Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടാളച്ചിട്ടയിൽ ഊന്നിയ സാമൂഹ്യ പ്രവർത്തനം; അശരണർക്ക് രാപകൽ കാരുണ്യമെത്തിച്ച് ശ്രദ്ധേയനായി; സമൂഹത്തിന്റെ ആണിക്കെല്ല് കുടുംബമാണെന്ന് ഓർമിപ്പിച്ച് അന്നും ഇന്നും സജീവം; ബ്രിട്ടൺ രാജ്ഞിയുടെ ആദരവ് നേടുന്നത് ഇന്ത്യയുടെ മുൻ വ്യോമസേനാ ഉദ്യാഗസ്ഥൻ; മലയാളിയായ റോയി സ്റ്റീഫന് യുകെയിലെങ്ങും ആദരം

പട്ടാളച്ചിട്ടയിൽ ഊന്നിയ സാമൂഹ്യ പ്രവർത്തനം; അശരണർക്ക് രാപകൽ കാരുണ്യമെത്തിച്ച് ശ്രദ്ധേയനായി; സമൂഹത്തിന്റെ ആണിക്കെല്ല് കുടുംബമാണെന്ന് ഓർമിപ്പിച്ച് അന്നും ഇന്നും സജീവം; ബ്രിട്ടൺ രാജ്ഞിയുടെ ആദരവ് നേടുന്നത് ഇന്ത്യയുടെ മുൻ വ്യോമസേനാ ഉദ്യാഗസ്ഥൻ; മലയാളിയായ റോയി സ്റ്റീഫന് യുകെയിലെങ്ങും ആദരം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: യുകെയിലെ മലയാളികളുടെ രണ്ടാം തലമുറ കുടിയേറ്റം ഒന്നര ദശകം പിന്നിടുന്നതെയുള്ളൂ. ടോണി ബ്ലെയറിന്റെ തുറന്ന നടപടി മൂലമാണ് മുപ്പതിനായിരത്തിൽ അധികം മലയാളി കുടുംബങ്ങൾ യുകെയിൽ എത്തി ചേർന്നത്. ലണ്ടനിലും പരിസര പ്രദേശങ്ങളിലും മാത്രം ഒതുങ്ങി കഴിഞ്ഞിരുന്ന മലയാളികൾ അങ്ങനെ യുകെയിൽ വ്യാപകമായി. യുകെയിലെ ഓരോ ചെറിയ ടൗണുകളിലും ഒന്നിലധികം മലയാളി സംഘടനകൾ പിറക്കുന്നത് വരെയെത്തി ഈ കുടിയേറ്റം.

ഇങ്ങനെ എത്തിച്ചേർന്ന മലയാളികളുടെ മക്കൾ ഉന്നത വിജയത്തിലൂടെയും മറ്റും ഇടയ്ക്കിടെ വാർത്തയിൽ ഇടം പിടിക്കുന്നുണ്ട്. എന്നാൽ അങ്ങനെ എത്തി ചേർന്ന ഒരു കുടിയേറ്റക്കാരൻ ബ്രിട്ടീഷ് സർക്കാരിന്റെ പരമോന്നത പുരസ്‌കാരങ്ങളിൽ ഒന്നു നേടുക എന്ന അപൂർവ്വ സംഭവവും ഇപ്പോൾ ഉണ്ടായിരിക്കുന്നു. വർഷം തോറും ബ്രിട്ടീഷ് രാജ്ഞി നൽകി ആദരിക്കുന്ന പുരസ്‌കാരങ്ങൾ നേടിയവരുടെ പട്ടികയിലാണ് ഇത്തവണ ഒരു മലയാളി കൂടി ഉൾപ്പെട്ടത്. സ്വിൻഡണിൽ താമസിക്കുന്ന സാമൂഹിക പ്രവർത്തകനായ റോയി സ്റ്റീഫനാണ് ബ്രിട്ടീഷ് രാജ്ഞിയുടെ മെഡൽ നേടിയത്. ഇന്ത്യയിൽ പത്മശ്രീക്ക് തുല്യമായ ബ്രിട്ടീഷ് എംപെയർ മെഡലിനാണ് മുൻ യുകെകെസിഎ പ്രസിഡന്റ് കൂടിയായ റോയി സ്റ്റീഫൻ അർഹനായത്.

സ്വിൻഡനിലെ മലയാളി അസോസിയേഷനും യുകെകെസിഎയും അടക്കം ബ്രിട്ടീഷ് സർക്കാരിന്റെ ഒട്ടേറെ ഫണ്ട് സ്വീകരിച്ച് നൽകിയാണ് റോയി ആദ്യം ശ്രദ്ധ നേടുന്നത്. ഒട്ടേറെ സംഘടനകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച റോയിയെ തേടി എത്തിയ ഈ പുരസ്‌കാരം യുകെയിലെ മലയാളി സമൂഹത്തിന് കൂടി ലഭിച്ച നേട്ടമായി കണക്കാക്കേണ്ടി വരും. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച അറിയിപ്പ് ബക്കിങ്ഹാം പാലസിൽ നിന്നും എത്തിയതെന്ന് റോയി പറഞ്ഞു. രാജ്ഞിയുടെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് കൊട്ടാരത്തിൽ നിന്നായിരിക്കും പുരസ്‌കാരം ഏറ്റു വാങ്ങുന്നത്.

പ്രതിഭാ റാം സിങ് അടക്കമുള്ള ചില മലയാളികൾക്ക് മുമ്പ് ഒബിഇ ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് മലയാളി സമൂഹത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഒരാൾക്ക് അതിന്റെ പേരിൽ ഇങ്ങനെ ഒരു പുരസ്‌കാരം ലഭിക്കുന്നത്. യുകെയിലെ തിരക്കേറിയ ജീവിതത്തിന് ഇടയിൽ നിന്നും ഫുൾ ടൈം ജോലി ചെയ്തും കുടുംബത്തെയും നോക്കി മൂന്ന് രജിസ്‌ട്രേഡ് ചാരിറ്റികൾക്ക് വേണ്ടി പ്രവർത്തിക്കുവാൻ സാധ്യമായതാണ് സ്റ്റീഫനെ ബഹുമതിക്ക് അർഹനാക്കിയത്. ചാരിറ്റി കമ്മീഷൻ ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസിന് കീഴിലുള്ള ബക്ക്ഹസ്റ്റ് പാർക്ക് കമ്മ്യൂണിറ്റി സെന്റർ, യുണൈറ്റഡ് കിങ്ങ്ഡം ക്നാനായ കത്തോലിക് അസ്സോസിയേഷൻ, വിൽറ്റ്ഷെയർ മലയാളി അസ്സോസിയേഷൻ എന്നിങ്ങനെ മൂന്ന് രജിസ്റ്റേർഡ് ചാരിറ്റിയുടെ ട്രസ്റ്റിയാണ് റോയി.

2007ൽ സ്വിൻഡനിലേക്ക് കുടിയേറിയ റോയി സ്റ്റീഫൻ വിവിധ സാമൂഹിക സംഘടനകളിലെ നിറ സാന്നിദ്ധ്യമാണ്. ഒരു പതിറ്റാണ്ടായി സ്വിൻഡണിൽ താമസിക്കുന്ന റോയി സ്റ്റീഫനെ തേടി പ്രൈഡ് ഓഫ് സ്വിൻഡൻ അവാർഡും എത്തിയിട്ടുണ്ട്. സ്വിൻഡണിലെ സമൂഹത്തിന് നൽകിയ സംഭാവന കണക്കിലെടുത്താണ് മുൻ യുകെകെസിഎ സെക്രട്ടറി കൂടിയായിരുന്ന റോയ് സ്റ്റീഫന് അവാർഡ് ലഭിച്ചത്. 2014ലെ ബ്രിട്ടീഷ് മലയാളി ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ അവാർഡ് ഫൈനലിസ്റ്റ് കൂടിയായിരുന്നു റോയ്.

സ്വിൻഡണിൽ എത്തിയ കാലം മുതൽ റോയി സ്റ്റീഫൻ സ്വിൻഡൻ മലയാളി കൂട്ടായ്മകളിലെ സജീവ സാന്നിദ്ധ്യമാണ്. സ്വിൻഡണിലെ വിൽറ്റർഷെയർ മലയാളി അസ്സോസിയേഷന് വേണ്ടിയും സ്വിൻഡൻ മലയാളി കത്തോലിക് അസ്സോസിയേഷന് വേണ്ടിയും നിരവധി പരിപാടികൾ ആസൂത്രണം ചെയ്യാൻ റോയിക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും മലയാളി കമ്മ്യൂണിറ്റികൾക്ക് വേണ്ടി ഓണം, ക്രിസ്തുമസ്സ് ന്യുഇയർ, സ്പോർട്സ് കോമ്പറ്റീഷൻസ്, വൺഡേ ടൂർ എന്നിവ സ്വിൻഡൻ ബറോ കൗൺസിലിന്റെ സഹായത്തോടെ റോയി സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടികളിൽ മേയർ, കൗൺസിലേഴ്സ്, എംപിമാരെ ക്ഷണിക്കുകയും അത് വഴി പുതിയ തലമുറയ്ക്ക് ലോക്കൽ ലീഡറുമായി നല്ല ബന്ധം സ്ഥാപിച്ച റോയി സ്റ്റീഫൻ യുകെ മലയാളികൾക്ക് അഭിമാനം തന്നെയാണ്.

സ്വിൻഡണിലെ മലയാളികൾക്ക് വേണ്ടി കൗൺസിൽ ഫണ്ടിംഗിന്റെ സഹായത്തോടെ കുട്ടികൾക്ക് വേണ്ടി ബോളിവുഡ് ഡാൻസ് ക്ലാസ്സുകളും യോഗ ക്ലാസ്സുകളും സംഘടിപ്പിക്കുന്ന റോയി മലയാളി കുട്ടികൾക്ക് പുതിയ കൂട്ടുകാരെയും അവരുടെ കഴിവുകളും കണ്ടെത്താനും സഹായിക്കാറുണ്ട്. സ്വിൻഡൻ മലയാളികൾക്കും കുട്ടികൾക്കും ക്രിസ്തുമസ്സ് ആഘോഷങ്ങൾ മറക്കാനാവാത്ത അനുഭവമാകുന്നതിന്റെ പിന്നിലും റോയിയുടെ കരങ്ങളാണ്. സ്വിൻഡണിലെ മറ്റ് കമ്മ്യൂണിറ്റികളുമായി ചേർന്ന് സ്വിൻഡൻ ഏഷ്യ മേള, സ്വിൻഡൻ ആർട്സ് ഫെസ്റ്റിവൽ എന്നിവ സംഘടിപ്പിക്കാൻ മുന്നിൽ നിൽക്കുന്നതും റോയ് തന്നെയാണ്. സ്വിൻഡണിലെ തമിഴ് അസ്സോസിയേഷൻ, സ്വിൻഡൻ ഇന്ത്യൻ അസ്സോസിയേഷൻ, സൗത്ത് ഏഷ്യൻ ആർട്സ് പെർഫോമിങ്ങ് സെന്റർ എന്നീ ഇന്ത്യൻ സംഘടനകളെ ഒരു കുടക്കീഴിലാക്കി കൊണ്ട് വന്നതും റോയി തന്നെയാണ്.

വിൽറ്റ്ഷെയർ മലയാളി അസോസിയേഷൻ പ്രവർത്തനങ്ങളിൽ തുടങ്ങി മലയാളി സമൂഹവുമായി ബന്ധപ്പെട്ട ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും അദ്ദേഹം നിർവ്വഹിച്ചു പോരുന്നു. യുകെയുടെ പല ഭാഗങ്ങളിലുള്ള വിവിധ സംഘടനകളിൽ ക്രിയാത്മകമായ പദ്ധതികൾ ആവിഷ്‌കരിച്ച് വിജയകരമായി പ്രവർത്തിച്ച് മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ നേടുവാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ എല്ലാ പ്രവർത്തനങ്ങൾക്കും അനുയോജ്യമായ സാമ്പത്തിക ആനുകൂല്യം കൗൺസിലുകളിൽ നിന്നും അതുപോലെയുള്ള ഫണ്ടിങ് ഏജൻസികളിൽ നിന്നും നേടിയെടുക്കുവാനുള്ള കഴിവും ബ്രിട്ടീഷ് സമൂഹവുമായി ഒത്തൊരുമയോടുള്ള പ്രവർത്തനവും അദ്ദേഹത്തിന്റെ എല്ലാ പദ്ധതികളിലും പ്രതിഫലിച്ച് കാണാം. 2009 മുതൽ 2014 വരെയുള്ള അഞ്ചുവർഷത്തിനുള്ളിൽ 46000.00 പൗണ്ട് ഗ്രാന്റായിട്ടും ടാക്സ് റിട്ടേൺ ആയിട്ടും മലയാളി കമ്മ്യൂണിറ്റികൾക്ക് വേണ്ടി റോയി സ്റ്റീഫൻ ഷേഖരിച്ചിട്ടുണ്ട്.

വിൽറ്റ്ഷെയർ മലയാളികൾക്കായി കൗൺസിൽ സഹായത്തോടെ ലൈബ്രറി എന്ന ആശയം സാധ്യമാക്കി നൂറു കണക്കിന് പുസ്തകം മലയാളത്തിലടക്കം ലഭ്യമാക്കിയത് റോയിയുടെ മികവാണ്. റോയിയുടെ നേതൃത്വത്തിൽ 1200 മലയാളം പുസ്തകങ്ങൾ ഇവിടെ ലഭ്യമാക്കുകയും ഇതിന് വേണ്ടി സ്വിൻഡൻ കൗൺസിലിൽ നിന്നും ഗ്രാന്റ് വാങ്ങി എടുക്കുകയും ചെയ്തു. നഴ്സുമാർക്കായുള്ള ഐഇഎൽറ്റിഎസ് സ്‌കോർ കുറയ്ക്കുക എന്ന ആവശ്യം ഉന്നയിച്ച് റോയ് ഓൺലൈൻ ക്യാംപ് നടത്തുകയും സ്വിണ്ടൻ എംപി വഴി നഴ്സിങ്ങ് മെഡിക്കൽ കൗൺസിലിന് പെറ്റീഷൻ നൽകുകയും ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ അടുത്ത കാലത്ത് അവിവ കമ്മ്യൂണിറ്റി ഫണ്ടിന്റെ സഹായത്തോടെ ക്‌നാനായ സമരിറ്റൻസ് എന്ന സംഘടനയ്ക്കു വേണ്ടി ''കുടുംബം സമൂഹത്തിന്റെ ആണിക്കല്ല്'' എന്ന വിഷയത്തിൽ യുകെയുടെ പല ഭാഗങ്ങളിലും അർദ്ധദിന സെമിനാറുകൾ സംഘടിപ്പിച്ചും നാട്ടിലുള്ള പാവപ്പെട്ട വ്യക്തികളെ സഹായിക്കുവാനുള്ള ധന സമാഹരണം നടത്തിയും യുകെയിലുള്ള മലയാളി കുടുംബങ്ങളോട് നിരന്തം ഇടപഴകി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇതു കൂടാതെ, ചാരിറ്റി പ്രോഗ്രാമുകൾ സംഘടിപ്പിച്ച് 6000 പൗണ്ട് കളക്റ്റ് ചെയ്തു ക്യാൻസർ രോഗികൾക്ക് വേണ്ടി സംഭാവന ചെയ്തിട്ടുണ്ട്. 2010 മുതൽ സ്വിൻഡൻ മലയാളികൾക്ക് വേണ്ടി ബാഡ്മിന്റൺ ട്രെയിനിങ് സെക്ഷൻ സംഘടിപ്പിക്കുകയും മറ്റ് കമ്മ്യൂണിറ്റികളെ ചേർത്ത് ബാഡ്മിന്റൺ ടൂർണ്ണമെന്റ് മുടങ്ങാതെ നടത്തുകയും ചെയ്യുന്നുണ്ട് റോയി. സ്വിൻഡൻ സെന്റ് മേരീസ് സീറോ മലബാർ ചർച്ച് പ്രോഗ്രാമുകളുടെ കോർഡിനേറ്ററും വേദപാഠ ക്ലാസ്സുകളുടെ ഹെഡ്‌മാസ്റ്ററും ആയിരുന്നു റോയി സ്റ്റീഫൻ.

സ്വിൻഡൻ കൗൺസിലിൽ ജോലി ചെയ്യുന്ന റോയ് മുൻ പട്ടാളക്കാരൻ കൂടിയാണ്. ഡൽഹിയിലെ ജീവിത കാലം മുതൽ പൊതു രംഗത്ത് സജീവമായിരുന്നു. ഇന്ത്യൻ വ്യോമ സേനയുടെ പട്ടാള ചിട്ടകൾ വഴി സ്വായത്ത്വമാക്കാൻ കഴിഞ്ഞ സംഘാടക മികവിന്റെ പ്രതിരൂപമായ റോയ് സ്റ്റീഫൻ യുകെ മലയാളികൾക്കിടയിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ്. രണ്ടു വർഷം യുകെകെസിഎ സെക്രട്ടറിയായി പ്രവർത്തിച്ച റോയി സംഘടനയുടെ അടിത്തറ ഉയർത്തുന്ന നിരവധി മികച്ച പ്രവർത്തനങ്ങൾ ചെയ്തു. സ്ഥാനം ഏറ്റ ഉടൻ തന്നെ മുൻകാല പ്രാബല്യത്തോടെ സർക്കാർ ഗ്രാന്റ് സംഘടിപ്പിച്ചായിരുന്നു റോയിയുടെ തുടക്കം. യുകെകെസിഎ എന്ന സംഘടനയുടെ ചരിത്രത്തിൽ വഴി തിരിവ് ആയി കരുതപ്പെടുന്ന സ്വന്തം കെട്ടിടം എന്ന ആശയത്തിന് ഫലപൂർണ്ണത കൈവരുത്തുവാൻ റോയ് നൽകിയ പിന്തുണയും വലുതാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP