Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാനാവില്ല; വിഭവങ്ങൾ കെട്ടിപ്പടുക്കാതെ ജനസംഖ്യ വളർന്നാൽ ബാധ്യതയാകും; ഇന്ത്യയ്ക്ക് ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന് മോഹൻ ഭാഗവത്; പ്രതികരണം ആർഎസ്എസിന്റെ വിജയദശമി റാലിയിൽ

മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാനാവില്ല; വിഭവങ്ങൾ കെട്ടിപ്പടുക്കാതെ ജനസംഖ്യ വളർന്നാൽ ബാധ്യതയാകും; ഇന്ത്യയ്ക്ക് ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന് മോഹൻ ഭാഗവത്; പ്രതികരണം ആർഎസ്എസിന്റെ വിജയദശമി റാലിയിൽ

മറുനാടൻ മലയാളി ബ്യൂറോ

നാഗ്പുർ: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നയം അനിവാര്യമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മതത്തെ അടിസ്ഥാനമാക്കിയുള്ള ജനസഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാൻ കഴിയാത്ത വിഷയമാണ്. ഇത്തരം നടപടികൾ എടുത്തില്ലെങ്കിൽ 'മതാടിസ്ഥാന അസമത്വവും' 'നിർബന്ധിത മതപരിവർത്തനങ്ങളും' കാരണം രാജ്യത്തിന്റെ സ്വത്വ രൂപം നഷ്ടപ്പെട്ടുപോകുമെന്നും മോഹൻ ഭാഗവത് പറഞ്ഞു. വിജയദശമി ദിനത്തിൽ നാഗ്പുരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനസംഖ്യയ്ക്ക് വരുമാന വിഭവങ്ങൾ ആവശ്യമാണ്. വിഭവങ്ങൾ കെട്ടിപ്പടുക്കാതെ ജനസംഖ്യ വളർന്നാൽ അത് ഒരു ബാധ്യതയാകും. ജനസംഖ്യയെ ആസ്തിയായി കണക്കാക്കുന്ന മറ്റൊരു വീക്ഷണമുണ്ട്. രണ്ട് വശങ്ങളും മനസ്സിൽ വെച്ചുകൊണ്ട് എല്ലാവർക്കുമായി ഒരു ജനസംഖ്യാ നയത്തിൽ നാം പ്രവർത്തിക്കേണ്ടതുണ്ട്. മതാടിസ്ഥാനത്തിലുള്ള 'അസമത്വം' കാരണം പ്രശ്‌നങ്ങളുള്ള കൊസോവോ, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി ആർഎസ്എസ് മേധാവി പറഞ്ഞു.

''ജനസംഖ്യാ നിയന്ത്രണത്തിനൊപ്പം മതാടിസ്ഥാനത്തിൽ ജനസംഖ്യാ സമത്വവും പ്രധാന്യം അർഹിക്കുന്നു. അത് വിസ്മരിക്കാനാകില്ല. ഈ അസമത്വം ഭൂമിശാസ്ത്രപരമായ അതിർവരമ്പുകളിൽവരെ വ്യത്യാസം ഉണ്ടാക്കുന്നു. ജനസംഖ്യയ്ക്ക് വിഭവസമ്പത്ത് വേണം. ആവശ്യമായ വിഭവസമ്പത്തില്ലാതെ ജനസംഖ്യ വർധിച്ചാൽ അതൊരു ഭാരമാകും. എല്ലാവരുടെയും താൽപര്യം മനസ്സിൽകണ്ടുള്ള ജനസംഖ്യാനയമാണ് രൂപീകരിക്കേണ്ടത്''. മോഹൻ ഭാഗവത് പറഞ്ഞു.

മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാനാവാത്ത വിഷയമാണ്. ഇത് ഭൂമിശാസ്ത്രപരമായ അതിരുകളിൽ മാറ്റം വരുത്തും. ജനനനിരക്കിലെ വ്യത്യാസങ്ങൾക്കൊപ്പം, ബലപ്രയോഗത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയുമുള്ള പരിവർത്തനങ്ങളും വലിയ കാരണങ്ങളാണ്.

ജനങ്ങൾ തെറ്റിനെതിരെ ശബ്ദം ഉയർത്തണം. എന്നാൽ നിയമത്തിന്റെ ചട്ടക്കൂടിൽ നിന്ന് കൊണ്ടേ പ്രവർത്തിക്കാൻ പാടുള്ളൂ. തെറ്റിനെതിരെ ശബ്ദം ഉയർത്തുന്നത് സാധാരണമാകണം. നമ്മൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഹിന്ദു രാഷ്ട്ര സങ്കൽപം എങ്ങും ചർച്ച ചെയ്യപ്പെടുകയാണ്. പലരും ഈ ആശയത്തോട് യോജിക്കുന്നു, പക്ഷേ 'ഹിന്ദു' എന്ന വാക്കിനെ എതിർക്കുകയും മറ്റ് വാക്കുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു. തങ്ങൾക്ക് അതിൽ ഒരു പ്രശ്നവുമില്ല. ആശയത്തിന്റെ വ്യക്തതയ്ക്കായി - ഹിന്ദു എന്ന വാക്കിന് തങ്ങൾ ഊന്നൽ നൽകുന്നത് തുടരും.

ഞങ്ങൾ കാരണം ന്യൂനപക്ഷങ്ങൾ അപകടത്തിലാണെന്ന് ചിലർ ഭയപ്പെടുത്തുകയാണ്. ഇത് സംഘത്തിന്റെയോ ഹിന്ദുക്കളുടേയോ സ്വഭാവമല്ല. സാഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും സമാധാനത്തിന്റെയും പക്ഷത്ത് നിൽക്കുന്നവരാണ് സംഘം' മോഹൻ ഭാഗവത് പറഞ്ഞു.

ക്ഷേത്രവും വെള്ളവും ശ്മശാനവും എല്ലാവർക്കും പൊതുവായിരിക്കണം. ഖേദകരമായ കാര്യങ്ങളുടെ പേരിൽ നമ്മൾ വഴക്കിടരുത്. ഒരാൾക്ക് കുതിരപ്പുറത്ത് കയറാം, മറ്റൊരാൾക്ക് പറ്റില്ല എന്ന മട്ടിലുള്ള സംസാരങ്ങൾക്ക് സമൂഹത്തിൽ സ്ഥാനമുണ്ടാകരുത്, അതിനായി നമ്മൾ പ്രവർത്തിക്കണം.

സ്ത്രീകളോട് തുല്യതയോടെ പെരുമാറുകയും സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം നൽകി അവരെ ശാക്തീകരിക്കണമെന്നും ആർഎസ്എസ് മേധാവി പറഞ്ഞു. സ്ത്രീകളില്ലാതെ സമൂഹത്തിന് പുരോഗതിയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നമ്മുടെ സനാതന ധർമ്മത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ഭാരതത്തിന്റെ ഐക്യത്തിനും പുരോഗതിക്കും എതിരായ ശക്തികളാണ്. അവർ വ്യാജ വിവരണങ്ങൾ പ്രചരിപ്പിക്കുന്നു, അരാജകത്വത്തെ പ്രോത്സാഹിപ്പിക്കുന്നു, ക്രിമിനൽ പ്രവൃത്തികളിൽ ഏർപ്പെടുന്നു. ഭീകരത, സംഘർഷം, സാമൂഹിക അശാന്തി എന്നിവ പ്രോത്സാഹിപ്പിക്കുന്നു.

കോവിഡിന് ശേഷം നമ്മുടെ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലാകുകയാണ്. ഇത് കൂടുതൽ വളരുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കായികരംഗത്തും നമ്മുടെ താരങ്ങൾ രാജ്യത്തിന് അഭിമാനം പകരുന്നു. മാറ്റമാണ് ലോകത്തിന്റെ ഭരണം, എന്നാൽ സനാതന ധർമ്മത്തിൽ ഉറച്ചുനിന്നുകൊണ്ടായിരിക്കണം ഈ മാറ്റമെന്നും ആർഎസ്എസ് മേധാവി കൂട്ടിച്ചേർത്തു.

കരിയറിന് ഇംഗ്ലീഷ് പ്രധാനമാണ് എന്നത് ഒരു മിഥ്യയാണ്. പുതിയ വിദ്യാഭ്യാസ നയം വിദ്യാർത്ഥികളെ ഉയർന്ന സംസ്‌കാരമുള്ളവരും രാജ്യസ്‌നേഹത്താൽ പ്രചോദിതരായ നല്ല മനുഷ്യരുമായി മാറുന്നതിലേക്ക് നയിക്കണം- ഇതാണ് എല്ലാവരുടെയും ആഗ്രഹം. സമൂഹം ഇതിനെ സജീവമായി പിന്തുണയ്ക്കേണ്ടതുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP