Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നാറിൽ സെന്റിന് മോഹവില അഞ്ച് ലക്ഷം വരെയുള്ള അഞ്ചുസെന്റ് ഭൂമി കോൺഗ്രസ് നേതാവ് അടിച്ചുമാറ്റിയെന്ന് എസ്.രാജേന്ദ്രൻ; ദേവികുളം എംഎൽഎ പ്രതിക്കൂട്ടിൽ നിർത്താൻ നോക്കിയത് കോൺഗ്രസ് നേതാവ് ഡി.കുമാറിനെ; കുമാർ കയ്യേറിയത് തോട്ടം തൊഴിലാളിയായ മാടസ്വാമിയുടെ ഭൂമിയെന്നും എംഎൽഎ; തന്റെ സ്ഥലം തന്റെ കൈയിലുണ്ടെന്നും രാഷ്ട്രീയ വിരോധം തീർക്കാൻ എംഎൽഎ തന്നെ കരുവാക്കിയതെന്നും മാടസ്വാമി; സിപിഎം എംഎൽഎ വീണ്ടും വിവാദത്തിൽ

മൂന്നാറിൽ സെന്റിന് മോഹവില അഞ്ച് ലക്ഷം വരെയുള്ള അഞ്ചുസെന്റ് ഭൂമി കോൺഗ്രസ് നേതാവ് അടിച്ചുമാറ്റിയെന്ന് എസ്.രാജേന്ദ്രൻ; ദേവികുളം എംഎൽഎ പ്രതിക്കൂട്ടിൽ നിർത്താൻ നോക്കിയത് കോൺഗ്രസ് നേതാവ് ഡി.കുമാറിനെ; കുമാർ കയ്യേറിയത് തോട്ടം തൊഴിലാളിയായ മാടസ്വാമിയുടെ ഭൂമിയെന്നും എംഎൽഎ; തന്റെ സ്ഥലം തന്റെ കൈയിലുണ്ടെന്നും രാഷ്ട്രീയ വിരോധം തീർക്കാൻ എംഎൽഎ തന്നെ കരുവാക്കിയതെന്നും മാടസ്വാമി; സിപിഎം എംഎൽഎ വീണ്ടും വിവാദത്തിൽ

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: മൂന്നാറിൽ ഭൂമി കയ്യേറ്റത്തെ ചൊല്ലി സിപിഎം -കോൺഗ്രസ് തർക്കം രൂക്ഷമാകുന്നു. ഭിന്നശേഷിക്കാരനും ഭവനരഹിതനുമായ മാടസ്വാമി എന്നയാളുടെ അഞ്ചുസെന്റ് ഭൂമി കോൺഗ്രസ് നേതാവായ ഡി.കുമാർ കയ്യേറി എന്ന ആരോപണം ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ ഉന്നയിച്ചതോടെയാണ് തർക്കം വിവാദമായത്. നഗര ഹൃദയത്തിലെ അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഭൂമി കോൺഗ്രസ്സ് നേതാവ് ഡി കുമാർ മാടസ്വാമിക്ക് വിട്ടുകൊടുക്കണമെന്നാണ് രാജേന്ദ്രൻ ആവശ്യപ്പെട്ടത്. കയ്യേറ്റ ഭൂമി മാടസ്വാമിക്ക് വിട്ടുകൊടുക്കാൻ കോൺഗ്രസ്സ് നേതൃത്വം ആവശ്യപ്പെടണെമെന്നായിരുന്നു എംഎൽഎയുടെ ഡിമാൻഡ്. എന്നാൽ, തന്റെ സ്ഥലം ഡി.കുമാർ കയ്യേറിയിട്ടില്ലെന്ന് മാടസ്വാമി വ്യക്തമാക്കിയതോടെ രാജേന്ദ്രൻ വെട്ടിലായി. തന്റെ സ്ഥലം തന്റെ കൈവശം തന്നെയാണെന്നും രാഷ്ട്രീയ വിരോധം തീർക്കാൻ രാജേന്ദ്രൻ തന്നെ കരുവാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. തന്റെ സ്ഥലമാണ് ഈ അഞ്ച് സെന്റ് എന്ന് എംഎൽഎ പറഞ്ഞ സ്ഥിതിക്ക് പട്ടയം കിട്ടാൻ വേണ്ട നടപടി എടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് എംഎൽഎ ഇത്തരത്തിൽ ആരോപണമുന്നയിക്കുന്നതെന്നാണ് കോൺഗ്രസ്സ് നേതാവ് ഡി കുമാറിന്റെ പ്രതികരണം. എന്നാൽ, കോൺഗ്രസ്സിലെ രണ്ട് വിഭാഗങ്ങൾ സ്ഥലം കൈയടക്കാൻ ശ്രമം നടത്തുന്നതായി മാടസ്വാമിയാണ് ആരോപിച്ചതെന്നാണ് എസ്.രാജേന്ദ്രൻ പറയുന്നത്. ഡി. കുമാർ സ്ഥലം കൈയടക്കി വച്ചിരിക്കുകയാണെന്ന് ഇയാൾ തന്നെ തന്നോട് പറഞ്ഞിരുന്നതെന്നും രാജേന്ദ്രൻ ന്യായീകരിക്കുന്നു.

കയ്യേറ്റം സംബന്ധിച്ച പരാതികളിൽ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കുന്നില്ല. സ്‌കൂളിന്റെ സ്ഥലം കയ്യേറിയതായി പരാതിപ്പെട്ടിട്ടും ഇതുവരെ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. എംഎൽഎ വ്യക്തമാക്കി. തന്റെ കൈവശത്തിലുള്ള സ്ഥലത്തിന് പട്ടയമില്ലന്നും എം എൽ എ ഇടപെട്ട് പട്ടയം നൽകണമെന്നാണ് മാടസ്വാമി ആവശ്യപ്പെടുന്നതെന്നും ചൂണ്ടിക്കാട്ടിയപ്പോൾ സ്ഥലം തന്റെതാണെന്ന് മാടസ്വാമി തെളിയിക്കട്ടെ എന്നും പിന്നീട് ബാക്കി കാര്യങ്ങൾ നോക്കാമെന്നുമായിരുന്നു എം എൽ എ യുടെ മറുപടി .

മൂന്നാർ പട്ടണത്തിന്റെ ഹൃദയ ഭാഗത്താണ് വിവാദ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ സെന്റിന് മോഹവില 5 ലക്ഷം വരെയാണ്.അടുത്തിടെ എം എൽ എ വീടുമായി ബന്ധപ്പെട്ട് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതായി ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെ അമ്മയും രണ്ട് പെൺകുട്ടികളും മാത്രമുള്ള കുടുംബത്തെ ഭീഷണിപ്പെടുത്തി ഇറക്കിവിടാൻ ശ്രമിക്കുന്നതായുള്ള ആരോപണവും പുറത്തുവന്നിരുന്നു. ഈ രണ്ട് ആരോപണങ്ങളും വാസ്തവ വിരുദ്ധമെന്നായിരുന്നു എം എൽ എ യുടെ നിലപാട്.

ഇതിന് പിന്നാലെയാണ് മാടസ്വാമിയുടെ സ്ഥലത്തെ ചൊല്ലി കോൺഗ്രസ്സിനെതിരെ എം എൽ എ വാർത്താ കുറിപ്പിറക്കിയത്. മാടസ്വാമി തന്നെ രംഗത്തെത്തി നിഷേധിച്ചതോടെ എംഎൽഎ പ്രതിരോധത്തിലുമായ. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ സത്യാവസ്ഥ തെളിയിക്കാൻ താൻ തയ്യാറാണ് . എന്നാൽ എംഎ‍ൽഎ ക്ക് എതിരെ ഉയർന്ന ആരോപണങ്ങളിൽ വസ്തുനിഷ്ഠമായ മറുപടി നൽകാൻ തയ്യാറുണ്ടോ എന്നാണ് ഡി കുമാറിന്റെ വെല്ലുവിളി.

എംഎൽഎയുടെ അനധികൃത വീട്നിർമ്മാണം

അനുമതിയില്ലാതെ എസ് രാജേന്ദ്രൻ എഎൽഎ വീടിന്റെ രണ്ടാംനില നിർമ്മിക്കുന്നുവെന്നായിരുന്നു പരാതി ഉയർന്നത്. മൂന്നാർ ടൗണിന്റെ ഹൃദയഭാഗമായ ഇക്കാ നഗറിലാണ് ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്റെ വീട്. മൂന്നാറിൽ എന്ത് നിർമ്മാണത്തിനും റവന്യൂ വകുപ്പിന്റെ അനുമതി നിർബന്ധമാണ് എന്ന ചട്ടം നിലനിൽക്കെയാണ് എംഎൽഎയുടെ വീടിന് മുകളിൽ രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സമാന രീതിയിൽ രണ്ടാംനില പണിത നിരവധി കെട്ടിടങ്ങൾ അധികൃതർ പൊളിച്ച് നീക്കിയിരുന്നു.

ഇവിടെ പണി നടക്കുന്ന വിവരം ഉദ്യോഗസ്ഥർ അറിഞ്ഞില്ലെന്നത് അവിശ്വസനീയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കെഎസ്ഇബിയുടെ ഭൂമി കയ്യേറിയാണ് എസ് രാജേന്ദ്രൻ വീട് നിർമ്മിച്ചതെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും മഴയിൽ ചോർച്ച ഒഴിവാക്കാൻ വീടിന് മുകളിൽ ഷീറ്റ് മേയാനാണ് നിർമ്മാണമെന്നുമായിരുന്നു എംഎൽഎയുടെ വിശദീകരണം.

രേണു രാജുമായി ഉണ്ടായ തർക്കം

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ദേവികുളം സബ്കളക്ടർ രേണു രാജിനെ കുറിച്ച് മോശമായി സംസാരിച്ചതിനെ തുടർന്ന് പാർട്ടി രാജേന്ദ്രനെതിരെ നടപടി സ്വീകരിച്ചിരുന്ന. രെണു രാജുമായി ഉണ്ടായ പ്രശ്നങ്ങൾ വിവാദമായ സാഹചര്യത്തിലാണ് എംഎൽഎയ്ക്ക് എതിരെ പാർട്ടി നടപടിയെടുത്തത്. രാജേന്ദ്രനെ ജില്ലാ കമ്മിറ്റി ശാസിക്കുകയും പരസ്യ പ്രതികരണങ്ങൾ നടത്തുന്നതിൽ നിന്ന് വിലക്കുകയും ചെയതിരുന്നു. എംഎൽഎയ്ക്ക് എതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾ പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥിരീകരിക്കുകയും ചെയ്തു.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ച എസ്.രാജേന്ദ്രൻ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നായിരുന്നു നതൃത്വത്തിന്റെ വിലയിരുത്തൽ.മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയും റവന്യു മന്ത്രി ചന്ദ്രശേഖരനും എംഎൽഎയ്ക്ക് എതിരെ രംഗത്ത് വന്നിരുന്നു

പഴയ വിവാദം ഇങ്ങനെ

റവന്യൂ വകുപ്പിന്റെ അനുമതി ഇല്ലാതെ പഞ്ചായത്ത് നടത്തുന്ന കെട്ടിടത്തിന് സ്റ്റോപ്പ് മെമോ നൽകിയ സബ് കലക്ടറുടെ നടപടിയാണ് എംഎൽഎയെ ചൊടിപ്പിച്ചത്. ഇതോടെ രേണു രാജിനെ അധിക്ഷേപിച്ചു കൊണ്ട് എംഎൽഎ രംഗത്തെത്തുകയായിരുന്നു.

'ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിട്ടും. അവള് വന്നവൾക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ 'എസ് രാജേന്ദ്രൻ എംഎൽഎ, കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോട് ചോദിച്ചു. പഞ്ചായത്തിന്റെ ഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്നും ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പറഞ്ഞു. പഞ്ചായത്തിന്റെ നിർമ്മാണത്തിന് സ്റ്റോപ്പ് മെമോ നൽകിയ സബ് കളക്ടറെ പൊതുജനമധ്യത്തിൽ വച്ചാണ് എംഎൽഎ അപമാനിച്ചത്.

പഴയ മൂന്നാറിൽ മുതിരപ്പുഴയാറിന് സമീപത്ത് നിർമ്മിക്കുന്ന കെട്ടിടത്തിനാണ് എൻഒസി ഇല്ലെന്ന കാരണത്താൽ റവന്യൂ വകുപ്പ് സ്റ്റോപ് മെമോ നൽകിയത്. കെഡിഎച്ച് കമ്പനി പഞ്ചായത്തിന് വിട്ടു നൽകിയ സ്ഥലത്താണ് ഒരു കോടിയോളം രൂപ മുതൽ മുടക്കി പഞ്ചായത്ത് വനിതാ വ്യാവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്. നിർമ്മാണ പ്രവർത്തനം ആരംഭിച്ച കാലം മുതൽ മുതിരപുഴയാറിന്റ തീരം കയ്യേറിയാണ് നിർമ്മാണം നടത്തുന്നതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകരടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലവിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തി, എൻഒസി വാങ്ങാതെയാണ് കെട്ടിടം നിർമ്മിക്കുന്നതെന്ന് കണ്ടെത്തിയത്.

ഇതേ തുടർന്ന് കെട്ടിട നിർമ്മാണം നിർത്തിവയ്ക്കാൻ ദേവികുളം സബ് കളക്ടർ രേണുരാജ് ഉത്തരവിട്ടു. എന്നാൽ സ്റ്റോപ് മെമോ നൽകിയിട്ടും നിർമ്മാണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർമ്മാണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ അടക്കമുള്ള ജനപ്രതിനിധികൾ പ്രതിഷേധവുമായി രംഗത്തെത്തി. പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിർമ്മാണം നടത്തുന്നതിന്റെ ഉത്തരവാദിത്വം പഞ്ചായത്തിനാണെന്നും ബോധമില്ലാത്ത സബ് കളക്ടർ കാര്യങ്ങൾ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP