Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിനു തടസമായ ക്രയോജനിക് എൻജിനിലെ തകരാർ പരിഹരിച്ചത് മെക്കാനിക്കൽ എൻജിനീയറിങ് വിദഗ്ധനായ കൊല്ലം ടികെഎം. കോളേജിലെ പഴയ മിടുക്കൻ; വിക്ഷേപണ വാഹനങ്ങളുടെ രൂപകൽപ്പനയിൽ നൽകിയ നിർണായകമായ സംഭാവനകളിലൂടെ ഇന്ത്യ കുതിച്ചത് ബഹിരാകാശത്തെ അത്ഭുതങ്ങളിലേക്ക്; ചാന്ദ്രയാന് മൂന്നിന് ചുക്കാൻ പിടിക്കുക മലയാളി; ശിവൻ സ്ഥാനമൊഴിയുമ്പോൾ ഇസ്രോയെ നയിക്കാൻ തുറവൂരുകാരൻ എസ് സോമനാഥ്

ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിനു തടസമായ ക്രയോജനിക് എൻജിനിലെ തകരാർ പരിഹരിച്ചത് മെക്കാനിക്കൽ എൻജിനീയറിങ് വിദഗ്ധനായ കൊല്ലം ടികെഎം. കോളേജിലെ പഴയ മിടുക്കൻ; വിക്ഷേപണ വാഹനങ്ങളുടെ രൂപകൽപ്പനയിൽ നൽകിയ നിർണായകമായ സംഭാവനകളിലൂടെ ഇന്ത്യ കുതിച്ചത് ബഹിരാകാശത്തെ അത്ഭുതങ്ങളിലേക്ക്; ചാന്ദ്രയാന് മൂന്നിന് ചുക്കാൻ പിടിക്കുക മലയാളി; ശിവൻ സ്ഥാനമൊഴിയുമ്പോൾ ഇസ്രോയെ നയിക്കാൻ തുറവൂരുകാരൻ എസ് സോമനാഥ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും ഒരു മലയാളി എത്താൻ സാധ്യത. വി എസ്.എസ്.സി(വിക്രം സാരാഭായി സ്പേസ് സെന്റർ) മേധാവിയായ എസ്.സോമനാഥിന്റെ പേര് ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ എസ് സോമനാഥിന് സെക്രട്ടറിക്ക് തുല്യമായ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയതാണ് ഇതിന് കാരണം. തമിഴ്‌നാട് സ്വദേശിയായ കെ.ശിവനാണ് നിലവിലെ ഐഎസ്ആർഒ ചെയർമാൻ. മലയാളികളായ ജി.മാധവൻ നായർ, കെ രാധാകൃഷ്ണൻ തുടങ്ങിയവരാണ് മുമ്പ് ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തെത്തിയ മലയാളികൾ.

ഡയറക്ടർ തസ്തികയിലുള്ള സോമനാഥിന് ജനുവരി ഒന്ന് മുതൽ അപെക്‌സ് സ്‌കെയിൽ സ്ഥാനം നൽകിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ സർവ്വീസിലെ സെക്രട്ടറിതല സ്ഥാനമാണ് ഇപ്പോൾ സോമനാഥിന് ലഭിച്ചിരിക്കുന്നത്. ഇസ്രൊ ചെയർമാനും കേന്ദ്ര സർക്കാരിൽ സെക്രട്ടറിതല തസ്തികയാണ്. ഇതോട് കൂടിയാണ് ഡോ ശിവൻ വിരമിക്കുമ്പോൾ എസ് സോമനാഥ് ഇസ്രൊ ചെയർമാനാകാനുള്ള സാധ്യത തെളിഞ്ഞത്. ഡോ കെ ശിവൻ 2021 ഫെബ്രുവരിയിൽ സ്ഥാനമൊഴിയുമ്പോൾ എസ് സോമനാഥ് ചെയർമാനാവുമെന്നാണ് സൂചന. സോമനാഥ് 2018 ജനുവരിയിലാണ് വി എസ്എസ്സി ഡയറക്ടറാകുന്നത്. അന്നത്തെ ഡയറക്ടറായിരുന്ന ഡോ കെ ശിവൻ ഇസ്രൊ ചെയർമാനായി ചുമതലയേറ്റപ്പോഴാണ് സോമനാഥ് വി എസ്എസ്‌സി ഡയറക്ടറാകുന്നത്.

ഇന്ത്യയുടെ അടുത്ത ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്നിന് ചുക്കാൻ പിടിക്കുന്നത് സോമനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബഹിരാകാശ രംഗത്ത് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നയാളാണ് ഡോ എസ് സോമനാഥ്. ബഹിരാകാശ രംഗത്ത് പൊതു സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കണമെന്ന പക്ഷക്കാരനുമാണ്. 1985 മുതൽ തിരുവനന്തപുരം വി എസ്എസ്‌സിയുമായി ചേർന്ന പ്രവർത്തിക്കുകയാണ് എസ് സോമനാഥ്. 2018 ജനുവരിയിലാണ് വി എസ്എസ്‌സി ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചത്. ലിക്വഡ് പ്രോപ്പൾഷൻ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായും അദ്ദഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. വിക്ഷേപണ വാഹനങ്ങളുടെ രൂപകൽപ്പനയിൽ നിർണായകമായ സംഭാവനകളാണ് എസ് സോമനാഥ് നൽകിയിരിക്കുന്നത്. എയ്റോസ്പേസ് എഞ്ചിനീയറും റോക്കറ്റ് ടെക്നോളജിസ്റ്റുമാണ് എസ്. സോമനാഥ്.

ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിനു തടസമായ ക്രയോജനിക് എൻജിനിലെ തകരാർ പരിഹരിച്ചത് മെക്കാനിക്കൽ എൻജിനീയറിങ് വിദഗ്ധനായ ഡോ. സോമനാഥാണ്. നിലവിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടറാണ്. തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഐ.എസ്.ആർ.ഒ യുടെ ലോഞ്ച് വെഹിക്കിൾ സിസ്റ്റംസ് എഞ്ചിനീയറിങ്, സ്ട്രക്ചറൽ ഡിസൈൻ, സ്ട്രക്ചറൽ ഡൈനാമിക്‌സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.

കൊല്ലത്തെ ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടി. അതിന് ശേഷം സോമനാഥ് 1985 ൽ വി എസ്എസ് എസിയിൽ ചേരുകയും പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) പദ്ധതിയുടെ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങളിൽ ഭാഗമാവുകയും ചെയ്തു. 2015 ജൂണിൽ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (എൽപിഎസ്‌സി) ഡയറക്ടറായി ചുമതലയേറ്റ അദ്ദേഹം 2018 ജനുവരി വരെ അവിടെ സേവനമനുഷ്ഠിച്ചു. തുടർന്ന് അദ്ദേഹം വി എസ്.എസ്.സി ഡയറക്ടറായി.

ദേശീയ എയറോനോട്ടിക്കൽ പുരസ്‌കാരം ഈ വർഷം കിട്ടയതും ഡോ. എസ് സോമനാഥിനായിരുന്നു. ബഹിരാകാശ ശാസ്ത്ര ഗവേഷണ രംഗത്തെ സംഭാവനകൾ പരിഗണിച്ച് എയ്‌റോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ നൽകുന്നതാണ് പുരസ്‌കാരം . സോമനാഥ് തുറവൂർ സ്വദേശിയാണ്. തുറവൂർ വേടംപറമ്പിൽ അദ്ധ്യാപകനായ ശ്രീധരപ്പണിക്കരുടേയും, തങ്കമ്മയുടേയും മകനാണ്. അരൂർ പള്ളിയറക്കാവ് ക്ഷേത്രത്തിനടുത്തും പിന്നീട് തുറവൂർ വളമംഗലത്തുമായിരുന്നു സോമനാഥിന്റെ കുടുംബം താമസിച്ചിരുന്നത്.

ഭാര്യ വത്സല പൂച്ചാക്കൽ സ്വദേശിനിയാണ്. തിരുവനന്തപുരം ജിഎസ്ടി വകുപ്പിൽ ജോലി ചെയുന്നു. മകൾ മാലികാ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സിനു പഠിക്കുന്നു, മകൻ മാധവും എൻജിനീയറിങ് വിദ്യാർത്ഥിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP