Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പൂർണ ആരോഗ്യവാനായ ശബരി ബാഡ്മിന്റൺ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചത് എങ്ങനെ? ഒരു ദുശ്ശീലവുമില്ലാത്ത വ്യായാമം ദിനചര്യയാക്കിയ നടന് എന്താണ് പറ്റിയത്? കായികാധ്വാനവും ഹൃദയാഘാതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? സഡൻ അറ്റാക്കുകളിൽ മരണം ഒഴിവാക്കാൻ വിദേശ രാജ്യങ്ങളേതുപോലുള്ള രീതി കേരളവും സ്വീകരിക്കേണ്ടേ; സംവിധായകൻ പത്മരാജൻ ഉറക്കത്തിനിടെ മരിച്ചതും ഇതേ പ്രായത്തിൽ; നടൻ ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗം ഉയർത്തുന്ന ആരോഗ്യചിന്തകൾ

പൂർണ ആരോഗ്യവാനായ ശബരി ബാഡ്മിന്റൺ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചത് എങ്ങനെ? ഒരു ദുശ്ശീലവുമില്ലാത്ത വ്യായാമം ദിനചര്യയാക്കിയ നടന് എന്താണ് പറ്റിയത്? കായികാധ്വാനവും ഹൃദയാഘാതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? സഡൻ അറ്റാക്കുകളിൽ മരണം ഒഴിവാക്കാൻ വിദേശ രാജ്യങ്ങളേതുപോലുള്ള രീതി കേരളവും സ്വീകരിക്കേണ്ടേ; സംവിധായകൻ പത്മരാജൻ ഉറക്കത്തിനിടെ മരിച്ചതും ഇതേ പ്രായത്തിൽ; നടൻ ശബരീനാഥിന്റെ അപ്രതീക്ഷിത വിയോഗം ഉയർത്തുന്ന ആരോഗ്യചിന്തകൾ

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: ഒരു കുഴപ്പവുമില്ലാത്ത ഒരു ചെറുപ്പക്കാരൻ ബാഡ്മിൻൺ കളിച്ചുകൊണ്ടിരിക്കേ പൊടുന്നനേ കുഴഞ്ഞു വീണ് മരിക്കുക. നടൻ ശബരീനാഥിന്റെ (45) മരണം സഡൻ അറ്റാക്ക് എന്ന നിശബ്ദ കൊലയാളിയെക്കുറിച്ചുള്ള വലിയ ചർച്ചകളും സോഷ്യൽ മീഡിയയിൽ അടക്കം ഉയർത്തുകയാണ്. ഒരു ദുഃശീലവുമില്ലാത്ത, വ്യായാമം ദിനചര്യയായി കൊണ്ട് നടന്നിരുന്ന നടൻ ശബരിനാഥിന്റെ വിയോഗം സീരിയൽ- സിനിമാ മേഖലയ്ക്ക് മാത്രമല്ല, ആ മുഖം പരിചിതമായവർക്കെല്ലാം വലിയ ഞെട്ടലാണുണ്ടാക്കിയത്. മരണമെന്ന നീതിയില്ലാ രാക്ഷസൻ ഹൃദയാഘാതത്തിന്റെ രൂപത്തിൽ ശബരിയെ കൊണ്ടുപോയി എന്ന് സുഹൃത്തുക്കളെല്ലാവരും വേദനയോടെ പറയുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവർക്ക് സംഭവിക്കുന്ന പെട്ടെന്നുള്ള മരണം ആർക്കും ഉൾക്കൊള്ളാനാവുന്നില്ല. പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതത്തെ നേരിടായൻ യാതൊരു സംവിധാനവും പൊതുവെ ആരോഗ്യബോധം കൂടുതലുള്ള നമ്മുടെ നാട്ടിൽ ഒട്ടും ഇല്ല എന്നും ചർച്ചയിൽ പങ്കെടുത്ത് പ്രമുഖ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇതോടൊപ്പം തന്നെ ചർച്ചയാവുന്ന മറ്റൊരു വിഷയം കൂടിയുണ്ട്. ബാഡ്മിന്റൺ കളിക്കിടെയാണ് ശബരീനാഥിന് കാർഡിയാക് അറസ്റ്റ് സംഭവിച്ചത് എന്നത്. ബാഡ്മിന്റണും കാർഡിയാക് അറസ്റ്റും തമ്മിൽ ബന്ധമില്ലെങ്കിലും കായികാധ്വാനവും ഹൃദയാഘാതവും തമ്മിൽ ബന്ധമുണ്ട് എന്നതൊരു മെഡിക്കൽ യാഥാർഥ്യമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. വളരെ പ്രശസ്തരായ കായികതാരങ്ങൾക്കൊക്കെ സംഭവിച്ചിട്ടുണ്ട് ഇതുപോലുള്ള മരണം. കായികവിനോദത്തിനിടെ കുഴഞ്ഞുവീണ്, സംഭവിച്ചതെന്തെന്ന് പരിസരത്ത് നിന്ന ആൾക്ക് ഓർത്തെടുക്കാൻ പോലും സമയം കിട്ടാതെ മരണം സംഭവിക്കാറുണ്ട്. പ്രത്യേകിച്ച് ഈ അടുത്തിടെ ഇത്തരം നിരവധി കേസുകൾ വരുന്നുണ്ട്.

ഓർമ്മയിൽ പത്മരാജന്റെ മരണവും

45ാമത്തെ വയസ്സിലായിരുന്നു സംവിധായകൻ പത്മരാജൻ എന്ന അതുല്യ പ്രതിഭയുടെയും മരണം. കോഴിക്കോട് 'ഞാൻ ഗന്ധർവൻ' സിനിമയുടെ പ്രമോഷനായി എത്തിയ അദ്ദേഹത്തിന് ഉറക്കത്തിനിടെ ഹൃദയാഘാതം വരികയായിരുന്നു. പപ്പേട്ടന്റെ ഒരു സഹോദരനും എതാണ്ട് ഒരേ പ്രായം എത്തിയപ്പോഴാണ് ഹൃദയാഘാതം വന്ന് മരിച്ചത്. അതുകൊണ്ടുതന്നെ പാരമ്പര്യമായി കുടുംബത്തിൽ ഇത്തരം ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കണമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

25നും 30ഉം പ്രായത്തിനിടെ മരണത്തിനു കീഴടങ്ങുന്നവർ നിരവധി. ഇത്തരം മരണങ്ങൾക്ക് പിന്നിൽ ചില കാരണങ്ങളുണ്ടെന്ന് എറണാകുളം ലിസി ആശുപത്രിയിലെ കാർഡിയോളജി സീനിയർ കൺസൽട്ടന്റ് ഡോ.ജാബിർ അബ്ദുള്ളക്കുട്ടി ഒരു ഓൺലൈൻ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരു സാഹചര്യം എന്നു പറയുന്നത് ഹൃദയത്തിന്റെ മസിൽ ഭിത്തികൾക്ക് കനം കൂടുതലുള്ളതാണ്. ഇത്തരക്കാർക്ക് മറ്റ് ലക്ഷണങ്ങളോ അസ്വസ്ഥതകളോ ഒന്നും കാണില്ല. ചിലപ്പോൾ അത്തരം ഫാമിലി ഹിസ്റ്ററി ഒക്കെയുണ്ടാവാം. പാരമ്പര്യമായി ഹൃദ്രോഗം കാണപ്പെടുന്നുണ്ട്.

അത്തരക്കാർ അപ്പോഴും അതൊന്നും തിരിച്ചറിയപ്പെടാൻ പറ്റാത്ത സാഹചര്യം കാണും. രണ്ടാമത്തെ കാര്യം ഹൃദയത്തിന്റെ ഇലക്ട്രിക്കൽ സംവിധാനത്തിൽ വരുന്ന താളപ്പിഴകൾ. ആദ്യ ലക്ഷണം കാർഡിയാക് അറസ്റ്റും മരണവും തന്നെ.യാതൊരു മുന്നറിയിപ്പുമില്ലാതെ ഹൃദയത്തിന്റെ ഇടിപ്പ് വർധിക്കുകയോ താളമാറ്റം സംഭവിക്കുകയോ നിലച്ച് പോവുകയോചെയ്തേക്കും. അപൂർവമായ സാഹചര്യമാണിത്. അയോൺ ചാനലുകളിൽ വരുന്ന വ്യത്യാസമനുസരിച്ച് ഇലക്ടിക്കൽ കറന്റ് കൃത്യമായ താളത്തിലടെ സഞ്ചരിക്കുമ്പോഴാണ് ഹൃദയം ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നത്. വളരെ ചെറുപ്പക്കാർക്ക് വരെ വരാം ഈ സാഹചര്യം. വെൻട്രിക്കുലാർ ഫെബ്രുിലേഷൻ എന്നറിയപ്പെടുന്ന ഈ അവസ്ഥയിൽ 5 മിനിറ്റിൽ കൂടുതൽ തലച്ചോറിലേക്ക് രക്തം എത്താതെ വന്നാൽ ആളു മരിക്കും. ആളറിഞ്ഞ് ഓടിക്കൂടി എത്തുമ്പോഴേക്ക് എല്ലാം കഴിഞ്ഞിരിക്കും..

വിദേശ രാജ്യങ്ങളെ മാതൃകയാക്കാം

ഈ സാഹചര്യങ്ങൾക്ക് ഒരു പരിഹാരം കൂടി പറയുകയാണ് ഡോക്ടർ. പൊതുഇടങ്ങളിൽ ആളുകൂടൂന്ന സ്ഥലങ്ങളിലെല്ലാം ഡിഫെബ്രുിലേറ്റർ എന്ന ഉപകരണം വയ്ക്കുക എന്നതാണ് ഒരേയൊരു പരിഹാരം. മെഷീനിന്റെ സഹായത്തോടെ ഹൃദയത്തിന് ഷോക്ക് അല്ലെങ്കിൽ ഇലക്ട്രിക് പൾസ് നൽകി സാധാരണ നിലയിലാക്കുക എന്നതാണ് ലക്ഷ്യം. അത് മാത്രം പോരാ, കാർഡിയാക് അറസ്റ്റാണോ എന്ന് തിരിച്ചറിയാനുള്ള അവബോധം കൂടി പൊതുജനങ്ങൾക്ക് നൽകണം. വിദേശരാജ്യങ്ങളിലെല്ലാം വിമാനത്താവളങ്ങൾ,തിയേറ്റർ, മൈതാനങ്ങൾ. അങ്ങനെ പൊതുഇടങ്ങളിലെല്ലാം ഓട്ടോമാറ്റിക് എക്സ്റ്റേണൽ ഡിഫെബ്രുലേറ്റർ ഉണ്ട്.അഞ്ചുപേർക്കു കാർഡിയാക് അറസ്റ്റ് വരുമ്പോൾ 3 പേരെയെങ്കിലും രക്ഷിക്കാമല്ലോ. അതിനുള്ള ട്രെയിനിങ് സന്നദ്ധരായ ആളുകൾക്കും സംഘടനകൾക്കും എല്ലാം നൽകണം. സിപിആർ ലൂടെയല്ലാതെ കാർഡിയാക് അറസ്റ്റ് വന്ന ഒരു വ്യക്തിയെ രക്ഷിക്കാൻ പറ്റില്ലെന്നതും മറ്റൊരു സത്യം.
ഏതായാലും ബാഡ്മിന്റൺ കളിക്കിടെയിലും കായിക വിനോദങ്ങൾക്കിടെയിലും സംഭവിക്കുന്ന മരണങ്ങൾ ചർച്ചയാകുമ്പോൾ മനസ്സിലാക്കേണ്ടത് ഇത്തരം യാഥാർത്ഥ്യങ്ങളാണ്. പ്രശ്നം കായിക വിനോദങ്ങളുടേതല്ല. ഒളിഞ്ഞിരിക്കുന്ന മറ്റ് രോഗസാഹചര്യങ്ങളാവും എന്ന്. വ്യായാമം ദിനചര്യയാക്കിയവരുടെയും പൂർണ ആരോഗ്യവാന്മാരെന്ന് ബോധ്യമുള്ളവരുടെയും ഹൃദയത്തിന് വേണം കൃത്യമായ പരിശോധനയും ചികിത്സയും.

പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ നമ്മുടെ നാട്ടിൽ ഇത്തരം ഒരു സംവിധാനവുമില്ല. ഹൃദായഘാതം വന്നാൽ സിപിആർ പോലും നൽകാൻ അറിയുന്നവർ വളരെ കുറവാണ്. 'മഹേഷിന്റെ പ്രതികാരം' സിനിമയിൽ കണ്ടതുപോലെ നെഞ്ച് അടിച്ചുപൊളിക്കാനല്ലാതെ ശാസ്ത്രീയ രീതി അറിയുന്നവർ കുറവ്. നമ്മുടെ പാഠ്യപദ്ധതിയിലും ഇത്തരം ഒരു കാര്യവും ഉൾപ്പെടുത്തിയിട്ടില്ല.

ജനപ്രിയ സീരിയലുകളിലുടെ പ്രിയങ്കരൻ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയിൽ ശബരി അഭിനയിച്ചു വരികയായിരുന്നു ശബരിനാഥിനെ മരണം കവർന്നത്. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹ നിർമ്മാതാവ് ആയിരുന്നു.സ്വാമി അയ്യപ്പൻ, സ്ത്രീപഥംഎന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്ത്യം. അരുവിക്കരയിലെ വീടിന് സമീപം ഷട്ടിൽ കളിക്കുന്നതിനിടയിലാണ് നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഴഞ്ഞു വീഴുകയായിരുന്നു.മൂക്കിൽനിന്നും ചോര വാർന്ന ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ്. മിനിസ്‌ക്രീനിൽ വളരെ സജീവമായിരുന്ന ശബരിനാഥ് തന്റെ സീരിയൽ വിശേഷങ്ങളും വാഹനത്തോടുള്ള ഭ്രമവുമൊക്കെ തുറന്ന് സംസാരിക്കാറുണ്ടായിരുന്നു. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഒടുവിലായി ശബരിനാഥ് അഭിനയിച്ചു വന്നിരുന്നത്. പ്രിയനടന്റെ വിയോഗ വാർത്തയിൽ നിരവധി സിനിമാ സീരിയൽ താരങ്ങളാണ് അനുശോചനം രേഖപ്പെടുത്തിയത്. സീരിയൽ താരങ്ങളുടെ സംഘടന ആത്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു ശബരി.അച്ഛൻ: പരേതനായ ജി.രവീന്ദ്രൻനായർ, അമ്മ: പി.തങ്കമണി. ഭാര്യ: ശാന്തി (ചൊവ്വര കിങ് ശിവ ആയുർവേദ സെന്റർ). മക്കൾ : ഭാഗ്യ.എസ്.നാഥ്, ഭൂമിക .എസ്. നാഥ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP