Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അപ്പത്തിന്റെ പേരിൽ അടി നടക്കുമോ? ശബരിമല സന്നിധാനത്ത് അപ്പം നിർമ്മാണം മുടങ്ങിയത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പിടിവാശി മൂലം; തിരിച്ചടിയായത് തീർത്ഥാടകർ കൊണ്ടു വരുന്ന അരി കൊണ്ട് കാശുണ്ടാക്കാമെന്ന ദേവസ്വം ബോർഡിന്റെ അതിമോഹത്തിന്

അപ്പത്തിന്റെ പേരിൽ അടി നടക്കുമോ? ശബരിമല സന്നിധാനത്ത് അപ്പം നിർമ്മാണം മുടങ്ങിയത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പിടിവാശി മൂലം; തിരിച്ചടിയായത് തീർത്ഥാടകർ കൊണ്ടു വരുന്ന അരി കൊണ്ട് കാശുണ്ടാക്കാമെന്ന ദേവസ്വം ബോർഡിന്റെ അതിമോഹത്തിന്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമലയിലെ പ്രധാന വഴിപാടായ അപ്പത്തിന്റെ പേരിൽ അടി നടക്കാനും അതുവഴി ക്രമസമാധാന പ്രശ്‌നത്തിനും സാധ്യത. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പെട്ടെന്നുണ്ടായ ബോധോദയം മൂലം സന്നിധാനത്ത് അപ്പം നിർമ്മാണം നിലച്ചിരിക്കുകയാണ്. തീർത്ഥാടകർ വഴിപാടായി കൊണ്ടുവരുന്ന അരി കൊണ്ട് കോടികൾ ഉണ്ടാക്കാമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടിനു കൂടിയാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്.

തീർത്ഥാടകർ കെട്ടിൽ കൊണ്ടു വന്ന് നിക്ഷേപിക്കുന്ന അരി കൊണ്ടാണ് സന്നിധാനത്ത് അന്നദാനം, അപ്പം നിർമ്മാണം എന്നിവ നടക്കുന്നത്. അപ്പം നിർമ്മിച്ച ശേഷം ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ച് 'യെസ്' മൂളുന്ന പരിപാടിയാണ് ഇതുവരെ നടന്നത്. എന്നാൽ, മണ്ഡലകാലം അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഈ പരിപാടി അവർ നിർത്തി. പകരം, അരി പരിശോധിച്ച് ഭക്ഷ്യയോഗ്യമെന്ന് കണ്ടാൽ മാത്രം അതു കൊണ്ട് അപ്പമുണ്ടാക്കി വിറ്റാൽ മതിയെന്ന് നിർദ്ദേശം നൽകുകയായിരുന്നു.

ഇതോടെ രണ്ടു ദിവസം മുൻപ് അപ്പം നിർമ്മാണം നിർത്തിവച്ചു. ആകെ സ്റ്റോക്കുള്ള 60,000 പായ്ക്കറ്റ് അപ്പം ഇന്നു തീരും. ഇതോടെ തീർത്ഥാടകർ പ്രതിഷേധത്തിലേക്ക് തിരിയുകയും ക്രമസമാധാന പ്രശ്‌നം ഉണ്ടാവുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. അപ്പത്തിന്റെ പ്രതിദിന ശരാശരി വിൽപന 60,000 കവർ ആണ്. നിർമ്മാണമാകട്ടെ 1.25 ലക്ഷം കവറും. സ്റ്റോക്ക് ചെയ്തിരുന്ന അപ്പം തീർന്നിട്ടും ഭക്ഷ്യസുരക്ഷാ വിഭാഗം അരി പരിശോധിച്ച് ഫലം എത്തിച്ചിട്ടില്ല. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അപ്പം നിർമ്മാണം നിർത്തിവച്ചത്. ഇതുവരെ പരിശോധനാ ഫലം വന്നില്ല. ഇന്ന് രാവിലെയെങ്കിലും നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ ഉച്ചയോടെ അപ്പം വിതരണം മുടങ്ങും.

ഇരുമുടിക്കെട്ടിൽ തീർത്ഥാടകർ നിറച്ചുകൊണ്ടു വരുന്ന അരി അപ്പം നിർമ്മാണത്തിന് ഉപയോഗിക്കാൻ പാടില്ലെന്ന് കാട്ടി സന്നിധാനം എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. കുറേക്കാലമായി അപ്പംനിർമ്മിച്ചതിന് ശേഷം ഭക്ഷ്യസുരക്ഷാ ലാബിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയാണ് വിതരണം ചെയ്തിരുന്നത്. ഈ മണ്ഡല കാലത്തും ഇത്തരത്തിലാണ് വിതരണം നടന്നിരുന്നത്.

എന്നാൽ, മണ്ഡലകാലത്തിന്റെ അവസാനദിനങ്ങളിൽ അപ്പം നിർമ്മിക്കാനുള്ള അരി കഴുകി വൃത്തിയാക്കി ഉപയോഗിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നിർദ്ദേശം നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അരി കഴുകി പൊടിക്കുന്നതിന് താല്ക്കാലികസംവിധാനം ദേവസ്വം ബോർഡ് ഏർപ്പെടുത്തി. കഴുകി ഉപയോഗിക്കുന്ന അരി പരിശോധിച്ച് ഫലം ലഭ്യമാകുന്നതു വരെ അപ്പം നിർമ്മാണം നിർത്തി വയ്ക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗം നിർദ്ദേശം നൽകുകയായിരുന്നു.

ഭക്ഷ്യസുരക്ഷക്കാരും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും നൽകിയ കത്തുകളിലെ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചാൽ ശബരിമലയിലെ പ്രധാന വഴിപാട് പ്രസാദങ്ങളായ അപ്പം, അരവണ, വെള്ള നിവേദ്യം, ശർക്കരപായസം, പഞ്ചാമൃതം, വിഭൂതി, മഞ്ഞൾപ്രസാദം, പമ്പയിലെ മോദകം, ശബരിമല- പമ്പ- നിലയ്ക്കൽ എന്നിവിടങ്ങളിലെ മെസുകൾ, അന്നദാനം എന്നിവ നിർത്തി വയ്‌ക്കേണ്ടി വരുമെന്നു കാട്ടി ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ തിരുവിതാംകൂർ ദേവസ്വം ബോർഡ്പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന് കത്ത് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP