Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങളുടെ സർക്കാർ ഭരിക്കുന്ന ദേവസ്വം ബോർഡാണ് പന്തളം രാജാവിനെ ഇന്നലെ ഉപചാരപൂർവ്വം സ്വീകരിച്ച് ചുരിക നൽകിയത്; നിങ്ങളുടെ ദേവസ്വം ബോർഡിലെ ശമ്പളക്കാരനായ മേൽശാന്തിയാണ് ഇന്നലെ കാൽ കഴുകി സ്വീകരിച്ചത്; പന്തളം ശശി രാജാവ് എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്ന മന്ത്രിമാർ അറിയാൻ

നിങ്ങളുടെ സർക്കാർ ഭരിക്കുന്ന ദേവസ്വം ബോർഡാണ് പന്തളം രാജാവിനെ ഇന്നലെ ഉപചാരപൂർവ്വം സ്വീകരിച്ച് ചുരിക നൽകിയത്; നിങ്ങളുടെ ദേവസ്വം ബോർഡിലെ ശമ്പളക്കാരനായ മേൽശാന്തിയാണ് ഇന്നലെ കാൽ കഴുകി സ്വീകരിച്ചത്; പന്തളം ശശി രാജാവ് എന്ന് പറഞ്ഞ് അധിക്ഷേപിക്കുന്ന മന്ത്രിമാർ അറിയാൻ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: പന്തളം കൊട്ടാരപ്രതിനിധി ശശികുമാര വർമ കള്ളനും അവസരവാദിയും കാലു മാറ്റക്കാരനുമാണെന്നു മന്ത്രി ജി. സുധാകരൻ. ശബരിമല തന്ത്രി അതിഭൗതികവാദിയാണെന്നുമാണ് മന്ത്രി ജി സുധാകരൻ പറഞ്ഞിരുന്നത്. അതുകൊണ്ടാണ് എന്തു പ്രശ്‌നം വന്നാലും ജീവൻ കളഞ്ഞും അയ്യപ്പനെ സംരക്ഷിക്കും എന്നു പറയേണ്ടതിനു പകരം അമ്പലം പൂട്ടി സ്ഥലം വിടുമെന്നു പറഞ്ഞതെന്നും ജി. സുധാകരൻ പറഞ്ഞിരുന്നു. ഇങ്ങനെ മന്ത്രി കള്ളനെന്ന് വിളിച്ച പന്തളം രാജകൊട്ടാരത്തിന്റെ പ്രതിനിധിയെ ശബരിമലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് തന്നെ സ്വീകരിക്കേണ്ടി വരുന്നു. ശബരിമലയിലെ ആചാരമാണ് ദേവസ്വം ബോർഡ് ചെയ്യുന്നത്. ശബരിമലയിൽ പന്തളം കൊട്ടാരത്തിന് എന്ത് അവകാശമെന്ന് ചോദിച്ച് കളിയാക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ ആചാരം. ഇത് ഇപ്പോഴും ദേവസ്വം ബോർഡിന് തുടരേണ്ടിയും വരുന്നു.

ശബരിമല ധർമ്മ ശാസ്താവിന്റെ പിതൃസ്ഥാനമാണ് പന്തളം കൊട്ടാരത്തിനുള്ളത്. ഈ വിശ്വാസം അംഗീകരിക്കുന്ന ആചാരമാണ് പന്തളം രാജപ്രതിനിധിയെ സ്വീകരിക്കൽ. വിശ്വാസത്തിന്റെ ഭാഗമായുള്ള ഈ ആചാരം മുറതെറ്റാതെ ചെയ്യുന്നവർ തന്നെ ശബരിമലയിലെ പന്തളം കൊട്ടാരത്തിന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നു. യുവതി പ്രവേശന വിഷയത്തിൽ പന്തളം കൊട്ടാരത്തെ കളിയാക്കുന്നു. ഒരവകാശവും ശശി രാജാവിനില്ലെന്ന് പറഞ്ഞ് കളിയാക്കുന്നു. ഇത് ജനാധിപത്യ കാലമാണെന്ന് ഓർമ്മിപ്പിക്കുന്നു. ഇതെല്ലാം ചെയ്യുന്നവരുടെ പ്രതിനിധികളാണ് ദേവസ്വം ബോർഡ് ഭരിക്കുന്നത്. അപ്പോഴും ശബരിമലയിൽ പന്തളം കൊട്ടാര പ്രതിനിധിയുടെ കാൽ കഴുകി സ്വീകരിക്കേണ്ടിയും വരുന്നു. ഇതിൽ നിന്ന് തന്നെ ശബരിമലയിൽ പന്തളം കൊട്ടാരത്തിനുള്ള അവകാശവും വ്യക്തമാണ്.

ഈ തീർത്ഥാടനകാലത്തെ പ്രധാന ആചാരത്തിന്റെ ഭാഗമായി പന്തളം രാജപ്രതിനിധി പി. രാഘവവർമരാജ സന്നിധാനത്ത് എത്തി ദർശനം നടത്തി. ബുധനാഴ്ച വൈകുന്നേരം ശരംകുത്തിയിലെത്തിയ അദ്ദേഹത്തെ ദേവസ്വം പ്രതിനിധികൾ സ്വീകരിച്ചു. ആചാരപരമായ ചടങ്ങുകൾക്കുശേഷം പതിനെട്ടാംപടിക്ക് സമീപം എത്തിയപ്പോൾ അദ്ദേഹത്തെ മേൽശാന്തി വാസുദേവൻ നമ്പൂതിരി കാൽകഴുകി സ്വീകരിച്ചു. ദേവസ്വം ബോർഡിന്റെ ജീവനക്കാരനാണ് മേൽശാന്തി. മേൽശാന്തിക്ക് തന്നെ ഈ ചടങ്ങുകൾ ചെയ്യേണ്ടിയും വരുന്നു. ഇതിലൂടെ തന്നെ ശബരിമലയിലെ ആചാരങ്ങളിൽ പന്തളം കൊട്ടാരത്തിനുള്ള അവകാശം വ്യക്തമാണ്. ദേവസ്വം അധികാരികൾ ശരംകുത്തിയിൽ ഏൽപ്പിച്ച തിരുവാഭരണത്തിലെ ചുരികയുമായാണ് രാഘവവർമ്മ രാജ പതിനെട്ടാം പടിയും കയറിയത് പടികയറി. സോപാനത്ത് ചുരിക സമർപ്പിച്ച് തൊഴുതു. മേൽശാന്തി ഇത് അയ്യപ്പന്റെ വലതുഭാഗത്തുവെച്ചശേഷം പ്രസാദം നൽകി.

കള്ളൻരാജാവെന്ന് സുധാകരൻ കളിയാക്കിയ ശശികുമാര വർമ്മയാണ് പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇത്തവണയും കൊട്ടാരം പ്രതിനിധിയെ നിശ്ചയിച്ചത്. പരേതരായ മുണ്ടയ്ക്കൽ കൊട്ടാരത്തിൽ മംഗലത്തമ്പുരാട്ടിയുടെയും പനച്ചിക്കാട്ട് കിഴിപ്രം ഇല്ലത്ത് സി.ഡി. പുരുഷോത്തമൻ നമ്പൂതിരിയുടെയും മകനാണ് രാഘവവർമ്മ രാജ. വർഷങ്ങളായി രാജ പ്രതിനിധികളോടൊപ്പം ശബരിമലയ്ക്ക് പോയിട്ടുണ്ട്. പന്തളം കൊട്ടാരം നിർവാഹക സംഘം മുൻ സെക്രട്ടറിയും നിലവിൽ ഭരണസമിതി അംഗവുമാണ്. കേരള ക്ഷത്രിയ ക്ഷേമസഭ പന്തളം ശാഖാ പ്രസിഡന്റ്, പാലസ് വെൽഫെയർ സൊസൈറ്റി സെക്രട്ടറി, മഹാകവി പന്തളം കേരളവർമ സ്മാരക ഗ്രന്ഥശാല ഭരണസമിതിയംഗം, വലിയ കോയിക്കൽ ശ്രീധർമശാസ്താ ക്ഷേത്ര ഉപദേശക സമിതിയിൽ കൊട്ടാരം പ്രതിനിധി എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. തിരുവാഭരണ പാത സംരക്ഷണ സമിതി, ശബരിമല ആചാര സംരക്ഷണ സമിതി എന്നിവയുടെ പ്രവർത്തനങ്ങളിലും സജീവമാണ്.

ഐആർപിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ബക്കളത്തു നടത്തിയ ശബരിമല ഇടത്താവളത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പന്തളം കൊട്ടാരത്തെ സുധാകരൻ കളിയാക്കിയത്. ശശികുമാര വർമ്മയെ ആയിരുന്നു കടന്നാക്രമിച്ചത്. രാജപ്രതിനിധി എന്ന് അവകാശപ്പെടുന്ന ഇയാൾ പാർട്ടി അംഗവും എസ്എഫ്‌ഐ ഭാരവാഹിയായിരുന്നു. അങ്ങനെ ജോലിയും കിട്ടി. ഇപ്പോൾ കാലു മാറി. കള്ളനും മോഷണ സ്വഭാവവും ഉള്ള ആളാണ് ശശികുമാര വർമ. അതുകൊണ്ടാണ് തിരുവാഭരണം തിരിച്ച് കിട്ടുമോ എന്നു ചോദിക്കുന്നത്. നല്ല സാമ്പത്തികമാണ് തന്ത്രിക്ക് ലഭിക്കുന്നത്. അതു കൊണ്ടാണ് ശബരിമലയിൽ അള്ളി പിടിച്ച് ഇരിക്കുന്നതെന്നും മന്ത്രി സുധാകരൻ ആരോപിച്ചു. ഇങ്ങനെ കള്ളനെന്ന് മന്ത്രി കളിയാക്കിയ കുടുംബാഗത്തെയാണ് ഉപചാരപൂർവ്വം ദേവസ്വം ബോർഡ് തന്നെ സ്വീകരിക്കുന്നത്.

പതിനെട്ടാം പടിക്ക് താഴെയെത്തിയ രാജപ്രതിനിധിയെ മേൽശാന്തി പലകയിട്ട് കാൽ കഴുകി സ്വീകരിച്ചു. തുടർന്ന് രാജപ്രതിനിധി നാളികേരമുടച്ച് പടി കയറി ഉടവാൾ കൈമാറി അയ്യപ്പദർശനം നടത്തി. ശ്രീകോവിലിൽ കോടിമുണ്ടും കാണിക്കയും സമർപ്പിച്ചശേഷം കന്നിമൂല ഗണപതി യേയും നാഗരാജാവിനേയും തൊഴുത് മാളികപ്പുറത്തേയ്ക്കുപോയി. 20വരെ മാളികപ്പുറത്ത് താമസിക്കും. അയ്യപ്പന്റെ പിതൃതുല്യനായ രാജപ്രതിനിധിക്ക് മാത്രമാണ് 20ന് രാവിലെ ദർശനം. അതിനുശേഷം നടയടക്കും. ഇതാണ് ശബരിമലയിലെ ആചാരം. നട അടയ്ച്ച് മേൽശാന്തി താക്കോൽ കൈമാറുന്നതും രാജപ്രതിനിധിക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP