Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പേരു അഡ്രസും ഒന്നും വേണ്ട; പിൻകോഡ് 689713 എന്നതിന് പോസ്റ്റൽ സർവ്വീസിൽ ഒറ്റ അവകാശി മാത്രം; ഉദ്ദിഷ്ടകാര്യ ലാഭത്തിനും ആകുലതകൾ പങ്കുവെച്ചും പ്രണയം പറഞ്ഞും ദിവസേന ഈ പിൻകോഡിൽ എത്തുന്നത് ആയിരക്കണക്കിന് കത്തുകൾ; മണിയോഡറുകൾക്കും പഞ്ഞമില്ല; ഇത് രാജ്യത്ത് സ്വന്തമായി തപാൽ പിൻകോഡുള്ള രണ്ടുപേരിൽ ഒരാളുടെ അവസ്ഥ; ഇന്ത്യൻ പ്രസിഡന്റിനൊപ്പം സാക്ഷാൽ ശബരിമല അയ്യപ്പൻ ഒറ്റ പിൻകോഡുകാരൻ ആയതിന് പിന്നിലെ കഥ

പേരു അഡ്രസും ഒന്നും വേണ്ട; പിൻകോഡ് 689713 എന്നതിന് പോസ്റ്റൽ സർവ്വീസിൽ ഒറ്റ അവകാശി മാത്രം; ഉദ്ദിഷ്ടകാര്യ ലാഭത്തിനും ആകുലതകൾ പങ്കുവെച്ചും പ്രണയം പറഞ്ഞും ദിവസേന ഈ പിൻകോഡിൽ എത്തുന്നത് ആയിരക്കണക്കിന് കത്തുകൾ; മണിയോഡറുകൾക്കും പഞ്ഞമില്ല; ഇത് രാജ്യത്ത് സ്വന്തമായി തപാൽ പിൻകോഡുള്ള രണ്ടുപേരിൽ ഒരാളുടെ അവസ്ഥ; ഇന്ത്യൻ പ്രസിഡന്റിനൊപ്പം സാക്ഷാൽ ശബരിമല അയ്യപ്പൻ ഒറ്റ പിൻകോഡുകാരൻ ആയതിന് പിന്നിലെ കഥ

എസ് രാജീവ്‌

ശബരിമല : രാജ്യത്ത് സ്വന്തമായി തപാൽ പിൻകോഡുള്ള രണ്ടുപേരിൽ ഒരാളാണ് സാക്ഷാൽ ശ്രീ ശബരിമല അയ്യപ്പൻ. ഇന്ത്യൻ പ്രസിഡന്റാണ് മറ്റൊരാൾ. 689713 എന്നതാണ് അയ്യപ്പ സ്വാമിയുടെ പിൻകോഡ്. സന്നിധാനം തപാൽ ഓഫീസിന്റെ പിൻകോഡാണിത്. വർഷത്തിൽ മൂന്നുമാസം മാത്രമാണ് അയ്യപ്പസ്വാമിയുടെ പിൻകോഡും തപാൽ ഓഫീസും സജീവമായിരിക്കുക. ഉൽസവകാലം കഴിയുന്നതോടെ പിൻകോഡ് നിർജീവമാകും.

മണ്ഡല-മകരവിളക്കുൽസവകാലത്ത് മാത്രമാണ് ഓഫീസിന്റെ പ്രവർത്തനം. സന്നിധാനത്തെ തപാൽഓഫീസിന് പിന്നെയുമുണ്ട് പ്രത്യേകതകൾ. പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ഉൾപ്പെടുന്നതാണ് ഇവിടുത്തെ തപാൽമുദ്ര. രാജ്യത്ത് മറ്റൊരിടത്തും തപാൽവകുപ്പ് ഇത്തരം വേറിട്ട തപാൽമുദ്രകൾ ഉപയോഗിക്കുന്നില്ല. ഈ മുദ്ര ചാർത്തിയ കത്തുകൾ വീടുകളിലേക്കും പ്രിയപ്പെട്ടവർക്കും അയയ്ക്കാൻ നിരവധി തീർത്ഥാടകരാണ് നിത്യവും സന്നിധാനം തപാൽ ഓഫീസിലെത്തുന്നത്. ഉൽസവകാലം കഴിഞ്ഞാൽ ഈ തപാൽമുദ്ര പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന്റെ ലോക്കറിലേക്ക് മാറ്റും. പിന്നെ അടുത്ത ഉൽസവകാലത്താണ് ഈ മുദ്ര വെളിച്ചം കാണുക.

ഈ തപാൽഓഫീസ് കൈകാര്യം ചെയ്യുന്ന എഴുത്തുകളിലും മണി ഓർഡറികളിലുമുണ്ട് ഒരുപാട് കൗതുകങ്ങൾ. നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമിക്ക് നിത്യവും നിരവധി കത്തുകളാണിവിടെ ലഭിക്കുന്നത്. ഉദ്ദിഷ്ടകാര്യ ലാഭത്തിനും ആകുലതകൾ പങ്കുവെച്ചും പ്രണയം പറഞ്ഞുമുള്ള കത്തുകൾ. ഉദ്ദിഷ്ടകാര്യങ്ങൾ നടത്തിത്തരണമെന്നാവശ്യപ്പെട്ടുള്ള മണിഓർഡറുകൾ, വീട്ടിലെ വിശേഷങ്ങളുടെ ആദ്യക്ഷണക്കത്തുകൾ തുടങ്ങി ഒരുവർഷം വായിച്ചാൽ തീരാത്തത്ര എഴുത്തുകളാണ് അയ്യപ്പന്റെ പേരുവെച്ച് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഭക്തർ അയയ്ക്കുന്നത്. ഈ കത്തുകൾ അയ്യപ്പന് മുന്നിൽ സമർപ്പിച്ചശേഷം എക്സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറുകയാണ് പതിവ്. മണിഓർഡറുകളുടെ കാര്യവും അങ്ങനെതന്നെ.

ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് ഇത്തരം കത്തുകളേറെ വരുന്നതെന്ന് സന്നിധാനം പോസ്റ്റ് മാസ്റ്റർ എം. അയ്യപ്പൻ പറഞ്ഞു. ഉൽസവകാലം കഴിഞ്ഞാൽ അയ്യപ്പനുള്ള കത്തുകളും മണിഓർഡറുകളും വടശ്ശേരിക്കര പോസ്റ്റോഫീസിലാണ് എത്തുക. അവിടെനിന്ന് പമ്പയിലെ ബ്രാഞ്ച് ഓഫീസിൽ എത്തിച്ചതിനുശേഷം സന്നിധാനത്തേക്ക് കാൽനടയായി കൊണ്ടുവരും. 1984ലാണ് സന്നിധാനത്ത് തപാൽഓഫീസ് ആരംഭിക്കുന്നത്. അതിനുമുൻപ് കുമളി, തേക്കടി വഴി കാനനപാതയിലുടെ കാൽനടയായാണ് അയ്യപ്പനുള്ള അഞ്ചലുകൾ വന്നിരുന്നത്. മാറിയ കാലത്തിനനുസരിച്ച് വിവിധ സൗകര്യങ്ങളും സന്നിധാനം തപാൽഓഫീസിൽ ലഭ്യമാണ്. സ്വാമി വേഷത്തിൽ സന്നിധാനം പശ്ചാത്തലമാക്കിയുള്ള സ്വന്തം ഫോട്ടോ പതിപ്പിച്ച തപാൽസ്റ്റാമ്പ് തയ്യാറാക്കുന്നതാണ് അതിലൊന്ന്.

തപാൽവകുപ്പിന്റെ മൈ സ്റ്റാമ്പ് പദ്ധതിയിൽപ്പെടുത്തിയാണിത്. 300രൂപ നൽകിയാൽ 16 സ്റ്റാമ്പുകളുള്ള ഒരുഷീറ്റ് ലഭിക്കും. കത്തുകളയക്കാനും സ്റ്റാമ്പ് ശേഖരത്തിനും പ്രിയപ്പെട്ടവർക്ക് നൽകാനും ഇതുപയോഗിക്കാം. നിരവധിപേരാണ് സ്വന്തം മുഖം സ്റ്റാമ്പിലാക്കാൻ ഇവിടെ എത്തുന്നത്. അതിനുപുറമെ വിവിധ കമ്പനികളുടെ മൊബൈൽ ചാർജിങ്, മണിഓർഡർ സംവിധാനം, ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് സംവിധാനം തുടങ്ങിയവയും സന്നിധാനം തപാൽഓഫീസിൽ ലഭ്യമാണ്.

പോസ്റ്റ്മാസ്റ്റർക്ക് പുറമെ രണ്ട് പോസ്റ്റ്മേന്മാരും രണ്ട് പോസ്റ്റൽ അസിസ്റ്റന്റുമാരുമാണ് സന്നിധാനം തപാൽ ഓഫീസിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP