Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

എല്ലാം അയ്യപ്പൻ കാത്തു! യുവതീപ്രവേശന വിവാദം ഒഴിഞ്ഞു നിന്നതോടെ ശബരിമലയിൽ പൂർത്തിയായത് ശാന്തവും സംഘർഷരഹിതവുമായ തീർത്ഥാടനകാലം; ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും ഒരുപോലെ വർദ്ധനവ്; മകരവിളക്ക് വരുമാനം മാത്രം 234 കോടി; മുൻ വർഷത്തെക്കാൾ 67.29 കോടി രൂപയുടെ അധികവരവ്; യുവതീ പ്രവേശനത്തിനായി നിലകൊണ്ട സംസ്ഥാന സർക്കാർ ഭക്തിമാർഗ്ഗത്തിലേക്ക് നീങ്ങിയതോടെ എല്ലാം ശുഭകരം; മാളികപ്പുറത്ത് ഗുരുതി നടത്തി ഇന്ന് പുലർച്ചെ നട അടച്ചുതോടെ തീർത്ഥാടന കാലത്തിന് സമാപനമായി

എല്ലാം അയ്യപ്പൻ കാത്തു! യുവതീപ്രവേശന വിവാദം ഒഴിഞ്ഞു നിന്നതോടെ ശബരിമലയിൽ പൂർത്തിയായത് ശാന്തവും സംഘർഷരഹിതവുമായ തീർത്ഥാടനകാലം; ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും ഒരുപോലെ വർദ്ധനവ്; മകരവിളക്ക് വരുമാനം മാത്രം 234 കോടി; മുൻ വർഷത്തെക്കാൾ 67.29 കോടി രൂപയുടെ അധികവരവ്; യുവതീ പ്രവേശനത്തിനായി നിലകൊണ്ട സംസ്ഥാന സർക്കാർ ഭക്തിമാർഗ്ഗത്തിലേക്ക് നീങ്ങിയതോടെ എല്ലാം ശുഭകരം; മാളികപ്പുറത്ത് ഗുരുതി നടത്തി ഇന്ന് പുലർച്ചെ നട അടച്ചുതോടെ തീർത്ഥാടന കാലത്തിന് സമാപനമായി

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: യുവതീ പ്രവേശന വിദാദങ്ങളെല്ലാം മാറിനിന്നതോടെ ശബരിമലയിൽ സംഘർഷങ്ങൾ ഇല്ലാത്ത ശാന്തമായ ഒരു മണ്ഡല കാലത്തിന് കൂടി സമാപ്തിയായി. മുൻ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി എല്ലാ വിഘ്‌നങ്ങലും അകന്നു നിന്ന തീർത്ഥാടന കാലമായിരുന്നു ഇക്കുറിയിലേത്. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ തീർത്ഥാടകരുടെ ദർശനം പൂർത്തിയാക്കി ദേവന്റെ ഭൂതഗണങ്ങളുടെ പ്രീതിക്കായി മാളികപ്പുറത്ത് ഗുരുതി നടത്തിയതോടെ ഇന്ന് പുലർച്ചെ ശബിരിമല നട അടക്കുകയായിരുന്നു. ഇന്നലെ രാത്രി 9ന് അത്താഴപൂജയോടെ ഭക്തരുടെ ദർശനം പൂർത്തിയായി. തുടർന്നായിരുന്നു മാളികപ്പുറം മണിമണ്ഡപത്തിനു മുൻപിൽ ഗുരുതി നടന്നത്.

ആയിരക്കണക്കിനു സ്വാമി ഭക്തർ കാത്തുനിൽക്കെ റാന്നി അങ്ങാടി കുന്നയ്ക്കാട് അജിത്കുമാർ, ജെ.ജയൻ, രതീഷ്‌കുമാർ എന്നിവരുടെ കാർമികത്വത്തിലാണ് ഗുരുതി നടത്തിയത്. മടക്കഘോഷയാത്രയ്ക്കായി തിരുവാഭരണങ്ങൾ പേടകത്തിലാക്കി കിഴക്കേമണ്ഡപത്തിലേക്കു മാറ്റി. ഇന്ന് പുലർച്ചെ 3ന് നട തുറന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി എ. കെ.സുധീർ നമ്പൂതിരിയും ചേർന്ന് അഷ്ടാഭിഷേകം ചെയ്ത് ദേവനെ ഒരുക്കി. തുടർന്ന് തിരുവാഭരണവാഹകർ എത്തി അയ്യപ്പനെ പ്രാർത്ഥിച്ച് പേടകം ശിരസ്സിലേറ്റി. ശരണം വിളികളോടെ പതിനെട്ടാംപടി ഇറങ്ങിയ ശേഷമാണ് രാജപ്രതിനിധി ഉത്രം നാൾ പ്രദീപ്കുമാർ വർമ ദർശനത്തിന് എത്തിയത്. അദ്ദേഹത്തിന്റെ ദർശനം പൂർത്തിയായ ശേഷം മേൽശാന്തി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി നട അടച്ചത്.

തിരക്ക് നിയന്ത്രണങ്ങളിൽവന്ന പാളിച്ചകളും തീർത്ഥാടകരോടുള്ള പൊലീസ് സമീപനത്തിലെ ചില പരാതികളും ഒഴിച്ചാൽ മറ്റ് വലിയ വിവാദങ്ങളൊന്നും സന്നിധാനത്ത് ഇക്കുറി ഉണ്ടായില്ല. യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി തീർത്ഥാടനകാലത്ത് നടത്തിയ പരാമർശങ്ങളും ശബരിമലയിലെ ആശങ്കകൾ അകറ്റി. കഴിഞ്ഞ മണ്ഡല മകരവിളക്കുകാലത്ത് യുവതീപ്രവേശനത്തിനായി നിലകൊണ്ട സംസ്ഥാന സർക്കാരിന്റെ നേർ വിപരീതമുഖമായിരുന്നു ഇത്തവണത്തെ തീർത്ഥാടനകാലത്തുണ്ടായത്. മുഖ്യമന്ത്രിയുൾപ്പെടെ ആരും ഒരുതവണപോലും യുവതികളെത്തിയാൽ മലകയറ്റണമെന്ന നിലപാടെടുത്തില്ല.

കഴിഞ്ഞ സീസൺകാലത്ത് സർക്കാർ നയത്തിനൊപ്പംനിന്ന ദേവസ്വം കമ്മിഷണർ എൻ.വാസു ഇത്തവണ ദേവസ്വംബോർഡ് പ്രസിഡന്റായപ്പോഴുണ്ടായ മനംമാറ്റവും ശ്രദ്ധേയമായി. ആചാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്ന അഭിപ്രായം അദ്ദേഹം തീർത്ഥാടനകാലം മുഴുവൻ ആവർത്തിച്ചു. തീർത്ഥാടനം സുഗമമായതോടെ ഭക്തരുടെ എണ്ണത്തിൽ വലിയ വർധനയുമുണ്ടായി. മിക്ക ദിവസങ്ങളിലും ലക്ഷത്തിന് മുകളിൽപേർ മലചവിട്ടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജനുവരി 14വരെയുള്ള കണക്ക് പ്രകാരം മണ്ഡല മകരവിളക്ക് ഉത്സവ കാലത്തെ നടവരവ് 234കോടി രൂപയാണ്. അന്തിമ കണക്കിൽ നടവരവ് തുക ഇതിലും ഉയരും. കഴിഞ്ഞ സീസണിൽ ഇത് 167 കോടിയായിരുന്നു. എന്നാൽ, വിവാദങ്ങളില്ലാതിരുന്ന 2017-18 വർഷത്തിൽ വരുമാനം 260കോടിയായിരുന്നു.

നാണയങ്ങൾ എണ്ണാതെ കെട്ടിക്കിടക്കുന്നു. നട അടച്ച് ഏതാനും ദിവസം കഴിഞ്ഞാലേ എണ്ണി തീരൂ. കുറഞ്ഞത് 8 കോടി രൂപയുടെ നാണയം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അപ്പോഴേക്കും 2017ൽ ലഭിച്ചതിനേക്കാൾ വരുമാനം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവും വ്യക്തമാക്കി. ഇത്തവണത്തെ ലേലത്തിൽ 15 കോടി രൂപയുടെ വരുമാന കുറവുണ്ട്. കഴിഞ്ഞ വർഷം നഷ്ടം ഉണ്ടായതിനാൽ കച്ചവടക്കാർ ലേലം പിടിക്കാൻ തയാറാകാതെ വന്നതാണ് കാരണം. ഇത്തവണ മണ്ഡല കാലത്ത് 163.67 കോടി രൂപ ലഭിച്ചു.

ശബരിമല തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 58 കോടി രൂപയുടെ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചുണ്ട്. . ഇതിന്റെ നിർമ്മാണ ചുമതല മാസ്റ്റർ പ്ലാൻ നടപ്പാക്കുന്ന ഉന്നതാധികാര സമിതിയെ ഏൽപിച്ചു. അടുത്ത തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ ഒരു മാസത്തിനുള്ളിൽ ഉന്നതതല യോഗം ചേർന്ന് ആരംഭിക്കും. വനം വകുപ്പിന്റെ അനുമതി കിട്ടാത്തതിനാൽ റോപ്പ്വേ നിർമ്മാണം തുടങ്ങുന്നതിനു തടസ്സത്തിലാണ്. ഇത്തവണ പരാതി രഹിത തീർത്ഥാടനമായിരുന്നു. കഴിഞ്ഞ 4 വർഷത്തെ അനുഭവത്തിൽ ഏറ്റവും വലിയ തിരക്കാണ് ഇത്തവണ ഉണ്ടായത്. മികച്ച ഏകോപനവും എല്ലാ വകുപ്പുകളുടെയും കൂട്ടായ പരിശ്രമവുമാണ് തീർത്ഥാടനം ഇത്രയും വിജയിക്കാൻ ഇടയാക്കിയതെന്നും മന്ത്രിയും അഭിപ്രായപ്പെടുന്നു.

കണ്ണുകൾ വീണ്ടും സുപ്രീം കോടതിയിലേക്ക്

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിലെ വാദം 23 ദിവസം കൊണ്ടു തീർക്കാൻ ധാരണയായതോടെ തീർത്ഥാടന കാലത്തിന് ശേഷം ഇനി കണ്ണുകൾ സുപ്രീംകോടതിയിലേക്ക് നീങ്ങുകയാണ്. 2018 ലെ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകിയവർക്കും എതിർക്കുന്നവർക്കും 10 ദിവസം വീതം നൽകാൻ സുപ്രീം കോടതി നിർദ്ദേശപ്രകാരം ചേർന്ന അഭിഭാഷക യോഗം തീരുമാനിച്ചിരുന്നു. എല്ലാ കക്ഷികളുടെയും മറുപടി വാദത്തിനും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരാകുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദത്തിനും കൂടി 3 ദിവസം കണക്കാക്കുന്നു. ഏതു സാഹചര്യത്തിലും ഒരുമാസത്തിനകം വാദം തീർക്കാമെന്നാണു വിലയിരുത്തൽ.

അതേസമയം, ഒൻപതംഗ ബെഞ്ച് പരിഗണിക്കേണ്ട 7 വിഷയങ്ങൾ പുനഃക്രമീകരിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യവും അഭിഭാഷകർ എഴുതി നൽകിയിരുന്നു. ഭിന്നാഭിപ്രായം കാരണം പരിഗണനാ വിഷയങ്ങൾ ക്രോഡീകരിക്കാൻ മുതിർന്ന അഭിഭാഷകൻ വി. ഗിരിയെ ചുമതലപ്പെടുത്തി. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുതിർന്ന അഭിഭാഷകരായ കെ. പരാശരൻ, രാജീവ് ധവാൻ, അഭിഷേക് സിങ്വി, ഇന്ദിര ജയ്‌സിങ്, സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിങ് കൗൺസൽ ജി. പ്രകാശ് തുടങ്ങി മുപ്പതിലധികം പേർ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP