Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ 'പുത്തൻകൂറ്റുകാർ' അപമാനം വരുത്തിവെക്കുന്നു; ഇക്കൂട്ടരെയാണ് ഞാൻ 'കീടങ്ങൾ' എന്നു വിശേഷിപ്പിച്ചത്; കുരുക്ഷേത്ര പ്രകാശിന്റെ ചുമതലയുള്ള ഷാബു പ്രസാദിനെതിരെ വിദ്യാസാഗർ ഗുരുമൂർത്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; 'ശബരിമല സംവാദത്തിൽ നിന്നും പിൻവാങ്ങാൻ നിസ്സാര കാരണങ്ങൾ നിരത്തുന്നു എന്ന സ്ഥിരംനമ്പർ ഈ അടുപ്പിൽ വെക്കേണ്ട.. അത് വേവില്ല...'; വിദ്യാസാഗർ ഗുരുമൂർത്തിക്കെതിരെ ഷാബു പ്രസാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റും; ശബരിമല യുവതീ പ്രവേശനത്തിൽ ആർഎഎസ്എസിൽ ഉരുൾപൊട്ടൽ

ഈ 'പുത്തൻകൂറ്റുകാർ' അപമാനം വരുത്തിവെക്കുന്നു; ഇക്കൂട്ടരെയാണ് ഞാൻ 'കീടങ്ങൾ' എന്നു വിശേഷിപ്പിച്ചത്; കുരുക്ഷേത്ര പ്രകാശിന്റെ ചുമതലയുള്ള ഷാബു പ്രസാദിനെതിരെ വിദ്യാസാഗർ ഗുരുമൂർത്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; 'ശബരിമല സംവാദത്തിൽ നിന്നും പിൻവാങ്ങാൻ നിസ്സാര കാരണങ്ങൾ നിരത്തുന്നു എന്ന സ്ഥിരംനമ്പർ ഈ അടുപ്പിൽ വെക്കേണ്ട.. അത് വേവില്ല...'; വിദ്യാസാഗർ ഗുരുമൂർത്തിക്കെതിരെ ഷാബു പ്രസാദിന്റെ ഫേസ്‌ബുക്ക് പോസ്റ്റും; ശബരിമല യുവതീ പ്രവേശനത്തിൽ ആർഎഎസ്എസിൽ ഉരുൾപൊട്ടൽ

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ആർഎസ്എസിൽ ഉരുൾപൊട്ടൽ. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആർഎസ്എസിന്റെ യുവനിര ഇപ്പോൾ തമ്മിൽ അടിക്കുന്നു. ശബരിമല പ്രശ്‌നത്തിൽ സോഷ്യൽ മീഡിയയിൽ തമ്മിൽ അടിക്കുന്ന യുവനിരയെ എങ്ങിനെ നേരിടണം എന്ന കാര്യത്തിൽ നേതൃത്വത്തിൽ ആശയക്കുഴപ്പവും രൂക്ഷവുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ആർഎസ്എസ് നേതാക്കളായ ആർ.ഹരി, എം.എ.സാർ, സഞ്ജയൻ തുടങ്ങിയവരുടെ നിലപാടുകൾ പൊതുസംവാദത്തിനു വിധേയമാക്കാം എന്ന വിദ്യാസാഗർ ഗുരുമൂർത്തിയുടെയും ഷാബു പ്രസാദിന്റെയും തീരുമാനമാണ് ആർഎസ്എസിൽ ഉരുൾപൊട്ടൽ സൃഷ്ടിക്കുന്നത്.

മെയ് 21 നു നടത്താം എന്ന് തീരുമാനിച്ചിരിക്കുന്ന ഈ സംവാദം ആവശ്യമോ, അത് ആർഎസ്എസിനെ ഏതുവിധത്തിൽ ബാധിക്കും, ശബരിമല പ്രശ്‌നം തിരിഞ്ഞു കുത്തുമോ എന്നൊക്കെയുള്ള ചിന്തകളാണ് ഈ പൊതുസംവാദത്തിന്റെ പേരിൽ ആർഎസ്എസിൽ ഉയരുന്നത്. ആർ.ഹരിയടക്കമുള്ള ഉന്നത ആർഎസ്എസ് നേതാക്കൾ ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരാണ് എന്നതാണ് ആർഎസ്എസിനു തലവേദനയാകുന്നത്. ഈ നിലപാടുകൾ ആണ് ഇവരുടെ സംവാദത്തിൽ വീണ്ടും കേരളത്തിനു മുന്നിലേക്ക് വരുന്നത്. ഇതു ശബരിമല യുവതീ പ്രവേശന പ്രക്ഷോഭത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കും എന്ന ഭീതിയാണ് ആർഎസ്എസിൽ വളരുന്നത്. ഇവരുടെ സംവാദം ലൈവ് ആണ്. വീഡിയോ റെക്കോർഡിങ് വേറെയുമുണ്ട്. ഇത് സിപിഎം അടക്കമുള്ള രാഷ്ട്രീയ കക്ഷികൾ ആയുധമാക്കും എന്ന ചിന്തയാണ് ആർഎസ്എസിനു തലവേദന സൃഷ്ടിക്കുന്നത്.

തലവേദനയാകുന്നത് ഇടതുപക്ഷത്തെ പരാജയപ്പെടുത്തണം എന്ന ചിദാനന്ദപുരിയുടെ പ്രസംഗം

പൊടുന്നെയുള്ള യുദ്ധകോലാഹലങ്ങളിൽ മുൻ നിരയിൽ പ്രതിഫലിക്കുന്നത് ഇടതുപക്ഷത്തിന് ഈ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും ലഭിക്കരുത് എന്ന സ്വാമി ചിദാനന്ദപുരിയുടെ വിവാദ പ്രസംഗം തന്നെയാണ്. ചിദാനന്ദപുരിയുടെ പ്രസംഗത്തിന്റെ പേരിൽ സ്വാമിക്ക് എതിരെ സിപിഎം സൈബർ ആക്രമണം നടന്നപ്പോൾ ചിദാനന്ദപുരിയെ അനുകൂലിച്ച് വിദ്യാസാഗർ ഗുരുമൂർത്തി ഒരു കുറിപ്പെഴുതി. സ്വാമിയെ പിന്തുണയ്ക്കുന്ന കുറിപ്പിലെ അവസാന ഭാഗത്ത് ആർഎസ്എസിനെതീരെ ചില പരാമർശങ്ങൾ വന്നു. പ്രസംഗത്തിന്റെ പേരിൽ സിപിഎം സൈബർ ആക്രമണം സ്വാമിക്ക് നേരെ നടന്നപ്പോൾ സ്വാമിയെ ആർഎസ്എസ് പിന്തുണച്ചില്ല എന്നുള്ള പരാമർശങ്ങൾ ഈ കുറിപ്പിൽ കടന്നുകൂടി എന്നാണ് വിദ്യാസാഗറിനെതിരെ ഉയരുന്ന ഒരാക്ഷേപം. ഈ ആക്ഷേപത്തിന് മറുപടിയായാണ് ''ഞാൻ തികച്ചും സംഘ വിരുദ്ധനാണ് എന്നു വരുത്തിത്തീർക്കുവാനുള്ള ചിലരുടെ വ്യഗ്രതക്ക് തുറന്ന സംവാദങ്ങളിലൂടെ എന്റെ പക്ഷം വിശദമാക്കുവാനുള്ള ഒരു എളിയ ശ്രമമാണിത് എന്ന് വിദ്യാസാഗർ ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നത്. വിദ്യാസാഗറിനുള്ള ചുട്ടമറുപടി തന്നെയാണ് ആർഎസ്എസ് ഭാഗത്ത് നിലയുറപ്പിച്ച് ഷാബു പ്രസാദ് തന്റെ കുറിപ്പിൽ നൽകുന്നതും. ആർഎസ്എസ് പരാമർശം വന്നപ്പോൾ വിദ്യാസാഗറിനു മറുപടി നൽകുകയാണ് ഷാബു പ്രസാദ് ചെയ്തത്.

പുറത്തുവരുന്നത് ശബരിമല യുവതീ പ്രവേശന വിഷയത്തിലെ സംഘപരിവാർ ഭിന്നത

ഷാബു പ്രസാദ് മറുപടി നൽകിയപ്പോൾ അതിൽ വിദ്യാസാഗർ ഗുരുമൂർത്തി അനുകൂലിക്കുന്ന ചിദാനപുരി സ്വാമികൾക്ക് ഒരു കൊട്ടുകൂടി നൽകി എന്നാണ് അറിയാൻ കഴിഞ്ഞത്. കാരണം ചിദാനന്ദപുരിയുടെ വിവാദ പ്രസംഗത്തിന് അനുകൂലിച്ച് കുറിപ്പിട്ട ചിദാനന്ദപുരിയുടെ പ്രമുഖ ശിഷ്യൻ വേദ ചൈതന്യ ശബരിമല പ്രശ്‌നത്തിൽ ആർ.ഹരിയുടെ നിലപാടുകൾക്ക് എതിരെ കൂടി തന്റെ കുറിപ്പിൽ ശബ്ദിച്ചിരുന്നു. ഇതിനുള്ള മറുപടികൂടിയാണ് വിദ്യാസാഗറിന് നൽകിയ മറുപടിയിൽ ഷാബു പ്രസാദ് നൽകിയത്. ഇതോടെയാണ് ഷാബു പ്രസാദും വിദ്യാസാഗർ ഗുരുമൂർത്തിയും പരസ്യമായി ഏറ്റുമുട്ടുന്ന അവസ്ഥ വന്നത്.

പക്ഷെ ഏറ്റുമുട്ടലിൽ ആർഎസ്എസിന്റെ പ്രമുഖ നേതാക്കളായ ആർ.ഹരി, എം.എ.സാർ, സഞ്ജയൻ എന്നിവരുടെ ശബരിമല നിലപാടുകൾ കടന്നുവരുന്നതാണ് ആർഎസ്എസിനു മുന്നിൽ തലവേദന സൃഷ്ടിക്കുന്നത്. മെയ് 21 നുള്ള സംവാദം നടക്കുമോ എന്നാണ് ഇപ്പോൾ പരിവാർ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. വ്യക്തിപരമായി ഇവർ തമ്മിൽ അസ്വാരസ്യം നിലനിൽക്കുന്നുണ്ടെന്ന് ഇവരെ അറിയുന്ന ആളുകൾ മറുനാടനോട് വ്യക്തമാക്കുന്നുണ്ടെങ്കിലും ഏറ്റുമുട്ടാൻ ഇവർ ആയുധമാക്കുന്നത് ശബരിമല യുവതീ പ്രവേശന വിഷയം തന്നെയാണ് എന്നത് പ്രസക്തമായി നിലനിൽക്കുകയും ചെയ്യുന്നു. ശബരിമല പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന പത്മാ പിള്ളയെ മോഡറേറ്ററാക്കിയാണ് സംവാദമെന്നാണ് പുറത്തു വരുന്ന വിവരം.

യുവനിരയുടെ ആക്രോശങ്ങളിൽ നിലപാട് എടുക്കാൻ കഴിയാതെ ഉന്നത നേതൃത്വം

പരസ്പരമുള്ള ആക്രോശങ്ങൾ ആണ് ഇരുവരുടെയും ഫെയ്സ് ബുക്ക് പേജുകളിൽ നിന്നും പുറത്തുവരുന്നത്. ''ഞാൻ ഈ പറഞ്ഞത് ന്യായമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് എല്ലാം മനസ്സിലാകും.. അതുകൊണ്ട്, സംവാദത്തിൽ നിന്നും പിൻവാങ്ങാൻ നിസ്സാരകാരണങ്ങൾ നിരത്തുന്നു എന്ന സ്ഥിരം നമ്പർ ഈ അടുപ്പിൽ വെക്കേണ്ട.. അത് വേവില്ല...നിശ്ചയമായും സംവാദം വേണം.. അത് ഇരുകൂട്ടർക്കും സംശയാതീതമായി സംഘടിപ്പിക്കണം'' വിദ്യാസാഗർ ഗുരുമൂർത്തിക്ക് എതിരായി സംവാദത്തെക്കുറിച്ച് ഷാബു പ്രസാദ് ഫെയ്സ് ബുക്കിൽ പോസ്റ്റിടുന്നു. ''ഞാൻ തികച്ചും സംഘ വിരുദ്ധനാണ് എന്നു വരുത്തിത്തീർക്കുവാനുള്ള ചിലരുടെ വ്യഗ്രതക്ക് തുറന്ന സംവാദങ്ങളിലൂടെ എന്റെ പക്ഷം വിശദമാക്കുവാനുള്ള ഒരു എളിയ ശ്രമമാണിത്.

ഒരു പ്രാമാണിക ഹിന്ദുവിന് സമാജം നേരിടുന്ന വെല്ലുവിളികളെ പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ തന്നെ യുക്തിയുക്തം എതിർത്തു തോല്പിക്കുക എന്ന പ്രബലമായ ചിന്ത ജന്മസിദ്ധമാണ്. ആ വിചാരമാണ്, അതു മാത്രമാണ് എന്നെ നയിക്കുന്നത്.''-ഷാബു പ്രസാദിന് എതിരെ വിദ്യാസാഗർ ഗുരുമൂർത്തി ഫെയ്സ് ബുക്ക് പോസ്റ്റിടുന്നു. ഏതൊരു വിരുദ്ധാഭിപ്രായത്തെയും അവധാനതയും, മര്യാദയും ഉപയോഗിച്ചു മാത്രം നേരിടുന്ന സംഘത്തിന് മ്ലേച്ഛമായ ഭാഷ മാത്രം ഉപയോഗിക്കുന്ന ഈ ' പുത്തൻ കൂറ്റുകാർ'' അപമാനം തന്നെയാണ് വരുത്തിവെയ്ക്കുന്നത്. ഇക്കൂട്ടരെ തന്നെയാണ് ഞാൻ ' കീടങ്ങൾ ' എന്നു വിശേഷിപ്പിച്ചത്. വിദ്യാസാഗർ ഫെയ്സ് ബുക്ക് പോസ്റ്റിൽ തുടരുന്നു. ഈ ഫെയ്സ് ബുക്ക് യുദ്ധം താത്കാലികമായി അവസാനിപ്പിക്കാനും ഇവർക്ക് മുന്നിൽ സംഘപരിവാർ സമ്മർദ്ദം വന്നു തുടങ്ങിയിട്ടുണ്ട്.

ആർഎസ്എസ് ആശയങ്ങളെ പ്രതിനിധീകരിച്ച് പൊതുവേദിയിലും സോഷ്യൽ മീഡിയയിലും എത്തുന്ന യുവ നേതാക്കളാണ് ഇപ്പോൾ ശബരിമല പ്രശ്‌നത്തിന്റെ പേരിൽ തമ്മിൽ തല്ലുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് ആർഎസ്എസ് ആശയങ്ങളെ പ്രതിനിധീകരിച്ച് പൊതുവേദികളിൽ എത്തുന്നവരാണ് വിദ്യാസാഗർ ഗുരുമൂർത്തിയും ഷാബു പ്രസാദും. ഇവർ തമ്മിലുള്ള സംവാദം അത് തലവേദനയാകും എന്ന ചിന്ത തന്നെയാണ് ആർഎസ്എസിൽ നിന്നും ഉയരുന്നത്.

ശബരിമല യുവതീ പ്രവേശനവും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തണമെന്നുള്ള ചിദാനന്ദപുരിയുടെ ആഹ്വാനവും ചിദാനന്ദപുരിക്ക് നേരെയുള്ള സിപിഎം സൈബർ ആക്രമണവും ഒക്കെയാണ് ഇവരുടെ തമ്മിൽ തല്ലലിനു പിന്നിലുള്ളത് എന്നതിനാൽ പുതുമുറക്കാരുടെ തമ്മിലടിയുടെ നേർക്ക് ആർഎസ്എസ് തത്ക്കാലം നിശബ്ദത പാലിക്കുകയാണ്. ഈ വിഷയങ്ങളിൽ മെയ് 21 നു പൊതുസംവാദത്തിനാണ് നിലവിൽ ഇവർ പദ്ധതിയിടുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തെ അനുകൂലിക്കുന്ന ആർഎസ്എസ് താത്വികാചാര്യനായ ആർ.ഹരിയുടെ നിലപാടും ഈ വിഷയങ്ങളിൽ പ്രതിഫലിക്കുന്നതിനാൽ സംവാദത്തിൽ ആർഎസ്എസിനു അസ്വസ്ഥതയുമുണ്ട്. ഈ അസ്വസ്ഥത ഇപ്പോൾ പരിവാറിലേക്ക് മുഴുവനായി വ്യാപിക്കുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP