Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാണിക്കവരവ് കൂടിയതോടെ ദിവസവും കിട്ടുന്ന നാണയത്തിന്റെ 10 ശതമാനം പോലും എണ്ണിത്തീർക്കാൻ കഴിയുന്നില്ല; കൂടിയിട്ടിരിക്കുന്നത് കോടികണക്കിന് രൂപയുടെ നാണയങ്ങൾ; തരംതിരിച്ച് തൂക്കിയെടുക്കാനുള്ള ചർച്ചയുമായി സഹകരിക്കാതെ ധനലക്ഷ്മി ബാങ്ക്; കഴിഞ്ഞ മൂന്ന് ദിവസം സന്നിധാനത്ത് അനുഭവപ്പെട്ടത് വലിയ തിരിക്ക്; തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തില്ലെന്ന് ദേവസ്വം ബോർഡും; ശബരിമലയിൽ വരുമാനം ഉയരുമ്പോൾ

കാണിക്കവരവ് കൂടിയതോടെ ദിവസവും കിട്ടുന്ന നാണയത്തിന്റെ 10 ശതമാനം പോലും എണ്ണിത്തീർക്കാൻ കഴിയുന്നില്ല; കൂടിയിട്ടിരിക്കുന്നത് കോടികണക്കിന് രൂപയുടെ നാണയങ്ങൾ; തരംതിരിച്ച് തൂക്കിയെടുക്കാനുള്ള ചർച്ചയുമായി സഹകരിക്കാതെ ധനലക്ഷ്മി ബാങ്ക്; കഴിഞ്ഞ മൂന്ന് ദിവസം സന്നിധാനത്ത് അനുഭവപ്പെട്ടത് വലിയ തിരിക്ക്; തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തില്ലെന്ന് ദേവസ്വം ബോർഡും; ശബരിമലയിൽ വരുമാനം ഉയരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല : തീർത്ഥാടനകാലം തുടങ്ങി കഴിഞ്ഞ ശനിയാഴ്ച വരെ സന്നിധാനത്തെ വരുമാനം 104.72 കോടി രൂപ. കഴിഞ്ഞ വർഷത്തേക്കാൾ 40 കോടിയുടെ വർധനവാണ് ഈ 28 ദിവസം കൊണ്ട് ഉണ്ടായത്. വരുമാനം കൂടുമ്പോൾ പുതിയ പ്രതിസന്ധി എത്തുകയാണ്. യുവതി പ്രവേശനത്തിലെ ആശങ്ക തീർന്നതോടെ വലിയ തിരിക്കാണ് ശബരിമലയിൽ. ഇതാണ് വരുമാനം കൂടാൻ കാരണം. ഇതോടെ നാണയങ്ങൾ എണ്ണിതീരാൻ കഴിയാത്ത സാഹചര്യവും.

കാണിക്കവരവ് കൂടിയതോടെ ദിവസവും കിട്ടുന്ന നാണയത്തിന്റെ 10 ശതമാനം പോലും എണ്ണിത്തീർക്കാൻ കഴിയുന്നില്ല. ദേവസ്വം ഭണ്ഡാരത്തിൽ 2 ഭാഗത്തായി നാണയങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. തിരുപ്പതി ക്ഷേത്രത്തിലെ പോലെ നാണയങ്ങൾ തരംതിരിച്ച് തൂക്കി എടുക്കുന്നതിനുള്ള ചർച്ചകൾ പലതലത്തിൽ നടന്നെങ്കിലും നടപ്പായില്ല. നാണയം തരം തിരിക്കുന്നതിനു ധനലക്ഷ്മി ബാങ്ക് 2 യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും നാണയങ്ങൾ എണ്ണി തീരാൻ മതിയാകുന്നില്ല. നാണയങ്ങൾ കുന്നു കൂടുന്നതിൽ ദേവസ്വം ബോർഡിനും ആശങ്ക ഏറെയുണ്ട്.

ദേവസ്വം എക്‌സിക്യുട്ടീവ് ഓഫിസർ, ധനലക്ഷ്മി ബാങ്ക് പ്രതിനിധി, ദേവസ്വം വിജിലൻസ് ഓഫിസർ, അയ്യപ്പ സേവാസംഘം പ്രതിനിധി എന്നിവർ അടങ്ങുന്ന കമ്മിറ്റി നാണയങ്ങൾ തരംതിരിച്ച് തൂക്കി മൂല്യം പരിശോധിച്ചു. ഇവയിൽ കൂട്ടിയിട്ടിരിക്കുന്ന നാണയങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. പ്രശ്‌ന പരിഹാരത്തിന് ഇനിയും കൃത്യമായ ഫോർമുല ഉരുത്തിരിഞ്ഞിട്ടില്ല. ഏതായാലും കാണിക്കയിലേക്ക് കൂടുതൽ പണം വീഴുമ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറുമെന്ന പ്രതീക്ഷയിൽ ദേവസ്വം ബോർഡ്. ഇന്നലെ വരെയുള്ള ആകെ വരുമാനം 104,72,72,798 രൂപയാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 64 കോടി 16 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. അരവണ വിൽപനയിലൂടെയാണ് ഏറ്റവും കൂടുതൽ വരുമാനം 43 കോടി 41 ലക്ഷം രൂപ. കഴിഞ്ഞ വർഷം ഇത് 23 കോടി 88 ലക്ഷമായിരുന്നു. കാണിക്ക ഇനത്തിൽ 10 കോടിയുടെ അധിക വരുമാനമുണ്ട്.

മണ്ഡലകാല തീർത്ഥാടനത്തിനു സമാപനം കുറിച്ച് 27നു ക്ഷേത്ര നട അടയ്ക്കും. മകരവിളക്കിനായി 30ന് വീണ്ടും തുറക്കും. 27നു രാത്രി 10നാണു നട അടയ്ക്കുക. 9.30ന് അത്താഴ പൂജ തുടങ്ങും. കഴിഞ്ഞ മൂന്നു ദിവസമായി അനുഭവപ്പെട്ട വലിയ തിരക്കിനു നേരിയ ശമനമായി. ഇന്നലെ സന്ധ്യയ്ക്കു ശേഷം തീർത്ഥാടകരുടെ പ്രവാഹം കുറഞ്ഞു. ഇന്നലെ രാവിലെ മണിക്കൂറിൽ 3800 പേർ വീതം മലകയറി എത്തി. സന്ധ്യയ്ക്കു ശേഷം മണിക്കൂറിൽ 3000 പേരായി കുറഞ്ഞു.

അതിനിടെ ശബരിമല തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു സന്നിധാനത്ത് അറിയിച്ചു. തീർത്ഥാടകരുടെ എണ്ണം 36,000 ആയി പരമിതപ്പെടുത്തണമെന്ന് സുപ്രീം കോടതി നിയമിച്ച എംപവർ കമ്മിറ്റിയിൽ അഭിപ്രായമുയർന്നിരുന്നു. ഇതു പ്രായോഗികമല്ലെന്ന് ബോർഡ് പ്രതിനിധികൾ അപ്പോഴേ അറിയിച്ചെന്നും പ്രസിഡന്റ് പറഞ്ഞു.

എണ്ണം നിയന്ത്രിക്കാൻ, മണ്ഡലകാലത്ത് വ്രതം നോറ്റ് വരുന്നവരോട് ഇവിടെ വരരുതെന്നു പറയാനാവില്ല. ശബരിമല മാസ്റ്റർ പ്ലാനിൽ വിഭാവനം ചെയ്യുന്നത് 1.2 ലക്ഷം പേർക്കു സൗകര്യങ്ങൾ ഒരുക്കാനാണ്. അരവണ-അപ്പം വിതരണം പമ്പയിൽ ആരംഭിച്ചത് തീർത്ഥാടകർക്ക് സൗകര്യപ്രദമായി. തന്ത്രിയുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണിത്. അതുകൊണ്ടുതന്നെ ആചാരലംഘനമില്ല. കൂടുതൽ വനഭൂമി ലഭിച്ചാലേ ശബരിമലയിൽ തുടർവികസനം നടപ്പിലാകൂ. 1986-നും 2006-നുമിടയിൽ ശബരിമലയ്ക്ക് 185.875 ഹെക്ടർ വനഭൂമി കൈമാറിയെന്നും പ്രസിഡന്റ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP