Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരീശ ദർശനത്തിനായി എത്തിയ യുവതി മല ചവിട്ടാതെ പിന്മാറി; പമ്പയിൽ എത്തിയത് ഭർത്താവിന്റെ നിർബന്ധം മൂലം; പിന്മാറ്റം ഭക്തരുടെ ശക്തമായ നാമജപപ്രതിഷേധത്തെ തുടർന്ന്; യുവതി സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്‌പി രാഹുൽ.ആർ.നായർ; സന്നിധാനത്ത് ചിത്തിര ആട്ടവിശേഷത്തിന് എല്ലാ വർഷവും എത്തുന്നതിന്റെ ഇരട്ടിയിലധികം ഭക്തർ; ഇലവുങ്കൽ മുതൽ സന്നിധാനം വരെ കനത്ത സുരക്ഷ; 144 പ്രഖ്യാപിച്ചിട്ടും ഭക്തജന പ്രവാഹം

ശബരീശ ദർശനത്തിനായി എത്തിയ യുവതി മല ചവിട്ടാതെ പിന്മാറി; പമ്പയിൽ എത്തിയത് ഭർത്താവിന്റെ നിർബന്ധം മൂലം; പിന്മാറ്റം ഭക്തരുടെ ശക്തമായ നാമജപപ്രതിഷേധത്തെ തുടർന്ന്; യുവതി സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് എസ്‌പി രാഹുൽ.ആർ.നായർ; സന്നിധാനത്ത് ചിത്തിര ആട്ടവിശേഷത്തിന് എല്ലാ വർഷവും എത്തുന്നതിന്റെ ഇരട്ടിയിലധികം ഭക്തർ; ഇലവുങ്കൽ മുതൽ സന്നിധാനം വരെ കനത്ത സുരക്ഷ; 144 പ്രഖ്യാപിച്ചിട്ടും ഭക്തജന പ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ശബരിമലയിൽ ആട്ടവിശേഷത്തിന് നട തുറന്നതിന് പിന്നാലെ ദർശനത്തിനായി എത്തിയ യുവതി മടങ്ങാൻ തീരുമാനിച്ചു. ചേർത്തല സ്വദേശി അഞ്ജു, ഭർത്താവിനും കുട്ടികൾക്കും മല കയറാനെത്തിയെങ്കിലും പൊലീസുമായുള്ള ചർച്ചയ്ക്കുശേഷം മടങ്ങാൻ തീരുമാനിച്ചു. യുവതി എത്തിയെന്നറിഞ്ഞു പമ്പ ഗണപതിക്ഷേത്രത്തിൽ ഭക്തർ നാമജപ പ്രാർത്ഥനയിലാണ്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പടെയുള്ള ഭക്തരാണു നാമജപം നടത്തിയത്. യുവതി മല കയറുന്നില്ലെന്നു തീരുമാനിച്ചതായി എസ്‌പി രാഹുൽ ആർ.നായർ അറിയിച്ചു. യുവതി സുരക്ഷ ആവശ്യപ്പെട്ടില്ലെന്നും അതിനാൽ സുരക്ഷ നൽകേണ്ടതില്ലെന്നും എസ്‌പി വ്യക്തമാക്കി.

ചേർത്തല സ്വദേശിനിയായ അഞ്ജു എന്ന 25വയസ്സുകാരിയാണ് ദർശനത്തിന് അനുവാദം തേടി എത്തിയത്. ഇതിന് സുരക്ഷ ഒരുക്കണമെന്ന് യുവതി പൊലീസിനോട് ആവശ്യപ്പെട്ടു. ഭർത്താവിനും രണ്ട് കുട്ടികൾക്കും ഒപ്പമാണ് യുവതി എത്തിയത്. പമ്പയിലേക്ക് എത്തിയ ഇവരെ ശരണം വിളിച്ചുകൊണ്ട് ഭകതർ പ്രതിഷേധമറിയിച്ചതോടെയാണ് മടങ്ങാൻ തീരുമാനിച്ചത്. യുവതി പിന്മാറാൻ തയ്യാറായെങ്കിലും ആദ്യം ഭർത്താവ് വഴങ്ങിയിരുന്നില്ല. പിന്നീട് മടങ്ങുന്നതാണ് ഉചിതമെന്ന് തീരുമാനിക്കുകയായിരുന്നു.

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട വൈകുന്നേരം അഞ്ച് മണിയോടെയാണ് മേൽശാന്തി തുറന്നത്. കനത്ത സുരക്ഷയുടെ നടുവിലാണ് ഇന്ന് നട തുറന്നത്. ഇന്ന് പ്രത്യേക പരിപാടികൾ ഒന്നും തന്നെ ഇല്ല. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടച്ചു.
കവടിയാർ കൊട്ടാരത്തിൽ നിന്നും എത്തിക്കുന്ന പ്രത്യേക നെയ് ഉപയോഗിച്ചുള്ള അഭിഷേകം ഉണ്ടാകും. കനത്ത സുരക്ഷയാണ് സന്നിധാനത്തും പരിസരത്തും ഒരുക്കിയിട്ടുള്ളത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

കനത്ത സുരക്ഷയിലാണ് ശബരിമല നട തുറന്നിരിക്കുന്നത്. ഇന്ന് ദർശനം നടത്താൻ സാധാരണ ചിത്തിര ആട്ടവിശേഷത്തിന് എത്തുന്നതിൽ പതിന്മടങ്ങ് ഭക്തരാണ് എത്തിയിട്ടുള്ളത്. കനത്ത സുരക്ഷാ പരിശോധനകൾക്ക് ഒടുവിലാണ് ഭക്തജനങ്ങളെ സ്‌നിധാനത്തേക്ക് കയറ്റി വിടുന്നത്. ഇവിടെ അധികം നേരം തങ്ങുന്നതിനും പൊലീസിന്റെ വിലക്കുണ്ട്. എന്നാൽ നെയ്യഭിഷേകം നാളെ രാവിലെ മാത്രമെ നടക്കുകയുള്ളു അതുകൊണ്ട് തന്നെ ഇന്ന് ഇവർക്ക് അവിടെ തങ്ങേണ്ട അവസ്ഥയുണ്ട്. എന്നാൽ അതിന് വേണ്ട ഒരു സൗകര്യങ്ങളും ഒരുക്കിയിട്ടില്ല.

ഇവർക്ക് വിരി വയ്ക്കാനോ സന്നിധാനത്ത് തങ്ങാനോ സൗകര്യം ഒരുക്കിയിട്ടില്ല. ഈ മേഖലകളിലെല്ലാം തന്നെ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെറിയ കാര്യങ്ങൾ പോലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ബിജെപി നേതാക്കളായ കെ സുരേന്ദ്രൻ, എംടി രമേശ് തുടങ്ങിയവരും സന്നിധാനത്ത് എത്തിയിട്ടുണ്ട്. എന്നാൽ ഇവർക്ക് എത്രനേരം അവിടെ തുടരാൻ കഴിയും എന്നതിലും സ്ഥിരീകരണം വരേണ്ടതുണ്ട്. കനത്ത സുരക്ഷയിൽ ജാമർ ഉൾപ്പടെ സ്ഥാപിച്ചാണ് പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. പൊലീസ് സുരക്ഷ ഒരുക്കുന്നുണ്ടെങ്കിലും സന്നിധാനത്ത് യുവതികളെത്തിയാൽ എന്ത് വിലകൊടുത്തും തടയും എന്ന നിലപാടിലാണ് ബിജെപി നേതാക്കൾ.ബിജെപി നേതാക്കൾക്ക് പുറമെ രാഹുൽ ഈശ്വർ, അയ്യപ്പ സേവ സംഘം എന്നിവരെല്ലാം തന്നെ സന്നിധാനത്ത് എത്തിയിട്ടുണ്ട്.

ശബരിമലയിൽ യാതൊരു നിയന്ത്രണങ്ങളും പൊലീസ് ഏർപ്പെടുത്തിയിട്ടില്ലെന്ന് ഐ.ജി എം.ആർ അജിത് കുമാർ. എന്നാൽ, സുരക്ഷ ഉറപ്പാക്കുക പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.'ഭക്തർക്ക് സുഗമമായി ദർശനം നടത്താനുള്ള എല്ലാ സൗകര്യങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും സന്നിധാനത്തുമായി 1000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്' - സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ഐ.ജി പറഞ്ഞു.

നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ മൂന്ന് ദിവസത്തേക്ക് തുടരുമെന്നും ഐജി അറിയിച്ചു. സന്നിധാന പരിസരത്തെ ഗസ്റ്റ് ഹൗസുകൾ ഉൾപ്പെടെ അടപ്പിച്ചത് പൊലീസാണെന്നും അത് സംഘപരിവാർ സംഘടനാ പ്രവർത്തകരെ നിയന്ത്രിക്കാനാണെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP