Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

വിധി എന്തായാലും ഇനി മല ചവിട്ടാനില്ലെന്ന് ബിന്ദു അമ്മിണിയും കനക ദുർഗയും; വിധിയെ കേരളം ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന് സിപിഎം; അനുകൂല ഉത്തരവ് പ്രതീക്ഷിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി; വിധി എതിരായാൽ ഭരണഘടനാ മാർഗം തേടുമെന്ന് ബിജെപി; അയോധ്യയ്ക്ക് പിന്നാലെ എല്ലാ കരുതലുകളുമായി അതീവ സുരക്ഷയൊരുക്കി പൊലീസും; ചീഫ് ജസ്റ്റീസിന്റെ ബഞ്ചിൽ നിന്നുള്ള വിധി അറിയാനുള്ള ആകാംക്ഷയിലേക്ക് കേരളം

വിധി എന്തായാലും ഇനി മല ചവിട്ടാനില്ലെന്ന് ബിന്ദു അമ്മിണിയും കനക ദുർഗയും; വിധിയെ കേരളം ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന് സിപിഎം; അനുകൂല ഉത്തരവ് പ്രതീക്ഷിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി; വിധി എതിരായാൽ ഭരണഘടനാ മാർഗം തേടുമെന്ന് ബിജെപി; അയോധ്യയ്ക്ക് പിന്നാലെ എല്ലാ കരുതലുകളുമായി അതീവ സുരക്ഷയൊരുക്കി പൊലീസും; ചീഫ് ജസ്റ്റീസിന്റെ ബഞ്ചിൽ നിന്നുള്ള വിധി അറിയാനുള്ള ആകാംക്ഷയിലേക്ക് കേരളം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ശബരിമലയിൽ യുവതീ പ്രവേശന വിധി പുനഃപരിശോധിക്കാൻ സാദ്ധ്യതയില്ലെന്ന് തന്നെയാണ് വിശ്വാസമെന്ന് കഴിഞ്ഞ സീസണിൽ ശബരിമലയിലെത്തിയ ബിന്ദു അമ്മിണിയും കനകദുർഗയും. 50 വയസിന് താഴെയുള്ള സ്ത്രീകൾക്കും ശബരിമലയിലെത്താമെന്ന വിധി വന്നശേഷം ഞങ്ങൾ മലകയറിയതോടെ കോടതി വിധി നടപ്പിലായി. ഇനി വീണ്ടും ഞങ്ങൾ തന്നെ ശബരിമലയിൽ പോകുന്നതിൽ അർത്ഥമില്ല. ഇനി പുതിയ ആളുകൾ പോകട്ടെയെന്നാണ് ബിന്ദു അമ്മണിയുടെ നിലപാട്.

ചിലരൊക്കെ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇവരെ സഹായിക്കാൻ 'നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ'യെന്ന പേരിൽ കൂട്ടായ്മയുമുണ്ട്. തിരുവോണ സമയത്ത് കേരളത്തിനകത്തും പുറത്തുമുള്ള രണ്ട് സ്ത്രീകൾക്ക് പ്രവേശിക്കാനായിട്ടുണ്ട്. കയറാൻ ഇനിയും തയാറായിവരുന്ന യുവതികൾക്ക് സഹായം ചെയ്യുമെന്നും ബിന്ദു വ്യക്തമാക്കി. ശബരിമലയിലേക്ക് ഇനി പോകുന്ന കാര്യത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് കനകദുർഗയും വ്യക്തമാക്കി. കഴിഞ്ഞ മാസം ശബരിമല നട തുറക്കുമ്പോൾ ബിന്ദു അമ്മണി പത്തനംതിട്ടയിലെത്തിയിരുന്നു. അന്ന് ശബരിമലയിലേക്ക് പോകാനായിരുന്നുവെന്നാണ് ഏവരും സംശയിച്ചിരുന്നത്. എന്നാൽ ബിന്ദു യാത്ര അവസാന സമയം റദ്ദാക്കി.

അതിനിടെ ശബരിമല വിധിയെ കേരളം ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വിധി അംഗീകരിക്കുമെന്ന് സ്ഥാനമൊഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറും പറഞ്ഞു. ശബരിമല യുവതീ പ്രവേശനത്തിലെ വിധി സർക്കാരിനും ഇടത് മുന്നണിക്കും ഏറെ നിർണ്ണായകമാണ്. പുനപരിശോധന ഹരജികൾ തള്ളിയാൽ സർക്കാരിന്റെ വിജയമെന്ന് അവകാശപ്പെടാമെങ്കിലും മണ്ഡലകാലത്ത് സ്ത്രീകൾ വന്നാലുണ്ടാകുന്ന പ്രതിസന്ധിയിൽ ആശങ്കയുമുണ്ട്. പുനഃപരിശോധന ഹരജി അംഗീകരിച്ചാൽ തങ്ങളുടെ നിലപാടിന്റെ വിജയമായി പ്രതിപക്ഷവും ബിജെപി ആഘോഷിക്കുകയും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനും ശ്രമിക്കും.

പുനഃപരിശോധന ഹർജിയിൽ വിശ്വാസികൾക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നതായി ബിജെപി നേതാവ് എം ടി.രമേശ് പ്രതികരിച്ചു. കോടതി വിധിയിൽ ബിജെപിക്ക് പ്രതീക്ഷയുണ്ട്. എന്നാൽ വിധി എതിരായാൽ ഭരണഘടനാപരമായ മാർഗം തേടുമെന്നും എം ടി.രമേശ് കൂട്ടിച്ചേർത്തു. കോടതി വിധി എന്താണെങ്കിലും അംഗീകരിക്കുമെന്ന് വിധി എന്താണെങ്കിലും സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പ്രതികരിച്ചു. എല്ലാവരും സംയമനത്തോടെ വിധിയെ അംഗീകരിക്കണം. തങ്ങൾക്ക് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധ്ി അനുകൂലമാകുമെന്ന പ്രതീക്ഷ ഹിന്ദു ഐക്യവേദിയും പങ്കുവച്ചിട്ടുണ്ട്

ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് നാളെ രാവിലെ 10.30ന് ശബരിമല വിഷയത്തിൽ വിധിപറയുക. 56 പുനപരിശോധന ഹർജികളിലാണ് വിധി. 56 പുനപരിശോധന ഹർജികളിലാണ് വിധി. കഴിഞ്ഞവർഷം സെപ്റ്റംബർ 28നാണ് ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധിപറഞ്ഞത്. ഇന്ത്യൻ യംഗ് ലോയേഴ്‌സ് അസോസിയേഷൻ നടത്തിയ 12 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമായിരുന്നു വിധി. വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികൾ വന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി പരിഗണിച്ചിരുന്നു.

ഒരു ദിവസം നീണ്ട വാദമാണ് ഹർജികളിൽമേൽ നടന്നത്. പിന്നീട് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. ഞായറാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിക്കും. യുവതീപ്രവേശനം അനുവദിച്ച വിധി കേരളത്തിൽ വൻ പ്രക്ഷോഭങ്ങൾക്കും കാരണമായിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ച സർക്കാരിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങളും നടന്നു. ഇതുമായി ബന്ധപ്പെട്ട എടുത്ത ഒമ്പതിനായിരത്തോളം കേസിൽ 27,000 പേരാണ് പ്രതികളായത്. സുപ്രീംകോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറയുന്നു. എല്ലാവരും സംയമനത്തോടെ വിധിയെ അംഗീകരിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമല വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ അമ്പതിലധികം പുനഃപരിശോധന ഹർജികളിൽ നാളെയാണ് സുപ്രീകോടതി വിധി പറയുന്നത്. വിശ്വാസികൾക്ക് അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ പ്രതികരണം.

കഴിഞ്ഞ വർഷം സെപ്റ്റംബർ 28 നായിരുന്നു ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടന ബെഞ്ചിന്റെ വിധി വന്നത്. ശബരിമലയിൽ 10 മുതൽ 50 വയസുവരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത് 1991 ഏപ്രിൽ 5 ലെ കേരള ഹൈക്കോടതി വിധിയെ തുടർന്നായിരുന്നു. ചങ്ങനാശ്ശേരി സ്വദേശിയായ എസ് മഹേന്ദ്രൻ അയച്ച ഒരു കത്ത് റിട്ട് ഹർജിയായി പരിഗണിച്ച് ജസ്റ്റിസുമാരായ കെ പരിപൂർണൻ, കെ ബി മാരാർ എന്നിവരുടേതായിരുന്നു ആ വിധി. 15 വർഷത്തിന് ശേഷം 2006ലാണ് അതിനെതിരെയുള്ള കേസ് സുപ്രീംകോടതിയിലെത്തുന്നത്. ഹർജി നൽകിയത് യംങ് ലോയേഴ്‌സ് അസോസിയേഷൻ. വർഷങ്ങൾക്ക് ശേഷം 2017ൽ ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിലേക്ക് എത്തുന്നതോടെയാണ് ശബരിമല കേസിൽ വഴിത്തിരിവുണ്ടാകുന്നത്. 2017 ഒക്ടോബർ 13ന് കേസ് ഭരണഘടന ബെഞ്ചിലേക്ക് എത്തി.

ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്ക് പുറമെ, ജസ്റ്റിസുമാരായ റോഹിന്റൻ നരിമാൻ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര, എ എം കാൻവിൽക്കർ എന്നിവരായിരുന്നു ഭരണഘടനാ ബെഞ്ചിൽ. എട്ട് ദിവസത്തെ വാദം കേൾക്കലിനൊടുവിൽ 2018 സെപ്റ്റംബർ 28ന് ഭരണഘടന ബെഞ്ച് വിധി പറഞ്ഞു. ഭരണഘടന ബെഞ്ചിലെ നാല് ജഡ്ജിമാര് യുവതി പ്രവേശനം ശരിവെച്ചപ്പോൾ ബെഞ്ചിലെ ഏക വനിത ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ വിധി ആചാരാനുഷ്ഠാനങ്ങളെ അനുകൂലിച്ചായിരുന്നു. വിശ്വാസത്തിനുള്ള ഭരണഘടനാ അവകാശം എല്ലാവർക്കും ഒരുപോലെ ആകണം എന്നതായിരുന്നു ഭൂരിപക്ഷ വിധി. വിധി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾ വലിയ വിവാദങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP