Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല വിമാനത്താവളത്തിന് കേന്ദ്രം അനുമതി നൽകണമെന്ന പിണറായിയുടെ പ്രഖ്യാപനം വെറും തള്ള് മാത്രമോ? പത്തനംതിട്ടയിലോ എരുമേലിയിലോ ശബരിമല വിമാനത്താവളത്തിന് എൽഡിഎഫ് സർക്കാർ ശുപാർശ നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം; അനുമതി തേടിയത് കണ്ണൂർ വിമാനത്താവളത്തിന് മാത്രം; ആകെ അനുമതി നൽകിയ 21 ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളിൽ ശബരിമല ഇല്ല; ലോക്‌സഭയിൽ വ്യോമയാന സഹമന്ത്രിയുടെ മറുപടി അടൂർ പ്രകാശിന്

ശബരിമല വിമാനത്താവളത്തിന് കേന്ദ്രം അനുമതി നൽകണമെന്ന പിണറായിയുടെ പ്രഖ്യാപനം വെറും തള്ള് മാത്രമോ? പത്തനംതിട്ടയിലോ എരുമേലിയിലോ ശബരിമല വിമാനത്താവളത്തിന് എൽഡിഎഫ് സർക്കാർ ശുപാർശ നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തി കേന്ദ്ര വ്യോമയാന മന്ത്രാലയം; അനുമതി തേടിയത് കണ്ണൂർ വിമാനത്താവളത്തിന് മാത്രം; ആകെ അനുമതി നൽകിയ 21 ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളിൽ ശബരിമല ഇല്ല; ലോക്‌സഭയിൽ വ്യോമയാന സഹമന്ത്രിയുടെ മറുപടി അടൂർ പ്രകാശിന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി സംസ്ഥാന സർക്കാരിന്റെ ശുപാർശ കിട്ടിയിട്ടില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലായം. അടൂർ പ്രകാശിന്റെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി ഹർദീപ്‌സിങ് പുരിയാണ് ഈ മറുപടി ലോക്‌സഭയിൽ നൽകിയത്. പത്തനംതിട്ടയിലോ, എരുമേലിയിലോ ഇത്തരത്തിൽ വിമാനത്താവളത്തിന് ശുപാർശയില്ലെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയത്. ശബരിമല വിമാനത്താവളത്തിന് കേന്ദ്രം അനുമതി നൽകണമെന്ന് കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അവകാശവാദമാണ് ഇതോടെ പൊളിയുന്നത്. 2001 മുതൽ 2006 വരെയുള്ള കാലഘട്ടത്തിൽ കണ്ണൂർ വിമാനത്താവള പദ്ധതി യുഡിഎഫ് നിശ്ചലമാക്കിയെന്ന് വിമർശിക്കവേയാണ് ശബരിമല വിമാനത്താവളത്തിന്റെ കേന്ദ്രാനുമതിയുടെ കാര്യം പിണറായി പരാമർശിച്ചത്.

സംസ്ഥാനങ്ങളിൽ പുതിയ വിമാനത്താവളങ്ങൾ തുടങ്ങാൻ ശുപാർശകളുണ്ടെങ്കിൽ അതിന്റെ വിവരങ്ങളാണ് അടൂർ പ്രകാശ് തേടിയത്. രാജ്യത്തെമ്പാടും ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ വികസിപ്പിക്കാൻ കേന്ദ്രസർക്കാർ ഗ്രീൻഫീൽഡ് വിമാനത്താവള നയം രൂപീകരിച്ചിട്ടുണ്ടെന്് മറുപടിയിൽ പറയുന്നു. 21 വിമാനത്താവളങ്ങൾ ഇത്തരത്തിൽ നിർമ്മിക്കുന്നതിന് തത്ത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ കണ്ണൂർ വിമാനത്താളവും ഉൾപ്പെടുന്നു. ഇതിന് പുറമേ ആറ് ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾക്ക് സൈറ്റ് ക്ലിയറൻസും നൽകി. പ്രാദേശിക വിമാനത്താവളങ്ങളുടെ വികസനത്തിനായി ഉഡാൻ പദ്ധതി പ്രകാരം 39 വിമാനത്താവളങ്ങൾ തുറന്നുകഴിഞ്ഞു. 2016 ലെ ഉഡാൻ പദ്ധതിക്കായി ബജറ്റിൽ നീക്കി വച്ചത് 4500 കോടിയാണ്. ശബരിമലയിൽ നിർദ്ദിഷ്ട വിമാനത്താവളത്തിന് സംസ്ഥാനസർക്കാർ എന്തെങ്കിലും ശുപാർശ നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് അത്തരത്തിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് അനുമതി തേടിയിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയത്.

ശബരിമല വിമാനത്താവളത്തിന് കേന്ദ്രം അനുമതി നൽകണമെന്ന തരത്തിൽ മുഖ്യമന്ത്രി പരാമർശിച്ചതോടെയാണ് ശുപാർശ നൽകിയിട്ടുണ്ടോയെന്ന് അന്വേഷണം വന്നത്. അടൂർ പ്രകാശ് എംപിക്ക് നൽകിയ മറുപടിയിൽ അത്തരമൊരു ശുപാർശ സംസ്ഥാന സർക്കാർ നൽകിയിട്ടില്ലെന്നും വ്യക്തമാവുന്നു. ഇതോടെ, പന്ത് പിണറായി സർക്കാരിന്റെ കോർട്ടിലായി. വിമാനത്താവളത്തിന്റെ പുരോഗതി എന്തെന്ന് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. അഞ്ചാമത്തെ വിമാനത്താവളം ശബരിമലയിൽ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയാറായെന്നും അടുത്ത നടപടിക്രമങ്ങളിലേക്ക് ഉടൻ കടക്കുമെന്നും മുഖ്യമന്ത്രി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്ന ചടങ്ങിൽ പറഞ്ഞിരുന്നു.

വിമാനത്താവളത്തിന്റെ സാങ്കേതിക സാമ്പത്തിക സാധ്യതാപഠനവും പരിസ്ഥിതി ആഘാത പഠനവും നടത്തുന്നതിനായി ചുമതലപ്പെടുത്തിയ ലൂയി ബഗ്ർ കൺസൽറ്റിങ് പ്രാരംഭ റിപ്പോർട്ട് നൽകിയിരുന്നു. അന്തിമ റിപ്പോർട്ട് സമർപ്പിച്ചുവെന്നാണ് അറിയുന്നത്. കെഎസ്‌ഐഡിസിയുമായി ഒപ്പുവച്ച ധാരണാപത്രപ്രകാരം പദ്ധതിക്കാവശ്യമായ അംഗീകാരവും അനുമതികളും കൺസൽറ്റന്റാണു ലഭ്യമാക്കേണ്ടതെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല വിമാനത്താവളം എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കാനാണ് രണ്ടുവർഷം മുമ്പ് സർക്കാർ തീരുമാനിച്ചത്. 2263 ഏക്കർ വിസ്തൃതിയുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളമാക്കി മാറ്റാനായിരുന്നു ആലോചന. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ഈ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്.ഹാരിസൺ കമ്പനി മറിച്ചു വിറ്റതാണ് ഈ ഭൂമി. ഇപ്പോൾ കെപി യോഹന്നാന്റെ അധ്യക്ഷതയിലുള്ള ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലാണ് ഈ സ്ഥലം. ശബരിമല തീർത്ഥാടകരെ ലക്ഷ്യം വച്ചാണ് എരുമേലിയിൽ വിമാനത്താവളം സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്. നേരത്തെ പത്തനംതിട്ടയിലെ ആറന്മുളയിൽ വിമാനത്താവളം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയും വിമാനത്താവളത്തിന്റെ ഉടമകളായ കെജിഎസ് കമ്പനി പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ജനകീയപ്രക്ഷോഭത്തെ തുടർന്ന് പദ്ധതി റദ്ദാക്കി.

അതേസമയം, ചെറുവള്ളി എസ്റ്റേറ്റിൽ ശബരിമല വിമാനത്താവളം വരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു ബിലീവേഴ്സ് ചർച്ച് കൗൺസിൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് വിട്ടുനൽകാൻ തീരുമാനിച്ചിട്ടില്ല. കോടതി ഉത്തരവ് പ്രകാരം എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥത ഇപ്പോഴും ബിലീവേഴ്സ് ചർച്ചിന് തന്നെയാണ്. ശബരിമല വിമാനത്താവള പദ്ധതിക്ക് എരുമേലിക്കടുത്തുള്ള ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഉപയോഗപ്പെടുത്തുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, എസ്റ്റേറ്റിന്റെ ഉടമസ്ഥത സംബന്ധിച്ച കേസിൽ തങ്ങൾക്ക് അനുകൂലമായ നിലപാടാണ് കോടതിയിൽ നിന്നുണ്ടായതെന്നും വിമാനത്താവളത്തിനായി സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചിട്ടില്ലെന്നും ബിലീവേഴ്സ് ചർച്ച് കൗൺസിൽ പിആർഒ ഫാദർ സിജോ പന്തപ്പള്ളിൽ പറഞ്ഞു.

എസ്റ്റേറ്റ് ഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചർച്ച സർക്കാരുമായി നടത്തിയിട്ടില്ല. ബിലിവേഴ്സ് ചർച്ച് സ്വന്തം നിലക്ക് വിമാനത്താവളം കൊണ്ടുവരാൻ ശ്രമിക്കുന്നുമില്ല. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സഭാ കൗൺസിൽ അറിയിച്ചു.2263 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഹാരിസൺസ് മലയാളം പ്ലാന്റേഷൻസിൽ നിന്ന് ബിലീവേഴ്സ് ചർച്ച് വാങ്ങുകയായിരുന്നു. കൈമാറ്റം നിയമവിരുദ്ധമാണെന്ന് കാണിച്ച് സംസ്ഥാനസർക്കാർ കോടതിയെ സമീച്ചെങ്കിലും വിധി ചർച്ചിന് അനുകൂലമാവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP