Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമല പ്രശ്‌നത്തെ അയോധ്യ പ്രശ്‌നമാക്കി മാറ്റാൻ നിലപാട് തിരുത്തിയ ബിജെപി; വടക്കേ ഇന്ത്യയിൽ നിന്നും സന്യാസിമാരെ എത്തിച്ച് സമര നേതൃത്വം ഏൽപ്പിക്കും; പമ്പയിൽ ദേശീയ സന്യാസി സമ്മേളനം സംഘടിപ്പിക്കാൻ ആലോചന; കേരളം പിടിക്കാൻ ശബരിമലയെ പരമാവധി ഉപയോഗിക്കാൻ അമിത് ഷാ തന്നെ നേരിട്ട് രംഗത്ത്; വേണ്ടി വന്നാൽ ദേശീയ നേതൃത്വം പരസ്യമായി തന്നെ ശബരിമലയിൽ പ്രഖ്യാപിത നിലപാട് തിരുത്തും; മിസോറാമിൽ വോട്ടെടുപ്പ് കഴിഞ്ഞാൽ കുമ്മനത്തേയും തിരിച്ചെത്തിക്കും

ശബരിമല പ്രശ്‌നത്തെ അയോധ്യ പ്രശ്‌നമാക്കി മാറ്റാൻ നിലപാട് തിരുത്തിയ ബിജെപി; വടക്കേ ഇന്ത്യയിൽ നിന്നും സന്യാസിമാരെ എത്തിച്ച് സമര നേതൃത്വം ഏൽപ്പിക്കും; പമ്പയിൽ ദേശീയ സന്യാസി സമ്മേളനം സംഘടിപ്പിക്കാൻ ആലോചന; കേരളം പിടിക്കാൻ ശബരിമലയെ പരമാവധി ഉപയോഗിക്കാൻ അമിത് ഷാ തന്നെ നേരിട്ട് രംഗത്ത്; വേണ്ടി വന്നാൽ ദേശീയ നേതൃത്വം പരസ്യമായി തന്നെ ശബരിമലയിൽ പ്രഖ്യാപിത നിലപാട് തിരുത്തും; മിസോറാമിൽ വോട്ടെടുപ്പ് കഴിഞ്ഞാൽ കുമ്മനത്തേയും തിരിച്ചെത്തിക്കും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കേരളം പിടിക്കാൻ ശബരിമല സ്ത്രീ പ്രവേശന വിഷയം ചർച്ചയാക്കാൻ ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി നേട്ടമുണ്ടാക്കാനാണ് നീക്കം. ഇതിനായി ശബരിമല വിഷയത്തിൽ നിലപാട് കടുപ്പിക്കും. കൂടുതൽ വ്യത്യസ്തമായ രീതികളിലൂടെ പ്രതിഷേധം കൊണ്ടു പോകും. പരസ്യമായി തന്നെ ശബരിമലയിലെ സുപ്രീംകോടതി വിധിയെ ബിജെപി എതിർത്തേക്കും. ശബരിമല സ്ത്രീപ്രവേശ വിഷയത്തിൽ ഉത്തരേന്ത്യയിൽനിന്ന് സന്ന്യാസിമാരെ കേരളത്തിലെ സമരരംഗത്തേക്ക് കൊണ്ടുവരാൻ നീക്കം. ബിജെപി. അധ്യക്ഷൻ അമിത്ഷായുടെ നിർദ്ദേശപ്രകാരമാണ് സംഘപരിവാർ ഈ നീക്കത്തിനൊരുങ്ങുന്നത്. മിസോറാം ഗവർണ്ണറായ കുമ്മനം രാജശേഖരനെ സമരം നേതൃത്വം ഏൽപ്പിക്കും. രണ്ട് മാസത്തിനുള്ളിൽ കുമ്മനം കേരളത്തിൽ മടങ്ങിയെത്തും.

മിസോറാമിൽ തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് തന്നെ ഉടൻ മിസോറാമിൽ നിന്ന് കുമ്മനത്തെ മാറ്റുന്നത് ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കും. ഈ സാഹചര്യത്തിൽ മിസോറാമിൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയാൽ ഉടൻ കുമ്മനത്തെ കേരളത്തിലേക്ക് അയക്കും. ശബരിമല വിഷയത്തിലെ വിശ്വാസികളുടെ പ്രതിഷേധം സമരരൂപത്തിൽ നയിക്കാൻ ഏറ്റവും യോഗ്യൻ കുമ്മനമാണെന്ന് അമിത് ഷായും തിരിച്ചറിഞ്ഞിട്ടുണ്ട്. അയോധ്യയിലെ രാമജന്മഭൂമി പ്രശ്നത്തിൽ സന്ന്യാസിമാരെ മുൻനിർത്തി നടത്തിയ സമരരീതി കേരളത്തിലും പരീക്ഷിക്കാനാണ് ബിജെപി. കേന്ദ്രനേതൃത്വം ശ്രമിക്കുന്നത്. ശബരിമലയുമായി അടുത്ത ഏതെങ്കിലും പ്രദേശത്ത് വിപുലമായ സന്ന്യാസിസമ്മേളനം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രക്ഷോഭത്തെ ഇത്തരത്തിൽ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് സംഘപരിവാർ പ്രതീക്ഷ. ക്ഷേത്രഭരണം സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കുകയെന്നതും ഈ സമരത്തിലൂടെ മുന്നോട്ടുവെക്കും. എല്ലാ ക്ഷേത്രങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുകയും ചെയ്യും. ഇങ്ങനെ വിശ്വാസികളെ കൂടെ നിർത്തി കേരളത്തിൽ രാഷ്ട്രീയ നേട്ടത്തിനാണ് ബിജെപി ഇനി ശ്രമിക്കുക. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടി കരുത്ത് കാട്ടാനാണ് നീക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് ജയിക്കാൻ ശബരിമലയെ തന്നെ പ്രചരണ വിഷയമാക്കും. 2020ൽ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും വിശ്വാസികളുടെ കരുത്തിൽ ജയിക്കാനാണ് ബിജെപി നീക്കം. ഇതിനും ശബരിമലയെ തന്നെ കരുതലോടെ ഉപയോഗിക്കും.

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണെന്ന നിലപാടാണ് തുടക്കത്തിൽ ആർഎസ്എസ് എടുത്തത്. പിന്നീട് വിശ്വാസികളുടെ നിലപാട് തിരിച്ചറിഞ്ഞ് പിന്നോക്കം പോയി. ശബരിമലയിൽ വിശ്വാസികൾക്കൊപ്പമാണ് ആർഎസ്എസ് എന്ന് അവർ പ്രഖ്യാപിച്ചു. ഇതിന് ശേഷമാണ് സമരം ശക്തമായത്. പുതിയ സാഹചര്യത്തിൽ സ്ത്രീ പ്രവേശനത്തെ എതിർക്കാൻ തന്നെയാണ് ബിജെപി തീരുമാനം. ഇക്കാര്യം നേരിട്ട് തന്നെ അമിത് ഷാ വിശദീകരിക്കാനും ഇടയുണ്ട്. ഇതിന് ശേഷമാകും സന്യാസി സമ്മേളനവും മറ്റും നടത്തിയ ശബരിമല വിഷയം ആളിക്കത്തിക്കുക. കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം സർക്കാർ കൈയടക്കി വച്ച ശേഷം വിശ്വാസ വികാരങ്ങൾ വൃണപ്പെടുത്തുന്ന എന്ന വിമർശനമാകും ഉയർത്തുക.

ആചാരവിരുദ്ധമായി ദർശനത്തിനെത്തുന്ന സ്ത്രീകളെ പിന്തിരിപ്പിക്കാൻ ബിജെപി. ശ്രമിക്കും. ഇതിനായി പാർട്ടിയുടെ നാലു ജനറൽസെക്രട്ടറിമാരെ പമ്പയിലും സന്നിധാനത്തും ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഘർഷത്തിന് പാർട്ടിക്ക് താത്പര്യമില്ല. ശബരിമലയിലേക്ക് വരുന്ന സ്ത്രീകളെ തടയില്ല. പക്ഷേ, വിശ്വാസികൾ തടഞ്ഞേക്കും. പത്തനംതിട്ടയിൽ ബുധനാഴ്ച സംസ്ഥാനപ്രസിഡന്റിന്റെ നേതൃത്വത്തിലും എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽ വനിതകളുടെ നേതൃത്വത്തിലും ഉപവാസം നടക്കും. അങ്ങനെ എല്ലാ അർത്ഥത്തിലും ശബരിമല വിഷയത്തിൽ ബിജെപി നിലപാട് കടുപ്പിക്കുകയാണ്. വിഷയം സിപിഎമ്മിനെതിരെ ചർച്ചയാക്കാനാണ് നീക്കം.

ശബരിമലയിൽ ആചാരം ലംഘിക്കാൻ സിപിഎം വനിതാ ചാവേറുകളെ അയക്കുന്നുവെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്. വിശ്വാസികളുടെ വേഷത്തിൽ വ്യാജ വിശ്വാസികളെ അയക്കാൻ സ്ത്രീകളെ പാർട്ടി വാടകയ്‌ക്കെടുത്തിരിക്കുന്നു. അവരെ അയച്ച് ശബരിമലയിൽ വിശ്വാസികളുമായി യുദ്ധം നടത്തുകയാണെന്ന് ബിജെപി ജനറൽ സെക്രട്ടി എം ടി. രമേശ് പറഞ്ഞു. ഇത് തീക്കൊള്ളികൊണ്ട് തലചൊറിയലാണ്, മലയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ഉത്തരവാദി മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരുമായിരിക്കുമെന്ന് രമേശ് മുന്നറിയിപ്പു നൽകി. ഇത്തരത്തിൽ സർക്കാരിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കിയാകും ബിജെപി മുമ്പോട്ട് പോവുക.

ദേവസ്വം ബോർഡിനെ കൊണ്ട് ചർച്ച നടത്തിക്കുക, ആ ചർച്ചക്ക് വിരുദ്ധമായി സർക്കാർ പ്രവർത്തിക്കുക, മുഖ്യമന്ത്രി നടത്തുന്നത് ഒളിച്ചുകളിയാണ്. സന്നിധാനത്തെ സംഘർഷഭൂമിയാക്കുകയാണ് സർക്കാർ. ദേവസ്വം ബോർഡ് വിശ്വാസികളെ വിഡ്ഢികളാക്കുന്ന മാരീച വേഷം അഴിച്ചുവെക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് തയാറാകണം. സിപിഎം കൊടിപിടിച്ച് ആചാര ലംഘനത്തിനു ദേവസ്വം ബോർഡംഗങ്ങൾ വന്നാൽ അവരേയും സിപിഎം ചവേറുകളായി മാത്രമേ വിശ്വാസികൾക്ക് കണക്കാക്കാൻ പറ്റൂ, രമേശ് പറഞ്ഞു.

ഞങ്ങൾ അന്വേഷിച്ചപ്പോൾ പാർട്ടി ഗ്രാമത്തിൽനിന്നുള്ള സ്ത്രീകളെയാണ് സിപിഎം ശബരിമലയിലേക്ക് കൊണ്ടുവരാൻ പോകുന്നതെന്ന് മനസിലായി. വാടകക്കെടുക്കുന്നതാണ് ഇവരെ. കണ്ണൂരിൽനിന്നുള്ള ഒരു സ്ത്രീ മലയ്ക്ക് വരുന്നതായി പ്രസ്താവിച്ചു. അത് പ്രശസ്തിക്കു വേണ്ടിയാണെന്നാണ് ദേവസ്വംബോർഡ് പ്രസിഡന്റ് പറഞ്ഞത്. ആ സ്ത്രീ സിപിഎം പാർട്ടി കേഡറുടെ ഭാര്യയാണ്. പ്രശസ്തിക്കാണെങ്കിൽ എന്തിനാണ് അവരെ പാർട്ടി സംരക്ഷിക്കുന്നതും സ്‌പോൺസർ ചെയ്യുന്നതും.

പത്തുപതിനാറ് ദിവസമായി സംസ്ഥാനത്തെ വിശ്വാസികൾ പ്രകടിപ്പിക്കുന്ന വികാരം കാണാതെ പിടിവാശിയാണുകാണിക്കുന്നതെങ്കിൽ വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയാനുള്ളു, രമേശ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP