Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർക്കാർ ലക്ഷ്യമിടുന്നത് ജസ്റ്റിസ് സിരിജഗൻ അധ്യക്ഷനായ ശബരിമല ഹൈപവർ കമ്മറ്റിയെ നോക്കുകുത്തിയാക്കൽ; ശബരിമല വികസനത്തിൽ തീരുമാനമെടുക്കാനെത്തുന്ന വികസന അഥോറിറ്റിയെ സംശയത്തോടെ കണ്ട് എൻ എസ് എസും ഹൈന്ദവ സംഘടനകളും; ക്ഷേത്ര ഭരണം പിടിച്ചെടുക്കാനുള്ള ശ്രമമെന്ന ആരോപണവുമായി ബിജെപിയും എത്തിയേക്കും; ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ തൊടുന്നത് നവോത്ഥാന ലക്ഷ്യത്തോടെയോ? പിണറായി സർക്കാരിന്റെ ക്ഷേത്ര നയത്തിൽ ഒളിച്ചിരിക്കുന്നത് വിശ്വാസ പ്രശ്‌നങ്ങൾ തന്നെ

സർക്കാർ ലക്ഷ്യമിടുന്നത് ജസ്റ്റിസ് സിരിജഗൻ അധ്യക്ഷനായ ശബരിമല ഹൈപവർ കമ്മറ്റിയെ നോക്കുകുത്തിയാക്കൽ; ശബരിമല വികസനത്തിൽ തീരുമാനമെടുക്കാനെത്തുന്ന വികസന അഥോറിറ്റിയെ സംശയത്തോടെ കണ്ട് എൻ എസ് എസും ഹൈന്ദവ സംഘടനകളും; ക്ഷേത്ര ഭരണം പിടിച്ചെടുക്കാനുള്ള ശ്രമമെന്ന ആരോപണവുമായി ബിജെപിയും എത്തിയേക്കും; ദേവസ്വം ബോർഡിന്റെ അധികാരങ്ങളിൽ തൊടുന്നത് നവോത്ഥാന ലക്ഷ്യത്തോടെയോ? പിണറായി സർക്കാരിന്റെ ക്ഷേത്ര നയത്തിൽ ഒളിച്ചിരിക്കുന്നത് വിശ്വാസ പ്രശ്‌നങ്ങൾ തന്നെ

എം മനോജ് കുമാർ

തിരുവനന്തപുരം; ശബരിമല വികസന അഥോറിറ്റിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് ജസ്റ്റിസ് സിരിജഗൻ അധ്യക്ഷനായ ശബരിമല ഹൈപവർ കമ്മറ്റിയെ എന്ന് സൂചന. ശബരിമലയുൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ സർക്കാരിന് ഭരണനിയന്ത്രണം ഉറപ്പാക്കുംവിധം തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപന നിയന്ത്രണചട്ടം ഭേദഗതി ചെയ്യുകയാണ് സർക്കാർ ചെയ്യുന്നത്. അതിനിടെ യുവതി പ്രവേശനത്തിലൂടെ ശബരിമലയിൽ നവോത്ഥാനം നടത്തിയ പിണറായി സർക്കാരിന്റെ നീക്കത്തെ ഹൈന്ദവ സംഘടനകൾ സംശയത്തോടെയാണ് കാണുന്നത്. വിഷയത്തിൽ എൻ എസ് എസും എസ് എൻ ഡി പിയും ഇനിയും നിലപാട് എടുത്തിട്ടില്ല. തിരുവിതാംകൂർ-കൊച്ചി ഹിന്ദുമത സ്ഥാപന നിയന്ത്രണചട്ടം ഭേദഗതിയിലെ വ്യവസ്ഥകൾ മനസ്സിലാക്കി പ്രതികരിക്കാനാണ് തീരുമാനം.

ശബരിമല ഹൈപവർ കമ്മറ്റിയെയുടെ ഇടപെടലുകൾക്കുള്ള ഒരു തടയായി ശബരിമല വികസന അഥോറിറ്റിയെ സർക്കാർ ഉപയോഗിച്ചേക്കും എന്നാണ് ലഭിക്കുന്ന വിവരം. ശബരിമലയിൽ സർക്കാർ നടത്തുന്ന സ്വതന്ത്ര ഇടപെടലുകൾക്ക് പലപ്പോഴും തടസം നിൽക്കുന്നത് ശബരിമല ഹൈപവർ കമ്മറ്റിയുടെ സാന്നിധ്യമാണ്. ശബരിമല നിർമ്മാണ പ്രവർത്തനങ്ങളിൽ ഇടപെടുന്നതും ഹൈക്കോടതിയിൽ റിപ്പോർട്ട് നല്കുകയുമൊക്കെ ചെയ്യുന്നത് ശബരിമല ഹൈപവർ കമ്മറ്റിയാണ്. ഈ ഇടപെടൽ സർക്കാരിന് പലപ്പോഴും തലവേദന സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ദേവസ്വം ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ചതാണ് ശബരിമല ഹൈപവർ കമ്മറ്റി. അഴിമതി തടയുകയായായിരുന്നു ലക്ഷ്യം.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ,വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ,പരിസ്ഥിതി എൻജിനീറിങ് വിദഗ്ദ്ധൻ,കേന്ദ്ര സംസ്ഥാന സർവീസിലുള്ള ചീഫ് എൻജിനീയർ, ഹിന്ദു ആചാരങ്ങളിലും ക്ഷേത്രകാര്യങ്ങളിലും വൈദഗ്ദ്ധ്യമുള്ള ഒരാൾ,തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ചീഫ് എൻജിനീയർ,ജില്ലാ മജിസ്ട്രേറ്റ് റാങ്കിൽ കുറയാത്ത ഒരാൾ എന്നിവരടങ്ങുന്നതാണ് വികസന അഥോറിറ്റിയിലെ അംഗങ്ങൾ. സർക്കാർ നൽകുന്ന ഫണ്ട് ഉപയോഗിച്ച് ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനാണ് ശബരിമല വികസന അഥോറിറ്റി എന്നാണ് സർക്കാർ ഭാഷ്യം. രണ്ടും പാരലൽ ആയി പോകും എന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വികസന അഥോറിട്ടിയിലെ അംഗങ്ങളെ എല്ലാം സർക്കാരാകും നോമിനേറ്റ് ചെയ്യുക. അതുകൊണ്ട് തന്നെ വികസന പ്രക്രിയയിലെ തീരുമാനമെല്ലാം സർക്കാരിന്റേതുമാകും,

അതേസമയം ശബരിമലയുൾപ്പടെയുള്ള ക്ഷേത്രങ്ങളുടെ ഭരണനിയന്ത്രണം സർക്കാരിലേക്ക് ഉറപ്പാക്കും വിധം തിരുവിതാംകൂർ കൊച്ചി ഹിന്ദുമത സ്ഥാപന നിയന്ത്രണ ചട്ടം ഭേദഗതി ചെയ്യാൻ സർക്കാർ നീക്കത്തെ ചൊല്ലി ആശങ്കയും ഉയർന്നിട്ടുണ്ട്. ദേവസ്വം ബോർഡിനെ നോക്കുകുത്തിയാക്കി ദേവസ്വം ഭരണം പിടിച്ചെടുക്കാനുള്ള നീക്കമാണിത് എന്നാണ് ആക്ഷേപമുയരുന്നത്. ശബരിമലയെ ദേശീയനിലവാരമുള്ള തീർത്ഥാടന കേന്ദ്രമായി ഉയർത്തുക എന്നതാണ് വികസന അഥോറിറ്റിയുടെ പ്രാഥമിക ലക്ഷ്യം. ക്ഷേത്രങ്ങളിൽ ഓഡിറ്റ് ഉൾപ്പടെയുള്ള ദേവസ്വം ബോർഡിന്റെ അധികാരത്തിൻ മേൽ ശബരിമല വികസന അഥോറിറ്റിയുടെ പിടി വീഴും. കൂടാതെ സർക്കാർ ഫണ്ടിൽ നിന്നുമുള്ള നിർമ്മിതികളിലും മറ്റ് വികസന പ്രവർത്തികൾക്കായുള്ള പദ്ധതിയും വികസന അഥോറിറ്റിയുടെ കീഴിലാവുകയും ചെയ്യും.

തിരുപ്പതി മാതൃകയിൽ ശബരിമലയിൽ ഭരണപരിഷ്‌കാരം എന്നതാണ് ശബരിമല വികസന അഥോറിറ്റി വഴി സർക്കാർ ലക്ഷ്യമാക്കുന്നത്. അതേസമയം കേരള ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന ഉന്നതാധികാര സമിതിയുടെ അധികാരങ്ങളും ചുമതലകളും വികസന അഥോറിറ്റിയുടെ കീഴിലാക്കാനും നീക്കമുണ്ട്. ഇത് എത്രമേൽ സാധ്യമാകും എന്നും ചോദ്യമുയരുന്നുണ്ട്. വികസന അഥോറിറ്റി രൂപീകരണത്തിനായി തയ്യാറാക്കുന്ന ബില്ലിന്റെ കരട് ഉന്നതാധികാര സമിതിക്ക് മുൻപാകെ ഹാജരാക്കാൻ നിയമവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ക്ഷേത്രങ്ങളെ ആർ.എസ്.എസിന്റെ കയ്യിൽ നിന്നും മോചിപ്പിക്കണമെന്ന നീക്കവും നിയമഭേദഗതിക്ക് പിന്നിലുണ്ട്. ക്ഷേത്രങ്ങളെ ഉപയോഗിച്ച് ഉത്സവമല്ലാത്ത മറ്റൊരു പ്രവർത്തിയും ഏതെങ്കിലും വ്യക്തിക്കോ സംഘടനയ്ക്കോ നടത്താൻ അവകാശമുണ്ടായിരിക്കില്ല, ക്ഷേത്ര ഭൂമി ഉപയോഗിക്കുന്നത് ആറുമാസം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറും. ഇതോടെ ആയുധം ഉപയോഗിച്ചോ ഇല്ലാതെയോ ക്ഷേത്രഭൂമിയിൽ പരിശീലനം നടത്തുന്നത് ജാമ്യമില്ലാ കുറ്റവുമാവും. ഈ വ്യവസ്ഥ ബില്ലിന്റെ കരടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ശബരിമല ദേവസ്വം ബോർഡിന്റെ അധികാരങ്ങൾ ശബരിമല വികസന അഥോറിറ്റി കയ്യടക്കും എന്ന ആരോപണങ്ങൾ തിരുവിതാംകൂർ ദേവസ്വം ശക്തമായി നിഷേധിച്ചു. ശബരിമല ഉന്നതാധികാര സമിതിയുണ്ടെങ്കിലും ശബരിമലയുടെ നിയന്ത്രണവും ഭരണവും കയ്യാളുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്-ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇനി ശബരിമല വികസന അഥോറിറ്റി വന്നാലും ദേവസ്വം ഭരണവും ശബരിമല ഭരണവും ദേവസ്വം ബോർഡ് തന്നെയാകും നടത്തുക.

ശബരിമല പ്രശ്‌നം വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ്. ഈ ഏകോപനത്തെ സഹായിക്കാൻ വേണ്ടിയാണ് ശബരിമല വികസന അഥോറിറ്റി വരുന്നത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസന പ്രവർത്തനങ്ങൾ ശബരിമല വികസന അഥോറിറ്റി വഴി നടത്തണം. അതാണ് സർക്കാരിന്റെ ആവശ്യം. എന്നാൽ ബോർഡ് ആണ് എല്ലാ നിർമ്മാണ പദ്ധതികൾക്കും അനുമതി നൽകേണ്ടത്. ആ അധികാരം ബോർഡിനാണ്. അതുകൊണ്ട് തന്നെ ശബരിമല വികസന അഥോറിറ്റി വന്നാൽ ബോർഡിന്റെ അധികാരം നഷ്ടമാകില്ല-എ.പത്മകുമാർ പറയുന്നു.

ശബരിമലയുടെ കഴിഞ്ഞ സീസണിൽ ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതിയുടെ ചുമതല മകരവിളക്ക് കഴിഞ്ഞതോടെ അവസാനിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതിയുടെ ഈ നിരീക്ഷണ സമിതി ഫലത്തിൽ നിലനിൽക്കുന്നില്ല.പക്ഷെ ശബരിമല ഹൈപവർ കമ്മറ്റി നിലനിൽക്കുന്നുണ്ട്. ഭരണഘടന നൽകുന്ന അധികാര പ്രകാരം ഹൈക്കോടതി നിയോഗിച്ചതാണ് ശബരിമല ഹൈപവർ കമ്മറ്റി. അതുകൊണ്ട് തന്നെ ഹൈപവർ കമ്മറ്റിക്കെതിരെ സർക്കാർ നീങ്ങിയാൽ അത് സർക്കാരിന് തലവേദന സൃഷ്ടിക്കുന്ന നീക്കമായി മാറുകയും ചെയ്യും.

നിലവിൽ ശബരിമല നടക്കുന്ന കാര്യങ്ങളിൽ സർക്കാർ കടുത്ത അതൃപ്തിയിലാണ്. ശബരിമല അവലോകന യോഗത്തിലെ തീരുമാനങ്ങൾ ഒന്നും നടപ്പാക്കാത്തതിൽ കടുത്ത അതൃപ്തി മുഖ്യമന്ത്രിയിൽ നിലനിൽക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ശബരിമല വികസന അഥോറിറ്റി തന്നെ സ്ഥാപിക്കാൻ സർക്കാർ നീക്കങ്ങൾ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP