Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നട തുറക്കാൻ ഇനി രണ്ടുനാൾ കൂടി; യുവതികളെ കയറ്റാൻ ഇതുവരെ ഒരുക്കിയ പൊലീസ് സന്നാഹം വേണ്ടെന്ന് വച്ച് സർക്കാർ; ഇക്കുറി ആകെ സുരക്ഷയ്ക്ക് വിട്ടുനൽകിയിരിക്കുന്നത് വെറും 300 പൊലീസുകാർ; യുവതികൾ എത്തിയാൽ കട്ടായം തടയുമെന്ന് പ്രഖ്യാപിച്ച് കർമസമിതി

നട തുറക്കാൻ ഇനി രണ്ടുനാൾ കൂടി; യുവതികളെ കയറ്റാൻ ഇതുവരെ ഒരുക്കിയ പൊലീസ് സന്നാഹം വേണ്ടെന്ന് വച്ച് സർക്കാർ; ഇക്കുറി ആകെ  സുരക്ഷയ്ക്ക് വിട്ടുനൽകിയിരിക്കുന്നത് വെറും 300 പൊലീസുകാർ; യുവതികൾ എത്തിയാൽ കട്ടായം തടയുമെന്ന് പ്രഖ്യാപിച്ച് കർമസമിതി

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: കുംഭമാസ പൂജകൾക്കായി അയ്യപ്പക്ഷേത്രനട തുറന്നപ്പോൾ കർശന സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി മൂന്നു എസ്‌പിമാരുടെ നിയന്ത്രണത്തിലായിരുന്നു. ഉത്സവത്തിനായി നട തുറക്കാൻ ഇനി രണ്ടുനാൾ കൂടി അവേശഷിക്കുന്നു. ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റി വച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, യുവതികൾ ഉത്സവനാളുകളിൽ എത്തിയാൽ തടയുമെന്ന കർശന നിലപാടിലാണ് ശബരിമല കർമസമിതി. എന്നാൽ, ഉത്സവ നാളുകളിൽ യുവതികൾ എത്താൻ സാധ്യതയില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇതനുസരിച്ച് കർശനസന്നാഹങ്ങൾ ഒരുക്കേണ്ടന്ന തീരുമാനത്തിലാണ് പൊലീസ്.

സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലായി 300 പൊലീസുകാരെ മാത്രമാണ് ഇത്തവണ നിയോഗിച്ചിട്ടുള്ളത്. പത്തു ദിവസത്തെ ഉത്സവത്തിനായി തിങ്കളാഴ്ചയാണ് ശബരിമല നട തുറക്കുന്നത്. യുവതികൾ എത്തില്ലെന്നാണ് പൊലീസിന്റെ കണക്കുകൂട്ടലെങ്കിലും, പരിശോധനയുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ശബരിമല കർമസമിതിയുടെ തീരുമാനം. മണ്ഡല-മകരവിളക്കുകാലത്തെ പോലെ തന്നെ പമ്പ മുതൽ സന്നിധാനം വരെയുള്ള ഭാഗത്ത് നിരീക്ഷണം നടത്തുമെന്ന കർമ്മസമിതി പറയുന്നു. അതേസമയം ചില സംഘടനകൾ പ്രകോപനം സൃഷ്ടിക്കും വിധം സോഷ്യൽ മീഡിയയിലും മറ്റും പോസ്റ്റുകൾ ഇടുന്നുണ്ട്. യുവതികളെ സന്നിധാനത്തെത്തിക്കുമെന്ന് ചില ആക്ടിവിസ്റ്റുകളും മാവോവാദി ഗ്രൂപ്പുകളും സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്നാണ് കർമസമിതി കരുതുന്നത്.
സുരക്ഷാക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിന് സന്നിധാനത്തും, പമ്പയിലും നിലയ്ക്കലും എസ്‌പി. റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല തുടർന്നും നൽകും. യുവതികളെ കയറ്റാനുള്ള ശ്രമമുണ്ടാവുകയും പ്രതിഷേധം കൈവിട്ടുപോവുന്ന നില വരികയും ചെയ്താൽ കൂടുതൽ പൊലീസ് സേനാംഗങ്ങളെ വിന്യസിക്കാനാണ് ആലോചന.

മണ്ഡലകാലത്തെപോലെതന്നെ പമ്പ മുതൽ സന്നിധാനം വരെ ആചാരലംഘനം തടയുന്നതിന് കർമ്മസമിതി പ്രവർത്തകരുണ്ടാകുമെന്നാണ് ശബരിമല കർമ്മസമിതി കൺവീനർ ഇ.എസ്.ബിജു അറിയിച്ചത്. അതേസമയം, ദർശനത്തിന് യുവതികൾ എത്തിയാൽ സുപ്രീംകോടതി വിധി പ്രാകരം സുരക്ഷ നൽകാതിരിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. ദർശനത്തിന് യുവതികളെത്തിയാൽ ആവശ്യമായ സുരക്ഷ നൽകും. പത്താം തീയതി മുതൽ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ സ്‌പെഷ്യൽ ഓഫീസർമാരുടെ നേതൃത്വത്തിൽ പൊലീസിനെ വിന്യസിക്കുംമെന്ന് പത്തനംതിട്ട എസ്‌പി ജി.ജയദേവ് പറഞ്ഞു.

സംസ്ഥാനം തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തിയ സാഹചര്യത്തിലാണ് വീണ്ടും യുവതീപ്രവേശന വിഷയം ചർച്ചയാവുന്നത്. ഉത്സവകാലത്ത് വലിയ പ്രകോപനം ഉണ്ടാകാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കുമെന്ന് ഉറപ്പ്. എന്നാൽ, ആവശ്യമെങ്കിൽ മാത്രം കൂടുതൽ സേനയെ നിയോഗിച്ചാൽ മതിയെന്നും മറ്റുപ്രചാരണങ്ങളിൽ കുടുങ്ങേണ്ടതില്ലെന്നും ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരിക്കുന്നത്. യുവതികളെത്തിയാൽ കർമസമിതി തടയുകയും വീണ്ടും സംഘർഷസമാനമായ അന്തരീക്ഷം ഉണ്ടാവുകയും ചെയ്താൽ വരുമാനം വീണ്ടും ഇടിയുമെന്ന ആശങ്ക ദേവസ്വം ബോർഡിനും ഉണ്ട്. സുഗമമായ തീർത്ഥാടനത്തിന് സൗകര്യമൊരുക്കണമെന്ന് പന്തളം കൊട്ടാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP