Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകരവിളക്ക് ദിവസം പൊലീസ് അഴിഞ്ഞാടി; തിരുവാഭണ സംഘത്തെ പൊലീസ് വടം കെട്ടിത്തടഞ്ഞത് തിക്കും തിരക്കുമുണ്ടാക്കി; വൻദുരന്തം ഒഴിവാക്കിയത് സന്നിധാനം എസ്ഐയുടെ ഇടപെടൽ; തിരുവാഭരണ സംഘത്തിന് പൊലീസ് മർദനം; ഗുരുസ്വാമിയുടെ കാലുപിടിച്ച് മാപ്പു പറഞ്ഞ് ദേവസ്വം ബോർഡ് പ്രസിഡന്റ്

മകരവിളക്ക് ദിവസം പൊലീസ് അഴിഞ്ഞാടി; തിരുവാഭണ സംഘത്തെ പൊലീസ് വടം കെട്ടിത്തടഞ്ഞത് തിക്കും തിരക്കുമുണ്ടാക്കി; വൻദുരന്തം ഒഴിവാക്കിയത് സന്നിധാനം എസ്ഐയുടെ ഇടപെടൽ; തിരുവാഭരണ സംഘത്തിന് പൊലീസ് മർദനം; ഗുരുസ്വാമിയുടെ കാലുപിടിച്ച് മാപ്പു പറഞ്ഞ് ദേവസ്വം ബോർഡ് പ്രസിഡന്റ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇക്കുറി പരാതി രഹിത ശബരിമല തീർത്ഥാടനമാണെന്നുള്ള സർക്കാരിന്റെ വാദം വെറും പൊള്ള. മകരവിളക്ക് ദിവസം പൊലീസ് സന്നിധാനത്ത് കാട്ടിക്കൂട്ടിയ വിക്രിയകൾ സൗകര്യപൂർവം വിസ്മരിച്ചുള്ള പ്രചാരണമാണ് നടക്കുന്നത്. തിരുവാഭരണ സംഘത്തെ വലിയ നടപ്പന്തലിൽ വടം കെട്ടിത്തടഞ്ഞതാണ് കുഴപ്പങ്ങൾ സൃഷ്ടിച്ചത്. ഗുരുസ്വാമിയെ അടക്കം പൊലീസ് അപമാനിച്ചു. സംഘത്തെ അനുഗമിച്ചവരെ ഒഴിവാക്കാൻ നടത്തിയ നീക്കം ബാരിക്കേഡിനുള്ളിൽ തിക്കും തിരക്കമുണ്ടായി.

പൊലീസിന്റെ കൈയേറ്റം ഭയന്ന് ഓടിയ അയ്യപ്പന്മാർ നടത്തിയ ഉന്തിലും തള്ളിലും വൻ ദുരന്തം ഉണ്ടാകേണ്ടിയിരുന്നതാണ്. ശബരിമലയിൽ വർഷങ്ങളായി സേവനം അനുഷ്ടിച്ച് പരിചയമുള്ള സന്നിധാനം എസ്ഐ ബി വിനോദ്കുമാർ ഉന്നത ഉദ്യോഗസ്ഥരെ മറികടന്ന് നടത്തിയ മിന്നൽ നീക്കമാണ് വൻദുരന്തം ഒഴിവാക്കിയത്. 81 വയസുള്ള തിരുവാഭരണ ഗുരുസ്വാമിയെ അടക്കം പൊലീസ് അപമാനിച്ചപ്പോൾ ശബരിമലയുടെ ചരിത്രത്തിലാദ്യമായി ദീപാരാധന മകരനക്ഷത്രം ഉദിച്ച ശേഷമാണ് നടന്നത്. പന്തളം കൊട്ടാരം സംഭവം വികാരപരമായി ഏറ്റെടുത്തിരിക്കുകയാണ്. പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം. ഇതോടെ പരാതി രഹിത തീർത്ഥാടനമെന്ന സർക്കാരിന്റെ അവകാശവാദം പൊളിയും.

മകരവിളക്ക് ദിവസം ശബരിമലയിൽ നടന്നത് പൊലീസ് രാജ് ആണെന്ന് തിരുവാഭരണ ഘോഷയാത്രാ സംഘത്തെ അനുഗമിച്ചർ സാക്ഷ്യപ്പെടുത്തുന്നു.കഴിഞ്ഞ വർഷം മകര വിളക്ക് ദിവസം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടന്നതിന് സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരുന്നതു ഭാഗ്യമായി. ഘോഷയാത്ര വലിയ നടപ്പന്തലിൽ പൊലീസ് വടം കെട്ടിത്തടഞ്ഞതിലൂടെ തിരുവാഭരണ സംഘത്തിന് നേരിടേണ്ടി വന്നത് കടുത്ത അപമാനമായിരുന്നു. തിരുവാഭരണ ഘോഷയാത്രയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം പന്തളത്ത് നിന്നുള്ള സംഘത്തിന് നേരിടേണ്ടി വന്നതെന്ന് ഒപ്പം എത്തിയവർ പറയുന്നു.

ഘോഷയാത്ര വടം കെട്ടി തടയുക മാത്രമല്ല, പൊലീസ് ചെയ്തത്, ഭക്തർക്ക് നേരെയും മൂന്നാം മുറയുണ്ടായി. മാധ്യമപ്രവർത്തകർക്കും വിഐപികൾക്കും മാത്രമായി സന്നിധാനത്തേക്ക് പ്രവേശിക്കാനുള്ള ഗേറ്റും പൊലീസ് അടച്ചു. ചോദ്യം ചെയ്തവരെ അധിക്ഷേപിക്കുകയും ചെയ്തു. തിരുവാഭരണ ഘോഷയാത്ര വലിയനടപ്പന്തലിൽ പൊലീസ് വടം കെട്ടിത്തടഞ്ഞതോടെ ഞെട്ടിയത് ദേവസ്വം അധികാരികളാണ്. തടയുക മാത്രമല്ല, സംഘത്തിൽ നിന്ന് ചിലരെ മാറ്റി നിർത്താൻ ശ്രമിച്ചതിലൂടെ പൊലീസ് സൃഷ്ടിച്ച തിക്കും തിരക്കും വലിയ ദുരന്തത്തിലേക്ക് മാറേണ്ടതായിരുന്നു. ബാരിക്കേഡിനുള്ളിൽ തീർത്ഥാടകർ പൊലീസിനെ പേടിച്ച് ശരിക്കും പരക്കം പായുകയായിരുന്നു.

പിന്നീട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ തിരുവാഭരണ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരപിള്ളയുടെ നേരെ കൈകൂപ്പി വികാരധീനനായി മൂന്നു വട്ടം മാപ്പു പറഞ്ഞു. തിരിച്ചൊരു വാക്കും ഉരിയാടാതെ എൺപത്തെന്നുകാരനായ ഗുരുസ്വാമിയും വലിയ കോയിക്കൽ ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളും നിറകണ്ണുകളോടെ ശബരിമല ദേവസ്വം ഓഫീസിന്റെ അടച്ചിട്ട മുറിയിൽ നിന്നും പുറത്തേക്ക് പോയത് ആരും കണ്ടില്ല, അറിഞ്ഞതുമില്ല. ശബരിമലയിൽ നടന്നത് ശരിക്കും നീതിനിഷേധമായിരുന്നു. തിരുവാഭരണം തടഞ്ഞത് അയ്യപ്പ സ്വാമിയോടുള്ള അവഹേളനമായിട്ടാണ് പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പിഎൻ നാരായണവർമ, ക്ഷേത്രഉപദേശകസമിതി പ്രസിഡന്റ് ജി പൃഥ്വിപാൽ, സെക്രട്ടറി എസ് ശരത്കുമാർ, പ്രദേശത്തെ കൗൺസിലർ കെആർ രവി എന്നിവർ കാണുന്നത്.

വലിയ നടപ്പന്തലിൽ ദേവസ്വം കമ്മിഷണർ രാമരാജപ്രേമപ്രസാദ് ഉൾപ്പെടെയുള്ള ഉന്നത ദേവസ്വം ഉദ്യോഗസ്ഥരെ 20 മിനുട്ട് വടംകെട്ടി തടഞ്ഞതാണ് ദീപാരാധന വൈകിച്ചത്. സംഭവം പന്തളം കൊട്ടാരത്തെ ശോകമൂകമാക്കി. 92 വയസ് പിന്നിട്ട അയ്യപ്പന്റെ പിതൃ-മാതൃ സ്ഥാനീയരായ വലിയ തമ്പുരാൻ രേവതിനാൾ രാമവർമ രാജ, വലിയതമ്പുരാട്ടി മകംനാൾ തന്വംഗി തമ്പുരാട്ടി എന്നിവർ മനോവിഷമത്തിലാണ്. ഇവരാണ് തിരുവാഭരണം അനുഗ്രഹിച്ച് ശബരിമലയിലേക്ക് അയയ്ക്കുന്നത്. നക്ഷത്രം ഉദിച്ച ശേഷം ദീപാരാധന നടത്തുന്നത് ശബരിമലയുടെ ചരിത്രത്തിലാദ്യമാണ്. ഇതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും സർക്കാർ തലത്തിൽ അന്വേഷണം നടത്തണമെന്നുമാണ് കൊട്ടാരം ആവശ്യപ്പെടുന്നത്. മുൻകാലങ്ങളിലെ പോലെ ശരംകുത്തിയിൽ ആറ് മണിയോടു കൂടി തിരുവാഭരണ ഘോഷയാത്ര എത്തി. അവിടെ നിന്നും പുറപ്പെടുന്നതിനു മുൻപ് അധികൃതർ നടപ്പന്തലിൽ ക്രമീകരണങ്ങൾ നടത്തുകയാണ് പതിവ്. എന്നാൽ ഇത്തവണ കീഴ്‌വഴക്കം ഉണ്ടായില്ല. ഇവിടെ വടംകെട്ടി നിർത്താൻ ആരാണ് നിർദ്ദേശം നൽകിയതെന്ന് ഇപ്പോഴും ആർക്കും അറിയില്ല.

ദേവസ്വം കമ്മിഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. കഴിഞ്ഞ വർഷം കൊടിപ്പെട്ടിക്കും കലശപേട്ടകത്തിനും മാർഗ തടസം സൃഷ്ടിച്ചിരുന്നു. 63 വർഷമായി തിരുവാഭരണ പേടകങ്ങൾ ശിരസിലേത്തുന്ന കുളത്തിനാൽ ഗംഗാധരപിള്ളയുടെ ജീവിതത്തിൽ ആദ്യമാണ് ഇത്തരമൊരു അനുഭവം. മകരവിളക്കിന് പൊലീസിന് പാസ് നൽകുന്നതുസംബന്ധിച്ച് അസ്വാരസ്യം നടന്നതായും പറയുന്നു. ദേവസ്വം വിജലൻസ് ആണ് ആചാര പ്രകാരം പൊലീസിന് മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള നിർദ്ദേശം നൽകേണ്ടത്. 6.20 ന് പതിനെട്ടാം പടിക്ക് താഴെ പേടകം എത്തണം. അത് ശ്രീകോവിലിൽ എത്തിച്ച് 6.30 നും 6.35 നുമിടയിലാണ് ദീപാരാധന നടത്തേണ്ടത്. ഇത്തവണ 20 മിനിട്ടാണ് വൈകിയത്. പൊലീസും വിജിലൻസും തമ്മിലുള്ള ആശയ വിനിമയത്തിലുണ്ടായ വീഴ്ചയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചില പൊലീസുകാർ പ്രകോപനപരമായി പെരുമാറി. മാളികപ്പുറത്തിനു മുന്നിൽ മീഡിയാ സെന്ററിന്റെ ഭാഗത്ത് ബാരിക്കേഡിനുള്ളിൽ ഭക്തരെ തിരക്കിനിടയിൽ ചില പൊലീസുകാർ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നതും കാണാമായിരുന്നു. പേടകം ശ്രീകോവിലിൽ നൽകിയ ശേഷം തിരുവാഭരണ വിഭൂഷിതനായ ധർമ്മശാസ്താവിനെ ഒരു നോക്കു കാണാൻ പതിവു പോലെ ആഗ്രഹിച്ച ഗുരുസ്വാമി വിഐപികൾക്കിടയിൽ കിടന്ന് ബുദ്ധിമുട്ടി. അത് അദ്ദേഹത്തെ അസ്വസ്ഥനാക്കുകയും ചെയ്തു. സംഭവം വിവാദമായത്തോടെ ബോർഡ് യോഗത്തിൽ ചർച്ചചെയ്യുമെന്നും തിരുവാഭരണ വാഹക സംഘത്തിനും വലിയ കോയിക്കൽ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾക്കും പ്രസിഡന്റ് ഉറപ്പു നൽകിയിട്ടുണ്ട്. പമ്പയിൽ എത്തി രാജപ്രതിനിധി തൃക്കേട്ട തിരുനാൾ രാജരാജവർമ്മയോടും ദേവസ്വം ബോർഡ് പ്രസിഡന്റ് ചർച്ച നടത്തി. തിരുവാഭരണങ്ങൾ തിരികെ എത്തിയ ശേഷം ഗൗരവപരമായ ഈ പ്രശ്നം ചർച്ച ചെയ്യുമെന്നും കൊട്ടാരം ഭാരവാഹികൾ അറിയിച്ചു.

പതിനെട്ടാം പടിക്കു മുന്നിൽ കേരളാ പൊലീസും ദ്രുതകർമ സേനയും ചേർന്ന ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഭക്തർക്കിടയിൽ പരിഭ്രാന്തി പടരാൻ ഇതു കാരണമായെന്നും തിരുവാഭരണ പാത സംരക്ഷണ സമിതി കൺവീനർ എംആർ. അനിൽ കുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. കുറ്റക്കാർക്കെതിരേ നടപടി എടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP