Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് പ്രതിസന്ധിയിൽ ശബരിമലയിലെ കടമുറികൾ ലേലം കൊണ്ടത് ഒന്നരലക്ഷം രൂപയ്ക്ക്; മറിച്ചു നൽകിയത് ആറുലക്ഷത്തിനും; പണം വാങ്ങിയ ശേഷം കടമുറി നൽകാതെ പറ്റിച്ചുവെന്നും പരാതി; ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് അയ്യപ്പൻകുട്ടിക്കും ബെനാമിക്കുമെതിരേ അന്വേഷണം

കോവിഡ് പ്രതിസന്ധിയിൽ ശബരിമലയിലെ കടമുറികൾ ലേലം കൊണ്ടത് ഒന്നരലക്ഷം രൂപയ്ക്ക്; മറിച്ചു നൽകിയത് ആറുലക്ഷത്തിനും; പണം വാങ്ങിയ ശേഷം കടമുറി നൽകാതെ പറ്റിച്ചുവെന്നും പരാതി; ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് അയ്യപ്പൻകുട്ടിക്കും ബെനാമിക്കുമെതിരേ അന്വേഷണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോവിഡ് പ്രതിസന്ധി കാരണം തീർത്ഥാടകരുടെ വരവ് കുറഞ്ഞിട്ടും ശബരിമലയിലെ അഴിമതിക്ക് കുറവൊന്നുമില്ല. കുറഞ്ഞ തുകയ്ക്ക് ലേലം കൊണ്ട കടമുറികൾ നാലിരട്ടി തുകയ്ക്ക് മറിച്ചു നൽകിയെന്ന പരാതിയിൽ ബിജെപി ജില്ലാ വൈസ്പ്രസിഡന്റിനും ബെനാമിക്കുമെതിരേ ദേവസ്വം വിജിലൻസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം. അയ്യപ്പൻകുട്ടി, ഇയാളുടെ ബെനാമിയെന്ന് ആരോപിക്കപ്പെടുന്ന മുഹമ്മദ് സുനീർ എന്നിവർക്കെതിരേ തഴവ കൊച്ചുവടക്കേത്തറയിൽ മണിയൻ പിള്ള പരാതി നൽകിയത്. ഇന്നലെ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി.

തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഇത്തവണ കടകൾ ലേലത്തിൽ എടുക്കാൻ വ്യാപാരികൾ തയാറായിരുന്നില്ല .എന്നാൽ ദേവസ്വം ബോർഡിന്റെ അഭ്യർത്ഥന മാനിച്ച് സ്ഥിരം കച്ചവടക്കാരായ ചിലർ ചെറിയ തുകക്ക് കടകൾ ലേലം കൊണ്ടു. ഇങ്ങനെ എടുത്ത കടകൾ മറിച്ചു നൽകിയാണ് തട്ടിപ്പ് നടത്തിയത്. മാളികപ്പുറം ഫ്ളൈ ഓവറിന് താഴെയായുള്ള കടമുറിയാണ് മറിച്ച് നൽകിയത്. 1.50 ലക്ഷം രൂപയ്ക്ക് ലേലം കൊണ്ട കട ആറ് ലക്ഷം രൂപക്കാണ് മറിച്ച് നൽകിയത്.

രണ്ട് ഷട്ടർ മുറിയും ഒരു ഗോഡൗണും ഉൾപ്പെടുന്ന കട കഴിഞ്ഞ തവണ 50 ലക്ഷത്തിലധികം രൂപയ്ക്കാണ് ലേലത്തിൽ പോയത്. ഇത്തവണ വ്യാപാരികളുടെ ആവശ്യപ്രകാരം ഒന്നര ലക്ഷം രൂപയ്ക്കാണ് എം. അയ്യപ്പൻ കുട്ടി ലേലം എടുത്തത്. ഈ കട മണിയൻ പിള്ളയ്ക്ക് ലേലത്തുകയ്ക്ക് തന്നെ നൽകാം എന്ന ഉറപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് രണ്ട് ലക്ഷം രൂപ ലേലത്തിന് മുമ്പ് തന്നെ അയ്യപ്പൻ കുട്ടിയുടെ ബിനാമിയായ സുനീറിനെ ഏൽപ്പിച്ചിരുന്നതായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്കും പൊലീസിലും നൽകിയ പരാതിയിൽ മണിയൻ പിള്ള പറയുന്നു. തനിക്ക് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലേലം കൊണ്ട കട മുറികൾ മറ്റ് രണ്ട് പേർക്ക് മറിച്ച് വിറ്റുവെന്നും പരാതിയിലുണ്ട്.

മണിയൻ പിള്ളയ്ക്ക് കുത്തകയിൽ സൂചിപ്പിച്ചിരിക്കുന്ന കടമുറി ലേലത്തിൽ എടുത്ത് നൽകാമെന്ന് പ്രലോഭിപ്പിച്ച് മുൻകൂട്ടി രണ്ട് ലക്ഷം രൂപ സുനീർ വാങ്ങുകയും പിന്നീട് അയ്യപ്പൻ കുട്ടിയുടെ പേരിൽ ലേലം കൊള്ളുകയുമായിരുന്നു. ലേലം ഉറപ്പിച്ച ശേഷം മണിയൻ പിള്ളക്ക് ഒരു കടമുറി മാത്രം നൽകുകയും മറ്റ് രണ്ടെണ്ണം മറിച്ച് വിൽക്കുകയുമാണ് സംഘം ചെയ്തത്. വ്യാപാരിയെ പറഞ്ഞ് പറ്റിച്ചതിനൊപ്പം ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ കടമുറി മറിച്ച് വിറ്റതിനും നിയമ നടപടിയുണ്ടാകുമെന്നാണ് സൂചന.

മൂന്ന് ഷട്ടർ മുറികളുള്ളതിൽ ഓരോന്നിനും രണ്ട് ലക്ഷം രൂപ വീതം വാങ്ങിയാണ് ലേലം കൊണ്ടയാൾ മറിച്ച് നൽകിയത്. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടായത്. അയ്യപ്പൻ കുട്ടിയും സുനീറും വിശ്വാസ വഞ്ചനയും സാമ്പത്തിക തട്ടിപ്പും നടത്തി എന്ന് കാട്ടിയാണ് പരാതി.

മഹാപ്രളയവും സ്ത്രീ പ്രവേശന വിവാദത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളും ശബരിമലയിലെ വ്യാപാരികളെ വൻ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. ഈ പ്രതിസന്ധിക്കിടയിലും വൻതുകക്ക് കടകൾ ലേലംകൊള്ളാൻ വ്യാപാരികൾ നിർബന്ധിതരായി. കഴിഞ്ഞ തീർത്ഥാടനത്തിന് ശേഷം അപ്രതീക്ഷിതമായി വന്നു ചേർന്ന കോവിഡ് മഹാമാരി വ്യാപാരികളുടെ പ്രതീക്ഷ തകർത്തു. കിടപ്പാടം പണയപ്പെടുത്തിയും വട്ടിപ്പലിശക്ക് പണം വാങ്ങിയുമാണ് പലരും ലേലത്തിൽ പങ്കെടുക്കുന്നത്.

കോടികൾ മുടക്കി വ്യാപാര ശാലകൾ നടത്തുന്നവർക്ക് മാന്യമായ ലാഭവും ലഭിച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷമായി ലോണെടുത്ത തുക തിരിച്ചടക്കാൻ സാധിച്ചില്ലന്ന് മാത്രമല്ല നിരവധി പേർ ജപ്തി നടപടി നേരിടുകയുമാണ്. കഴിഞ്ഞ കാലങ്ങളിലുണ്ടായ പ്രതിസന്ധി കണക്കിലെടുത്തും വ്യാപാരികൾക്കുണ്ടായ ഭീമമായ നഷ്ടത്തിന്റെ തോത് മനസിലാക്കിയുമാണ് ഇത്തവണ ലേല നടപടികളിൽ ബോർഡ് ഇളവ് നൽകിയത്. ഈ ഇളവ് ചൂഷണം ചെയ്താണ് ചിലർ തട്ടിപ്പ് നടത്തുന്നത്.

സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കടകൾ കുറഞ്ഞ തുകക്ക് എടുത്ത ശേഷം വൻ തുകയ്ക്ക് മറിച്ച് നൽകുന്നതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. എന്നാൽ ആദ്യമായാണ് ഈ സംഘത്തിനെതിരെ രേഖാമൂലം പരാതി ലഭിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഈ സംഘത്തിന്റെ ശബരിമലയിലെ പ്രവർത്തനങ്ങളെക്കുറിച്ചും സാമ്പത്തിക ഏർപ്പാടുകളെക്കുറിച്ചും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP