Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്സവങ്ങൾക്ക് ആനയും വേണ്ട, വെടിക്കെട്ടും വേണ്ടെന്ന് പറഞ്ഞത് ആർഎസ്എസ്; തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിഷയം 'സുവർണാവസര'മായി കണ്ട് ബിജെപി കരുക്കൾ നീക്കുമ്പോൾ തിരിച്ചടിയായി പഴയ ലേഖനം; ശബരിമല മോഡൽ പരീക്ഷിക്കാൻ ഇറങ്ങും മുമ്പ് നിലപാടിലെ കാപട്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ; വൈറലായി സ്വാമി ചിദാനന്ദപുരി കേസരിയിൽ എഴുതിയ ലേഖനം

ഉത്സവങ്ങൾക്ക് ആനയും വേണ്ട, വെടിക്കെട്ടും വേണ്ടെന്ന് പറഞ്ഞത് ആർഎസ്എസ്; തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിഷയം 'സുവർണാവസര'മായി കണ്ട് ബിജെപി കരുക്കൾ നീക്കുമ്പോൾ തിരിച്ചടിയായി പഴയ ലേഖനം; ശബരിമല മോഡൽ പരീക്ഷിക്കാൻ ഇറങ്ങും മുമ്പ് നിലപാടിലെ കാപട്യം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ; വൈറലായി സ്വാമി ചിദാനന്ദപുരി കേസരിയിൽ എഴുതിയ ലേഖനം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ശബരിമല വിഷയത്തിന് പിന്നാലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിഷയവും ആർഎസ്എസ് സുവർണാവസരമായി കാണുന്നു എന്ന വിധത്തിൽ ചർച്ചകൾ നടന്നിരുന്നു. തൃശ്ശൂർ പൂരത്തിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന വാദം ഉയർത്തക്കൊണ്ടാണ് കെ സുരേന്ദ്രൻ അടക്കമുള്ളവർ രംഗത്തുവന്നത്. ഇതെല്ലാം ഒരു ശബരിമല മോഡൽ വിഷയമാക്കി പൂരത്തെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന ആരോപണവും ഉയർന്നു. ഇതോടെ ഈ വിഷയത്തിൽ പ്രതിരോധം തീർത്ത് ഒരു വിഭാഗം സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തി.

ആനയുടെ നിരോധനം തൃശൂർ പൂരത്തിനു ഭീഷണിയായിരിക്കേ ആനയ്ക്ക് എതിരശയുള്ള നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സമരമരംഗത്തേക്ക് ഇറങ്ങിക്കഴിഞ്ഞു. ബിജെപിയുടെ ആവശ്യം രാഷ്ട്രീയ നാടകങ്ങളുടെ ഭാഗമാണെന്നും വിശ്വാസികളെ കൈയിലെടുക്കുവാനുള്ള തന്ത്രമാണെന്നും ചൂണ്ടിക്കാട്ടി മറ്റു രാഷ്ട്രീയ പാർട്ടികളുമാണ് രംഗത്തുള്ളത്. ഇവരാണ് ഈ വിഷയത്തിൽ ബിജെപിയുടെയും ആർഎസ്എസിന്റെയും മുൻ നിലപാടിലെ കാപട്യം ചൂണ്ടിക്കാട്ടി രംഗത്തുവന്നത്.

അതേസമയം വർഷങ്ങൾക്കു മുമ്പു തന്നെ സംഘപരിവാർ കേന്ദ്രങ്ങൾ ഉത്സവങ്ങൾക്ക് ആന എഴുന്നള്ളിപ്പ് ഒഴിവാക്കണമെന്നു വ്യക്തമാക്കിയിരുന്നു എന്നുള്ളതാണ് വാസ്തവം.2016 ഏപ്രിൽ പുറ്റിങ്ങൽ വെടിക്കെട്ടിനോടനുബന്ധിച്ചുള്ള ദുരന്തം നടന്നതിനു പിന്നാലെ ഇറങ്ങിയ ആർഎസ്എസ് മുഖപത്രമായ കേസരിയുടെ കവർ തന്നെ ഭകരിയും വേണ്ട, കരിമരുന്നും വേണ്ടന്ത എന്നുള്ളതായിരുന്നു. കരിയും വേണ്ട, കരിമരുന്നും വേണ്ട എന്ന പേരിൽ സ്വാമി ചിദാനന്ദപുരി എഴതിയ ലേഖനവും കേസരി ആ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

കോടിക്കണക്കിന് രൂപ കത്തിച്ചുകളയുക മാത്രമല്ല അന്തരീക്ഷമലിനീകരണം സൃഷ്ടിക്കുന്ന കാർബൺഡൈ ഓക്സയിഡ്, സോഡിയം ഓക്സയിഡ്, ലഡ് ഓക്സയിഡ് തുടങ്ങിയ മാരകമായ വിഷങ്ങൾ അന്തരീക്ഷത്തിൽ കലർത്തുകയും വൻശബ്ദങ്ങൾ ഉണ്ടാക്കി ശബ്ദമലിനീകരണം സൃഷ്ടിക്കുകയും ചെയ്യുന്ന കരിമരുന്നു പ്രയോഗം നിർത്തിയേ പറ്റൂ. ഇത്തരം കാര്യങ്ങൾക്ക് പണം തരില്ല എന്നു പറയാൻ ജനങ്ങൾ തയ്യാറാവണമെന്നും ചിദാനന്ദ പുരി ലേഖനത്തിലൂടെ ആവശ്യപ്പെടുന്നുണ്ട്.

കാട്ടിൽ ശാന്തമായ അന്തരീക്ഷത്തിൽ ജീവിച്ചുവരുന്ന ആ ജീവിയെ പിടിച്ചുകൊണ്ടുവന്ന് ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും ചൂടിന്റെയുമൊക്കെ അസഹ്യമായ അന്തരീക്ഷത്തിൽ നടത്തുന്ന എഴുന്നള്ളത്തുകൾ ആ ജീവിയോടു കാണിക്കുന്ന ക്രൂരതയാണ്. ഇതൊക്കെ കാണുമ്പോൾ എന്താണ് ക്ഷേത്രം, എന്തിനാണ് ക്ഷേത്രം, എങ്ങനെയാണ് ക്ഷേത്രം എന്ന അറിവോടു കൂടിവേണം ക്ഷേത്രങ്ങൾ ഭരിക്കേണ്ടവർ പ്രവർത്തിക്കേണ്ടത് എന്നു ചിന്തിക്കാൻ തയ്യാറാവണം എന്നു വിളിച്ചു പറയാൻ തോന്നുകയാണ്- ചിദനന്ദപുരി ലേഖനത്തിലൂടെ പറയുന്നു.

ആന എഴുന്നള്ളിപ്പിനേയും വെടിക്കെട്ടിനേയും വിമർശിച്ച് ജെ നന്ദകുമാർ, എം സതീശൻ, സിപി നായർ എന്നിവരുടെ ലേഖനങ്ങളും കേസരി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്വാമി ചിദാനന്ദപുരി എഴുതിയ ലേഖനം ഇങ്ങനെ:

കരിയും വേണ്ട കരിമരുന്നും വേണ്ട സ്വാമി ചിദാനന്ദപുരി 

കേരളത്തെ മാത്രമല്ല ഭാരതത്തെ മൊത്തം ദുഃഖത്തിലാഴ്‌ത്തിയ സംഭവമായിരുന്നു പുറ്റിങ്ങലിലെ വെടിക്കെട്ട് ദുരന്തം. ഭാരതത്തെ മൊത്തം ഞെട്ടിച്ചുകളഞ്ഞു ഈ സംഭവമെന്ന് അതിനെതുടർന്നുണ്ടായ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. ഇക്കാര്യത്തിൽ ഏറെ എടുത്തുപറയേണ്ട ഒരു പ്രതികരണം ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രി സകല പ്രോട്ടോകോളുകളും ലംഘിച്ചു ഒരു വലിയ വൈദ്യസംഘത്തോടൊപ്പം അവിടെ എത്തി എന്നതാണ്. പ്രധാനമന്ത്രി ദുരന്തസ്ഥലത്ത് വന്നുവെന്നുമാത്രമല്ല സ്ഥലം നിരീക്ഷിക്കുകയും ദുരന്തത്തിനിരയായവരെ സമാശ്വസിപ്പിക്കുകയും അവരെ ചികിത്സിക്കാൻ വിദഗ്ദ്ധ ഡോക്ടർമാരെ തന്നോടൊപ്പം കൊണ്ടു വരുകയും ചെയ്തതിന്റെ ഗുണകരമായ വശം കാണുന്നതിനു പകരം വിമർശിക്കപ്പെട്ട സാഹചര്യത്തിൽ അദ്ദേഹം പ്രോട്ടോകോൾ മര്യാദപോലും പരിഗണിക്കാതെയാണ് ഇക്കാര്യങ്ങൾ ചെയ്തത് എന്ന് എടുത്തു പറയേണ്ടതുണ്ട്.

നൂറിലേറെ പേർ മരണപ്പെട്ട ഈ ദുരന്തത്തിൽ അതിലേറെ പേർ മാരകമായ പരിക്കുകളേറ്റ് വേദനതിന്നു കിടക്കുന്നതു കാണുമ്പോൾ മരണപ്പെട്ടവർ ഭാഗ്യവാന്മാർ എന്നു തോന്നിപ്പോകുകയാണ്. ദുഃഖിതരായ കുടുംബാംഗങ്ങൾ, അനാഥബാല്യങ്ങൾ, വൈധവ്യവും വൈരൂപ്യവും പ്രാപിച്ചവരുടെ സമൂഹം- ഇവരുടെയെല്ലാം വേദന ഞങ്ങൾ സ്വന്തം വേദനയായി കാണുകയാണ്. ഈ ദുരന്തവേളയിൽ നാം ഉണർന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരം വെട്ടിക്കെട്ടുകളും ആനയെഴുന്നള്ളത്തുകളും നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എന്താണ് ക്ഷേത്രം, എങ്ങനെയാണ് ക്ഷേത്രം, എന്തിനാണ് ക്ഷേത്രം എന്ന് അറിയാത്തവർ ക്ഷേത്രഭാരവാഹികളായിട്ടുള്ള കാലഘട്ടമാണിത്.

അന്യോന്യം ഭാഗം തിരിഞ്ഞ് കരിമരുന്നുപ്രയോഗം നടത്തുന്ന മത്സരഭൂമിയായി ക്ഷേത്രഭൂമി അധഃപതിച്ചിരിക്കുന്നു. ശ്രീനാരായണഗുരുദേവൻ കരിയേയും കരിമരുന്നിനേയും ക്ഷേത്രങ്ങളിൽ നിന്ന് അകറ്റി നിർത്തണമെന്ന് ഉപദേശിച്ചിട്ടുണ്ട്. ഗുരുദേവൻ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിൽ പോലും കരിയും കരിമരുന്നുമാണ് എന്നതാണ് ഇന്നത്തെ ദുഃസ്ഥിതി. പണ്ട് വിശാലമായ ക്ഷേത്ര മൈതാനങ്ങളിൽ കരിമരുന്നുപ്രയോഗം നടത്തിയെങ്കിൽ ഇന്ന് ജനങ്ങൾ തിങ്ങി താമസിക്കുന്ന, ഇടുങ്ങിയ സ്ഥലങ്ങളിൽ പോലും കരിമരുന്നു പ്രയോഗം നടത്തുകയാണ്. ഏതുവിധേനയും ഈ പ്രവണത അവസാനിപ്പിച്ചേ പറ്റൂ. ഇതേ സമയം ശ്രദ്ധിക്കേണ്ട ഒരു വിഷയമുണ്ട്. ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിൽ മാത്രമാകരുത് ഇതു നിരോധിക്കുന്നത്. മുസ്ലീങ്ങളുടെ പള്ളികളിൽ ഉറൂസ്, ചന്ദനക്കുടം തുടങ്ങിയ ചടങ്ങുകളിൽ ആനയെഴുന്നള്ളിപ്പും കരിമരുന്നുപ്രയോഗമുണ്ട്. ക്രിസ്ത്യൻ പള്ളികളിൽ പള്ളിപ്പെരുന്നാളിന് കരിമരുന്ന് പ്രയോഗമുണ്ട്. നമ്മുടെ രാജ്യത്തെ മിക്കവാറും രാഷ്ട്രീയ കക്ഷികളുടെ സമ്മേളനവേളയിലും വിജയാഹ്ലാദങ്ങളിലും കരിമരുന്നു പ്രയോഗമുണ്ട്. ഇവയ്ക്കൊക്കെ ഇതു ബാധകമാക്കണം. കേവലം ഹിന്ദുക്കളുടെ കാര്യത്തിൽ മാത്രമാവരുത് നിരോധനം.


കോടിക്കണക്കിന് രൂപ കത്തിച്ചുകളയുക മാത്രമല്ല അന്തരീക്ഷമലിനീകരണം സൃഷ്ടിക്കുന്ന കാർബൺഡൈ ഓക്സയിഡ്, സോഡിയം ഓക്സയിഡ്, ലഡ് ഓക്സയിഡ് തുടങ്ങിയ മാരകമായ വിഷങ്ങൾ അന്തരീക്ഷത്തിൽ കലർത്തുകയും വൻശബ്ദങ്ങൾ ഉണ്ടാക്കി ശബ്ദമലിനീകരണം സൃഷ്ടിക്കുകയും ചെയ്യുന്ന കരിമരുന്നു പ്രയോഗം നിർത്തിയേ പറ്റൂ. ഇത്തരം കാര്യങ്ങൾക്ക് പണം തരില്ല എന്നു പറയാൻ ജനങ്ങൾ തയ്യാറാവണം. കരിമരുന്നുപ്രയോഗത്തിന്റെ തീവ്രത കുറയ്ക്കണമെന്ന് ചിലർ വാദിക്കുന്നുണ്ട്. ഇതിന്റെ തീവ്രത അളക്കാനോ നിശ്ചയിക്കാനോ ഉള്ള ശാസ്ത്രീയവും പ്രായോഗികവുമായ ഒരു സംവിധാനവും ഇന്നു നിലവിലില്ല. അതിനാൽ കരിമരുന്നു പ്രയോഗം നിർത്തുക എന്നാണു ഏകപോംവഴി.

ഇതുപോലെയുള്ള ഒരു പ്രവണതയാണ് ആനയെഴുന്നള്ളത്ത്. കാട്ടിൽ ശാന്തമായ അന്തരീക്ഷത്തിൽ ജീവിച്ചുവരുന്ന ആ ജീവിയെ പിടിച്ചുകൊണ്ടുവന്ന് ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും ചൂടിന്റെയുമൊക്കെ അസഹ്യമായ അന്തരീക്ഷത്തിൽ നടത്തുന്ന എഴുന്നള്ളത്തുകൾ ആ ജീവിയോടു കാണിക്കുന്ന ക്രൂരതയാണ്. ഇതൊക്കെ കാണുമ്പോൾ എന്താണ് ക്ഷേത്രം, എന്തിനാണ് ക്ഷേത്രം, എങ്ങനെയാണ് ക്ഷേത്രം എന്ന അറിവോടു കൂടിവേണം ക്ഷേത്രങ്ങൾ ഭരിക്കേണ്ടവർ പ്രവർത്തിക്കേണ്ടത് എന്നു ചിന്തിക്കാൻ തയ്യാറാവണം എന്നു വിളിച്ചു പറയാൻ തോന്നുകയാണ്.

ക്ഷേത്രത്തിന്റെ കാര്യത്തിൽ മാത്രമല്ല, ക്രിസ്ത്യൻ - മുസ്ലിം പള്ളികളുടെ കാര്യത്തിലും രാഷ്ട്രീയക്കാരുടെ സമ്മേളനത്തിന്റെയും പരിപാടികളുടെയും കാര്യത്തിലും ഇതു നിർബ്ബന്ധമായും പാലിക്കണം. ധാർമ്മികതയോടും സമൂഹത്തോടുള്ള ബാധ്യതയോടും കൂടി ഇതു നടപ്പാക്കാനുള്ള നീക്കത്തിനായി ഒത്തൊരുമയോടെ പ്രവർത്തിക്കാൻ കൂട്ടായി ശ്രമിക്കണം.
നാലുനൂറ്റാണ്ടിന്റെ പഴക്കമേയുള്ളു ക്ഷേത്രങ്ങളിലെ വെടിക്കെട്ടിന്. അതിനുമുമ്പ് വെടിക്കെട്ട് ഉത്സവങ്ങളുടെ ഭാഗമായിരുന്നില്ല. ഹിംസാപ്രയോഗങ്ങൾക്കും യുദ്ധത്തിനുമൊക്കെ കരിമരുന്ന് ഉപയോഗിച്ചതായി ആദ്യകാല സാഹിത്യങ്ങളിൽ കാണാമെങ്കിലും ക്ഷേത്രങ്ങളിൽ അതു ഉപയോഗിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. വെടിക്കെട്ട് എങ്ങനെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി എന്നു കൃത്യമായി പറയാൻ തെളിവുകളില്ല. ക്ഷേത്രഭരണം നടത്തിയ രാജാക്കന്മാർ അയൽരാജാവ് തന്റെ ക്ഷേത്രത്തിലെ ഉത്സവം നടത്തിയതിലും കേമമായി നടത്താൻ മത്സരിക്കാറുണ്ടായിരുന്നു എന്നും അതിന്റെ ഭാഗമായി വെടിക്കെട്ട് ആരംഭിച്ചു എന്നും വേണം ഊഹിക്കാൻ. ഇന്നും വെടിക്കെട്ടിന്റെ കാര്യത്തിൽ മത്സരമാണ് കാണുന്നത്.

സന്തോഷവേളയിൽ ശബ്ദമുണ്ടാക്കുക എന്നത് ജന്തു സ്വഭാവമാണ്. ക്ഷേത്രോത്സവം സന്തോഷത്തിന്റെ വേളയാണല്ലോ. ആ സമയത്ത് ശബ്ദമുണ്ടാക്കാൻ വെടിക്കെട്ടും നടത്തി വന്നു എന്ന് ചിന്തിക്കാവുന്നതേയുള്ളു. അന്നു കുറച്ച് ഓലപ്പടക്കമോ കതിനയോ ഒക്കെയേ ഉണ്ടായിരുന്നുള്ളു. ഇന്നത് മാറി ചെലവേറിയ, വൻശബ്ദഘോഷങ്ങളോടുകൂടിയ വെടിക്കെട്ട് ഇനങ്ങൾ ഓലപ്പടക്കത്തിന്റെയും കതിനയുടെയും സ്ഥാനം കയ്യടക്കിയിരിക്കുന്നു. അവയുടെ ശക്തിയോ തീവ്രതയോ അളക്കാൻ ഇന്ന് രാജ്യത്ത് ഒരു സംവിധാനവുമില്ല. അതിനാൽ ഈ അനാചാരം നിർത്തുക എന്നതാണ് ഏക പോംവഴി.

അതിനിടെ ശനിക്ഷേത്രത്തിൽ സ്ത്രീകൾക്കു പ്രവേശനം നൽകിയതാണ് പരവൂർ ദുരന്തത്തിനു കാരണമെന്നും സായിബാബയെ ആരാധിക്കുന്നതാണ് വരൾച്ചയ്ക്ക് കാരണമെന്നും ചില അഭിപ്രായങ്ങൾ ഉയർന്നതായി കേട്ടു. ഇതിനെ തമാശയായി കണ്ട് തള്ളിക്കളയാനേ പറ്റൂ. വരൾച്ചയും പേമാരിയുമൊക്കെ ഭൗമപ്രക്രിയകളാണ്. എന്നാൽ വെടിക്കെട്ടുപോലുള്ളവ മനുഷ്യർ ഉണ്ടാക്കുന്ന വിപത്തുകളാണ്. ഇവയ്ക്ക് പരസ്പരം ഒരു ബന്ധവുമില്ല. വെട്ടിക്കെട്ടിനുപയോഗിക്കുന്ന പണം ക്ഷേത്രത്തിന്റെ ജനക്ഷേമ പദ്ധതികൾക്കായി ഉപയോഗിച്ചുകൂടേ എന്നു ചോദ്യവും ഉയർന്നു വരുന്നുണ്ട്. നല്ല ചിന്തയാണ്. ഒരാൾക്ക് ഒരു നേരത്തെ ആഹാരം വാങ്ങിക്കൊടുക്കാത്തവൻ മറ്റുള്ളവർക്ക് മദ്യസേവ ചെയ്യുന്നത് നാം കാണാറില്ലേ. അതുപോലെ വെടിക്കെട്ടിന് പണം വാരിക്കോരി നൽകുന്നവർ പാവപ്പെട്ട മറ്റുള്ളവരെ സഹായിക്കാനായി കയ്യയച്ചു സഹായിക്കുമെന്നു കരുതുക വയ്യ. ക്ഷേത്രഭാരവാഹികളാണ് ഇക്കാര്യത്തിൽ മുൻകൈ എടുക്കേണ്ടത്. ഓരോ ക്ഷേത്ര തട്ടകവും കേന്ദ്രമാക്കി രോഗികൾക്ക് ചികിത്സ, നിർദ്ധനർക്ക് പഠനസൗകര്യം, വിവാഹസഹായം തുടങ്ങിയ സേവനപ്രവർത്തനങ്ങൾ നടത്താൻ ക്ഷേത്രഭാരവാഹികൾ തയ്യാറാവണം. അത്തരം സേവനങ്ങളിലൂടെ ഉണ്ടാകുന്ന സന്തോഷം, സ്നേഹം എന്നിവ സമൂഹത്തിൽ വ്യാപിക്കും. വെളിച്ചം കൊണ്ടേ ഇരുട്ടകറ്റാനാകൂ എന്ന് നാം തിരിച്ചറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP