Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

വിവാദങ്ങൾക്ക് വിരാമം ഇടാതെ വീണ്ടും നാളെ നട തുറക്കുന്നു; സ്‌റ്റേ ഇല്ലാത്തതിനാൽ ചാനലുകളിൽ ഇടം നേടാൻ യുക്തിവാദി-ഫെമിനിസ്റ്റുകൾ വീണ്ടും എത്തിയേക്കുമെന്ന് ഇന്റലിജൻസ്; നിലപാട് എന്താവണമെന്ന് ഉറപ്പിക്കാൻ കൂടിയാലോചിച്ച് പുതിയ ദേവസ്വം ബോർഡ്; തടഞ്ഞാൽ കോടതി അലക്ഷ്യം ആവില്ലെന്നുറപ്പുള്ളതിനാൽ തടയുന്നത് ഉചിതമെന്ന് സർക്കാരിനെ ഉപദേശിച്ച് പൊലീസ്; യുവതികൾ എത്തിയാൽ എന്തും ചെയ്യുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം പിണറായിയുടേത് തന്നെ

വിവാദങ്ങൾക്ക് വിരാമം ഇടാതെ വീണ്ടും നാളെ നട തുറക്കുന്നു; സ്‌റ്റേ ഇല്ലാത്തതിനാൽ ചാനലുകളിൽ ഇടം നേടാൻ യുക്തിവാദി-ഫെമിനിസ്റ്റുകൾ വീണ്ടും എത്തിയേക്കുമെന്ന് ഇന്റലിജൻസ്; നിലപാട് എന്താവണമെന്ന് ഉറപ്പിക്കാൻ കൂടിയാലോചിച്ച് പുതിയ ദേവസ്വം ബോർഡ്; തടഞ്ഞാൽ കോടതി അലക്ഷ്യം ആവില്ലെന്നുറപ്പുള്ളതിനാൽ തടയുന്നത് ഉചിതമെന്ന് സർക്കാരിനെ ഉപദേശിച്ച് പൊലീസ്; യുവതികൾ എത്തിയാൽ എന്തും ചെയ്യുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം പിണറായിയുടേത് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: വിവാദങ്ങൾ തീരുന്നില്ല. യുവതി പ്രവേശത്തിൽ ഇപ്പോഴുമുള്ളത് അവ്യക്തതകളാണ്. അതിനിടെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ശബരില നട ശനിയാഴ്ച വൈകീട്ട് തുറക്കും. സുപ്രീംകോടതി വിധിയെക്കുറിച്ച് രാഷ്ട്രീയ നേതൃത്വങ്ങളുടെയും മറ്റു സംഘടനകളുടെയും പ്രതികരണങ്ങളിൽ അവ്യക്തതയാണ് തെളിഞ്ഞതെങ്കിലും കോടതി തീരുമാനം ആശ്വാസകരമെന്നാണ് വിശ്വാസിസമൂഹം വിലയിരുത്തുന്നത്. 2018 സെപ്റ്റംബർ 28-ലെ യുവതീപ്രവേശ വിധിക്ക് സ്റ്റേ ഇല്ലാത്തത് സംഘർഷാന്തരീക്ഷമുണ്ടാകുമോയെന്ന ആശങ്കയും ഉയർത്തുന്നു. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന് ഏറെ തലവേദനയാണ് ഈ തീർത്ഥാടനകാലം.

ശബരിമലയിലേക്കെത്തുമെന്ന തൃപ്തി ദേശായി ഉൾപ്പെടെയുള്ളവരുടെ പ്രഖ്യാപനത്തിനെതിരേ സംഘപരിവാർ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ദർശനത്തിന് യുവതികളെത്തിയാൽ സംസ്ഥാന സർക്കാരിന്റെയും പൊലീസിന്റെയും സമീപനമെന്തായിരിക്കുമെന്നത് നിർണായകമാകും. കഴിഞ്ഞ മണ്ഡലകാലത്തെ വരുമാനനഷ്ടം ആവർത്തിക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡും താത്പര്യപ്പെടുന്നില്ല. ഇതിനൊപ്പം യുവതികളെ തടയാൻ പരിവാറുകാരുടെ കർമ്മ സേനയും ശബരിമലയിൽ ഉണ്ടാകും. അങ്ങനെ സംഘർഷ സാധ്യതയുള്ള മണ്ഡലകാലത്തിന് തന്നെയാണ് ഇത്തവണയും സാധ്യത. അല്ലാത്ത പക്ഷം വിധി സ്റ്റേ ചെയ്യുമെന്ന സുപ്രീംകോടതി വിധി താമസിയാതെ ഉണ്ടാകേണ്ടതുണ്ട്. മനിതി സംഘം ഉൾപ്പെടെ ശബരിമലയിലേക്ക് പോകാൻ തയ്യാറെടുക്കുന്നുവെന്നതാണ് പൊലീസിനും സർക്കാരിനും തലവേദന കൂട്ടുന്നത്. യുവതികളെ കയറ്റണമോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും ഏറെ നിർണ്ണായകം.

ശബരിമല യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ എന്തുനിലപാട് എടുക്കണമെന്നു തീരുമാനിക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡ് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പുതിയ ബോർഡിന്റെ ആദ്യയോഗം നടക്കുമെങ്കിലും സുപ്രീംകോടതിയിൽ കേസ് വാദിച്ച അഭിഭാഷകരുമായി ചർച്ചചെയ്തും വിധിപ്പകർപ്പ് വിശദമായി പഠിച്ചുമാത്രമേ അന്തിമാഭിപ്രായം വ്യക്തമാക്കൂ. യുവതികൾക്ക് പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബറിലെ വിധിക്ക് സ്റ്റേയില്ലെന്ന അസാധാരണ സാഹചര്യമുണ്ടാക്കുന്ന ആശയക്കുഴപ്പമുള്ളതിനാലാണ് നിയമവശം പരിശോധിക്കുന്നത്. യുവതികൾക്ക് പ്രവേശനമാകാം എന്ന സർക്കാരിന്റെ നിലപാടുതന്നെയായിരുന്നു കഴിഞ്ഞദിവസം എ. പത്മകുമാർ അധ്യക്ഷനായ ബോർഡിനുണ്ടായിരുന്നത്. എന്നാൽ ഇതിനൊപ്പം ആചാരസംരക്ഷണം എന്ന ബാധ്യതയും നിറവേറ്റണമായിരുന്നു. പുനഃപരിശോധനാ ഹർജിപോലും നൽകാതെ ബോർഡ് സർക്കാരിന്റെ ഭാഗംമാത്രം കേട്ടു എന്നായിരുന്നു ആക്ഷേപം.

വിശാല ബെഞ്ചിലേക്ക് കേസ് വിട്ടതോടെ, 2018-ലെ വിധിയാണോ യുവതികൾക്ക് വിലക്കേർപ്പെടുത്തിയ പഴയ നിലയാണോ തുടരേണ്ടതെന്നാണ് ദേവസ്വംബോർഡ് പരിശോധിക്കുക. ഏതായാലും, ഇക്കാര്യത്തിൽ എടുത്തുചാടില്ല. സർക്കാരിന്റെ തീരുമാനവും അറിയണം. എല്ലാം പരിശോധിച്ചേ ബോർഡിന്റെ പ്രതികരണമുണ്ടാകൂ. വെള്ളിയാഴ്ചത്തെ ബോർഡ് യോഗത്തിൽ ചർച്ചകൾ നടക്കുമെന്നു നിയുക്ത പ്രസിഡന്റ് എൻ. വാസു പറഞ്ഞു. മുഖ്യമന്ത്രി പറയുന്നത് പോലെ അനുസരിക്കുന്ന സിപിഎം നേതാവാണ് വാസു. അതുകൊണ്ട് തന്നെ സർക്കാർ തീരുമാനം മാത്രമേ ദേവസ്വം ബോർഡിനെ സ്വാധീനിക്കാൻ സാധ്യതയുള്ളൂ. അതിനാലാണ് പിണറായിയുടെ തീരുമാനത്തിന് പ്രസക്തി കൂടുന്നത്.

ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനകാലത്തും ഇതര സംസ്ഥാനങ്ങളിൽനിന്ന് ആക്ടിവിസ്റ്റുകൾ ഉൾപ്പടെയുള്ളവർ എത്തിയേക്കുമെന്നു പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ക്രമസമാധാനത്തിന് ഒരുതരത്തിലും ഭംഗംവരുന്ന തരത്തിലുള്ള പ്രവൃത്തികളുണ്ടാകരുതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. അതിനാൽ യുവതികളെ ദർശനത്തിന് അനുവദിക്കാനുള്ള സാധ്യതയില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ട്. അഞ്ചു ഘട്ടങ്ങളിലായാണ് ഇത്തവണ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്. നവംബർ 15 മുതൽ 30 വരെയുള്ള ഒന്നാംഘട്ടത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാചുമതല നിർവഹിക്കുക. നവംബർ 30 മുതൽ ഡിസംബർ 14 വരെയുള്ള രണ്ടാംഘട്ടത്തിൽ 2539 പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ഡിസംബർ 14 മുതൽ 29 വരെ 2992 പേരും ഡിസംബർ 29 മുതൽ ജനുവരി 16 വരെയുള്ള നാലാംഘട്ടത്തിൽ 3077 പേരും ഡ്യൂട്ടിയിലുണ്ടാകും. സാഹചര്യങ്ങൾക്കനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളിലും മാറ്റമുണ്ടാകും.

സ്‌റ്റേ ഇല്ലാത്തതിനാൽ ചാനലുകളിൽ ഇടം നേടാൻ യുക്തിവാദിഫെമിനിസ്റ്റുകൾ വീണ്ടും എത്തിയേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ നിലപാട് എന്താവണമെന്ന് ഉറപ്പിക്കാൻ കൂടിയാലോചനകൾ പുതിയ ദേവസ്വം ബോർഡ് നടത്തും. എൻ വാസുവിന്റെ നേതൃത്വത്തിലെ ബോർഡ് ഇന്നാണ് ചുമതല ഏൽക്കുന്നത്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന വ്യക്തിയാണ് വാസു. ഇത് മനസ്സിലാക്കിയാണ് പൊലീസ് നിർണ്ണായക ഇടപെടൽ നടത്തുന്നത്. പുനപരിശോധനാ ഹർജി പരിഗണിക്കുമെന്ന് ഉള്ളതു കൊണ്ട് തടഞ്ഞാൽ കോടതി അലക്ഷ്യം ആവില്ലെന്നും അതുകൊണ്ട് തടയുന്നതാണ് ഉചിതമെന്ന് സർക്കാരിനെ ഉപദേശിച്ച് പൊലീസ് രംഗത്ത് എത്തി കഴിഞ്ഞു. ഈ സാഹചര്യത്തിൽ യുവതികൾ എത്തിയാൽ എന്തും ചെയ്യുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേത് തന്നെയാകും.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മണ്ഡലകാലത്ത് പൊലീസിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നിരുന്നു. 15,000-ത്തിലധികം പൊലീസുകാരാണ് കഴിഞ്ഞതവണ സുരക്ഷയ്ക്കുണ്ടായിരുന്നത്. സന്നിധാനത്ത് അമ്പത് വയസ്സുകഴിഞ്ഞ അഞ്ഞൂറോളം വനിതാ പൊലീസുകാരെയും നിയോഗിച്ചിരുന്നു. എന്നാൽ, ഇക്കുറി അഞ്ച് ഘട്ടങ്ങളിലായി 10,017 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 1500-ലധികം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ശബരിമലയിൽ ഡ്യൂട്ടിയിലുണ്ടാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP