Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓൺലൈൻ പാസ് എടുക്കാൻ വന്നവന്മാർ പൊലീസുകാരുടെ വീഡിയോ എടുക്കുന്നോടാ! ഇത് പൊലീസ് അയ്യപ്പന്മാരോ ഗുണ്ടകളോ! തീർത്ഥാടകർക്ക് നേരെയുള്ള പൊലീസ് അതിക്രമം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ സംഘത്തിന് നേരെയും പൊലീസ് നരനായാട്ട്; ജനം ടി.വി സംഘത്തിന്റെയും പ്രാദേശിക ചാനലിന്റേയും ക്യാമറ പിടിച്ചു വാങ്ങി പൊലീസ് സംഘം; റിപ്പോർട്ടർമാരെ പിടിച്ചു തള്ളിയും ക്രൂരത

എസ് രാജീവ്

ശബരിമല :ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് നേരെയുള്ള പൊലീസ് അതിക്രമം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിന് നേരെ പൊലീസ് ക്രൂരത. വാർത്ത റിപ്പേർട്ട് ചെയ്യാനെത്തിയ ജനം ടിവി സംഘത്തിനും മറ്റൊരു പ്രാദേശിക ചാനൽ സംഘത്തിനും നേരെയാണ് മരക്കൂട്ടത്ത ഡ്യൂട്ടിയിൽ നിന്ന് പൊലീസ് സംഘം അക്രമം അഴിച്ചുവിട്ടത്. മരക്കൂട്ടമടക്കമുള്ള ശരണ പാതകളിൽ കൈയേറ്റം വ്യാപകമാകുന്നുവെന്ന തീർത്ഥാടകരുടെ പരാതി വ്യാപകമായതിനെ തുടർന്ന് മരക്കൂട്ടത്ത് പൊലീസ് നടത്തുന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമ സംഘത്തിന് നേരെയായിരുന്നു പൊലീസിന്റെ കൈയേറ്റം.

വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ ആയിരുന്നു സംഭവം. ലാത്തിയും കാട്ടുവടികളും ഉപയോഗിച്ച് തീർത്ഥാടകർക്ക് നേരെ പൊലീസ് നടത്തുന്ന മർദ്ദന ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ കൂട്ടം ചേർന്നെത്തി മാധ്യമ സംഘത്തെ കൈയേറ്റം ചെയ്യുകയായിരുന്നു. പൊലീസുകാരുടെ ഡ്യൂട്ടി ഷൂട്ട് ചെയ്യുന്നോ എന്ന ആക്രാശത്തോടെ ഒരു പൊലീസുകാരൻ ക്യാമറ തട്ടിത്തെറിപ്പിച്ചു. രണ്ട് മാധ്യമ പ്രവർത്തകരെ പിടിച്ചു തള്ളുകയും ചെയ്തു. ഓൺലൈൻ പൈസിന് വന്നന്മാർ അത് വാങ്ങി പോയാൽ മതി എന്നായിരുന്നു ആക്രോശം.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ എത്തി പൊലീസുകാരെ പിന്തിരിപ്പിക്കുകയായിരുന്നു. മരക്കൂട്ടത്തിന് സമീപം രണ്ട് ദിവസം മുമ്പ് പൊലീസുകാർ സംഘം ചേർന്ന് കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള തീർത്ഥാടകരെ വടി ഉപയോഗിച്ച് മർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുകയും ചെയ്തിരുന്നു. തീർത്ഥാടകരോട് മാന്യമായും ക്ഷമയോടും പെരുമാറണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകാറുണ്ടെങ്കിലും പൊലീസുകാരിൽ നല്ലൊരു ശതമാനവും ഇതിന് പുല്ലുവില മാത്രമാണ് നൽകുന്നതെന്നതാണ് അടിക്കടി ഉണ്ടാകുന്ന പൊലീസ് അതിക്രമങ്ങൾ സൂചന നൽകുന്നത്.

മണ്ഡല തീർത്ഥാടനം തീരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഭക്തർക്ക് നേരെ പൊലീസ് അയ്യപ്പന്മാരുടെ അതിക്രമം. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന തീർത്ഥാടകർ വരിതെറ്റിച്ച് പോകുന്നതും കുറുക്കുവഴികൾ സ്വീകരിക്കുന്നതുമാണ് പൊലീസ് തടയുന്നതെന്നാണ് മുൻപ് പൊലീസ് വ്യത്തം ഇതിന് മറുപടി നൽകിയിട്ടുള്ളത്. വരി തെറ്റിക്കുന്ന അയ്യപ്പന്മാരെ പേടിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് പൊലീസ് ഭാഷ്യം. ഡി.വൈ.എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥരടക്കം കാവൽ നിൽക്കുമ്പോഴാണ് ഇവരെ നിയന്ത്രിക്കാതെ അയ്യപ്പന്മാർക്ക് നേരെ പൊലീസ് അതിക്രമം അഴിച്ചുവിടുന്നത്. ശബരിമലയ ഡ്യൂട്ടിയെത്തുന്ന പൊലീസ് അയ്യപ്പന്മാർ ജനറൽ ഡ്യൂട്ടിയുടെ ഭാഗമായി പെരുമാറെല്ലന്ന് പ്രത്യേക നിർദ്ദേശമുണ്ട്. മുൻപ് സന്നിധാനത്ത് പൊലീസ് ഉദ്യോഗസ്ഥർ ബൂട്ടിട്ട് കയറിയതും വിവാദം സൃഷ്ടിച്ചിരുന്നു.


തിരക്ക് നിയന്ത്രണത്തിന്റെ പേരിൽ സോപാനത്തിന് മുന്നിലെത്തുന്ന തീർത്ഥാടകർക്ക് നേരെ പൊലീഅനാവശ്യമായി ബലപ്രയോഗം നടത്തുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. മണിക്കൂറുകൾ കാത്തുനിന്ന് അയ്യപ്പ സന്നിധിയിൽ എത്തുന്ന തീർത്ഥാടകർക്ക് പൊലീസുകാരുടെ തള്ളുമൂലം ദർശനം ലഭിക്കുന്നില്ല. കൂടുതലും ഇതരസംസ്ഥാന തീർത്ഥാടകരോടാണ് പൊലീസിന്റെ ക്രൂരമായ പെരുമാറ്റം.
ദർശനം ലഭിക്കാത്ത തീർത്ഥാടകർ പൊലീസിനോട് കയർത്ത് സംസാരിക്കുന്നതും പതിവാണ്. നട തുറന്ന ആദ്യ ദിനം തന്നെ ഇത്തരം നിരവധി പരാതികളാണ് ഉയർന്നത്. ദർശനം ലഭിച്ചില്ലെന്ന് പരാതിപ്പെടുന്നവരെ പൊലീസ് ശ്രീകോവിലിന് സമീപത്ത് നിന്ന് തള്ളി പുറത്താക്കുകയാണ് ചെയ്യുന്നത്. പൊലീസിന്റെ ഉന്തിലും തള്ളിലും നിരവധി പേർ നിലത്ത് വീഴുകയും ചെയ്യുന്നുണ്ട്.

മണ്ഡലകാലത്ത് മൂന്നാം ഘട്ടം ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ തിരക്ക് നിയന്ത്രണത്തിന് ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ചത് വ്യാപക പരാതിക്ക് കാരണമായിരുന്നു. പ്രധാനമായും മരക്കൂട്ടത്തും ശരംകുത്തിയിലുമായിരുന്നു പൊലീസിന്റെ വടി പ്രയോഗം.മാത്രമല്ല കാനനപാതയിൽ തീർത്ഥാടകരുടെ വാഹനങ്ങൾ ആഹാരവും വെള്ളവും ലഭിക്കാത്ത ഇടങ്ങളിൽ മണിക്കൂറുകളോളം തടയുകയും ചെയ്തു. പൊലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളെ തുടർന്ന് തീർത്ഥാടകർ ദുരിതത്തിലായതോടെ ദേവസ്വം ബോർഡും പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു.

ഇതെല്ലാം കണക്കിലെടുത്ത് പൊലീസുകാർ തീർത്ഥാടകരോട് ക്ഷമയോടെ പെരുമാറണമെന്ന് നാലാംഘട്ട ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് പൊലീസ് സ്‌പെഷ്യൽ ഓഫീസർ പ്രത്യേക നിർദ്ദേശം നൽകി. മാത്രമല്ല പൊലീസിനുള്ള 57 ഇന നിർദ്ദേശങ്ങൾ അടങ്ങിയ തീർത്ഥാടന കൈപ്പുസ്തകവും വിതരണം ചെയ്തു. 

മർദിച്ച പൊലീസുകാരന് നേരെ തീർത്ഥാടകരും

ശബരിമല : സന്നിധാനത്തും ശരണ പാതയിലും പൊലീസ് നടത്തുന്ന നിരന്തരമായ അതിക്രമങ്ങളിലും ബലപ്രയോഗങ്ങളിലും സഹികെട്ട തീർത്ഥാടകർ പൊലീസിനെതിരെ പ്രതികരിച്ചു ചെയ്തു തുടങ്ങി. ശബരീപീഠത്ത് ഡ്യൂട്ടി നോക്കിയ പൊലീസുകാരന് ഇതര സംസ്ഥാന തീർത്ഥാടകന്റെ മർദ്ദനത്തിൽ പരിക്കേറ്റതാണ് ഏറ്റവും പുതിയ സംഭവവികാസം . വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെ ആയിരുന്നു ശബരീപീഠത്തിന് സമീപമായിരുന്നു സംഭവം . മണിക്കൂറുകളായി കാത്തു നിന്ന ക്യൂവിൽ നിന്നും പ്രാഥമികാവശ്യത്തിനായി പുറത്തിറങ്ങിയ തീർത്ഥാടകനെ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഉപദ്രവിച്ചതാണ് മർദ്ദനത്തിൽ കലാശിച്ചതത്രേ.

കെ എ പി അഞ്ചാം ബെറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസർ പി എസ് രാജേഷിനാണ് തീർത്ഥാടകന്റെ മർദനത്തിൽ പരിക്കേറ്റത്. സഹപ്രവർത്തകനെ മർദ്ദിക്കുന്നതു കണ്ട് മറ്റ് പൊലീസുകാർ ഓടിയെത്തുമ്പോഴേക്കും തീർത്ഥാടകൻ ഉൾക്കാട്ടിലേക്ക് ഓടി മറഞ്ഞു. തുടർന്ന് മർദ്ദനത്തിൽ പരിക്കേറ്റ പൊലീസുകാരനെ സഹപ്രവർത്തകർ ചേർന്ന് സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പൊലീസ് ബാരക്കിലേക്ക് കൊണ്ടുപോയി. ഓടി രക്ഷപ്പെട്ട തീർത്ഥാടകനായി പൊലീസ് സംഘം ചേർന്ന് ഉൾക്കാട്ടിലടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മണ്ഡലകാല സീസണിലും വലിയ നടപ്പന്തലിൽ തീർത്ഥാടകന്റെ മർദ്ദനത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. സന്നിധാനത്തടക്കം പൊലീസ് തീർത്ഥാടർക്ക് നേരേ രൂക്ഷമായ മർദ്ദനമുറകൾ പ്രയോഗിക്കുന്നതായ പരാതികൾ മണ്ഡലകാലത്തടക്കം ഉയർന്നിരുന്നു. ഇതിനിടെയാണ് തീർത്ഥാടകന്റെ മർദ്ദനത്തിൽ പൊലീസുകാരന് പരിക്കേറ്റിരിക്കുന്നത്.

മണ്ഡലകാലാവസാന ഘട്ടത്തിൽ ചുമതലയേറ്റ പൊലീസിന്റെ മൂന്നാം ബാച്ചിനെയും നിലവിൽ ചുമതലയുള്ള നാലാം ബാച്ചിനെയും സംബന്ധിച്ചാണ് തീർത്ഥാടകരിൽ നിന്നടക്കം പരാതികൾ ഏറെ ഉയർന്നത്. മരക്കൂട്ടത്തടക്കമുള്ള ശരണ പാതയിൽ തീർത്ഥാടകരെ ലാത്തിയും കാട്ട് കമ്പുകളും ഉപയോഗിച്ച് മർദ്ദിക്കുന്നതായും പതിനെട്ടാം പടിയിലും സോപാനത്തും കുട്ടികൾ അടക്കമുള്ളവർക്ക് നേരെ ബലപ്രയോഗം നടത്തുന്നതായും പിടിച്ചു തള്ളുന്നതുമായ നിരവധി പരാതികളാണ് പൊലീസിനെതിരെ ഉയരുന്നത്.

ബലപ്രയോഗം രൂക്ഷമായ സാഹചര്യങ്ങളൽ ഇതര സംസ്ഥാന തീർത്ഥാടകർ അടക്കമുള്ളവർ പൊലീസിന് നേരേ തിരിയുന്നത് ചില നേരിയ സംഘർഷങ്ങൾക്കും വഴിവെച്ചിരുന്നു. തീർത്ഥാടകർക്ക് നേരെയുള്ള പൊലീസിന്റെ അതിക്രമങ്ങളും അനാവശ്യ നിയന്ത്രണങ്ങളും സംബന്ധിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയ സാഹചര്യങ്ങളും ഈ മണ്ഡല - മകര സിളക്ക് സീസണിൽ ഉണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP