Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കടിച്ചാൽ പൊട്ടാത്ത അപ്പവും കടുപ്പമേറിയ അരവണയും ഇനി ശബരിമലയിലുണ്ടാകില്ല; നിർമ്മാണരീതിയിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിപാർശ; സാമ്പിളായി നിർമ്മിച്ചതിന് രുചിയേറെ എന്ന് ടേസ്റ്റ് ചെയ്തവർ; വരുന്ന തീർത്ഥാടന കാലയളവിൽ കിട്ടുന്നത് രുചിയേറിയ പ്രസാദം

കടിച്ചാൽ പൊട്ടാത്ത അപ്പവും കടുപ്പമേറിയ അരവണയും ഇനി ശബരിമലയിലുണ്ടാകില്ല; നിർമ്മാണരീതിയിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശിപാർശ; സാമ്പിളായി നിർമ്മിച്ചതിന് രുചിയേറെ എന്ന് ടേസ്റ്റ് ചെയ്തവർ; വരുന്ന തീർത്ഥാടന കാലയളവിൽ കിട്ടുന്നത് രുചിയേറിയ പ്രസാദം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് എന്നും കീറാമുട്ടിയാണ് പ്രസാദമായി കിട്ടുന്ന അപ്പം. അരവണയാകട്ടെ വെറും ശർക്കരപ്പാനിയും. എന്നിരുന്നാലും പല്ലു പോയാലും വേണ്ടില്ല, ഭഗവത് പ്രസാദം കഴിക്കുക തന്നെ എന്ന് നിർബന്ധമുള്ളവർക്ക് ഒരു സന്തോഷവാർത്തയാണ് ഇന്ന് സന്നിധാനത്ത് നിന്ന് ലഭിക്കുന്നത്. ശബരിമലയിലെ പ്രധാന പ്രസാദങ്ങളായ അരവണയ്ക്കും അപ്പത്തിനും ഇനി മുതൽ രുചിയേറും. കൂട്ടിലോ മറ്റു കാര്യങ്ങളിലോ യാതൊരു മാറ്റവുമുണ്ടാകില്ല.

നിർമ്മാണ രീതിയിൽ നേരിയ മാറ്റം മാത്രം വരുത്തുന്നതോടെ പ്രസാദങ്ങൾ സ്വാദിഷ്ടമാകും. പല്ലു പോകുമെന്ന് പരാതി ഒഴിവാകുകയും ചെയ്യും. അപ്പം സ്വാദിഷ്ടമാക്കാൻ ദേവസ്വം ബോർഡ് കണ്ട മാർഗം മൈസൂറിലെ കേന്ദ്ര ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ സഹായം തേടുക എന്നുള്ളതായിരുന്നു. ചീഫ് സയന്റിസ്റ്റ് ഡോ കെഎസ്എംഎസ് രാഘവറാവുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ശബരിമല സന്ദർശിച്ചു.

നിർമ്മാണ രീതിയിൽ നേരിയ മാറ്റം മാത്രം വരുത്തിയാൽ മതിയെന്ന് ശാസ്ത്രസംഘം ശിപാർശ ചെയ്തു. ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിൽ ഇന്ന് അരവണയും അപ്പവും സാമ്പിളായി നിർമ്മിച്ചു. നിർമ്മാണത്തിന്റെ ഓരോ ഘട്ടവും അവർ സസൂക്ഷ്മം വിലയിരുത്തിയ ശേഷം ഭേദഗതി നിർദ്ദേശിച്ചു. തുടർന്ന് ഇവരുടെ മേൽനോട്ടത്തിൽ, നിർദ്ദേശങ്ങൾ അനുസരിച്ച് നിർമ്മിച്ച പ്രസാദങ്ങൾക്ക് രുചിയേറി എന്നാണ് കഴിഞ്ഞു നോക്കിയ ശേഷം ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അടക്കമുള്ളവർ പറഞ്ഞത്.

നിലവിൽ അരവണയും അപ്പവും ഉണ്ടാക്കുന്നതിനുള്ള പാരമ്പര്യ രീതിയിലുള്ള കൂട്ടുകൾക്കോ അളവിനോ വ്യത്യാസം വരുത്തുന്നില്ല. അരവണ നിർമ്മിക്കുമ്പോൾ നിലവിൽ ശർക്കരപ്പാനിയിൽ അരിയിട്ട് തിളപ്പിക്കുകയും പിന്നീട് സുഗന്ധ വ്യഞ്ജനങ്ങൾ ചേർത്ത് പാചകം പൂർണമാക്കുകയുമാണ് ചെയ്യുന്നത്. നിലവിൽ അരവണയിൽ അരിക്കാണ് കടുപ്പം കൂടുതൽ. ഉണക്കലരി അൽപ്പം വേവിച്ച ശേഷം ശർക്കരപാനിയിൽ ഇടുകയാണ് വേണ്ടതെന്ന് ശാസ്ത്രസംഘം നിർദ്ദേശിച്ചു. ഈ കൂട്ട് ചേർന്നതിന് ശേഷം മറ്റുള്ളവ ഇടണം. അപ്പം നിർമ്മാണത്തിലും നേരിയ വ്യത്യാസങ്ങൾ ശുപാർശ ചെയ്തു.

അരിപ്പൊടി കൂടുതൽ നേർത്തതാകണമെന്ന് അവർ പറഞ്ഞു. തരികൾ കൂടുതൽ കിടന്നാൽ അപ്പം കൂടുതൽ ദൃഡമാകും. മൃദുത്വം ഉള്ളതാകാൻ പഴം കൂടുതൽ ചേർക്കുന്നത് പരിശോധിക്കും. ഇപ്പോൾ നിർമ്മിച്ച അരവണയും അപ്പവും പല പായ്ക്കറ്റുകളിലാക്കി ശാസ്ത്രസംഘവും ദേവസ്വം ബോർഡും ശേഖരിച്ചു. ഇവ 15 ദിവസത്തിന് ശേഷം രണ്ടുകൂട്ടരും പരിശോധിക്കും. മാറ്റങ്ങൾ നിരീക്ഷിക്കും. ശാസ്ത്രീയമായ പരിശോധന മൈസൂർ ലാബിലും നടത്തും.

ഇപ്പോൾ നിർദ്ദേശിച്ച കാര്യങ്ങളിൽ എന്തെങ്കിലും മാറ്റം വേണോ എന്ന് അപ്പോൾ തീരുമാനിക്കും. ശാസ്ത്രജ്ഞരായ ഡോ. കെ. വെങ്കിടേഷ് മൂർത്തി, ഡോ. ആർ.ചേതന, ഡോ. സുരേഷ് കുമാർ എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവർ. പഠനത്തിന്റെ ശിപാർശകൾ ഒരാഴ്ചയ്ക്കകം ദേവസ്വം ബോർഡിന് കൈമാറും. മാറ്റങ്ങൾ 15 ദിവസം നിരീക്ഷിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP