Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സുപ്രീം കോടതി വിധിക്കതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അനാവശ്യം; ഇത് ഭരണഘടനാ വിരുദ്ധവും സ്ത്രീകളുടെ മൗലികാവകാശങ്ങൾക്ക് എതിരുമെന്ന് തൃപ്തി ദേശായി; ഈ മണ്ഡല സീസണിൽ തന്നെ ശബരിമലയിൽ പ്രവേശിക്കുമെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ്; പ്രഖ്യാപനം വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് ബിജെപി; ഗാന്ധിയൻ രീതിയിൽ തടയുമെന്ന് രാഹുൽ ഈശ്വർ; വെട്ടിലാകുന്നത് പൊലീസും; ശബരിമല സംഘർഷഭരിതമാകാൻ സാധ്യത

സുപ്രീം കോടതി വിധിക്കതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അനാവശ്യം; ഇത് ഭരണഘടനാ വിരുദ്ധവും സ്ത്രീകളുടെ മൗലികാവകാശങ്ങൾക്ക് എതിരുമെന്ന് തൃപ്തി ദേശായി; ഈ മണ്ഡല സീസണിൽ തന്നെ ശബരിമലയിൽ പ്രവേശിക്കുമെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ്; പ്രഖ്യാപനം വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് ബിജെപി; ഗാന്ധിയൻ രീതിയിൽ തടയുമെന്ന് രാഹുൽ ഈശ്വർ; വെട്ടിലാകുന്നത് പൊലീസും; ശബരിമല സംഘർഷഭരിതമാകാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: തുലമാസ തീർത്ഥാടന കാലത്ത് ശബരിമലയിൽ സംഘർഷത്തിന് സാധ്യത. സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ ശബരിമലയിലേക്ക് ഉടൻ എത്തുമെന്ന് സാമൂഹിക പ്രവർത്തക തൃപ്തി ദേശായി വ്യക്തമാക്കിയതോടെയാണ് ഇത്. ഇതിനെ ചെറുക്കുമെന്ന് ഹിന്ദു സംഘടനകളും വ്യക്തമാക്കി കഴിഞ്ഞു. ഈ മണ്ഡല സീസണിൽ തന്നെ ശബരിമലയിൽ പ്രവേശിക്കും. തിയ്യതി തീരുമാനിച്ചിട്ടില്ല. ഒരു കൂട്ടം സ്ത്രീകൾക്ക് ഒപ്പമായിരിക്കും താൻ എത്തുക. തിയ്യതി ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്നും തൃപ്തി ദേശായി വെളിപ്പെടുത്തി. അതിനിടെ തൃപ്തി ദേശായി പ്രശ്‌നമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് ബിജെപിയും രംഗത്ത് വന്നു.

സുപ്രീം കോടതി വിധിയിൽ സന്തോഷം. സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ ലഭിച്ചു. അയ്യപ്പഭക്തരുടെ അഭിപ്രായം കൂടെ കേട്ട ശേഷമാണ് കോടതി വിധി. ഇതിന് ശേഷവും സമരം ചെയ്യുന്നത് കോടതിയലക്ഷ്യമാണ്. കേരളത്തിൽ ഇപ്പോൾ സുപ്രീം കോടതി വിധിക്കതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അനാവശ്യമാണ്. ഇത് ഭരണഘടനാ വിരുദ്ധവും സ്ത്രീകളുടെ മൗലികാവകാശങ്ങൾക്ക് എതിരുമാണ്. ഇത്തരം സമരങ്ങൾ എന്തുകൊണ്ട് നടത്തുന്നു എന്ന് കോൺഗ്രസും ബിജെപിയും വ്യക്തമാക്കണം. ശബരിമലയിൽ എത്തുന്ന സ്ത്രീകളെ സ്വാഗതം ചെയ്യുകയാണ് എല്ലാവരും ചെയ്യേണ്ടത്. തൃപ്തി ദേശായി പറഞ്ഞു.

തൃപ്തി ദേശായിയുടേത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള അറിയിച്ചിട്ടുണ്ട്. ഗാന്ധിയൻ രീതിയിൽ തടയുമെന്ന് രാഹുൽ ഈശ്വറും പ്രഖ്യാപിച്ചു. ഇതോടെയാണ് ശബരിമലയിൽ സംഘർഷ സാധ്യത എത്തുന്നത്. വിവിധ ഹൈന്ദവ സംഘടനകളും തൃപ്തിയെ തടയാനുള്ള ഒരുക്കത്തിലാണ്. നിലയ്ക്കലിലും പമ്പയിലും സ്ത്രീകളെ അണിനിരത്തി തടയാനാണ് നീക്കം. എന്നാൽ തൃപ്തി എത്തിയാൽ മതിയായ സുരക്ഷ ഒരുക്കി കടത്തിവിടേണ്ട ബാധ്യത സർക്കാരിനും ഉണ്ട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്. ഈ സാഹചര്യത്തിൽ കരുതലോടെ നീങ്ങാനാണ് പിണറായി വിജയന്റെ തീരുമാനം.

മഹാരാഷ്ട്രയിലെ ശനിശിംഘ്നാപുർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം നേടാനായി നടത്തിയ സമരങ്ങളിലൂടെയാണ് ഭൂമാതാ ബ്രിഗേഡ് എന്ന സ്ത്രീപക്ഷ സംഘടനയും അതിന്റെ നേതാവായ തൃപ്തി ദേശായിയും ദേശീയതലത്തിൽ ശ്രദ്ധ നേടുന്നത്. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ശനിശിംഘ്നാപുർ ക്ഷേത്രം, ഹാജി അലി ദർഗ്ഗ, പൂണെ മഹാലക്ഷ്മി ക്ഷേത്രം എന്നിവിടങ്ങളിൽ സ്ത്രിപ്രവേശനം സാധ്യമാക്കിയ ശേഷമാണ് ഇവർ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ഏറ്റെടുത്തത്.

ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധിയെതുടർന്ന് ബിജെപിയും കോൺഗ്രസും നടത്തുന്ന രാഷ്ട്രീയ നീക്കം പ്രതിരോധിക്കാൻ അണികളെ യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജരാക്കാൻ സിപിഎമ്മും രംഗത്ത് വന്നിരിക്കുന്നു. ഇതിെന്റ ഭാഗമായി ബ്രാഞ്ച് സെക്രട്ടറിമാർ വരെയുള്ളവരുടെയും മുഴുവൻ പാർട്ടിയംഗങ്ങളുടെയും യോഗം വിളിച്ചുചേർക്കും. വിധിയുടെ പശ്ചാത്തലവും സർക്കാർ, സിപിഎം നിലപാടുകൾ വിശദീകരിച്ച് ആരോപണങ്ങളെ പ്രതിരോധിക്കാനും വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.

ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിൽ ചലച്ചിത്ര താരം കൊല്ലം തുളസിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സ്ത്രീകളെ അധിക്ഷേപിക്കൽ, മതസ്പർദ്ധ വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. പരാമർശത്തിൽ മാപ്പ് അപേക്ഷയുമായി കൊല്ലം തുളസി രംഗത്തെത്തിയിരുന്നു. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാർ ശുഭന്മാരാണെന്നും സുപ്രീംകോടതി വിധിയുടെ ബലത്തിൽ ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമാണ് എൻഡിഎ സംഘടിപ്പിച്ച ശബരിമല സംരക്ഷണറാലിയിൽ പങ്കെടുത്തു കൊണ്ട് കൊല്ലം തുളസി പറഞ്ഞത്.

തുളസിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ വനിതാ കമ്മീഷൻ അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു പിന്നാലെ തുളസിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് പൊലീസിനും പരാതി ലഭിച്ചിട്ടുണ്ടായിരുന്നു. ഈ പരാതിയിലാണ് ഇപ്പോൾ കേസെടുത്തത്. ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റിംയഗം രതീഷാണ് നടനെതിരെ ചവറ പൊലിസിൽ പരാതി നൽകിയത്. ഇത്തരം പ്രസ്താവനകൾ സംഘർഷത്തിന് വിത്തുപാകലാണെന്ന് സർക്കാരും പൊലീസും വിലയിരുത്തുന്നു. അതിനിടെയാണ് ശബരിമലയിൽ ദർശനത്തിന് എത്തുമെന്ന് തൃപ്തി ദേശായി തന്നെ പ്രഖ്യാപിക്കുന്നതും.

തൃപ്തി ദേശായി

ലിംഗവിവേചനത്തിനെതിരെ പോരാടുന്ന തൃപ്തി ദേശായി ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ്. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദർഗ, ത്രൈയംബകേശ്വർ ക്ഷേത്രം, ശനി ശിംഘനാപൂർ ക്ഷേത്രം എന്നിവിടങ്ങളിൽ സ്ത്രീകളോടൊപ്പം ഇവർ പ്രവേശിച്ചിരുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തൃപ്തി നേരത്തേ സ്വാഗതം ചെയ്തിരുന്നു

കോടതി വിധിയുമായിതന്നെ തങ്ങൾ മുന്നോട്ടുപോകുമെന്നുതന്നെയാണ തൃപ്തി ദേശായി ഉറപ്പിച്ചുപറയുന്നത്. ഭീഷണികളെ ഭയമില്ലെന്നാണ് അവർ പറയുന്നത്. ഭീഷണികൾക്ക് മുന്നിൽ പതറുന്ന ആളല്ല താൻ. ശബരിമലയിൽ കയറുമെന്ന് പറഞ്ഞതിന് ശേഷം കേരളത്തിൽ നിന്നുൾപ്പെടെ നിരവധി ഭീഷണി ഫോൺ കോളുകളും, സന്ദേശങ്ങളും വന്നിട്ടുണ്ട്. സൈബറിടത്തിലും വലിയതോതിൽ കാമ്പെയിൻ നടക്കുകയാണെന്നറിയാം. വന്നാൽ, മർദ്ദിക്കുമെന്നും തല്ലുമെന്നും കൊല്ലുമെന്നും അങ്ങനെ പലതരത്തിൽ. പക്ഷേ, അവിടെ കയറിക്കോളാൻ അനുവാദം തന്നത് സുപ്രീംകോടതിയാണ്. ശബരിമല ആരുടെയും പിതൃസ്വത്തല്ല. തങ്ങളെ സുരക്ഷിതമായി ശബരിമലയിൽ എത്തിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, ഉറപ്പായിട്ടും വരുംമെന്നുമാണ് തൃപ്തി ദേശായി പ്രഖ്യാപിച്ചിരിക്കുന്നത്.

17 ന് ശേഷമായിരിക്കും തൃപ്തി ദേശായി ശബരിമലയിലേക്ക് വരുന്നതെന്നാണ് സൂചന. ഇപ്പോൾ മഹാരാഷ്ട്രയിൽ, മഹാലക്ഷ്മി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു പ്രക്ഷോഭത്തിലാണ്. അത് തീർപ്പായാലുടൻ ശബരിമലയിൽ എത്തുന്ന തീയതി തീരുമാനിക്കും. മണ്ഡലകാലം തീരുംമുമ്പ് വരും മുമ്പ് വരുമെന്നും അവർ പറയുന്നു.

ഇന്ത്യയിലെ പ്രശസ്ത ലിംഗസമത്വ പ്രവർത്തകയും ഭൂമാത റാൻ രാഗിണി (ഭൂമാതാ ബ്രിഗേഡ്) എന്ന പ്രസ്ഥാനത്തിന്റെ (2010) സ്ഥാപകയുമാണ്. കർണാടകയിലെ നിപാൻ താലൂക്കിൽ ജനനം. 2003ൽ ചേരിനിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ക്രാന്തിവീർ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെ പൊതുപ്രവർത്തനത്തിന് തുടക്കം. ഭർത്താവ് പ്രശാന്ത് ദേശായി. ഒരു മകൻ. തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടങ്ങൾക്കൊടുവിലാണ് മഹാരാഷ്ട്രയിലെ ശനി ശിംഘ്‌നാപുർ ക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വർ ജ്യോതിർലിംഗ ക്ഷേത്രം, ഹാജി അലിദർഗ എന്നിവിടങ്ങളിൽ സ്ത്രീപ്രവേശനം ഉറപ്പാക്കാനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP