Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല കർമ്മസമിതിക്ക് കിട്ടേണ്ട സംഭാവനകൾ കൂമ്പാരമായത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ; 'ശതം സമർപ്പയാമി' ആഹ്വാനത്തിന്റെ പോസ്റ്ററിൽ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പർ ചേർത്ത് പ്രചരിപ്പിച്ചവർക്ക് എതിരെ കർമ്മസമിതി നിയമ നടപടിക്ക്; സമരഭടന്മാരെ സഹായിക്കാൻ കിട്ടേണ്ട ലക്ഷങ്ങൾ വ്യാജ പ്രചരണത്തിലൂടെ നഷ്ടമായെന്ന് കർമ്മസമിതി; ട്രോളർമാർ ഹിറ്റാക്കിയ പിരിവിൽ പുതിയ വിവാദം

ശബരിമല കർമ്മസമിതിക്ക് കിട്ടേണ്ട സംഭാവനകൾ കൂമ്പാരമായത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ; 'ശതം സമർപ്പയാമി' ആഹ്വാനത്തിന്റെ പോസ്റ്ററിൽ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പർ ചേർത്ത് പ്രചരിപ്പിച്ചവർക്ക് എതിരെ കർമ്മസമിതി നിയമ നടപടിക്ക്; സമരഭടന്മാരെ സഹായിക്കാൻ കിട്ടേണ്ട ലക്ഷങ്ങൾ വ്യാജ പ്രചരണത്തിലൂടെ നഷ്ടമായെന്ന് കർമ്മസമിതി; ട്രോളർമാർ ഹിറ്റാക്കിയ പിരിവിൽ പുതിയ വിവാദം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കേസിൽ അകപ്പെട്ട പ്രവർത്തകരെ സഹായിക്കാൻ ഉദ്ദേശിച്ച് ആരംഭിച്ച ധനസമാഹരണ പരിപാടിയായ 'ശതം സമർപ്പയാമി'യിലേക്കയച്ച പണം അക്കൗണ്ട് മാറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിക്കാൻ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയവർക്ക് എതിരെ നിയമ നടപടിക്ക് കർമ്മസമിതി.

സമരത്തിൽ പങ്കെടുത്ത് ജയിലിലായവർക്ക് നിയമസഹായം നൽകാനായി തുടങ്ങിയ അക്കൗണ്ടിനു പകരം ചിലർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ കർമസമിതിയുടെ പേരിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. കർമ്മസമിതിയുടെ പോസ്റ്റിൽ നൽകിയ അക്കൗണ്ട് നമ്പർ മാറ്റി പകരം ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ നൽകി പ്രചരിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് കേസ്.

പിന്നീട് ഇത്തരത്തിൽ സൈബർ സഖാക്കൾ പ്രത്യേകം ചലഞ്ചുമായി രംഗത്തിറങ്ങുകയും ചെയ്തു. അതുപക്ഷേ, ദുരിതാശ്വാസ നിധിയിലേക്ക് 'ശതം സമർപ്പയാമി' എന്ന പേരിലാണ് ചലഞ്ച് ആയി തുടങ്ങിയത്. എന്നാൽ അതിന് മുന്നേ കർമ്മസമിതി നൽകിയ പോസ്റ്റിന് സമാനമായ പോസ്റ്റ് അക്കൗണ്ട് നമ്പർ മാറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ നൽകി ചിലർ പ്രചരിപ്പിക്കുകയായിരുന്നു.

ശബരിമല വിഷയത്തിൽ പ്രക്ഷോഭത്തിനിറങ്ങി ജയിലിലായവർക്ക് നിയമസഹായം നൽകാനാണ് 'ധർമ്മയോദ്ധാക്കൾക്കൊരു സ്‌നേഹാശ്‌ളേഷം' എന്ന പേരിൽ ഈ മാസം 17ന് ശബരിമല കർമ സമിതി വീഡിയോ പുറത്തിറക്കിയത്. കർമ്മസമിതി വർക്കിങ് ചെയർപേഴ്‌സൺ ആയ കെ പി ശശികലയാണ് വീഡിയോയിൽ നൂറുരൂപ വീതം സഹായം നൽകാൻ അഭ്യർത്ഥിച്ച് 'ശതം സമർപ്പയാമി' ആഹ്വാനം നൽകിയത്. ജയിലിലായവരെയും കുടുംബത്തെയും സംരക്ഷിക്കാൻ 100 രൂപ സംഭാവന ചെയ്ത് റസീപ്റ്റിന്റെ സ്‌ക്രീൻഷോട്ടെടുത്ത് പ്രചരിപ്പിക്കണമെന്നും ഇതൊരു ചലഞ്ചായി ഏറ്റെടുക്കണമെന്നുമായിരുന്നു കർമസമിതി നേതാവ് കെ.പി ശശികലയുടെ ആഹ്വാനം.

ഇതോടൊപ്പം അക്കൗണ്ട് നമ്പരും ബാങ്ക് വിവരങ്ങളും നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ കെ. സുരേന്ദ്രന്റെയും കെപി ശശികലയുടെയും ഫോട്ടോയും മറ്റും വച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പറും ചേർത്ത് സിപിഎം അനുകൂല ഗ്രൂപ്പുകൾ പ്രചരിപ്പിക്കുകയായിരുന്നു.

ഇത് കർമ സമിതി അക്കൗണ്ടാണെന്ന് തെറ്റിദ്ധരിച്ച് പലരും ദുരിതാശ്വാസ നിധിയിലേക്ക് പണവും അയച്ചു. ഇത്തരത്തിൽ കർമ സമിതിക്കു കിട്ടേണ്ട രണ്ടു ലക്ഷത്തിലേറെ രൂപ ദുരിതാശ്വാസ നിധിയിലേക്ക് പോയെന്നാണ് പരാതി. ധനാപഹരണവും വഞ്ചനയുമാണ് നടന്നതെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉടൻ പൊലീസിൽ പരാതി നൽകുമെന്നും കർമ സമിതി നേതാക്കൾ പറഞ്ഞു. പലരും കബളിപ്പിക്കപ്പെട്ട പശ്ചാത്തലത്തിൽ യഥാർത്ഥ അക്കൗണ്ട് നമ്പറിന് പരാമവധി പ്രചാരണം നൽകാനും കർമ സമിതി തീരുമാനിച്ചിട്ടുണ്ട്.

എ്ന്നാൽ ഇടതുഗ്രൂപ്പുകൾ പിന്നീട് ഇത് പ്രളയ ദുരിതാശ്വാസത്തിലേക്ക് 'ശതം സമർപ്പയാമി' എന്ന പേരിൽ ചലഞ്ചായി ഫേസ്‌ബുക്കിൽ പ്രചരിപ്പിച്ചു തുടങ്ങുകയും ചെയ്തു. ഏതായാലും ശനിയാഴ്ച മാത്രം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി എത്തിയത് 3.41 ലക്ഷം രൂപയാണ്. ഞായറാഴ്ച ഉച്ചവരെ 1.12 ലക്ഷവും എത്തി. പിന്നീടും സംഭാവന പ്രവഹിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരണം സജീവമായി നിൽക്കുന്നതോടെ വരും ദിവസങ്ങളിലും പണമൊഴുക്ക് കൂടുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത്തരത്തിൽ പണം എത്തുന്നതിന് കാരണമായത് തങ്ങളുടെ പേരിൽ നടത്തിയ വ്യാജ പ്രചരണമാണെന്ന് കർമ്മസമിതി വിലയിരുത്തുന്നു.

ശബരിമല കർമ്മസമിതി വർക്കിങ് ചെയർപേഴ്സൺ ആയ കെപി ശശികലയുടെ 'ശതം സമർപ്പയാമി' ആഹ്വാനം ട്രോളർമാർ പണികൊടുത്തപ്പോൾ വലിയ ചർച്ചയാവുകയായിരുന്നു. ശബരിമലയിൽ സ്ത്രീപ്രവേശനം ചെറുക്കാൻ പ്രക്ഷോഭത്തിനിറങ്ങി ജയിലിലായ സംഘപരിവാർ-കർമ്മസമിതി പ്രവർത്തരെ ജാമ്യത്തുക കെട്ടിവച്ച് പുറത്തിറക്കാനാണ് ശതം സമർപ്പയാമി എന്ന പേരിൽ നൂറുരൂപ വീതം സംഭാവന അഭ്യർത്ഥിച്ച് കർമ്മസമിതി രംഗത്തിറങ്ങിയത്. ആ ആഹ്വാനവുമായി കെപി ശശികല കർമ്മസമിതി പേജിലൂടെ ഫേസ്‌ബുക്ക് വീഡിയോയുമായി എത്തുകയും ചെയ്തു. ഇതോടെ നൂറുരൂപ തരണമെന്ന് മലയാളത്തിൽ ചോദിച്ചാൽ പോരെയെന്നും എന്തിനാണ് സംസ്‌കൃതം പറഞ്ഞ് വിഷമിക്കുന്നതെന്നും ചോദിച്ച് ട്രോളന്മാരും രംഗത്തിറങ്ങി. അങ്ങനെ കർമ്മസമിതിയുടെ പിരിവ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തു.

അതിന് പിന്നാലെയാണ് ശതംസമർപ്പയാമി പോസ്റ്ററിന്റെ മോഡലിൽ ആഹ്വാനം നൽകുകയും അതിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്പർ ചേർക്കുകയും ചെയ്ത് പോസ്റ്റുകൾ പ്രചരിച്ചത്. ഇതോടെ ബിജെപി നേതാവ് കെ സുരേന്ദ്രനും ഇത്തരത്തിൽ പിതൃശൂന്യ പ്രചരണം പാടില്ലെന്ന് പറഞ്ഞുകൊണ്ട് പോസ്റ്റുമായി എത്തി. തെറ്റായ പ്രചരണങ്ങളിൽ വീഴരുതെന്നും സുരേന്ദ്രൻ ആഹ്വാനം ചെയ്തു. പക്ഷേ അപ്പോഴേക്കും നിരവധി പേർ തെറ്റായ അക്കൗണ്ടിലും പണം അയച്ചുകഴിഞ്ഞുവെന്നാണ് കർമ്മസമിതിയുടെയും വിലയിരുത്തൽ. ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തിയവർക്ക് എതിരെ പരാതി നൽകാനാണ് കർമ്മസമിതി തീരുമാനിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP