽഡിഎഫ് സർക്കാർ പകുതി ചെലവ് വഹിക്കാമെന്ന് അറിയിച്ച് പദ്ധതിക്ക് ജീവൻ വയ്പിച്ചിരുന്നു. ഇതിന്റെ പുതുക്കിയ എസ്റ്റിമേറ്റ് കെ- റെയിൽ നൽകി.

പെരിയാറിനു കുറുകെ പാലം അടക്കം അങ്കമാലി- - പെരുമ്പാവൂർ ഖേലയിൽ എട്ടു കിലോമീറ്റർ പാത പൂർത്തിയായി. 250 കോടി രൂപയും ചെലവിട്ടു. തൊടുപുഴയ്ക്ക് അടുത്ത് കാഞ്ഞൂർവരെ സ്ഥലമേറ്റെടുപ്പും പൂർത്തിയായി. ഇതിന് പകരമാണ് പുതിയ പദ്ധതി. ശബരിമല തീർത്ഥാടകർക്ക് ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് എത്താൻ വെറും 40 മിനിറ്റ് മാത്രം മതിയാകുന്ന തരത്തിൽ ചെങ്ങന്നൂർ പമ്പ റെയിൽ പാതയാണ് തയ്യാറാകുന്നത്. തൂണുകൾ ഉപയോഗപ്പെടുത്തിയുള്ള വേഗ പാത യാഥാർത്ഥ്യമാക്കി മാറ്റുമെന്നും റെയിൽവേ ഈ പദ്ധതിക്ക് അനുമതി നൽകുമെന്നാണ് ഇ ശ്രീധരന്റെ പ്രതീക്ഷ.

ശബരിമലയുടെയും വനപ്രദേശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാവും ചെങ്ങന്നൂർ പമ്പ റെയിൽ പാത നടപ്പാക്കുക. പ്രകൃതിക്ക് യാതൊരു കോട്ടവും വരാതെ തൂണുകൾ ഉപയോഗപ്പെടുത്തിയാണ് പാത യാഥാർത്ഥ്യമാക്കുന്നത്. തൂണുകൾ മതിയായ ഉയരത്തിൽ സ്ഥാപിക്കുന്നതിനാൽ റെയിൽ സംവിധാനം വനഭൂമിയെ തടസ്സപ്പെടുത്തുന്നില്ല. ആദ്യം പദ്ധതി ശുപാർശ ചെയ്തിരുന്നത് മോണോ റെയിലായി ആയിരുന്നു. എന്നാൽ ഉൾക്കൊള്ളാൻ കഴിയുന്ന യാത്രക്കാരുടെ എണ്ണം കുറവാണെന്ന ആക്ഷേപം വന്നപ്പോൾ പകരം വേഗപാതയാണ് അനുയോജ്യമെന്ന് തീരുമാനിക്കുകയായിരുന്നു. ചെങ്ങന്നൂർ-പമ്പ എലിവേറ്റഡ് പാത സർവേ ഘട്ടത്തിൽ മാത്രം എത്തി നിൽക്കുന്ന പദ്ധതിയാണ്. 1997ൽ പ്രഖ്യാപിച്ച ശബരി പദ്ധതിയിൽ 264 കോടി രൂപ റെയിൽവേ ഇതുവരെ ചെലവാക്കിയിട്ടുണ്ട്.

7 കിലോമീറ്റർ പാത നിർമ്മാണവും കഴിഞ്ഞു. ഇത്തവണ ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. സംസ്ഥാന സർക്കാർ പകുതി ചെലവു വഹിക്കാമെന്നു കത്തു നൽകിയതും മലയോര ജില്ലകൾക്കു മുഴുവൻ പ്രയോജനം ചെയ്യുന്ന ശബരി പാതയ്ക്കാണെന്നിരിക്കെ റെയിൽവേ മന്ത്രാലയത്തിലെ ആശയക്കുഴപ്പം ശബരി പദ്ധതിയെ ദോഷകരമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് ആക്ഷൻ കൗൺസിലുകൾ. കൂടുതൽ ജില്ലകൾക്കും ജനങ്ങൾക്കും പ്രയോജനപ്പെടുന്ന ശബരി പാത എരുമേലിയിൽ നിന്നു പത്തനംതിട്ട, പുനലൂർ, നെടുമങ്ങാട് വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന ആവശ്യവും സർക്കാരിന്റെ മുന്നിലുണ്ട്. ചെങ്ങന്നൂർ-പമ്പ പാതയേയും പത്തനംതിട്ടയിലേക്കും മറ്റും വഴി തിരിച്ചു വിടാൻ കഴിയുമെന്ന വാദവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP