Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202325Monday

കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് അനുവദിച്ചതോടെ ശബരിമല വിമാനത്താവളം റൺവേയിലേക്ക്; ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി സ്വകാര്യ ഭൂമികളിൽ സാമൂഹികാഘാത പഠനം തുടങ്ങി; ബിലീവേഴ്സ് ചർച്ചിന്റെ കൈവശ ഭൂമിയിലും സർവേ നോട്ടീസ് പതിപ്പിച്ചു; വിമാനത്താവളം മലയോര മേഖലക്ക് നൽകുന്ന വികസന പ്രതീക്ഷകളേറെ

കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് അനുവദിച്ചതോടെ ശബരിമല വിമാനത്താവളം റൺവേയിലേക്ക്; ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി സ്വകാര്യ ഭൂമികളിൽ സാമൂഹികാഘാത പഠനം തുടങ്ങി; ബിലീവേഴ്സ് ചർച്ചിന്റെ കൈവശ ഭൂമിയിലും സർവേ നോട്ടീസ് പതിപ്പിച്ചു; വിമാനത്താവളം മലയോര മേഖലക്ക് നൽകുന്ന വികസന പ്രതീക്ഷകളേറെ

മറുനാടൻ ഡെസ്‌ക്‌

എരുമേലി: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചതോടെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമ്മാണത്തിന് വീണ്ടും ജീവൻവെച്ചിരിക്കയാണ്. അഞ്ച് ജില്ലകളുടെയും മലയോര മേഖലകളുടെയും വികസന പ്രതീക്ഷകൾക്കു കൂടിയാണു ഇതോടെ ചിറകു മുളയ്ക്കുന്നത്. വിമാനത്താവളം നിർമ്മിക്കാൻ ചെറുവള്ളി എസ്റ്റേറ്റും പരിസരവും അനുയോജ്യമാണെന്നു വിവിധ പരിശോധനകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ ശേഷമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് ലഭ്യമാക്കിയത്,.

ഇതോടെ സർവേ നമ്പറുമായി സാമൂഹിക ആഘാത പഠനം നടത്താൻ ശ്രമം തുടങ്ങിയിരിക്കയാണ്. ഭൂമിയേറ്റെടുക്കുന്നതിനു മുന്നോടിയായി റവന്യു വകുപ്പ് സർവേ നമ്പർ പ്രസിദ്ധീകരിച്ച സ്വകാര്യ ഭൂമികളിൽ സാമൂഹികാഘാത പഠനം ഇപ്പോൾ നടക്കുകയാണ്. തിരുവനന്തപുരം ആസ്ഥാനമായ സ്ഥാപനം നടത്തുന്ന പഠനം ജൂണിനുള്ളിൽ പൂർത്തിയാക്കും. എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാർഡിൽ നിന്ന് 370 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് പദ്ധതി.

കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് 1039.876 ഹെക്ടർ (2570 ഏക്കർ) ഭൂമി ഏറ്റെടുക്കാനാണു സർക്കാർ ഉത്തരവ്. ഇവിടെ സർവേ നടത്തുന്നതിനു മുന്നോടിയായി റവന്യു വകുപ്പ് എസ്റ്റേറ്റ് കെട്ടിടത്തിൽ നോട്ടിസ് പതിച്ചു. ഇതിനെതിരെ ബിലീവേഴ്‌സ് ചർച്ച് കോടതിയിൽ ഹർജി സമർപ്പിക്കുകയും കോടതി സർവേ നടപടികൾ തടയുകയും ചെയ്തു.

എസ്റ്റേറ്റിലെ സ്ഥലത്ത് പഠനങ്ങൾ നടത്താം, എന്നാൽ സർവേ നടപടി പാടില്ല എന്നുള്ള ആവശ്യം കോടതി അംഗീകരിച്ചതായി ബിലീവേഴ്‌സ് ചർച്ച് പിആർഒ ഫാ. സിജോ പന്തപ്പള്ളിൽ പറഞ്ഞു. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സംസ്ഥാന സർക്കാരും ബിലീവേഴ്‌സ് ചർച്ച് അധികൃതരും തമ്മിൽ പാലാ കോടതിയിൽ തുടരുകയാണ്. എസ്റ്റേറ്റിനു പുറത്തുനിന്ന് 307 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് എതിരെ പ്രദേശവാസികളുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.

നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വരുമാനത്തെയും പ്രവർത്തനത്തെയും ശബരിമല പദ്ധതി ബാധിക്കില്ലെന്ന് നേരത്തേ പഠന റിപ്പോർട്ടുകൾ ലഭിച്ചു. ശബരിമല പദ്ധതിക്ക് അനുമതി നൽകുന്നതിൽ നിരന്തരം ഉടക്കിട്ട കേന്ദ്ര സർക്കാർ നിലപാടിനെ രാഷ്ട്രീയ ഇച്ഛാശക്തിയോടെ നേരിട്ടാണ് സംസ്ഥാന സർക്കാർ ലക്ഷ്യം നേടിയതെന്നാണ് സർക്കാർ കേന്ദ്രങ്ങളുടെ അവകാശ വാദം. ശബരിമല തീർത്ഥാടകർക്ക് പ്രയോജനകരമായ പദ്ധതി കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ സമ്പദ്ഘടനയ്ക്കും കുതിപ്പ് പകരും. 2570 ഏക്കറിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വിമാനത്താവളം സംസ്ഥാനപാത 59ന് അരികിലാണ്. പമ്പയിൽനിന്ന് 50 കിലോമീറ്ററും കോട്ടയം ടൗണിൽനിന്ന് 40 കിലോമീറ്ററും മാത്രമാണ് ദൂരം.

സംസ്ഥാന സർക്കാർ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) വഴി 2020 ജൂണിലാണ് വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ നൽകിയത്. സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ട് കഴിഞ്ഞവർഷം ജൂണിലും സമർപ്പിച്ചു. പിന്നാലെ സൈറ്റ് അനുമതിക്കുള്ള രേഖകളും കൈമാറി. ഡിജിസിഎയും എഎഐയും പ്രതിരോധ മന്ത്രാലയവും അനുമതി നൽകി. തുടർന്ന്, 150 കിലോമീറ്റർ പരിധിയിലുള്ള എല്ലാ വിമാനത്താവളങ്ങളുടെയും ആഘാതവിലയിരുത്തൽ നടത്താനും മൂന്നാംകക്ഷിയെ ഉൾപ്പെടുത്തി അവ പരിശോധിക്കാനും കെഎസ്ഐഡിസിയോട് മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. പദ്ധതിപ്രദേശത്ത് പരിസ്ഥിതി ആഘാതപഠനം തുടങ്ങിയിട്ടുണ്ട്. ഇനി പരിസ്ഥിതി അനുമതിയാകും നിർണ്ണായകം.

ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ആറന്മുളയിൽ വിഭാവനം ചെയ്ത വിമാനത്താളം എരുമേലിയിലേക്ക് മാറ്റി ശബരിമല തീർത്ഥാടകർക്ക് ഉപയോഗപ്പെടും വിധത്തിൽ നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി കേന്ദ്ര വ്യോമയാന മന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. സർക്കാർ അധികാരമേറ്റത് മുതൽ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് സർക്കാർ. പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ എരുമേലിയിൽ ആണ് വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്.

ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച എല്ലാ കോടതി വിധികളും (ഹൈക്കോടതി, സുപ്രീംകോടതി) അടക്കം സഭയ്ക്ക് അനുകൂലമാണ്. സുപ്രീംകോടതി വിധി അംഗീകരിക്കാതെ സഭയുടെ സ്ഥലം അതിക്രമിച്ചു കയറാനുള്ള നീക്കം എന്തു വില കൊടുത്തും ചെറുക്കാൻ തീരുമാനിച്ചതായി സഭ വ്യക്തമാക്കിയിരുന്നു. ഹാരിസൺ ബിലീവേഴ്സ് ചർച്ചിനു വിറ്റ 2263 ഏക്കർ ഭൂമിയാണ് നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയത് എന്നതാണ് വസ്തുത. ഇതിലെ നിയമ പ്രശ്നങ്ങളും വിമാനത്താവളത്തെ ബാധിക്കും.

സ്വകാര്യ ദേവസ്വത്തിൽനിന്ന് 1947-ൽ ഹാരിസൺ സ്വന്തമാക്കിയ ഭൂമിയാണിത്. കോട്ടയം - എരുമേലിയിലെ നിർദിഷ്ട വിമാനത്താവളത്തിന്റെ അനുമതി മധ്യകേരളത്തിലെ വികസന സ്വപ്നങ്ങൾക്ക് ചിറകേകും. രാജ്യാന്തര ഫ്ളൈറ്റ് ലാന്റിങ് സാധ്യമാകുന്ന രീതിയിലാണു പദ്ധതി വിഭാവനം ചെയ്യുന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് മാതൃകയിലുള്ള കമ്പനിയാണ് വരിക. ശബരിമലയിലെ യാത്രികർക്കും സമീപ ജില്ലകളിലെ പത്തു ലക്ഷത്തോളം വരുന്ന പ്രവാസി സമൂഹത്തിനും പ്രയോജനപ്രദമാകുന്ന രീതിയിൽ ബോയിങ്, ജംബോ വിമാനങ്ങൾ ഇറങ്ങാൻ കഴിയുന്ന റൺവേ ഇവിടെ പണിയാൻ കഴിയും. ഉറച്ച ഭൂമിയാണെന്നതാണ് പ്രത്യേകത. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പാക്കുക.

നേരത്തെ ശബരിമല തീർത്ഥാടർക്കു പ്രയോജനപ്രദമാകുംവിധം ആറന്മുളയിൽ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും പ്രതിഷേധത്തെത്തുടർന്നു വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇതിനു പകരമായാണ് എരുമേലിയിൽ വിമാനത്താവളം സ്ഥാപിക്കുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ എരുമേലിയിൽ വിമാനത്താവളത്തിനു അനുയോജ്യമായ സ്ഥലമുണ്ടെന്നു നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഭൂമിശാസ്ത്രപരമായി വിമാനത്താവള പദ്ധതിക്കു ഏറെ അനുയോജ്യമായ ഭൂപ്രകൃതിയാണ് ഇവിടെയുള്ളതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ നെടുമ്പാശേരിയിലും തിരുവനന്തപുരത്തും വിമാനമിറങ്ങുന്ന ശബരിമല യാത്രികർ നാലു മണിക്കൂറിലേറെ യാത്ര ചെയ്താണു പമ്പയിലെത്തുന്നത്. പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരിലാണ് ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതെങ്കിൽ എരുമേലിയിൽ അത്തരം പ്രശ്‌നങ്ങൾ ഒന്നും തന്നെയുണ്ടാകില്ലെന്നാണ് സർക്കാർ പ്രതീക്ഷ. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും നിർദിഷ്ട വിമാനത്താവളം പ്രയോജനപ്പെടുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തേക്കടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും ഗവി പോലുള്ള സ്ഥലങ്ങളിലേക്കും വേഗത്തിലെത്താൻ സഞ്ചാരികൾക്കു നിർദിഷ്ട വിമാനത്താവളം പ്രയോജനപ്പെടുത്താം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP