Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമലയിൽ ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ്; കളക്ടർക്ക് മുന്നിൽ പൊലീസിന്റെ റിപ്പോർട്ട് എത്തിയത് നിരോധനാജ്ഞ പിൻവലിക്കണമെന്ന് റാന്നി തഹസിൽദാർ കളക്ടറോട് ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെ; ശബരിമല തീർത്ഥാടനത്തെ പ്രതിസന്ധിയിലാക്കിയ നിരോധനാജ്ഞയിൽ തീരുമാനം ഇന്ന് വൈകിട്ട്: സന്നിധാനത്ത് സംഘർഷ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ സാധ്യത നിരോധനാജ്ഞ പിൻവലിക്കാൻ

ശബരിമലയിൽ ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ്; കളക്ടർക്ക് മുന്നിൽ പൊലീസിന്റെ റിപ്പോർട്ട് എത്തിയത് നിരോധനാജ്ഞ പിൻവലിക്കണമെന്ന് റാന്നി തഹസിൽദാർ കളക്ടറോട് ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെ; ശബരിമല തീർത്ഥാടനത്തെ പ്രതിസന്ധിയിലാക്കിയ നിരോധനാജ്ഞയിൽ തീരുമാനം ഇന്ന് വൈകിട്ട്: സന്നിധാനത്ത് സംഘർഷ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ സാധ്യത നിരോധനാജ്ഞ പിൻവലിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ്. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് പത്തനംതിട്ട എസ്‌പി പത്തനംതിട്ട കളക്ടർക്ക് പി.ബി നൂഹിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ നീട്ടണമോ വേണ്ടയോ എന്ന കാര്യത്തിൽ ഇന്ന് വൈകിട്ട് തീരുമാനം ഉണ്ടാകും. സന്നിധാനത്ത് സംഘർഷ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് റാന്നി തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ തുടരണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്റെ റിപ്പോർട്ട് കളക്ടർക്ക് ലഭിച്ചത്.

കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കലാവധി ഇന്ന് അർദ്ധരാത്രി അവസാനിക്കാൻ ഇരിക്കെയാണ് വ്യത്യസ്ത അഭിപ്രായവുമായി റാന്നി തഹസിൽദാറും പത്തനംതിട്ട എസ്‌പിയും രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ശബരിമലയിലെ നിയന്ത്രണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇന്ന് ഗവർണറെ നേരിട്ട് കണ്ട് വിശദീകരണവും നൽകിയിരുന്നു. ഹൈക്കോടതിയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിലും ഭക്തരുടെ ഹിതം മാനിച്ചും ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തിൽ നിരോധനാജ്ഞ പിൻവലിക്കാനാണ് സാധ്യത. എസ്‌പി ഹരിശങ്കറിന്റെ റിപ്പോർട്ട് യോഗം തള്ളിയേക്കാനും സാധ്യതയുണ്ട്.

നിരോധനാജ്ഞ തുടർന്നാൽ അത് ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ കുറവ് വരുത്തുകയും വ്യാപക വിമർശനത്തിനിടവെയ്ക്കുകയും ചെയ്യുമെന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടി നിരോധനാജ്ഞ പിൻവലിക്കാനാണ് സാധ്യത. ഇന്ന് ഗവർണറുമായി ചർച്ച നടത്തിയ മുഖ്യമന്ത്രി ഇതു തന്നെയാണ് അദ്ദേഹത്തെയും ധരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം ഭക്തരെ തടയുന്ന തരം നിരോധനാജ്ഞ സന്നിധാനത്ത് ഇല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ നിരോധനാജ്ഞ തൽക്കാലം പിൻവലിക്കാനാണ് സർക്കാർ നീക്കം. പിന്നീട് സാഹചര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമുണ്ടാകു.

ഇന്നലെ ചില നാമ പ്രതിഷേധങ്ങൾ നടന്നെങ്കിലും സന്നിധാനം പൊതുവെ ശാന്തമാണ്. മാസ പൂജ സമയത്തോ ചിത്തിര ആട്ട വിശേഷ സമയത്തോ കണ്ട പ്രതിഷേധങ്ങൾ നിലവിൽ അവിടെയില്ല. ഈ സാഹചര്യത്തിലാണ് ശബരിമലയിൽ നിരോധനാജ്ഞ തുടരേണ്ട സാഹചര്യമില്ലെന്ന റിപ്പോർട്ട് റാന്നി തഹസിൽദാർ കളക്ടർക്ക് നൽകിയിരിക്കുന്നത്. സന്നിധാനത്തെ സ്ഥിതി ശാന്തമാണെന്നും, പൊലീസ് നിയന്ത്രണത്തിന് ഇളവുകൾ വരുത്താമെന്നും റിപ്പോർട്ടിലുണ്ട്. വാവര് നടയിൽ ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

പൊലീസിന്റെ ആവശ്യപ്രകാരം പത്തനംതിട്ട ജില്ലാ കലക്ടർ 15ന് അർധരാത്രി മുതൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലും കോട്ടയം ജില്ലാ കലക്ടർ എരുമേലിയിലും 7 ദിവസത്തേക്കാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ഉടൻ പിൻവലിക്കണം എന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്തു നൽകി. കഴിഞ്ഞദിവസം ഗവർണർക്കും ഇതേ ആവശ്യം ഉന്നയിച്ചു ചെന്നിത്തല കത്തു നൽകിയിരുന്നു. 144 പ്രഖ്യാപിച്ചതു ഭക്തരെ ശബരിമലയിൽനിന്ന് അകറ്റാനേ സഹായിച്ചിട്ടുള്ളൂ എന്ന് മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ചെന്നിത്തല പറഞ്ഞു.

ശബരിമല യുവതീപ്രവേശ വിഷയത്തിൽ അന്തിമവിധിക്കായി കാത്തിരിക്കുകയാണെന്നു ബിജെപി അറിയിച്ചു. യുവതീപ്രവേശത്തെ ഭക്തർ എതിർക്കുന്നു. സർക്കാർ ഇരന്നുവാങ്ങിയ പ്രക്ഷോഭമാണ് ഇതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനവ്യൂഹം പമ്പയിൽ പൊലീസ് തടഞ്ഞെന്നാരോപിച്ചു തമിഴ്‌നാട് കന്യാകുമാരി ജില്ലയിൽ വെള്ളിയാഴ്ച ബിജെപി ബന്ദ് പ്രഖ്യാപിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു ബന്ദ്. അയ്യപ്പഭക്തരെ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയുള്ളതിനാൽ യുവമോർച്ച പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി വിഷ്ണു മോഹനടക്കം 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP