Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇക്കുറി ഭഗവാന് കാശ് വേണ്ട; പൂജാ വസ്തുക്കൾ മാത്രം മതി; സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഇക്കുറി ശബരിമല ആക്ഷൻ കൗൺസിൽ മുമ്പോട്ട് വയ്ക്കുന്ന പ്രധാന ആയുധം ഇതു തന്നെ; നിലയ്ക്കൽ മുതൽ പമ്പവരെ സ്ത്രീകളെ നിരത്തിയും യുവതികളെ തടയും; ഹിന്ദു സംഘടനകൾ ഉഷാറായതോടെ പമ്പയിൽ നിരോധനാജ്ഞ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിച്ച് സർക്കാർ; ശബരിമല ഭക്തർ കൂട്ടത്തോടെ എത്തുമെന്നതിനാൽ നിരോധനാജ്ഞ അപ്രായോഗികമെന്ന് വാദം; ശബരിമലയുടെ കാര്യത്തിൽ സർക്കാർ ഊരാക്കുടുക്കിലേക്ക്

ഇക്കുറി ഭഗവാന് കാശ് വേണ്ട; പൂജാ വസ്തുക്കൾ മാത്രം മതി; സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഇക്കുറി ശബരിമല ആക്ഷൻ കൗൺസിൽ മുമ്പോട്ട് വയ്ക്കുന്ന പ്രധാന ആയുധം ഇതു തന്നെ; നിലയ്ക്കൽ മുതൽ പമ്പവരെ സ്ത്രീകളെ നിരത്തിയും യുവതികളെ തടയും; ഹിന്ദു സംഘടനകൾ ഉഷാറായതോടെ പമ്പയിൽ നിരോധനാജ്ഞ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിച്ച് സർക്കാർ; ശബരിമല ഭക്തർ കൂട്ടത്തോടെ എത്തുമെന്നതിനാൽ നിരോധനാജ്ഞ അപ്രായോഗികമെന്ന് വാദം; ശബരിമലയുടെ കാര്യത്തിൽ സർക്കാർ ഊരാക്കുടുക്കിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

നിലയ്ക്കൽ: നാമജപ പ്രാർത്ഥനാ പ്രതിഷേധങ്ങൾക്ക് അപ്പുറം പോവുകയാണ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതിവിധിക്ക് എതിരെയുള്ള പ്രതിഷേധം. വിശ്വാസം സംരക്ഷിക്കാൻ സ്ത്രീകളും രംഗത്ത് ഇറങ്ങുന്നതോടെ സർക്കാരും പ്രതിസന്ധിയിലാവുകയാണ്. സമരം ഏറ്റെടുക്കാൻ സംഘപരിവാർ തയ്യാറായതും പ്രതിഷേധത്തിന് പുതിയ തലം നൽകും. ആചാരസംരക്ഷണത്തിന് ദേവസ്വംബോർഡ് ഒപ്പംനിന്നില്ലെങ്കിൽ ബോർഡ് വക ക്ഷേത്രങ്ങളിൽ കാണിക്ക ഒഴിവാക്കി പ്രതിഷേധിക്കുന്നതടക്കമുള്ള കാര്യങ്ങളും ഹിന്ദു സംഘടനകളുടെ പരിഗണനയിലുണ്ട്. അങ്ങനെ വന്നാൽ വലിയ പ്രതിസന്ധിയിലേക്ക് തിരുവിതാംകൂർ ദേവസം ബോർഡ് വീഴും. ഇതും സർക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

നിലയ്ക്കൽ ഇടത്താവളത്തിന് മുന്നിൽ ആരംഭിച്ച കുടിൽകെട്ടി പ്രതിഷേധം തുടരുകയാണ് ക്ഷേത്രാചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ ഹൈന്ദവസംഘടനകളുടെ കൂട്ടായ്മയിലാണ് സമരം. 12 വരെ ഇതേരീതിയിൽ നിലയ്ക്കലിൽ പ്രക്ഷോഭം തുടരും. കോടതിതീരുമാനം മനസ്സിലാക്കിയശേഷം അടുത്ത നടപടി സ്വീകരിക്കും. ഇതിനുശേഷം നിലയ്ക്കൽ ഇടത്താവളം മുഴുവൻ കുടിൽകെട്ടി സമരം വ്യാപിപ്പിക്കും. അയ്യപ്പസേവാസംഘം പ്രവർത്തകരുടെ പിന്തുണയും അറിയിച്ചിട്ടുണ്ട്. ഇത് വലിയ പ്രതിസന്ധിയായി മാറും. നിലയ്ക്കലിനെ ഇടത്താവളമാക്കി മാറ്റാനുള്ള സർക്കാരിന്റെ നീക്കത്തിനും ഇത് വലിയ തിരിച്ചടിയാകും. പ്രളയത്തിൽ പമ്പയിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്നു. ഈ സാഹചര്യത്തിലാണ് നിലയ്ക്കലിലെ പ്രതിഷേധം പ്രതിസന്ധി രൂക്ഷമാക്കുക.

സ്ത്രീകളെ ശബരിമലയിൽ കയറുന്നതിൽ നിന്ന് തടയാനാണ് ഹിന്ദു സംഘടനകളുടെ തീരുമാനം. ശബരിമലയിലെത്തുന്ന യുവതികളെ ബോധവത്കരിക്കുക. മടങ്ങിപ്പോകാൻ അഭ്യർത്ഥിക്കുകയെന്നതാണ് ഇവരുടെ മനസ്സിലൂള്ള പ്രതിഷേധ രീതി. ദേവസ്വം ബോർഡ് നിലപാട് തിരുത്തുംവരെ സമ്മർദസമരം തുടരുകയാകും ലക്ഷ്യം. ഇതിനൊപ്പം പ്രചരണവും നടത്തും. ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങൾമാത്രം സമർപ്പിക്കുക. കാണിക്കയിൽ പണം ഇടാതിരിക്കുക എന്നിവയാകും ഇത്. ഇതിനായി സംസ്ഥാനമാകെ ബോധവത്കരണം നടത്തും. വിശ്വാസികളോട് കൂറില്ലാത്ത ബോർഡിന് കാശ് കൊടുക്കേണ്ടതില്ലെന്നാകും ഇവരുടെ വിശദീകരണം. നിലയ്ക്കൽ സമരത്തിന് ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട മുഴുവൻകേന്ദ്രങ്ങളെയും എത്തിക്കുക എന്നതും ലക്ഷ്യമാണ്.

ഇതോടെ ഈ തീർത്ഥാടനകാലം സംഘർഷഭരിതമാകുമെന്ന് സർക്കാരിന് അറിയാം. നേരത്തെ പാർക്കിങ് ഫീസ് പിരിവുമായി ബന്ധപ്പെട്ട് യുവമോർച്ച ശബരിമലയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അന്ന് വലിയ പ്രതിസന്ധിയിൽ പൊലീസ് എത്തി. ഇത്തവണ സ്ഥിതി ഗുരുതരമാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പമ്പയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന ആവശ്യം പൊലീസിനുള്ളിലുണ്ട്. എന്നാൽ ഭക്തർ കൂട്ടമായെത്തുന്ന പമ്പയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് കൂടുതൽ എതിർപ്പിലേക്ക് കാര്യങ്ങളെത്തിക്കുമെന്നാണ് മറ്റൊരു വാദം. ഇതോടെ ഈ വിഷയത്തിലും തീരുമാനമെടുക്കാൻ സർക്കാരിന് കഴിയാത്ത സ്ഥിതിയാണുള്ളത്.

രണ്ടാം നിലയ്ക്കൽ സമരമായി പ്രക്ഷോഭത്തെ മാറ്റാനാണ് പരിവാറിന്റെ ശ്രമം. ഇതിന്റെ നേതൃത്വത്തിലേക്ക് മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരനെ കൊണ്ടു വരണമെന്ന അഭിപ്രായം സജീവമായി നിലനിൽക്കുന്നുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി എതിരായതിനു കാരണം പിണറായി സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം ആണെന്ന പ്രചരണവും പരിവാറുകാർ ശക്തമാക്കും. ശബരിമലയിൽ ഏതു പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് യാതൊരു വിവേചനവും ഇല്ലെന്നാണ് സത്യവാങ്മൂലം. സ്ത്രീകൾക്കോ സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗത്തിനോ എതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നതിന് സർക്കാർ എതിരാണ്. അതുകൊണ്ട് സ്ത്രീ പ്രവേശനത്തിന് സർക്കാർ എതിരല്ലെന്നും കോടതിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു.

മുൻകാലങ്ങളിലും സ്ത്രീകൾ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട് തിരുവിതാംകൂർ മഹാരാജാവ് ക്ഷേത്രം സന്ദർശിച്ചപ്പോൾ മഹാറാണി സന്ദർശിച്ചിരുന്നതായും ചൂണ്ടിക്കാണിച്ചു. അതിനാൽ ഹിന്ദുമത ആചാരത്തിലും ദൈവത്തിലും ക്ഷേത്ര ആരാധനയിലും വിശ്വസിക്കുന്നവരെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നതിന് അനുവദിക്കണമെന്ന് സർക്കാർ വാദിച്ചുവെന്നാണ് ഹിന്ദു സംഘടനകളുടെ നിലപാട്. സ്ത്രീകൾ പ്രവേശിച്ചാൽ ക്രമസമാധാന പ്രശ്നവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ഉണ്ടാകുമെങ്കിൽ സ്ത്രീകൾക്ക് പ്രത്യേക സന്ദർശന കാലം നിശ്ചയിക്കണം. എന്നാൽ ഇത്തരമൊരു പേടി സർക്കാരിനില്ലെന്ന കാര്യവും എടുത്തുപറഞ്ഞു. ആചാരങ്ങളിലെ മാറ്റം ശബരിമലയിൽ ഉണ്ടായിട്ടുണ്ട്.

എല്ലാ മലയാള മാസത്തിലും ആദ്യത്തെ അഞ്ചു ദിവസം പൂജ നടക്കുന്നുണ്ട്. ഈ കീഴ്‌വഴക്കം തുടങ്ങിയത് ജനത്തിരക്ക് കുറക്കാനാണ്. ആചാരപരമായ വിഷയമായതുകൊണ്ട് ആ രംഗത്തെ പ്രമുഖരുടെ കൂടി അഭിപ്രായം സ്വീകരിച്ചുകൊണ്ട് മാത്രമേ നടപടി സ്വീകരിക്കാവൂ. ഇക്കാര്യത്തിൽ കോടതി വിധി കാത്തിരിക്കുകയാണ്. ഒരു നിയമനിർമ്മാണവും സർക്കാർ നടപ്പിലാക്കില്ലെന്നും വിധി നടപ്പിലാക്കുമെന്നുമാണ് സർക്കാർ സത്യവാങ്മൂലത്തിൽ സമർപ്പിച്ചത്. ഇത് പരിഗണിച്ചാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. റിവ്യൂ ഹർജി കൊടുക്കാൻ ദേവസം ബോർഡിനെ പോലും സർക്കാർ അനുവദിക്കില്ല. ഇതിന്റെ രാഷ്ട്രീയം വിശ്വാസികൾക്ക് എതിരാണെന്നും പറയുന്നു. അതുകൊണ്ടാണ് ദേവസ്വം ബോർഡ് അമ്പലങ്ങളിൽ കാണിക്ക ഇടരുതെന്ന പ്രചരണത്തിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

പത്തനംതിട്ടയിലാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്. എൻ.എസ്.എസ്. കരയോഗയൂണിയനും വിവിധ ഹൈന്ദവസംഘടനകളും ചേർന്ന് അയ്യപ്പനാമജപഘോഷയാത്ര നടത്തും. 10-ന് രാവിലെ 10 മണിക്ക് പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ നിന്ന് തുടങ്ങി അബാൻവഴി പഴയസ്റ്റാൻഡിൽ സമാപിക്കും. അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം എന്നിവയും ഇതുമായി സഹകരിക്കും. എൻ.എസ്.എസ്. നേതാക്കൾക്കൊപ്പം പന്തളം കൊട്ടാരപ്രതിനിധി ശശികുമാരവർമ, തന്ത്രി കണ്ഠര് മോഹനര് എന്നിവരും പങ്കെടുക്കും.

അതിനിടെ: ശബരിമല സ്ത്രീപ്രവേശ വിഷയത്തിൽ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയെന്ന് ആന്റോ ആന്റണി എംപി. അറിയിച്ചു. സാഹചര്യം മറികടക്കാൻ ഓർഡിനൻസ് വേണം. പാർലമെന്റിൽ ഇത് നിയമമാക്കണം. ശബരിമല നട തുറക്കും മുമ്പ് വിഷയത്തിന് പരിഹാരം കാണണം. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അത് രാജ്യത്തിനുമുന്നിൽ നമ്മുടെ നാടിന് ദോഷമാകുമെന്നും എംപി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP