Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമൃതാനന്ദമയി പങ്കെടുക്കുന്ന രണ്ട് ലക്ഷം പേർ പങ്കെടുക്കുന്ന അയ്യപ്പഭക്തസംഗമത്തിന്റെ ചരട് വിലച്ചു പുത്തൻ പ്രചരണങ്ങൾക്ക് തുടക്കം കുറിക്കും; ഇതര സംസ്ഥാനങ്ങളിലും സന്യാസി യോഗങ്ങളും ഭക്ത സംഗമങ്ങളും നടത്തും; സുപ്രീംകോടതി വിധി വരെ സമരവും പ്രക്ഷോഭവും സജീവമാക്കി തുടരും; നട അടച്ചാലും അയ്യപ്പനെ കൈവിടാതെ ശബരിമല വിഷയം കത്തിച്ച് നിർത്താനുള്ള സംഘപരിവാർ പദ്ധതികൾ ഇങ്ങനെ

അമൃതാനന്ദമയി പങ്കെടുക്കുന്ന രണ്ട് ലക്ഷം പേർ പങ്കെടുക്കുന്ന അയ്യപ്പഭക്തസംഗമത്തിന്റെ ചരട് വിലച്ചു പുത്തൻ പ്രചരണങ്ങൾക്ക് തുടക്കം കുറിക്കും; ഇതര സംസ്ഥാനങ്ങളിലും സന്യാസി യോഗങ്ങളും ഭക്ത സംഗമങ്ങളും നടത്തും; സുപ്രീംകോടതി വിധി വരെ സമരവും പ്രക്ഷോഭവും സജീവമാക്കി തുടരും; നട അടച്ചാലും അയ്യപ്പനെ കൈവിടാതെ ശബരിമല വിഷയം കത്തിച്ച് നിർത്താനുള്ള സംഘപരിവാർ പദ്ധതികൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിനു സമാപിച്ചാലും യുവതി പ്രവേശന വിഷയം സംഘപരിവാർ സജീവമാക്കി നിർത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും ശബരിമല വിഷയത്തിൽ ചർച്ചകൾ തുടരും. ജസ്റ്റീസ് ഇന്ദു മൽഹോത്ര മെഡിക്കൽ ലീവെടുത്തതോടെ 22ന് വിഷയം സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിക്കില്ല. ഭരണഘടനാ ബഞ്ചിന്റെ തീരുമാനത്തിന് ശേഷം മാത്രമേ വിഷയത്തിൽ ഇടപെടൂവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്. നിലവിലെ സാഹചര്യത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമുമ്പ് ഈ വിഷയത്തിൽ സുപ്രീംകോടതി തീരുമാനം ഉണ്ടാകാനിടയില്ല. അതുകൊണ്ട് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര സർക്കാരിന് ഓർഡിനൻസും മറ്റും കൊണ്ടു വരാനും കഴിയില്ല. ഈ സാഹചര്യം മനസ്സിലാക്കിയാണ് വിഷയം ചർച്ചയാക്കി നിർത്താനുള്ള കേന്ദ്ര തീരുമാനം.

ശബരിമല നട അടയ്ക്കുന്ന 20 ന് ശബരിമല കർമസമിതി തലസ്ഥാനത്തു വൻ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുനനുണ്ട്. രണ്ടുലക്ഷം പേരെ അണിനിരത്തുന്ന സംഗമത്തിൽ മാതാ അമൃതാനന്ദമയിയും പങ്കെടുക്കുമെന്നു സമിതി ജനറൽ കൺവീനർ എസ്.ജെ.ആർ. കുമാർ അറിയിച്ചു. ഈ യോഗം വൻ വിജയമാക്കാനാണ് തീരുമാനം. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ആധ്യാത്മികാചാര്യന്മാരെയും സമുദായ സംഘടനാ നേതാക്കളെയും അണിനിരത്താനാണു പരിപാടി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിശ്വാസികളുടെ നാമജപ യാത്രയുമുണ്ടായിരിക്കും. ഈ പരിപാടിക്ക് ശേഷം മറ്റ് സംസ്ഥാനങ്ങളിലും ഭക്ത സംഗമങ്ങൾ നടത്തും. മാതാ അമൃതാനന്ദമയി മഠത്തിന് കേരളത്തിന് പുറത്ത് വേരുകളുണ്ട്. ഇതുപയോഗിച്ചാകും പരിപാടികൾ.

ശബരിമലയിൽ ആചാരസംരക്ഷണം ആവശ്യപ്പെട്ടു 18 ന് സെക്രട്ടേറിയറ്റ് വളയൽ സമരം കർമസമിതി ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനു പകരം ധർമസംരക്ഷണ മുദ്രാവാക്യവുമായി അയ്യപ്പഭക്ത സംഗമമാക്കി മാറ്റാൻ പിന്നീടു തീരുമാനിച്ചത് മാതാ അമൃതാനന്ദമയിയെ എത്തിക്കാനാണ്. 18നും 19നും തിരുവനന്തപുരത്ത് മാതാ അമൃതാനന്ദമയി ഉണ്ടാകും. കർമ്മ സമിതിയുടെ രക്ഷാധികാരിയെന്ന നിലയിൽ കാര്യങ്ങൾ അമൃതാനന്ദമയി നേരിട്ട് വിലയിരുത്തുന്നുമണ്ട്. മാതാ അമൃതാനന്ദമയിയുടെ ഭക്തരും സജീവമായി ശബരിമല കർമ്മ സമിതിയുടെ പരിപാടികളിൽ പങ്കെടുക്കും. തിരുവനന്തപുരത്തെ ഭക്ത സംഗമത്തിനു മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ 18 ന് രാവിലെ അയ്യപ്പ മണ്ഡപങ്ങൾ ഒരുക്കും. മൂന്നു ദിവസവും ഇവിടെ അയ്യപ്പ വിഗ്രഹവും വിളക്കും വച്ചു പൂജയുണ്ടാകും. 18 ന് വൈകിട്ടു നഗരത്തിൽ വനിതകളുടെ വാഹനപ്രചാരണ യാത്രയും നടത്തും.

20 ന് സംഗമത്തിന്റെ ഭാഗമായി വൈകിട്ട് മൂന്നിനു മ്യൂസിയം, പിഎംജി എന്നിവിടങ്ങളിൽ നിന്നാണു നാമജപ ഘോഷയാത്രകൾ ആരംഭിക്കുക. ഇവ എൽഎംഎസ് ജംക്ഷനിൽ സംഗമിച്ചു പുത്തരിക്കണ്ടം മൈതാനിയിലേക്കു പുറപ്പെടും. നാലിന് പൊതുപരിപാടികൾ ആരംഭിക്കും. കർമസമിതിയുടെ പൊതുപരിപാടിയിൽ ആദ്യമായാണു മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നത്. ശ്രീശ്രീ രവിശങ്കറടക്കമുള്ളവരെയും ക്ഷണിച്ചിട്ടുണ്ടെന്നും എൻഎസ്എസിന്റെ പിന്തുണ തേടിയിട്ടുണ്ടെന്നും എസ്.ജെ.ആർ. കുമാർ അറിയിച്ചു. ശ്രീ ശ്രീ രവിശങ്കറിനെ പരിപാടിക്കെത്തിക്കാൻ ബിജെപി ദേശീയ നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്. ശബരിമല കർമസതിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിഷയം സജീവമാക്കുമ്പോൾ അയൽ സംസ്ഥാനങ്ങളിലും ഡൽഹിയിലും മറ്റു സംഘടനകളും വിഷയം ഉന്നയിച്ചു രംഗത്തുവരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അയ്യപ്പ ഭക്തരേയും സന്യാസിമാരേയും സംസ്ഥാനത്തെത്തിച്ച് വലിയ മുന്നേറ്റങ്ങൾ സംഘടിപ്പിക്കാനും ആലോചനയുണ്ട്.

പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന പരിപാടിയിൽ മാതാ അമൃതാനന്ദമയി, ബാബ രാംദേവ്, ശ്രീ ശ്രീ രവിശങ്കർ, കാഞ്ചി മാഠാധിപതി തുടങ്ങി നിരവധി ആത്മീയാചാര്യന്മാരും സമുദായ നേതാക്കളും പങ്കെടുക്കുമെന്നാണ് പരിവാറുകാർ നൽകുന്ന സൂചന. ശബരിമല വിഷയത്തിൽ സംസ്ഥാനത്തെ ഹിന്ദുമത വിശ്വാസികൾ ഒറ്റക്കെട്ടാണെന്നും പൊതുതെരഞ്ഞെടുപ്പിൽ ഇതു സുപ്രധാന വിഷയമായിരിക്കുമെന്നും സംഘപരിവാർ വിലയിരുത്തുന്നു. പൊതുതെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പാഠം പഠിപ്പിക്കാൻ വിഷയം സജീവമായി നിലനിർത്തേണ്ടതുണ്ടെന്നും അവർ കണക്കുകൂട്ടുന്നു. ഇതിനായി പുത്തരിക്കണ്ടം സമ്മേളനത്തിനുശേഷം വിപുലമായ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നു നേതാക്കൾ പറയുന്നു. ഹൈന്ദവ വിശ്വാസത്തെ തകർക്കാനുള്ള ശ്രമമാണു ഇടത് സർക്കാർ നടത്തുന്നതെന്ന വിപുലമായ ക്യാമ്പയിനും സംഘടിപ്പിക്കും. ശബരിമല കേസിൽ പുനഃപ്പരിശോധനാ ഹർജിയിൽ അനുകൂലമായ വിധിയുണ്ടാവുമെന്നാണു കർമസമിതി പ്രതീക്ഷിക്കുന്നത്. അതുവരെ പ്രക്ഷോഭ പരിപാടികൾ തുടരും.

പുനഃപ്പരിശോധനാ ഹർജി ഫയലിൽ സ്വീകരിച്ചതും ഓപ്പൺകോർട്ടിൽ വാദം കേൾക്കാനായി തീരുമാനിച്ചതും വിധി വന്നതിനു ശേഷമുള്ള സാഹചര്യങ്ങൾ പരിഗണിക്കാൻ വേണ്ടിയാണ്. ശബരിമല വിഷയം രാജ്യത്തിനു പുറത്തേക്കു വരെ പടർന്നിരിക്കുന്ന സാഹചര്യം കോടതിക്കു ബോധപ്പെടുമെന്നും കർമസമിതി വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP