Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിലീവേഴ്സ് ചർച്ചിന്റെ സ്വത്തുക്കളെല്ലാം മരവിപ്പിക്കും; ആദ്യ പടിയായി കണ്ടു കെട്ടിയത് ചെറുവള്ളി എസ്റ്റേറ്റിനെ; ആദായ നികുതി വകുപ്പിന്റെ ഈ നീക്കം പ്രതിസന്ധിയിലാക്കുന്നത് പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹങ്ങളെ; എരുമേലി എസ്റ്റേറ്റ് പണം നൽകി ഏറ്റെടുത്ത് എയർപോർട്ട് പണിയൽ ഇനി അസാധ്യം; ബിഷപ്പ് യോഹന്നാൻ വമ്പൻ പ്രതിസന്ധിയിൽ

ബിലീവേഴ്സ് ചർച്ചിന്റെ സ്വത്തുക്കളെല്ലാം മരവിപ്പിക്കും; ആദ്യ പടിയായി കണ്ടു കെട്ടിയത് ചെറുവള്ളി എസ്റ്റേറ്റിനെ; ആദായ നികുതി വകുപ്പിന്റെ ഈ നീക്കം പ്രതിസന്ധിയിലാക്കുന്നത് പിണറായിയുടെ ചെറുവള്ളി വിമാനത്താവള മോഹങ്ങളെ; എരുമേലി എസ്റ്റേറ്റ് പണം നൽകി ഏറ്റെടുത്ത് എയർപോർട്ട് പണിയൽ ഇനി അസാധ്യം; ബിഷപ്പ് യോഹന്നാൻ വമ്പൻ പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതി പ്രദേശം കേന്ദ്ര സർക്കാർ ഏറ്റെടുത്തു. ചെറുവള്ളി എസ്റ്റേറ്റാണ് കേന്ദ്ര ആദായ നികുതി വകുപ്പ് താൽകാലികമായി കണ്ടു കെട്ടുന്നത്. ബിലീവേഴ്‌സ് ചർച്ചിന്റെ അധീനതയിലാണ് ഈ സ്ഥലം. കണ്ടു കെട്ടിയത് രണ്ടായിരത്തോളം ഏക്കർ ഭൈൂമി. ബിലീവേഴ്‌സ് ചർച്ചിനെതിരായ നികുതി കേസിലാണ് കണ്ടു കെട്ടൽ. നികുതി അടച്ചില്ലെങ്കിൽ വസ്തു നഷ്ടമാകും. അഞ്ഞൂറു കോടിയുടെ ഫെമാ കേസാണ് ഇതിന് കാരണം. ഇതോടെ സർക്കാരിന്റെ ശബരിമല വിമാനത്താളം പദ്ധതിയും പ്രതിസന്ധിയിലായി.

ചെറുവള്ളിയിലെ ശബരിമല വിമാനത്താവള പദ്ധതി ഇനി ഓർമ്മകളിലേക്ക് എന്ന് ഇതോടെ വ്യക്തമാകുകയാണ്. ശബരിമല വിമാനത്താവളത്തിനായി പ്രാഥമിക പഠനം നടത്താൻ അമേരിക്കൻ കമ്പനിയായ ലൂയി ബെർഗറിന് കരാർ നൽകിയതു മാത്രം മെച്ചം. അവ്യക്തവും അപൂർണ്ണവുമായ പഠന റിപ്പോർട്ടിന് ലൂയിബെർഗറിന് പ്രതിഫലമായി നൽകിയത് ഒരു കോടിയോളം രൂപയാണ്. അങ്ങനെ വെറുതെ ഖജനാവിൽ നിന്ന് പണമൊഴുക്കിയത് മാത്രം മെച്ചം. ബിലീവേഴ്സ് ചർച്ചിന്റെ കൈവശമാണ് ചെറുവള്ളി എസ്റ്റേറ്റ്. ബിലീവേഴ്സ് ചർച്ചിൽ വലിയ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചെറുവള്ളി എസ്റ്റേറ്റ് കണ്ടു കെട്ടുന്നത്.

നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സംഭവത്തിൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം സുപ്രീം കോടതിയിൽ തടസ്സഹർജി നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ അപ്പീൽ നൽകിയാൽ തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്നാശ്യപ്പെട്ടാണ് തടസ്സഹർജി ഫയൽ ചെയ്തത്. ഇതിനിടെയാണ് നിർണ്ണായക നീക്കം ആദായ നികുതി വകുപ്പ് നടത്തിയത്. ഇത് സംഭവിക്കുമെന്ന് 2020 നവംബർ 11ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ സത്യമാണെന്ന് വ്യക്തമാകുന്നതും.

ശബരിമല വിമാനത്താവള നിർമ്മാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഏറ്റെടുക്കൽ നടപടികൾക്ക് ഏർപ്പെടുത്തിയ സ്റ്റേ കോടതി നീക്കി. ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടർ ഇറക്കിയ ഉത്തരവിനെതിരെ കൈവശക്കാരായ അയന ചാരിറ്റബിൾ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഇടപെടൽ. ഇതിനിടെയാണ് ഈ ഭൂമി തന്നെ ആദായ നികുതി വകുപ്പ് കണ്ടുകെട്ടുന്നത്. ഭൂമി സർക്കാരിന്റേതാണെന്നും നഷ്ടപരിഹാരം നൽകില്ലെന്നും സംസ്ഥാന സർക്കാർ വാദത്തിനിടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഏറ്റെടുക്കുന്ന ഭൂമിയിലെ മരങ്ങൾ, കെട്ടിടങ്ങൾ മുതലായ ചമയങ്ങൾക്ക് നഷ്ടപരിഹാരം കോടതിയിൽ കെട്ടിവെയ്ക്കുമെന്ന് കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഉത്തരവിലെ ഈ വ്യവസ്ഥ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

ജൂണിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു ശബരിമലയിൽ ഗ്രീൻഫീൽഡ് വിമാനത്താവളവുമായി മുന്നോട്ടു പോകുന്നതിനായി സർക്കാർ തീരുമാനിച്ചത്. ആകെ 2263.13 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോയത്. ശബരിമല തീർത്ഥാടകർക്കുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കുന്നതിന് 2017 ലാണ് സർക്കാർ തീരുമാനിച്ചത്. അന്നത്തെ അഡീ.ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അധ്യക്ഷനായ സമിതിയുടെ തീരുമാനം സർക്കാർ അംഗീകരിക്കുകയായിരുന്നു. ഈ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ തീരുമാനം വിനയാകുന്നത്.

ചെറുവള്ളിയിലേത് ബിലീവേഴ്സ് ചർച്ചും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം ശക്തമായിരുന്നു. സുപ്രീംകോടതിയിലെ നിയമ പോരാട്ടത്തിന് ശേഷം പണം കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം. സർക്കാരിന്റെ ഭൂമിയെന്നാണ് ചെറുവള്ളിയെ വിലയിരുത്തുന്നത്. അത്തരമൊരു ഭൂമിയെ പണം കൊടുത്തു വാങ്ങി യോഹന്നാന് സഹായം ചെയ്യാനായിരുന്നു നീക്കമെന്ന ആക്ഷേപവും ശക്തമായിരുന്നു. ഹാരിസണിൽ നിന്നാണ് ഈ ഭൂമി കോടികൾ കൊടുത്ത് യോഹന്നാൻ വാങ്ങിയത്. അന്നുമുതൽ നിയമ പ്രശ്നമായി. ഇതോടെയാണ് എങ്ങനേയും സർക്കാരിന് കൈമാറാനുള്ള നീക്കം അതീവ രഹസ്യമായി നടത്തിയത്. ഇതിന് ഹൈക്കോടതി വിധി തടസ്സമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ ഇടപെടൽ.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ വിവിധ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് 5 ദിവസമായി നടത്തിയ പരിശോധനയിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ തുടർപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നേരിട്ടുള്ള പരിശോധന പൂർത്തിയായെങ്കിലും രേഖകളുടെ വിശദപരിശോധന തുടരുമെന്നും ഇതിനു 2 മാസത്തോളമെടുക്കുമെന്നും ഉദ്യോഗസ്ഥർ സഭാനേതൃത്വത്തെ അറിയിച്ചു. 350 കോടി രൂപയുടെ ക്രമവിരുദ്ധ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. നിരോധിത നോട്ടുകൾ ഉൾപ്പെടെ 15 കോടി രൂപയുടെ കറൻസി വിവിധ സ്ഥലങ്ങളിൽ നിന്നു കണ്ടെടുത്തു.

3.85 കോടിയുടെ കറൻസി ഡൽഹിയിലെ ആരാധനാകേന്ദ്രത്തിൽ നിന്നാണു ലഭിച്ചത്. കേരളം, തമിഴ്‌നാട്, ബംഗാൾ, കർണാടക, പഞ്ചാബ്, തെലങ്കാന, ചണ്ഡിഗഡ് എന്നിവിടങ്ങളിലെ 66 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ഹവാല വഴി പണം കടത്താൻ സഹായിച്ച ചിലരുടെ സ്ഥാപനങ്ങളിലും പരിശോധന നടത്തി. വിൽപനക്കരാറുകളും സഭയുടെ പ്രധാന ചുമതലക്കാരുടെ മൊബൈൽ ഫോണുകളും പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ വിദേശത്തുനിന്നു സ്വീകരിച്ച സംഭാവനകൾ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കു വിനിയോഗിച്ചതിനു തെളിവു ലഭിച്ചതായി ആദായ നികുതി വകുപ്പിന്റെ വാർത്തക്കുറിപ്പിൽ പറയുന്നു. സഭയുടെ കീഴിൽ 30 ട്രസ്റ്റുകൾ രാജ്യത്തു പ്രവർത്തിക്കുന്നുണ്ടെങ്കിലും പലതും കടലാസ് സംഘടനകളാണെന്ന് വകുപ്പു കരുതുന്നു.

വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള ലൈസൻസ് ബിലീവേഴ്സ് ചർച്ചിനു പുതുക്കി നൽകിയിട്ടില്ല. അതുകൊണ്ട് വിദേശത്തുനിന്നു സംഭാവന സ്വീകരിക്കാൻ നിയമപരമായ തടസ്സവും ഉണ്ട്. ഇതിനൊപ്പം സ്വത്തുക്കൾ മരവിപ്പിക്കുക കൂടി ചെയ്യുന്നത് സഭയെ വലിയ പ്രതിസന്ധിയിലാക്കും. ക്രമക്കേടിന്റെ പേരിൽ എല്ലാ സ്വത്തും ഏറ്റെടുക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 6000 കോടി രൂപ വിദേശത്ത് നിന്ന് ലഭിച്ചുവെന്നും, കാരുണ്യ പ്രവർത്തനങ്ങൾക്കായി ലഭിച്ച ഈ തുക ഉപയോഗിച്ച് അനധികൃതമായി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും റെയ്ഡിൽ കണ്ടെത്തിയിരുന്നു. നിരോധിച്ച നോട്ടുകൾ ഉൾപ്പടെ കണക്കിൽ പെടാത്ത 14 കോടി രൂപയും റെയ്ഡിൽ കണ്ടെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP