Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലേലം ചെയ്യുന്ന കടകൾ മറിച്ചു നൽകുന്നത് പതിവ്; തെളിവുകളോടെ പരാതി എത്തുന്നത് ഇതാദ്യം; ശബരിമലയിലെ വിവാദ കടമുറികൾ ദേവസ്വം ബോർഡ് കണ്ടുകെട്ടി; പുനർലേലം നടത്താനും നിർദ്ദേശം; കടമുറി മറിച്ചു നൽകിയ ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് അയ്യപ്പൻകുട്ടിക്കും ബെനാമിക്കും കുരുക്ക് മുറുകുന്നു

ലേലം ചെയ്യുന്ന കടകൾ മറിച്ചു നൽകുന്നത് പതിവ്; തെളിവുകളോടെ പരാതി എത്തുന്നത് ഇതാദ്യം; ശബരിമലയിലെ വിവാദ കടമുറികൾ ദേവസ്വം ബോർഡ് കണ്ടുകെട്ടി; പുനർലേലം നടത്താനും നിർദ്ദേശം; കടമുറി മറിച്ചു നൽകിയ ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് അയ്യപ്പൻകുട്ടിക്കും ബെനാമിക്കും കുരുക്ക് മുറുകുന്നു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കടമുറികൾ മറിച്ചു നൽകിയ സംഭവത്തിൽ നടപടി കർശനമാക്കി ദേവസ്വം ബോർഡ്. വിവാദ കടമുറികൾ കണ്ടുകെട്ടി. പുനർലേലം നടത്താനും നിർദ്ദേശം നൽകി. നാളെ നടക്കുന്ന ലേലത്തിൽ വിവാദമായ കടമുറികൾ ഉൾപ്പെടുത്തി വിജ്ഞാപനമിറക്കാൻ എക്സിക്യൂട്ടീവ് ഓഫീസറോട് ബോർഡ് നിർദേശിച്ചു. കട മറിച്ചു നൽകിയതുമായി ബന്ധപ്പെട്ട ദേവസ്വം വിജിലൻസ്, ഇന്റലിജൻസ് അന്വേഷണത്തിൽ നിർണായകമായ പല വിവരങ്ങളൂം ലഭിച്ചു. വ്യാപാരിയായ മണിയൻപിള്ള നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്.

ഇത് സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണവും നടപടികളുമുണ്ടാകും. മാത്രമല്ല ക്രമക്കേട് സംബന്ധിച്ച് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ നൽകുന്ന റിപ്പോർട്ടും നിർണയകമാകും. കോവിഡിന്റെ പശ്ചാത്തലത്തിൽ ആരും ലേലം കൊള്ളാത്ത കടകൾ കുറഞ്ഞ തുകക്ക് എടുത്ത ശേഷം മറിച്ച് നൽകുകയായിരുന്നു. ശബരിമലയിൽ മുൻ വർഷങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഈ സംഘത്തിനെതിരെ രേഖാമൂലം പരാതി ലഭിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഇതിൽ ഉൾപ്പെട്ടവരെ കുറിച്ചും ഇവരുടെ ശബരിമലയിലെ പ്രവർത്തനങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സംഭവം സംബന്ധിച്ച് കേന്ദ്രരഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശബരിമലയിൽ കടകൾ മറിച്ച് വിറ്റ് ലക്ഷങ്ങൾ തട്ടി എന്ന പരാതിയിൽ ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് എം. അയ്യപ്പൻകുട്ടി, ബെനാമി മുഹമ്മദ് സുനീർ എന്നിവർക്ക് എതിരേയാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. തീർത്ഥാടനം സംബന്ധിച്ച് അവ്യക്തത നില നിൽക്കുന്നതിനാൽ ആദ്യ രണ്ട് ലേലത്തിലും കടകൾ ഏറ്റെടുത്ത് നടത്താൻ ഒരാളും തയാറായിരുന്നില്ല. ദേവസ്വം ബോർഡിന്റെ അഭ്യർത്ഥന മാനിച്ചാണ് സ്ഥിരം കച്ചവടക്കാരായ ചിലർ ചെറിയ തുകക്ക് കടകൾ ലേലത്തിലെടുത്തത്.

മാനുഷിക പരിഗണനയും ബോർഡ് നൽകിയ സാമ്പത്തിക ഇളവും മറയാക്കിയാണ് ചിലർ തട്ടിപ്പ് നടത്തിയത്. മാളികപ്പുറം ഫ്ളൈ ഓവറിന് താഴെയായുള്ള കടമുറിയാണ് ദേവസ്വം കുത്തകയുടെ അഞ്ചിരട്ടി തുകക്ക് മറിച്ച് നൽകിയത്. 1.50 ലക്ഷം ലേലത്തിലെടുത്ത കട ആറ് ലക്ഷം രൂപക്കാണ് മൂന്ന് പേർക്കായി മറിച്ച് നൽകിയത്. കഴിഞ്ഞ തവണ അരക്കോടിയിലധികം രൂപയ്ക്ക് ലേലത്തിൽ പോയ കടമുറിയാണ് ഇത്തരത്തിൽ കുറഞ്ഞ തുകക്ക് എടുത്ത ശേഷം വൻ തുകയ്ക്ക് മറിച്ച് നൽകിയത്.

മണിയൻ പിള്ള എന്ന വ്യാപാരിക്ക് കുത്തകയിൽ സൂചിപ്പിച്ചിരിക്കുന്ന കടമുറി ലേലത്തിൽ എടുത്ത് നൽകാമെന്ന് പ്രലോഭിപ്പിച്ച് മുൻകൂട്ടി രണ്ട് ലക്ഷം രൂപ മുഹമ്മദ് സുനീർ വാങ്ങുകയും പിന്നീട് അയ്യപ്പൻകുട്ടിയുടെ പേരിൽ ലേലം കൊള്ളുകയുമായിരുന്നു. ലേലം ഉറപ്പിച്ച ശേഷം മണിയൻ പിള്ളക്ക് ഒരു കടമുറി മാത്രം നൽകുകയും മറ്റ് രണ്ടെണ്ണം മറിച്ച് വിൽക്കുകയുമാണ് സംഘം ചെയ്തത്. വ്യാപാരിയെ പറഞ്ഞ് പറ്റിച്ചതിനൊപ്പം ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ കടമുറി മറിച്ച് വിറ്റതിനും നിയമ നടപടിയുണ്ടാകുമെന്നാണ് സൂചന .

തന്നെ കബളിപ്പിച്ചതായി കാണിച്ച് മണിയൻ പിള്ള ദേവസ്വം ബോർഡ് പ്രസിഡന്റിനും കമ്മിഷണർക്കും എക്സിക്യൂട്ടീവ് ഓഫീസർക്കും പരാതി നൽകിയിരുന്നു. അയിരൂർ പഞ്ചായത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി അയ്യപ്പൻകുട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP