Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

സർക്കാർ വൃത്തങ്ങളിൽ ഉയർന്ന് കേൾക്കുന്നത് ഒരു ദിവസം നട തുറക്കാൻ കോടികളുടെ സുരക്ഷ വേണ്ടി വന്നപ്പോൾ 64 ദിവസം എന്ത് ചെയ്യുമെന്ന ചോദ്യം; പിടിവാശി തുടർന്നാൽ രണ്ട് മാസത്തിലധികം ഭരണം വരെ സ്തംഭിക്കുമെന്ന ആശങ്ക ശക്തം; സമരം ചെയ്തവർക്കെതിരെ പരാമർശങ്ങൾ ഒന്നും ഉണ്ടാവാതെ പോയത് സമരത്തിന്റെ വീര്യം കൂട്ടാൻ ഇടയാകുമെന്ന് വിലയിരുത്തൽ; വെട്ടിലായത് പുരോഗമനവാദവും കോടതി വിധിയും ആവർത്തിച്ചു കൊണ്ടിരുന്ന സർക്കാർ തന്നെ

സർക്കാർ വൃത്തങ്ങളിൽ ഉയർന്ന് കേൾക്കുന്നത് ഒരു ദിവസം നട തുറക്കാൻ കോടികളുടെ സുരക്ഷ വേണ്ടി വന്നപ്പോൾ 64 ദിവസം എന്ത് ചെയ്യുമെന്ന ചോദ്യം; പിടിവാശി തുടർന്നാൽ രണ്ട് മാസത്തിലധികം ഭരണം വരെ സ്തംഭിക്കുമെന്ന ആശങ്ക ശക്തം; സമരം ചെയ്തവർക്കെതിരെ പരാമർശങ്ങൾ ഒന്നും ഉണ്ടാവാതെ പോയത് സമരത്തിന്റെ വീര്യം കൂട്ടാൻ ഇടയാകുമെന്ന് വിലയിരുത്തൽ; വെട്ടിലായത് പുരോഗമനവാദവും കോടതി വിധിയും ആവർത്തിച്ചു കൊണ്ടിരുന്ന സർക്കാർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശം ആകാമെന്ന മുൻ ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചതോടെ വെട്ടിലായത് പിണറായി സർക്കാർ തന്നെ. ഖജനാവിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന സുരക്ഷാ പ്രശ്‌നങ്ങൾ ഇത്തവണത്തെ മണ്ഡല-മകര വിളക്ക് തീർത്ഥാടനം ഉണ്ടാക്കാനാണ് സാധ്യത. മണ്ഡല മകരവിളക്ക് കാലത്തു ശബരിമലയിലെത്തുന്ന യുവതികൾക്കു സർക്കാർ സുരക്ഷ ഒരുക്കേണ്ടി വരുമെന്നതിനാൽ കോടികൾ തന്നെ ദിവസവും സുരക്ഷയ്ക്കായി മാറ്റി വയ്‌ക്കേണ്ടിവരും. തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ടത്തിരുനാളിനും പ്രതിഷേധ സമരങ്ങളെ നേരിട്ട പൊലീസ് ഏറെ പേരുദോഷവും കേട്ടിരുന്നു. മണ്ഡല മകരവിളക്ക് തീർത്ഥാടനകാലത്തും എന്ത് ചെയ്യണമെന്ന് അറിയാതെ സർക്കാരും പൊലീസും ഇരുട്ടിൽ തപ്പും.

ആട്ട ചിത്തിരയ്ക്കും തുലമാസപൂജയ്ക്കും 2800 പൊലീസിനെയാണു വിന്യസിച്ചത്. ഇത്തവണ പതിനായിരത്തിന് മുകളിൽ പൊലീസുകാർ ശബരിമലയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുണ്ടാകും. 5 ഘട്ടങ്ങളായാണു പൊലീസിനെ വിന്യസിക്കുന്നത്. ഈ മാസം 14 മുതൽ 30 വരെയാണ് ആദ്യഘട്ടം. 30 മുതൽ ഡിസംബർ 14 വരെ രണ്ടാംഘട്ടം. 14 മുതൽ 29 വരെ മൂന്നാംഘട്ടം. 29 മുതൽ ജനുവരി 16 വരെ നാലാംഘട്ടം. 16 മുതൽ 20 വരെ അഞ്ചാംഘട്ടം. ഇതോടെ സേനയിലും ആൾക്കുറവ് പ്രതിഫലിക്കും. ശബരിമലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാൻ മറ്റൊരിടത്തും പൊലീസില്ലാത്ത സ്ഥിതിയാകും വരിക. കോടികളാണ് ആട്ടചിത്തിരയ്ക്കായി സുരക്ഷയ്ക്ക് ചെലവഴിച്ചത്. ഈ ചെലവും വൃശ്ചികം ഒന്നുമുതൽ കൂടാനാണ് സാധ്യത.

ശബരിമലയിലെ സുപ്രീംകോടതി വിധി വന്നപ്പോൾ തന്നെ പുരോഗമന വാദമാണ് പിണറായി സർക്കാർ ഉയർത്തി പിടിച്ചത്. എന്ത് വന്നാലും കോടതി വിധി നടപ്പാക്കുമെന്നും അറിയിച്ചു. എന്നാൽ പ്രതിഷേധത്തിന്റെ തോത് വിചാരിച്ചതിലും അപ്പുറമായിരുനനു. രഹ്നാ ഫാത്തിമയുമായി പൊലീസ് പോയപ്പോൾ സന്നിധാനത്ത് ഉണ്ടായിരുന്നത് രണ്ടായിരത്തിൽ താഴെ വിശ്വാസികളായിരുന്നു. അന്ന് രാഷ്ട്രീയക്കാർ ആരും ഉണ്ടായിരുന്നതുമില്ല. എന്നിട്ടും പൊലീസിന് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. മണ്ഡലകാലത്ത് സന്നിധാനത്ത് മാത്രം പതിനായരിങ്ങൾ ഉണ്ടാകും. പൊലീസിന്റെ കണക്ക് അനുസരിച്ച് ഒരു ദിവസം സന്നിധാനത്ത് ഒന്നരലക്ഷം പേർ കുറഞ്ഞത് എത്തും. സ്ത്രീകൾക്കെതിരെ വിശ്വാസികൾ പ്രതിഷേധിക്കാനിറങ്ങിയാൽ പൊലീസിന് സുരക്ഷ ഒരുക്കൽ അസാധ്യമാകും.

പമ്പയിലും സന്നിധാനത്തും പൊലീസ് നടപടി പോലും സർക്കാരിന് ചിന്തിക്കാൻ പറ്റില്ല. ക്ഷേത്ര സന്നിധിയിലെ ഇടപെടൽ സർക്കാരിന് വലിയ തിരിച്ചടിയാകും. അതുകൊണ്ട് തന്നെ എത്തുന്ന സ്ത്രീകളെ എന്തു ചെയ്യുമെന്ന ആശങ്ക സർക്കാരിനുണ്ട്. സുപ്രീംകോടതിയിൽ നിന്ന് റിട്ട് ഹർജികൾ പരിഗണിക്കാൻ തീരുമാനിച്ചാൽ സ്റ്റേയുണ്ടാകുമെന്നായിരുന്നു പിണറായി സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് സറ്റേ ഇല്ലെന്നാണ് കോടതി വിശദീകരിച്ചത്. ഇതിനൊപ്പം മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ശേഷം ഹർജികൾ പരിഗണിക്കാനും തീരുമാനിച്ചു. ഇതാണ് സർക്കാരിനെ വെട്ടിലാക്കുന്നത്. ഇതോടെ റിട്ട് ഹർജികളിൽ പ്രതീക്ഷവയ്ക്കുന്ന ഭക്തർ വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരേയും പോകുമെന്നും ഉറപ്പായി.

മണ്ഡലകാലത്തു യുവതികളെത്തിയാൽ സംരക്ഷണം ഒരുക്കുമോ എന്ന ചോദ്യത്തിനു സർക്കാരിന്റെ പക്കൽ വ്യക്തമായ മറുപടിയില്ല. നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനം പറയാമെന്നാണു നിലപാട്. സർക്കാരിന്റെ തീരുമാനം കാത്തിരിക്കുകയാണു ദേവസ്വം ബോർഡും. സംഘർഷം തുടർന്നാൽ മണ്ഡല മകരവിളക്കു തീർത്ഥാടനകാലം അലങ്കോലപ്പെട്ടേക്കാമെന്ന മുന്നറിയിപ്പു സർക്കാരിനു മുന്നിലുണ്ട്.

തീർത്ഥാടനകാലത്ത് സർക്കാരിന് ശ്രദ്ധ മുഴുവൻ ശബരിമലയിലേക്ക് മാറ്റി വയ്‌ക്കേണ്ടി വരും. ഇതോടെ പ്രളായനന്തര കേരള നിർമ്മിതിയിൽ ഉൾപ്പെടെ വലിയ പ്രതിസന്ധികൾ ഉണ്ടാകും. ഇത് ഭരണ സതംഭനത്തിലേക്ക് പോലും വഴിമാറും.

നിലപാടിൽ ഉറച്ച് പ്രതിപക്ഷം, വെട്ടിലായി പിണറായി

സുപ്രീം കോടതിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ആശയവിനിമയം നടത്തിയതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായാണ്. സർവകക്ഷിയോഗം നിശ്ചയിക്കാനായിരുന്നു ഇത്. യോഗത്തിൽ പങ്കെടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഘടകകക്ഷികളുമായി കൂടിയാലോചിച്ചു പ്രതിപക്ഷനേതാവ് ഇന്നു തീരുമാനമെടുക്കും. പ്രതിപക്ഷവുമായി ചർച്ചയ്ക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് ഇതിന് മുന്നിൽ ഇറങ്ങിയത്. പ്രതിസന്ധിയുടെ ആഴം തന്നെയാണ് ഇതിന് കാരണം. വിശ്വാസികൾക്കൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതാണ്. ബിജെപിയും പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിൽ സർവ്വ കക്ഷിയോഗത്തിൽ യുവതി പ്രവേശനത്തിന് എതിർ നിലപാടാകും പ്രതിപക്ഷം എടുക്കുക.

തുറന്ന കോടതിയിൽ വാദം കേൾക്കാൻ കോടതി തന്നെ തീരുമാനിച്ച സാഹചര്യത്തിൽ യുവതീപ്രവേശ വിധി തൽക്കാലം 'മരവിപ്പിക്കണ'മെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചുകഴിഞ്ഞു. സുപ്രീം കോടതി തന്നെ ഉദാര സമീപനം സ്വീകരിച്ചപ്പോൾ സർക്കാരും ആ പാത പിന്തുടരണമെന്നാണു വാദം. എന്നാൽ സർക്കാരോ സിപിഎമ്മോ ഈ തീരുമാനത്തിലേക്കു വന്നിട്ടില്ല. പഴയ വിധി സ്റ്റേ ചെയ്തിട്ടില്ലെന്നാണു മുഖ്യമന്ത്രി ആവർത്തിച്ചത്. യുവതീപ്രവേശത്തോടു വിയോജിച്ചാൽ അതു കോൺഗ്രസിനോടും ബിജെപിയോടും അനുകൂല നിലപാട് എടുക്കുക കൂടിയാകും. ഇതും സർക്കാരിന് ഉൾക്കൊള്ളാനാകില്ല. പുരോഗമനവാദത്തിന്റെ പൊയ്മുഖം അഴിഞ്ഞു വീഴും. ഈ ധർമസങ്കടത്തിലാണു യഥാർഥത്തിൽ സർക്കാർ.

അതുകൊണ്ടാണു സർവകക്ഷിയോഗം എന്ന മധ്യമാർഗം അവലംബിക്കുന്നതും. വിധി വന്നപ്പോൾ തന്നെ പ്രതിപക്ഷം ഈ ആവശ്യം മുന്നോട്ടുവച്ചെങ്കിലും സർക്കാർ തള്ളുകയായിരുന്നു. ഇതെ കുറിച്ച് ആലോചിക്കുന്നുവെന്നു കഴിഞ്ഞദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞപ്പോൾ അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുത്തി. ഈ സാഹചര്യത്തിലാണു സർവകക്ഷിയോഗത്തിന്റെ കാര്യത്തിൽ കൂടിയാലോചനകൾക്കു യുഡിഎഫ് നിശ്ചയിച്ചത്. കോൺഗ്രസിന്റെ കാൽനടജാഥകളും വാഹനജാഥകളും നാളെ പത്തനംതിട്ടയിൽ സംഗമിക്കും. ഇതിന് ശേഷമാകും സർവ്വ കക്ഷി യോഗത്തിൽ പങ്കെടുക്കുന്നതിൽ പ്രതിപക്ഷം നിലപാട് എടുക്കുക.

യുവതീപ്രവേശം ജനുവരി 22 വരെ പാടില്ലെന്നു കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു കഴിഞ്ഞു. എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾക്കും ഇതേ നിലപാടാണ്. മണ്ഡലകാലം തീരുന്നതുവരെ സർക്കാർ സംയമനം പാലിച്ചാൽ പ്രതിഷേധങ്ങൾ കെട്ടടങ്ങാനാണു സാധ്യത. ഇതിന് പിണറായി തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.

വെല്ലുവളിയായി തീർത്ഥാടനകാലം

തുലാമാസത്തിലും ചിത്തിര ആട്ടത്തിരുന്നാളിനും ദിവസങ്ങൾ മാത്രമാണു നട തുറന്നത്. മണ്ഡല മകരവിളക്ക് ഉൽസവത്തോടനുബന്ധിച്ച് 64 ദിവസമാണു നട തുറക്കുന്നത്. ഈ മാസം 16ന് തുറക്കുന്ന നട ഡിസംബർ 27നാണ് അടയ്ക്കുക. 27നാണു മണ്ഡലപൂജ. ഡിസംബർ 30ന് വീണ്ടും തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും. ജനുവരി 11നാണു പേട്ട തുള്ളൽ. 14ന് മകരവിളക്ക്. 20ന് നട അടച്ച് 2 ദിവസം കഴിഞ്ഞേ സുപ്രീം കോടതി കേസ് പരിഗണിക്കൂ. അതുവരെ പഴുതടച്ച സുരക്ഷാ സംവിധാനം ഒരുക്കേണ്ട ഉത്തരവാദിത്തമാണു പൊലീസിന്.

സൗത്ത് സോൺ എഡിജിപി അനിൽകാന്താണ് ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ. എഡിജിപി അനന്തകൃഷ്ണൻ കോ ചീഫ് കോ-ഓർഡിനേറ്റർ. സേനാ വിന്യാസത്തിന്റെ ഉത്തരവാദിത്തം തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിനാണ്. വനിതാ ബറ്റാലിയൻ കമൻഡാന്റിന്റെ നേതൃത്വത്തിൽ ഒരു കമ്പനി വനിതാ പൊലീസിനെയും 30 വനിതാ കമാൻഡോകളെയും മണിയാറിലെ കെഎപി അഞ്ചാം ബറ്റാലിയനിൽ വിന്യസിക്കും.

പമ്പയിലും സന്നിധാനത്തും കൂടുതൽ സിസിടിവി ക്യാമറകൾ ബോർഡിന്റെ സഹായത്തോടെ സ്ഥാപിക്കുന്നതു പുരോഗമിക്കുകയാണ്. മേലെ തിരുമുറ്റത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കു കയ്യിൽ ധരിക്കാൻ പ്രത്യേക ബാൻഡുകൾ നൽകും. ഇതിനുവേണ്ടി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കാൻ നിർദ്ദേശം നൽകി. ജനക്കൂട്ടത്തെ നിരീക്ഷിക്കാൻ സന്നിധാനത്തും പമ്പയിലും വാച്ച് ടവറുകൾ ഉണ്ടാകും. സുരക്ഷയ്ക്കായി കമാൻഡോകളെയും ക്വിക്ക് റിയാക്ഷൻ ടീമിനെയും സന്നിധാനത്തു വിന്യസിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP