Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

ഡൽഹിയിൽ നിന്ന് പറന്നിറങ്ങി നേരേ പോയത് എകെജി സെന്ററിലേക്ക്; അർദ്ധജുഡീഷ്യൽ പദവിയിലിരിക്കെ പാർട്ടി സെക്രട്ടറിയെ കണ്ട് തിരുവുള്ളം ഉണർത്തി; മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും എകെജി സെന്ററിന്റെയും തിട്ടൂരം നടപ്പാക്കിയത് പത്മകുമാറിനെ വിശ്വാസികൾ ഒറ്റതിരിഞ്ഞ് വേട്ടയാടുമ്പോൾ; അടുത്ത മാസം വിരമിക്കുമ്പോൾ നോട്ടം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിലേക്ക്; ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതിയിൽ ബോർഡിന്റെ മലക്കം മറിച്ചിലിന് ദേവസ്വം കമ്മീഷണർ എൻ.വാസു നേതൃത്വം നൽകിയത് ഇങ്ങനെ

ഡൽഹിയിൽ നിന്ന് പറന്നിറങ്ങി നേരേ പോയത് എകെജി സെന്ററിലേക്ക്; അർദ്ധജുഡീഷ്യൽ പദവിയിലിരിക്കെ പാർട്ടി സെക്രട്ടറിയെ കണ്ട് തിരുവുള്ളം ഉണർത്തി; മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും എകെജി സെന്ററിന്റെയും തിട്ടൂരം നടപ്പാക്കിയത് പത്മകുമാറിനെ വിശ്വാസികൾ ഒറ്റതിരിഞ്ഞ് വേട്ടയാടുമ്പോൾ; അടുത്ത മാസം വിരമിക്കുമ്പോൾ നോട്ടം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിലേക്ക്; ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതിയിൽ ബോർഡിന്റെ മലക്കം മറിച്ചിലിന് ദേവസ്വം കമ്മീഷണർ എൻ.വാസു നേതൃത്വം നൽകിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് മലക്കംമറിഞ്ഞപ്പോൾ ഒരു കാര്യം വ്യക്തമായി: റിമോട്ട് കൺട്രോൾ എകെജി സെന്ററിൽ തന്നെ! മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും എകെജി സെന്ററിന്റെയും താൽപര്യങ്ങൾ മുടക്കം കൂടാതെ നടത്തിയെടുത്തത് ദേവസ്വം കമ്മീഷണർ എൻ.വാസുവും. പ്രസിഡന്റ് എ.പത്മകുമാറിനെ മൂലയ്ക്കിരുത്തിയാണ് വാസു വിജയക്കൊടി നാട്ടിയത്. ഇതോടെ പഴി മുഴുവൻ കേട്ട് ചെവി മരവിച്ച പത്മകുമാർ രാജി വച്ച് തടി രക്ഷിക്കാനുള്ള ആലോചനയിലാണ്. സുപ്രീം കോടതിയിലെ കേസിന് ശേഷം വിമാനമിറങ്ങി നേരേ എകെജി സെന്ററിൽ പോയി കോടിയേരിയെ കാണുക. കാര്യങ്ങൾ ബോധിപ്പിക്കുക. ദേവസ്വം കമ്മീഷണറുടെ ചെയ്തികൾ പറയാതെ പറയുന്ന കാര്യം ഇതുതന്നെ: റിമോട്ട് കൺട്രോൾ എകെജി സെന്ററിൽ തന്നെ.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്ന നിലയിൽ അർദ്ധജുഡീഷ്യൽ പദവിയാണ് കമ്മീഷണറുടേതെന്ന് ഹൈക്കോടതി വിലയിരുത്തിയിട്ടുണ്ട്. പദവിയിലെത്തുന്നത് ആരോപണം നേരിടുന്നയാളോ കളങ്കിതനോ ആവരുതെന്നും കോടതി നിരീക്ഷിച്ചിരുന്നു. കമ്മീഷണർ കാലാവധി പൂർത്തിയായാൽ വാസുവിനെ കാത്തിരിക്കുന്നത് മറ്റൊരു ഉന്നത പദവിയാണെന്നാണ് അണിയറ സംസാരം. യുവതീപ്രവശനത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സിപിഎമ്മിന്റെയും നിർദ്ദേശം അക്ഷരംപ്രതി നടപ്പാക്കാൻ ചുമതലപ്പെടുത്തിയിരുന്നത് വാസുവിനെയാണ്. അഡ്വ.രാകേഷ് ദ്വിവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ കൈമാറിയപ്പോൾ വാസുവിന്റെ ഗ്രാഫ് സിപിഎമ്മിന്റെ കണ്ണിൽ വീണ്ടും ഉയർന്നു. കണ്ണിലെ കരടായ പത്മകുമാറാകട്ടെ ഒന്നുമറിയാതെ തിരുവനന്തപുരത്ത് ഇരുന്നു.

Stories you may Like

കോടിയേരിയെ എൻ.വാസു കണ്ടത് എന്തിന് ?

ഡൽഹിയിൽ നിന്ന് വിമാനമിറങ്ങി നേരേ എകെജി സെന്ററിലെത്തിയതിന് എൻ.വാസു തന്റെതായ വിശദീകരണം നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നോട് റിപ്പോർട്ടോ വിശദീകരണമോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ദേവസ്വം കമ്മീഷണർ ആവർത്തിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റിന്റേത് രാഷ്ട്രീയ നിയമനമാണ്. അദ്ദേഹം ചില കാര്യങ്ങൾ പരസ്യമായി പറഞ്ഞു. അത് പാർട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമാണ്. അതു കൊണ്ടാണ് കോടിയേരിയെ കണ്ടതെന്നും എൻ വാസു പറഞ്ഞു. കോടിയേരിയെ വാസു കാണുമ്പോൾ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പ്രസിഡന്റ് കെ എൻ രാജഗോപാലും ഒപ്പമുണ്ടായിരുന്നു. ദേവസ്വംബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ മാറ്റാനോ രാജി വയ്‌പ്പിക്കാനോ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് വാസു കോടിയേരിയെ കണ്ടത്.

സാവകാശ ഹർജിയുടെ കാര്യം ബോർഡ് അഭിഭാഷകൻ സുപ്രീംകോടതിയിൽ മിണ്ടിയില്ല. തന്റെ വീട്ടിൽ നിന്ന് യുവതികളാരും മലയ്ക്ക് പോകില്ലെന്ന പ്രസ്താവനയിലൂടെ പരോക്ഷമായി നിലപാട് വ്യക്തമാക്കിയിട്ടുള്ള പത്മകുമാറിന്റെ ലക്ഷ്യം ശബരിമലയിലെ സംഘർഷത്തിന് അയവുവരുത്തുകയായിരുന്നു. എന്നാൽ, യുവതീപ്രവേശന വിധിയെ കോടതിയിൽ ബോർഡ് അഭിഭാഷകൻ പിന്തുണച്ചതോടെ, കുഭമാസ പൂജയ്ക്കായി നട തുറക്കുമ്പോൾ വീണ്ടും സംഘർഷത്തിന് കളമൊരുങ്ങുകയാണ്.

എൻ.വാസുവിന്റെ ന്യായീകരണം ഇങ്ങനെ

കോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന ബോർഡ് തീരുമാനമാണ് സുപ്രീംകോടതിയിൽ ധരിപ്പിച്ചത്. പുനപരിശോധനാഹർജികളുടെ സാധുത മാത്രമാണ് സുപ്രീംകോടതി പരിഗണിച്ചത്. മറിച്ചുള്ള വാർത്തകളെല്ലാം തെറ്റാണെന്നും ദേവസ്വംബോർഡ് കമ്മിഷണർ പറഞ്ഞു.ശബരിമലയിൽ ബോർഡ് നിലപാട് മാറ്റിയത് താൻ അറിഞ്ഞിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ തുറന്നടിച്ചതിന് പിനവ്‌നാലെയാണ് കമ്മീഷണറുടെ പ്രതികരണം വന്നത്. പത്മകുമാറിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടോയെന്നറിയില്ല, വാസു പറഞ്ഞു.

സുപ്രീംകോടതിയിലെ സാവകാശ ഹർജിക്ക് ഇനി പ്രസക്തിയില്ലെന്നും ദേവസ്വം കമ്മിഷണർ പറഞ്ഞു. കഴിഞ്ഞ സീസണിൽ സ്ത്രീകൾക്ക് സൗകര്യം ഒരുക്കാനാണ് സാവകാശം തേടിയത്. സീസൺ കഴിഞ്ഞതോടെ ആവശ്യം അപ്രസക്തമായി. ഇനിയും സാവകാശം വേണമെങ്കിൽ ബോർഡിന് കോടതിയെ അക്കാര്യം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. യുവതീപ്രവേശത്തെ അനുകൂലിക്കാനല്ല അഭിഭാഷകരോട് നിർദ്ദേശിച്ചിരുന്നതെന്നും വിധി നടപ്പാക്കാൻ സാവകാശം വേണമെന്ന നിലപാടാണ് അവതരിപ്പിക്കേണ്ടിയിരുന്നതെന്നും എ.പത്മകുമാർ പറഞ്ഞു. ഇതോടെ പത്മകുമാർ അറിയാതെയാണ് ബോർഡിന്റെ അഭിഭാഷകൻ കോടതിയിൽ നിലപാട് മാറ്റിയതെന്ന് വ്യക്തമായി. നിലപാട് മാറ്റത്തെ കുറിച്ച് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് പത്മകുമാർ പറഞ്ഞെങ്കിലും കമ്മീഷണർ അത് പാടേ നിഷേധിച്ചിരിക്കുകയാണ്.

പത്മകുമാറിന്റെ മലക്കം മറിച്ചിൽ

ദേവസ്വം ബോർഡിൽ തമ്മിലടി രൂക്ഷമായത് സർക്കാരിനും ക്ഷീണമായി. പത്മകുമാറിന്റെ രാജി എങ്ങനെയെങ്കിലും ഒഴിവാക്കിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കോടിയേരിക്ക് അറിയാം. ബോർഡിൽ ആശയക്കുഴപ്പമില്ലെന്നാണ് കോടിയേരിയുടെ അവകാശവാദം. താൻ രാജി വയ്ക്കില്ലെന്നും നവംബർ വരെ തുടരുമെന്നും പത്മകുമാർ പറയുന്നു. അതേസമയം പത്മകുമാറിന് തൽക്കാലം സാവകാശം നൽകിയാലും വൈകാതെ അഡ്വ. രാജഗോപാലൻ നായരെ വീണ്ടും പ്രസിഡന്റാക്കാൻ സിപിഎമ്മിന് താൽപര്യമുണ്ട്.

പത്മകുമാറിന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്ന് കാട്ടി മാധ്യമങ്ങളെ പഴിക്കാനാണ് ഇപ്പോൾ സിപിഎമ്മിന്റെ ശ്രമം. കോടിയേരി അനുനയിപ്പിച്ചതോടെ താൻ രാജിക്കില്ലെന്നും കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നുമൊക്കെയായി പത്മകുമാർ വീണ്ടും മലക്കം മറഞ്ഞു. പത്മകുമാറിന് ഒരു തെറ്റിദ്ധാരണയുമില്ലെന്നും മണ്ഡലകാലം കഴിഞ്ഞതോടെ സാവകാശ ഹർജിക്ക് സാധ്യത അടഞ്ഞുവെന്ന വാദമാണ് കമ്മീഷണറും കോടിയേരിയുമൊക്കെ ഉന്നയിക്കുന്നത്. എന്നാൽ, ഇത് വിശ്വാസികളെ വഞ്ചിക്കുന്ന സമീപനമാണെന്ന് പത്മകുമാറിന് അഭിപ്രായമുണ്ടെങ്കിലും തൽക്കാലം പാർട്ടിക്ക് വഴങ്ങുകയല്ലാതെ നിവൃത്തിയില്ല. അതുകൊണ്ടാണ് നവംബർ വരെ താൻ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന പ്രസ്താവന പുറപ്പെടുവിച്ചത്.

എൻ.വാസു സിപിഎമ്മിന് പ്രിയപ്പെട്ടവൻ

പ്രസിഡന്റും അംഗങ്ങളും അറിയാതെ, യുവതി പ്രവേശ വിഷയത്തിൽ സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് മലക്കം മറിയാൻ കാരണമായത് ദേവസ്വം കമ്മിഷണർ എൻ. വാസുവിന്റെ ഇടപെടലാണ്. ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രമേ കമ്മിഷണർ സ്ഥാനത്തേക്ക് പരിഗണിക്കാവൂ എന്ന് ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ സ്ഥാനമൊഴിയേണ്ടി വരുന്ന വാസുവിന് കമ്മിഷണർ കസേരയിൽ വീണ്ടും ഇരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സുപ്രീം കോടതിയിലെ മലക്കം മറിച്ചിൽ എന്ന് ചൂണ്ടിക്കാട്ടുന്നു. കമ്മിഷണർ സ്ഥാനം ഐഎഎസുകാർക്ക് മാത്രമെന്ന ഹൈക്കോടതി വിധി സംസ്ഥാന സർക്കാർ ഓർഡിനൻസിലൂടെ മറി കടന്ന് തന്നെ തുടരാൻ അനുവദിക്കുമെന്ന പ്രതീക്ഷയാണ് വാസുവിന്റെ കടുംകൈയ്ക്ക് പിന്നിൽ.

രണ്ടാം വട്ടമാണ് എൻ. വാസു തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറാകുന്നത്. സിപിഎമ്മിന്റെ കൊല്ലം ജില്ലയിലെ പ്രധാന പ്രവർത്തകനായിരുന്നു വാസു. കുളക്കട പഞ്ചായത്തിൽ രണ്ടു തവണ അദ്ദേഹം പ്രസിഡന്റായി. 1977 ലും 82 ലും.. 82 ൽ രണ്ടു വർഷം മാത്രമാണ് പ്രസിഡന്റ് സ്ഥാനത്ത് തുടർന്നത്. 84 ൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ച് വിജിലൻസ് ട്രിബ്യൂണലിൽ ജഡ്ജിയായി. പിന്നീട് കുറേക്കാലം മന്ത്രി പി.കെ. ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ദേവസ്വം കമ്മിഷണറായിരുന്ന നളിനാക്ഷൻ നായരെ തെറിപ്പിച്ചാണ് വാസുവിനെ ആ സ്ഥാനത്ത് നിയമിച്ചത്. അതുവരെ ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥർ വഹിച്ചിരുന്ന പദവിയാണ് ഒരു ജുഡീഷ്യൽ ഓഫീസറായിരുന്നു എന്ന പേരിൽ വാസുവിന് കൈമാറിയത്. യുഡിഎഫ് സർക്കാർ വന്നതിന് പിന്നാലെ വാസുവിനെ നീക്കി ഐഎഎസുകാരനായ വേണുഗോപാലിനെ കമ്മിഷണറാക്കി നിയമിച്ചു. കഴിഞ്ഞ ബോർഡിന്റെ കാലത്ത് വേണുഗോപാലായിരുന്നു കമ്മിഷണറെ മാറ്റിയാണ് വാസുവിനെ വീണ്ടും നിയമിച്ചത്. കമ്മിഷണർ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം പാടില്ലെന്ന് കഴിഞ്ഞ മണ്ഡല-മകര വിളക്ക് കാലത്തിന് മുൻപാണ് ഹൈക്കോടതി വിധിച്ചത്. ഇതോടെ വാസുവിന്റെ കസേര ഇളകി ഇരിക്കുകയായിരുന്നു.

കട്ടിപ്പണിയോ ടെൻഷനോ ഉത്തരവാദിത്തമോ ഒന്നുമില്ലാത്ത ജോലിയാണ് കമ്മിഷണറുടേത്. ഇന്നോവ ക്രിസ്റ്റ കാറിൽ സഞ്ചാരം, വൻ തുക ശമ്പളം, ഇരിക്കാൻ എസി ഓഫീസ് മുറി, ടിഎ, ഡിഎ എന്നു വേണ്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രത്തിലും വിഐപി പദവി തുടങ്ങി കമ്മിഷണർ സ്ഥാനത്തിരുന്നാലുള്ള ഗുണങ്ങൾ ഏറെയാണ്. ബോർഡോ സർക്കാരോ വിവാദ തീരുമാനം എടുത്താലും കമ്മിഷണർക്ക് കുഴപ്പമില്ല. തെറി മുഴുവൻ പ്രസിഡന്റിനും അംഗങ്ങൾക്കും കിട്ടും. മറുപടി നൽകേണ്ട ബാധ്യതയും ഇവർക്ക് തന്നെ. ചുരുക്കിപ്പറഞ്ഞാൽ, ഈ പദവിയുടെ സുഖം അറിഞ്ഞവർക്ക് അതിൽ തുടരാനാണ് താൽപര്യം. ഇതേ താൽപര്യമാണ് വാസുവിനെ സർക്കാരിനൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത്. തന്റെ നിലപാടുകൾക്കുള്ള പ്രതിഫലമായി ഓർഡിനൻസിലൂടെ കോടതി വിധി സർക്കാർ മറികടക്കുമെന്നും കമ്മിഷണറായി തുടരാമെന്നുമാണ് വാസുവിന്റെ ഇനിയുള്ള പ്രതീക്ഷ.

ദേവസ്വം കമ്മിഷണറായിരുന്ന നളിനാക്ഷൻ നായരെ തെറിപ്പിച്ചാണ് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് വാസുവിനെ ആദ്യമായി ആ സ്ഥാനത്ത് നിയമിച്ചത്. എന്നാൽ, യു.ഡി.എഫ് സർക്കാർ വന്നതിനു പിന്നാലെ വാസുവിനെ നീക്കി ഐ.എ.എസുകാരനായിരുന്ന വേണുഗോപാലിനെ കമ്മിഷണറാക്കി. പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ വാസു വീണ്ടും കമ്മിഷണറായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP