Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാതൃകാ സംസ്ഥാനം എന്ന് കേരളത്തെ വാഴ്‌ത്തി റഷ്യൻ ടിവിയും; ജനങ്ങളുടെ ക്ഷേമം പ്രധാന ലക്ഷ്യമാക്കിയ കമ്മ്യൂണിസ്റ്റ് സർക്കാർ‌ ഭരിക്കുന്ന ഭൂപ്രദേശം; രാഷ്ട്രീയത്തെ ഫാന്റസിയായി കാണാതെ ശാസ്ത്രീയമായ രീതികൾ അവലംബിക്കുന്ന ഭരണാധികാരികൾ; സ്ത്രീ ഭൂരിപക്ഷമുള്ള 3.5 കോടി ജനങ്ങളുള്ള നാട്ടിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അന്താരാഷ്ട്ര മാധ്യമങ്ങൾ വാഴ്‌ത്തിപ്പാടുമ്പോൾ ലോകത്തിന് മുന്നിൽ തലയുയർത്തി മലയാളികൾ

മാതൃകാ സംസ്ഥാനം എന്ന് കേരളത്തെ വാഴ്‌ത്തി റഷ്യൻ ടിവിയും; ജനങ്ങളുടെ ക്ഷേമം പ്രധാന ലക്ഷ്യമാക്കിയ കമ്മ്യൂണിസ്റ്റ് സർക്കാർ‌ ഭരിക്കുന്ന ഭൂപ്രദേശം; രാഷ്ട്രീയത്തെ ഫാന്റസിയായി കാണാതെ ശാസ്ത്രീയമായ രീതികൾ അവലംബിക്കുന്ന ഭരണാധികാരികൾ; സ്ത്രീ ഭൂരിപക്ഷമുള്ള 3.5 കോടി ജനങ്ങളുള്ള നാട്ടിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അന്താരാഷ്ട്ര മാധ്യമങ്ങൾ വാഴ്‌ത്തിപ്പാടുമ്പോൾ ലോകത്തിന് മുന്നിൽ തലയുയർത്തി മലയാളികൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ പോസ്റ്റും ദ ഗാർഡിയനും ബി.ബി.സിയും പുകഴ്‌ത്തിയ കേരള മോഡലിനെ വാർത്തയാക്കി റഷ്യൻ ടിവിയും. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് റഷ്യൻ ടെലിവിഷന്റെ റിപ്പോർട്ടിൽ പറയുന്നു. മാതൃക സംസ്ഥാനം എന്ന തലക്കെട്ടോടെയാണ് കേരളത്തെ സംബന്ധിച്ച റിപ്പോർട്ട് ടെലികാസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വിശദമാക്കാൻ എഴുത്തുകാരനും ചരിത്രകാരനുമായ വിജയ് പ്രസാദിനെയാണ് ടെലിവിഷൻ ആശ്രയിച്ചത്.

സ്ത്രീ ഭൂരിപക്ഷമുള്ള 3.5 കോടി ജനങ്ങളുള്ള നാട്ടിലെ കൊവിഡ് പ്രതിരോധം മാതൃകാപരമാണെന്ന് വിജയ് പ്രസാദ് വിശദീകരിക്കുന്നു. ‘ജനസംഖ്യയുടെ പകുതിയിൽ അധികം സ്ത്രീകൾ ഉള്ള നാടാണ് കേരളം. എടുത്തുപറയേണ്ടത് അതിൽ നല്ലൊരു ശതമാനം സ്ത്രീകളും കുടുംബശ്രീ എന്ന കൂട്ടായ്മയുടെ ഭാഗമാണ്. വുഹാനിൽ രോഗം റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ സർക്കാരും ആരോഗ്യമന്ത്രി കെ.കെ ശൈലജയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തുടങ്ങി.’

ട്രേഡ് യൂണിയനുകളും സന്നദ്ധസംഘടനകളും വനിതാ കൂട്ടായ്മകളും ഒരുമിച്ച് രംഗത്തിറങ്ങി. ഫാന്റസിയായി രാഷ്ട്രീയത്തെ കാണുന്നവരല്ല, പകരം ശാസ്ത്രീയമായ രീതികൾ സ്വീകരിക്കുന്നവരാണ് കെ.കെ ശൈലജ അടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർ എന്നും വിജയ് പ്രസാദ് പറയുന്നു. പൊതുജനങ്ങൾക്ക് വൈറസിനെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കിയെടുക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ വേഗത എടുത്ത് പറയേണ്ടതാണ്. അതുകൊണ്ടുതന്നെ രോഗം ബാധിച്ചവരും ജീവഹാനി ഉണ്ടായവരും വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കേരളം ഒരു കമ്യൂണിസ്റ്റ് സർക്കാരാണ് ഭരിക്കുന്നത്. ജനങ്ങളുടെ ക്ഷേമമാണ് പ്രധാന ലക്ഷ്യം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെയോ മറ്റ് സംസ്ഥാനങ്ങളുടെയോ രീതിയല്ല കേരളം ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്’, വിജയ് പ്രസാദ് പറയുന്നു.

ഒരാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത് എന്ന് നിർബന്ധമുള്ള സർക്കാരാണ് കേരളത്തിലുള്ളത്. ഇതിനായി വളരെ ലളിതമായ കാര്യമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ തദ്ദേശസ്ഥാപനങ്ങളും കമ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചു ആലോചിക്കുമ്പോൾ എളുപ്പമായിത്തോന്നാം. പക്ഷേ ലോകത്തൊരിടത്തും ഇങ്ങനെയൊരു ചിന്ത ഒരു ഭരണസംവിധാനത്തിനും തോന്നിയിട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണെന്നും ചാനൽ റിപ്പോർട്ടിൽ പറയുന്നു.

‘മാതൃകാ സംസ്ഥാനം’ എന്നാണ് കേരളത്തെ ചാനൽ വിശേഷിപ്പിച്ചത്. കൊവിഡ് രോഗവ്യാപനത്തിന്റെ ചങ്ങല മുറിക്കാൻ കേരളം തുടക്കം മുതൽ കിണഞ്ഞുപരിശ്രമിച്ചെന്ന് അവതാരക പറയുന്നു. കൊവിഡ് പ്രതിരോധത്തിൽ മെച്ചപ്പെട്ട സംവിധാനങ്ങളുള്ളതും പിന്നോക്കം നിൽക്കുന്നതുമായ സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ടെന്ന് ചാനൽ വിശദീകരിക്കുന്നു. കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ആഗോളതലത്തിൽ നേരത്തെയും ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

വൈറസ് രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ കേരളം കൈക്കൊണ്ട നടപടികളെക്കുറിച്ചായിരുന്നു. 'വർക്ക് ലൈഫ് ഇന്ത്യ' എന്ന ചർച്ചയിൽ ബിബിസി പരാമർശിച്ചത്. കേരളത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തെങ്കിലും അവർക്ക് ഭേദമായെന്നും കൊറോണ, നിപ, സിക. വൈറസുകൾക്കെതിരെ കേരളം കാര്യക്ഷമമായി പ്രവർത്തിച്ചുവെന്നുമാണ് അവതാരക ദേവിന ഗുപ്ത ചൂണ്ടിക്കാട്ടിയത്. ഇതിൽ നിന്ന് എന്താണ് പഠിക്കാനുള്ളതെന്നും അവർ ചർച്ചയിൽ പങ്കെടുത്തവരോട് ചോദിച്ചു.

​കേരളത്തിലെ ആരോഗ്യരംഗം മികച്ചതെന്ന് ഷഹീദ് ജമാൽ

പ്രമുഖ വൈറോളജിസ്റ്റായ ഡോക്ടർ ഷഹീദ് ജമാലാണ് അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകിയത്. കേരളത്തിലെ ആരോഗ്യ മേഖല വളരെ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ വളരെ മികച്ചതാണെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം മികച്ചതാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. ചൈനീസ് മധ്യമപ്രവർത്തക ക്യുയാൻ സുൻ, സുബോധ് റായ്, ഡോ. ഷാഹിദ് ജമാൽ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

കേരളത്തെ വാഴ്‌ത്തി വാഷിങ്ടൺ പോസ്റ്റും

വികസിത രാജ്യങ്ങൾക്ക് പോലും കാലിടറിയ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്റേത് ഫലപ്രദമായ മാതൃകയാണെന്നാണ് വാഷിങ്ടൺ പോസ്റ്റിന്റെ പ്രശംസ. കേരളം കൊവിഡിനെ നേരിടാൻ സ്വീകരിച്ച നടപടികൾ പരമാർശിച്ചാണ് വാഷിങ്ടൺ പോസ്റ്റിന്റെ ലേഖനം.

കൂടുതൽ പരിശോധനകൾ, രോഗികളെ ക്വാറന്റീൻ ചെയ്യുന്ന രീതി, സാമൂഹിക വ്യാപനം തടയാൻ സ്വീകരിച്ച നടപടികൾ, ഇതര സംസ്ഥാന തൊഴിലാളികളോടുള്ള സമീപനം, ജനകീയ അടുക്കളകൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സ എന്നിങ്ങനെ ഒരോ പ്രവർത്തനങ്ങളെയും സമഗ്രമായി പഠിച്ചാണ് വാഷിങ്ടൺ പോസ്റ്റിന്റെ ലേഖനം. 30 വർഷത്തിലേറെയായുള്ള കമ്യൂണിസ്റ്റ് പാർട്ടികളുടെ ഭരണത്തിന്റെ ഫലമായി പൊതുവിദ്യാഭ്യാസത്തിലും ആരോഗ്യ സംവിധാനത്തിലും കേരളത്തിലുണ്ടായ പുരോഗതിയെ പറ്റിയും ലേഖനത്തിൽ പരാമർശമുണ്ട്. സംസ്ഥാനത്തെ ഉയർന്ന സാക്ഷരത ആരോഗ്യ ബോധവത്കരണത്തിന് സഹായിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

​ദി ​ഗാർഡിയനും

കോവിഡ് 19 പ്രതിരോധത്തിൽ കേരളം സ്വീകരിച്ച നടപടികൾ എടുത്തുപറഞ്ഞ്‌ പ്രശ‌സ്‌ത ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയനിലും ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. രാജ്യത്തെ കോവിഡ് ബാധിതരിൽ അഞ്ചിൽ ഒരു ഭാഗമുണ്ടായിരുന്ന കേരളം, ശക്തമായ പൊതുജനാരോഗ്യ സംവിധാനം വഴിയാണ് അതിനെ ഇല്ലാതാക്കിയതെന്ന് ദ ഗാർഡിയൻ വ്യക്തമാക്കി. ഡൽഹിയിലെ ഒബ്‌സർവർ റിസർച്ച് ഫൗണ്ടേഷനിലെ ഹെൽത്ത് ഇനിഷിയേറ്റീവിൽ സീനിയർ ഫെലോ ആയ ഉമ്മൻ സി കുര്യൻ എഴുതിയ ലേഖനത്തിലാണ് കേരളത്തിന്റെ മികവ്‌ വിശദീകരിക്കുന്നത്.

മാർച്ച് 24-ന് 100-ഓളം രോഗികളുണ്ടായിരുന്ന അവസ്ഥയിൽ നിന്നും കേരളം ശക്തമായി തിരിച്ചുവരികയായിരുന്നുവെന്നും, വികേന്ദ്രീകരണ സംവിധാനം ശക്തമായി നിലനിൽക്കുന്ന സംസ്ഥാനം, രണ്ട് പ്രളയത്തേയും കഴിഞ്ഞ വർഷമുണ്ടായ നിപ്പ വൈറസ് ബാധയേയും ശക്തമായി അതിജീവിച്ചതായും ഗാർഡിയൻ എടുത്തുകാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP