Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

കളി കാര്യമായതോടെ മല കയറിയ 51 പേരുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 17 ആക്കി സർക്കാർ; ചീഫ് സെക്രട്ടറി ഇടപെട്ട് തയ്യാറാക്കിയ ലിസ്റ്റിൽ നിന്നും 50 കഴിഞ്ഞവരേയും പുരുഷന്മാരേയും ഒഴിവാക്കി; ഈ 17 പേർ കയറിയതിന്റെ തെളിവ് എവിടെ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല; കണക്ക് നൽകുന്ന കാര്യത്തിൽ പോലും അലംഭാവം കാട്ടിയ സർക്കാർ അലസത ഉയർത്തി ഹർജിക്കാർ സുപ്രീംകോടതിയിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തും

കളി കാര്യമായതോടെ മല കയറിയ 51 പേരുടെ ലിസ്റ്റ് വെട്ടിച്ചുരുക്കി 17 ആക്കി സർക്കാർ; ചീഫ് സെക്രട്ടറി ഇടപെട്ട് തയ്യാറാക്കിയ ലിസ്റ്റിൽ നിന്നും 50 കഴിഞ്ഞവരേയും പുരുഷന്മാരേയും ഒഴിവാക്കി; ഈ 17 പേർ കയറിയതിന്റെ തെളിവ് എവിടെ എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല; കണക്ക് നൽകുന്ന കാര്യത്തിൽ പോലും അലംഭാവം കാട്ടിയ സർക്കാർ അലസത ഉയർത്തി ഹർജിക്കാർ സുപ്രീംകോടതിയിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി എന്ന് പരിഗണിക്കുമെന്നതിൽ ആർക്കും ഒരു നിശ്ചയവുമില്ല. ഇതിനിടെയാണ് 51 യുവതികൾ ദർശനം നടത്തിയെന്ന അവകാശവാദം സർക്കാർ സുപ്രീംകോടതിയിൽ നടത്തിയത്. എന്നാൽ ഇതിൽ പുരുഷന്മാരും വൃദ്ധകളും വരെ ഉൾപ്പെട്ടു. ഇതോടെ സർക്കാർ പ്രതിക്കൂട്ടിലായി. ഈ സാഹചര്യത്തിൽ ശബരിമല ദർശനം നടത്തിയെന്നുകാട്ടി പൊലീസ് സുപ്രീം കോടതിയിൽ സമർപ്പിച്ച പട്ടികയിൽ യുവതികൾ 17 പേർ മാത്രമേ ഉള്ളൂവെന്ന നിലപാടിലേക്ക് സർക്കാർ മാറുകയാണ്. കോടതിയിൽ നൽകുന്നതിന് പട്ടിക തയ്യാറാക്കാൻ കാട്ടിയ തിടുക്കവും കാര്യക്ഷമതയില്ലായ്മയുമാണ് അബദ്ധത്തിനു കാരണമായതെന്നാണ് വിലയിരുത്തൽ.

നിലവിലെ പട്ടികയിൽനിന്ന് 34 പേരെ ഒഴിവാക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിലുള്ള ഉന്നതതലസമിതി ശുപാർശചെയ്തു. സർക്കാർ സമർപ്പിച്ച 51 പേരുടെ പട്ടികയിൽ പുരുഷന്മാരും 50 വയസ്സുകഴിഞ്ഞവരും ഉൾപ്പെട്ടത് വിവാദമായതിനു പിന്നാലെയാണ് പട്ടിക പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. സർക്കാർ സമർപ്പിച്ച പട്ടികയിൽ നാലു പുരുഷന്മാരും 50 വയസ്സിനുമേൽ പ്രായമുള്ള 30 പേരും ഉൾപ്പെട്ടുവെന്നാണ് സമിതിയുടെ കണ്ടെത്തൽ. ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരടങ്ങുന്നതാണ് സമിതി. എന്നാൽ ഇവർ സന്നിധാനത്ത് എത്തിയെന്നതിന് ഒരു തെളിവും സർക്കാരിന്റെ പക്കൽ ഇല്ല. ഇതിൽ പലരുടേയും വിലാസവും കൃത്യമല്ല. ഇതെല്ലാം ഈ ലിസ്റ്റിനേയും പ്രതിക്കൂട്ടിലാക്കാനാണ് സാധ്യത.

വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 51 യുവതികൾ മലകയറിയെന്ന് കാട്ടിയാണ് സർക്കാർ പട്ടിക സമർപ്പിച്ചത്. ഇവരുടെ ആധാർ നമ്പറും ഫോൺ നമ്പരും ഇതിലുണ്ടായിരുന്നു. മാധ്യമങ്ങൾ വിളിച്ചന്വേഷിപ്പിച്ചപ്പോൾ പലരും 50 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെന്ന് കണ്ടെത്തി. പുരുഷന്മാർ ഉൾപ്പെട്ടതും പുറത്തായി. ആധാർ, ഫോൺ നമ്പറുകൾ ഉണ്ടായിരുന്നിട്ടും പരിശോധിച്ച് ഉറപ്പുവരുത്താൻ അധികൃതർ തയ്യറായിരുന്നില്ല. ഇത് ഏറെ നാണക്കേടുമായി. ഇത് സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുമ്പോഴും സർക്കാരിന് തിരിച്ചടിയാകും. യുവതി പ്രവേശനത്തിൽ സർക്കാരിനുള്ള തിടുക്കവും ഒളിച്ചു കളിയുമെല്ലാം സുപ്രീംകോടതിയിൽ ചർച്ചയാക്കാനാണ് യുവതി പ്രവേശനത്തെ എതിർക്കുന്ന ഹർജിക്കാരുടെ നീക്കം. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഇടപെടലുകളെ പ്രതീക്ഷയോടെയാണ് അവർ കാണുന്നത്.

കണക്ക് നൽകുന്ന കാര്യത്തിൽ പോലും അലംഭാവം കാട്ടിയ സർക്കാർ അലസത ശബരിമലയോട് സർക്കാരിന് താൽപ്പര്യമില്ലാത്തതിന് തെളിവാണെന്ന വാദമാകും അവർ ഉർത്തുക. ശബരിമല പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്നത് വൈകുമെന്നാണ് സൂചന. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര ജനുവരി മുപ്പത് വരെ അവധിയിലാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് പറഞ്ഞു. ഇന്ദു മൽഹോത്ര തിരികെയെത്തിയ ശേഷം പുതിയ തീയതി നിശ്ചയിക്കും. ജഡ്ജിയുടെ സൗകര്യം കൂടി കണക്കിലെടുത്തായിരിക്കും തീയതി തീരുമാനിക്കുക. ശബരിമല വിഷയം പരാമർശിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ അയ്യപ്പ ഭക്തജന കൂട്ടായ്മയുടെ അഭിഭാഷകനാണ് പുനഃപരിശോധനാ ഹർജികൾ എപ്പോൾ പരിഗണിക്കുമെന്ന് ആരാഞ്ഞത്. കോടതിയിൽ സർക്കാർ അലംഭാവം ചർച്ചയാക്കി അനുകൂല വിധിയുണ്ടാക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ.

അതിനിടെ ശബരിമല ദർശനത്തിനു സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ടു കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്ത് ഉൾപ്പെടെ സമർപ്പിച്ച ഹർജി ഹൈക്കോടതി പിന്നീടു പരിഗണിക്കാൻ മാറ്റി. എറണാകുളം വാരിയം റോഡിൽ മിനി ആർ. മേനോൻ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി. പ്രായഭേദമില്ലാതെ സ്ത്രീകൾക്കു ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി അയ്യപ്പ ഭക്തയായ തനിക്കു വിഷമമുണ്ടാക്കിയെന്നും ഈ വിഷയത്തിൽ മത വികാരം കൂടി പരിഗണിക്കണമെന്നും മിനിയുടെ അപേക്ഷയിൽ പറയുന്നുണ്ട്. ഈ വിഷയത്തിൽ ശബരിമല നിരീക്ഷണ സമിതി തയാറാക്കിയ റിപ്പോർട്ടുകളുടെ പകർപ്പും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതു കൂടി പരിഗണിച്ചു തീരുമാനമെടുക്കാനാണു ഹർജി 4 ആഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കുന്നത്.

യുവതി പ്രവേശം സംബന്ധിച്ച നിരീക്ഷകസമിതി റിപ്പോർട്ടിന്റെ പകർപ്പ് രേഷ്മയ്ക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. യുവതീപ്രവേശത്തിനെതിരായ 'റെഡി ടു വെയ്റ്റ് ' പ്രചാരണ സംഘത്തെ കേസിൽ കക്ഷിചേർത്തു. നേരത്തെ ശബരിമല ദർശനത്തിന് പോകാൻ ശ്രമിച്ചവർക്കെതിരെ സംഘടിത ആക്രമണവും അവരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിലുള്ള പ്രതിഷേധവും ഉണ്ടായെന്ന് യുവതികൾ ആരോപിക്കുന്നു. ശബരിമലയിലെത്തുന്ന യുവതികൾക്ക് ദർശനത്തിനായി രണ്ട് ദിവസം മാറ്റിവെക്കാവുന്നതാണെന്ന നിലപാടാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. യുവതികൾക്ക് ശബരിമലയിൽ പോകാനുള്ള ഭരണഘടനാപരമായ അവകാശം പോലെ സുരക്ഷയും പ്രധാനപ്പെട്ടതാണെന്നായിരുന്ന് കോടതിയും അറിയിച്ചിരുന്നു.

ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി ചോദ്യംചെയ്യാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു. സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെ ഹൈക്കോടതിക്ക് ഈ വിഷയത്തിൽ ഇടപെടാനാവില്ലന്ന് സർക്കാർ വ്യക്തമാക്കി. റെഡി ടു വെയ്റ്റ് എന്ന സംഘടനയുടെ കക്ഷി ചേരൽ ഹർജിയെ എതിർത്തുകൊണ്ടാണ് സർക്കാർ നിലപാട് വിശദീകരിച്ചത്. സർക്കാർ എതിർത്തെങ്കിലും കേസിൽ കക്ഷി ചേരാൻ റെഡി ടു വെയ്റ്റിനെ കോടതി അനുവദിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP